രാജ്യം അറിയാതെ പോയ ലോകകപ്പ് താരം

ബ്രസീലില്‍ കാല്‍പന്ത് കളിയുടെ ആവേശമുയരുമ്പോള്‍  33 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള വനിതാലോകകപ്പിന്‍െറ ഓര്‍മകളിലാണ് മലയാളിയായ എസ്. ലളിത എന്ന ലോകകപ്പ് താരം.
1981ല്‍ ചൈനീസ് തായ്പേയിയില്‍ നടന്ന വനിതാ ലോകകപ്പ് മത്സരത്തിലാണ് ഇന്ത്യക്കുവേണ്ടി ഈ മലയാളിതാരം ജഴ്സിയണിഞ്ഞത്. അത് ഇന്നത്തെ ബ്രസൂക്ക ലോകകപ്പില്‍ ഏറ്റവുംകൂടുതല്‍ ആരാധകരുള്ള അര്‍ജന്‍റീനയുടെ വനിത ടീമിനെതിരെ. ടീമിന്‍െറ റൈറ്റ് വിങ്ങായിരുന്ന ലളിത നല്‍കിയ പാസിലൂടെ ശാന്തിമല്ലിക് ഹെഡ്ചെയ്ത് അര്‍ജന്‍റീനയുടെ വല കുലുക്കിയെങ്കിലും കൂടുതല്‍ നേരം ഈ ആവേശം നിലനില്‍ക്കും മുമ്പേ അര്‍ജന്‍റീന തിരിച്ചടിച്ചു. പിന്നീട് ജയം അനിവാര്യമായി ഇരുടീമുകളും കളിച്ചെങ്കിലും മത്സരം സമനിലയില്‍ അവസാനിച്ചു.
അന്നത്തെ കളിയാവേശം നെഞ്ചിലേറ്റിയ ഈ താരം ഓരോ കാല്‍പന്ത് കളിയുടെ ആരവത്തെയും ആവേശത്തോടെയാണ ് ഇന്നും കാണുന്നത്. അവര്‍ ഓരോ കളിയും നടക്കുമ്പോള്‍ ഉത്സാഹത്തോടെ പഴയ ഫുട്ബാള്‍ കളിക്കാരിയായി മാറും. ബ്രസീലിന്‍െറ മൈതാനങ്ങളില്‍ ബ്രസൂക്ക ഉരുളുമ്പോള്‍ ബ്രസീല്‍-അര്‍ജന്‍റീന സ്വപ്ന ഫൈനല്‍ ഉണ്ടാകുമെന്ന കാത്തിരിപ്പിലാണ് ഈ ലോകകപ്പ് താരം. ലയണല്‍ മെസ്സിയെയും നെയ്മറെയും ഇഷ്ടപ്പെടുന്നു ഈ താരം . പിന്നെ ലളിത താന്‍ ഫുട്ബാള്‍ തട്ടിക്കളിച്ച് വളര്‍ന്ന ഓര്‍മകളിലേക്ക് പോകും.

വലിയതുറ കടപ്പുറത്തെ കടല്‍ത്തിരമാലകള്‍ക്ക് മുന്നിലെ പഞ്ചസാരമണലില്‍ ബാള്‍ തട്ടിയുരുട്ടുന്ന കുഞ്ഞുപെണ്‍കുട്ടിയാകും. അന്ന് കളിമൈതാനങ്ങളില്‍ പെണ്‍കുട്ടികള്‍ തീരെ വിരളമായ കാലമായിരുന്നു. എന്നിട്ടും കളിയാക്കലുകള്‍ വകവെക്കാതെ ലളിത ബാളുകള്‍ ഗോള്‍മുഖത്തേക്ക് പായിക്കുന്നതില്‍ വിരുതുകാട്ടി. ഇന്ത്യന്‍ ഫുട്ബാള്‍ ദേശീയതാരങ്ങളെ സംഭാവന ചെയ്ത് തീരദേശമായ വലിയതുറ കടപ്പുറത്ത് ലളിത ആണ്‍കുട്ടികള്‍ക്കൊപ്പം ഫുട്ബാള്‍ തട്ടിയുരുട്ടുകയായിരുന്നു. അന്ന് ദരിദ്ര കുടുംബാംഗമായതിനാല്‍ പരിശീലനത്തിന് ജഴ്സിയോ ബൂട്ട്സോ ഒന്നുമില്ലാതെ മണല്‍ത്തരികളോട് മല്ലടിച്ചായിരുന്നു  ഫുട്ബാള്‍ ജൈത്രയാത്ര ആരംഭിച്ചത്.

1978ല്‍ തിരുവനന്തപുരം ജില്ലാ ഫുട്ബാള്‍ ടീമിലെ അംഗമാകാന്‍ ലളിതക്ക് കഴിഞ്ഞു. ആ വര്‍ഷം മുതലുള്ള എല്ലാ നാഷനലുകളിലും ഫെഡറേഷനുകളിലും സോണലുകളിലും പങ്കെടുക്കാന്‍ സാധിച്ചിട്ടുള്ള അപൂര്‍വം താരങ്ങളിലൊരാളായി. 1980ല്‍ ലഖ്നോവില്‍വെച്ച് നടത്തിയ ജൂനിയര്‍ നാഷനില്‍ കേരളം രണ്ടാംസ്ഥാനം നേടിയപ്പോള്‍ ടീമിന്‍െറ ക്യാപ്റ്റന്‍ സ്ഥാനത്ത് ലളിതയായിരുന്നു. പിന്നീട് ഇന്ത്യന്‍ ജഴ്സിയില്‍ വനിതാ ലോകകപ്പില്‍. വനിതാലോകകപ്പില്‍ അര്‍ജന്‍റീനക്ക് പിന്നാലെ ജര്‍മനി, അമേരിക്ക, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങള്‍ക്ക് എതിരെയും അന്ന്  ഇന്ത്യന്‍ ടീം പോരാടിയിരുന്നു.  ഇന്നത്തെപ്പോലെ ടീം സ്പിരിറ്റോ ആര്‍ത്തുവിളിക്കുന്ന ഗാലറികളോ ചാനല്‍ കാമറകളോ ഇല്ലായിരുന്നുവെങ്കിലും രാജ്യത്തിനുവേണ്ടി ഒരുതവണയെങ്കിലും പന്തുതട്ടാന്‍ കിട്ടിയ ആവേശത്തിലാണ് 33 വര്‍ഷം കഴിഞ്ഞിട്ടും ഈ പഴയ ഫുട്ബാള്‍ താരം.
ബ്രസൂക്കയുടെ ആവേശം രാജ്യം ഏറ്റുവാങ്ങി അലതല്ലുമ്പോള്‍ ഇന്ത്യന്‍ വനിതാഫുട്ബാളിന് ഇന്നും അര്‍ഹമായ പ്രാധാന്യം കിട്ടിയില്ളെന്നാണ് ലളിതയുടെ അഭിപ്രായം.

വളര്‍ന്നുവരുന്ന താരങ്ങള്‍ക്ക് പ്രചോദനം നല്‍കാന്‍ അധികൃതര്‍ മടിക്കുന്നതാണ് ഇതിനുകാരണം. വളര്‍ന്നുവരുന്ന താരങ്ങളെ പരിശീലിപ്പിക്കാന്‍ ഒരവസരം കിട്ടിയാല്‍ ഇനിയും ഫുട്ബാള്‍ രംഗത്ത് എത്തുമെന്ന് ലളിത പറയുന്നു. സ്പോര്‍ട്സ് കൗണ്‍സില്‍ പോലുള്ള സംഘടനകള്‍ ഇപ്പോഴും പഴയകാല താരങ്ങളെ അംഗീകരിക്കാന്‍ മടികാട്ടുന്ന പ്രവണത മാറണമെന്നും ലളിത പറയുന്നു. ഇത്തവണ കപ്പ് നേടേണ്ടത് ബ്രസീല്‍ തന്നെയാകണം. സ്വന്തം നാട്ടില്‍ ആര്‍ത്തിരമ്പുന്ന ആരാധകര്‍ക്കു മുന്നില്‍ സാംബാതാളങ്ങളുടെ അകമ്പടിയോടെ ബ്രസീല്‍ കപ്പുയര്‍ത്തുന്ന ആ ഭാഗ്യനിമിഷത്തിനായി കാത്തിരിക്കുകയാണ് താനെന്നും അവര്‍  പറഞ്ഞു.

അര്‍ജന്‍റീനയോടും താല്‍പര്യമാണ്. എന്നാല്‍, ഇക്കുറി അവര്‍ക്ക് രണ്ടാംസ്ഥാനമാണ് തന്‍െറ മനസ്സിലുള്ളത്.   ലോകം കണ്ണുചിമ്മാതെ കാത്തിരിക്കുന്ന കാഴ്ചകളും ലോകകപ്പിന് ആവേശം വിതറുന്നതിനോടൊപ്പം ദൈവത്തിന്‍െറ കൈയൊപ്പുചാര്‍ത്ത് ഗോളുകളും ഈ ലോകകപ്പില്‍ പിറക്കുമെന്നാണ് തിരുവനന്തപുരം ട്രാന്‍സ്പോര്‍ട്ട് ഭവനില്‍ സൂപ്രണ്ടായ ലളിതയുടെ വിശ്വാസം. ആറ്റുകാല്‍കൊഞ്ചിറവിളയില്‍ ഭര്‍ത്താവ് ലോഹിതദാസന്‍, മക്കളായ ലിയ, ശ്രുതി എന്നിവര്‍ക്കൊപ്പമാണ് ലോകകപ്പ് കളിച്ച് രാജ്യമറിയാതെപോയ ഈ ലോകകപ്പ്താരത്തിന്‍െറ താമസം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.