ഇന്ത്യന്‍ ടീമിലെ വാഴത്തോപ്പുകാരി

പങ്കെടുത്ത ദേശീയ/ സംസ്ഥാനതല മത്സരങ്ങളിലൊന്നിലും വെറുംകൈയുമായി മടങ്ങിയിട്ടില്ലാത്ത റോസ്മി സ്റ്റീഫന്‍െറ അടുത്ത ഊഴം തായ് വാനില്‍ നടക്കുന്ന ഇന്‍റര്‍നാഷനല്‍ യൂത്ത് ജൂനിയര്‍ ജൂഡോ ചാമ്പ്യന്‍ഷിപ്പാണ്. ഇന്ത്യന്‍ ടീമിനുവേണ്ടിയാണ് പങ്കെടുക്കുന്നത്. അതിനായി ഒരുമാസം നീളുന്ന പരിശീലനം ഹിമാചല്‍പ്രദേശിലെ ഷിനാരോ ഹൈ ആള്‍ട്ടിറ്റ്യൂഡ് ട്രെയ്നിങ് സെന്‍ററില്‍ നടന്നുവരികയാണ്.

കഴിഞ്ഞ നാഷനല്‍ യൂത്ത് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്നാണ് ഇന്ത്യന്‍ ടീമിലേക്ക് സെലക്ഷന്‍ ലഭിച്ചത്. 63 കിലോഗ്രാം കാറ്റഗറിയിലാണ് റോസ്മി ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നത്. ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ളസ്ടു വിദ്യാര്‍ഥിനിയായ റോസ്മി നെടുങ്കണ്ടം സെന്‍ട്രലൈസ്ഡ് സ്പോര്‍ട്സ് ഹോസ്റ്റല്‍ താരമാണ്. 2010 ജൂണ്‍ ഏഴിനാണ് ഹോസ്റ്റല്‍ ആരംഭിച്ചത്. അന്നുമുതല്‍ ജൂഡോയുടെ ബാലപാഠം പഠിച്ചുതുടങ്ങി. അന്നുമുതല്‍ ഇന്നുവരെ നടന്ന ഒരു മത്സരത്തിലും റോസ്മിക്ക് നിരാശപ്പെടേണ്ടിവന്നിട്ടില്ല.

സ്വര്‍ണമോ വെള്ളിയോ ഇല്ലാതെ ഈ താരം വീട്ടിലേക്ക് മടങ്ങിയിട്ടില്ല. 2011ല്‍ തൃശൂരില്‍ നടന്ന സംസ്ഥാന മത്സരത്തിലും നാഷനല്‍ വൈക്ക മത്സരത്തിലും സ്വര്‍ണ മെഡലുകള്‍ നേടി. 2012ല്‍ മൂന്ന് സ്വര്‍ണം നേടി. കോട്ടയത്ത് നടന്ന സംസ്ഥാന സ്കൂള്‍ ചാമ്പ്യന്‍ഷിപ്പിലും കൊച്ചിയില്‍ നടന്ന സംസ്ഥാന അമേച്വറിലും ഒക്ടോബര്‍ ആറുമുതല്‍ ഒമ്പതുവരെ അസമില്‍ നടന്ന അമേച്വര്‍ മീറ്റിലും സ്വര്‍ണം നേടി. 2013 ജനുവരി എട്ടുമുതല്‍ 11വരെ പുണെയില്‍ നടന്ന നാഷനല്‍ സ്കൂള്‍ ജൂഡോയില്‍ വെള്ളി ലഭിച്ചു.

ഒക്ടോബര്‍ 12 മുതല്‍ 14 വരെ നെടുങ്കണ്ടത്ത് നടന്ന സംസ്ഥാന മത്സരത്തില്‍ യൂത്ത് ജൂനിയര്‍ വിഭാഗത്തില്‍ വീണ്ടും സ്വര്‍ണം. പാലക്കാട്ട് നടന്ന സംസ്ഥാന സ്കൂള്‍ ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണം നേടി. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഉത്തരാഖണ്ഡില്‍ നടന്ന യൂത്ത് ജൂനിയര്‍ നാഷനല്‍ മത്സരത്തില്‍ 63 കി.ഗ്രാം വെയ്റ്റ് കാറ്റഗറിയിലും ഡല്‍ഹിയില്‍ നടന്ന സ്കൂള്‍ നാഷനല്‍ ജൂഡോയില്‍ 61 കി.ഗ്രാം വിഭാഗത്തിലും വെള്ളി മെഡല്‍.

ഇന്ത്യന്‍ ടീമിനുവേണ്ടി കേരളത്തില്‍നിന്ന് മൂന്നു പെണ്‍കുട്ടികള്‍ക്കാണ് ക്ഷണം. മറ്റു രണ്ടുപേരും തൃശൂര്‍ സ്വദേശികളാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ട്രെയ്നിങ് സെന്‍ററിലാണ് റോസ്മിയുടെ ഇപ്പോഴത്തെ പരിശീലനം. എസ്.എസ്.എല്‍.സി പരീക്ഷയില്‍ എട്ട് എ പ്ളസ് നേടിയ റോസ്മി പഠനത്തിലും പിന്നിലല്ല.

ഇടുക്കി വാഴത്തോപ്പ് കെ.എസ്.ഇ.ബി ക്വാര്‍ട്ടേഴ്സില്‍ സ്റ്റീഫന്‍-ഷൈനി ദമ്പതികളുടെ മകളാണ്. കഴിഞ്ഞ നാലുവര്‍ഷമായി സൈജു ചെറിയാനാണ് പരിശീലകന്‍.                                                              •

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.