യാത്രകള്‍ തിരിച്ചുവരാനുള്ളത് എന്നതിനൊപ്പം ചില ലക്ഷ്യങ്ങള്‍ തേടിയുള്ളതുകൂടിയാണ്. ത്യാഗവും സഹനവും ആ യാത്രക്ക് കൂട്ടുണ്ടെങ്കില്‍ അതിനെപ്പോഴും മറ്റൊരു കഥകൂടി പറയാനുണ്ടാകും. വിജയത്തിന്‍െറയോ പരാജയത്തിന്‍െറയോ കഥ. ഇതൊരു വിജയിച്ച യാത്രയുടെ കഥയാണ്. ദാരിദ്ര്യവും പ്രയാസങ്ങളും അലട്ടിയ ബാല്യത്തില്‍ നിന്ന് വിജ്ഞാനവും വെളിച്ചവും തേടി വര്‍ഷങ്ങള്‍ മുമ്പ് ഒരു പെണ്‍കുട്ടി യാത്രതിരിച്ച കഥ. സ്വപ്നങ്ങള്‍ തിരിച്ചുപിടിച്ച് മറുനാട്ടില്‍ വിജയംവരിച്ച കഥ.
വര്‍ഷം 1990. 18ാം വയസ്സില്‍ കൊല്ലം കണ്ണനല്ലൂര്‍ ഗ്രാമത്തില്‍നിന്നൊരു പെണ്‍കുട്ടി യാത്രതിരിച്ചു. തോറ്റംപാട്ട് ആശാന്‍ എന്‍. ചെല്ലപ്പന്‍ നായരുടെയും സുഭാഷിണി അമ്മയുടെയും അഞ്ചുമക്കളില്‍ ഇളയവളായിരുന്നു അവള്‍. മൂന്നു സഹോദരിമാരും ചേട്ടനുമടങ്ങുന്ന കുടുംബത്തിന് തന്‍െറ പഠനവും സ്വപ്നങ്ങളും യാഥാര്‍ഥ്യമാക്കാന്‍ കരുത്തുണ്ടാകില്ളെന്ന ചിന്തയാണ് സുഷമയെന്ന ആ പെണ്‍കുട്ടിയെ മറുനാട്ടിലേക്ക് തിരിക്കാന്‍ പ്രേരിപ്പിച്ചത്. കര്‍ണാടകയിലെ ബംഗളൂരുവിനടുത്ത ഹൊസ്കോട്ടെക് ആയിരുന്നു ലക്ഷ്യം. അവിടെ അച്ഛന്‍െറ ചേട്ടന്‍െറ മകളും കുടുംബവുമുണ്ട്. കൊട്ടിയം എന്‍.എസ്.എസ് കോളജിലെ പ്രീഡിഗ്രി സര്‍ട്ടിഫിക്കറ്റ് കൈവശമുണ്ട്. ട്രെയിനിലെ ജനറല്‍ കോച്ചില്‍ തിങ്ങിഞെരുങ്ങിയാണെങ്കിലും സ്വപ്നത്തിലേക്ക് സുഷമ യാത്രതുടര്‍ന്നു.
പഠനവും അധ്യാപനവും
ഹൊസ്കോട്ടെകയില്‍ താമസിക്കുന്ന വലിയച്ഛന്‍െറ മകള്‍ വൃന്ദയുടെ അടുത്തേക്കായിരുന്നു സുഷമയുടെ യാത്ര. ബിരുദ പഠനവും കൂടെ എന്തെങ്കിലും ജോലിയും. അതായിരുന്നു ലക്ഷ്യം. രണ്ടും ഒരുമിച്ചു കിട്ടുന്നയിടം തേടി ഏറെ അലഞ്ഞു. ഒടുവില്‍ ബംഗളൂരു ക്രിസ്തുരാജ കോളജില്‍ പാര്‍ട്ട്ടൈമായി ബി.കോമിനു ചേര്‍ന്നു. സമീപത്തെ ടൈപ്പ്റൈറ്റിങ് സെന്‍ററില്‍ ടൈപിസ്റ്റായും സമീപത്തെ കുട്ടികള്‍ക്ക് ട്യൂഷനെടുത്തും പഠനമാര്‍ഗം കണ്ടെ ത്തി. പ്രയാസകരമായ ദിനരാത്രങ്ങളായിരുന്നു അത്. ഭാഷയും സംസ്കാരവും എല്ലാം എതിരുനില്‍ക്കുമ്പോഴും വിജയിക്കണമെന്ന അതിയായ മോഹം. നഗരം ആലസ്യത്തിന്‍െറ കുളിരില്‍ മയങ്ങുമ്പോള്‍ ഉള്ളിലെ തോല്‍ക്കാത്ത തൃഷ്ണയുടെ ചൂടില്‍ വിജയത്തിലേക്ക് ഉണര്‍ന്നിരിക്കുകയായിരുന്നു അവള്‍. ഇതിനിടെ, പഠനത്തില്‍ കൂടുതല്‍ ശ്രദ്ധകൊടുക്കാനായി സഹോദരിയുടെ വീട്ടില്‍നിന്ന് ഭാവനഹള്ളിയിലെ സെലേഷ്യസ് സിസ്റ്റേഴ്സ് ഹോസ്റ്റലിലേക്ക് മാറി. അനുഭവങ്ങളുടെ മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം ക്രിസ്തുജ്യോതി കോളജില്‍ നിന്ന് ബിരുദംനേടി സുഷമ പുറത്തിറങ്ങി. ഇനി എന്ത് എന്ന ചിന്ത അലട്ടിത്തുടങ്ങുന്നതിനിടെ അപ്രതീക്ഷിതമായി മണ്ടുര്‍ നവോദയാ സ്കൂളില്‍ അധ്യാപികയായി ജോലികിട്ടി. വീട്ടിലേക്ക് തിരിച്ചുപോയാലോ എന്ന ഘട്ടത്തിലായിരുന്നു ഇത്. അഞ്ചുവര്‍ഷത്തെ നവോദയ സ്കൂള്‍ അനുഭവം വൈറ്റ്ഫീല്‍ഡിലെ അമൃതഭാരതി വിദ്യാകേന്ദ്രം ഹൈസ്കൂള്‍ പ്രധാനാധ്യാപികയായി ഉയരാന്‍ സുഷമയെ സഹായിച്ചു. ഇതിനിടെ, കോളജിലെ സഹപാഠി മാണ്ഡ്യ സ്വദേശി ശങ്കറിനെ വിവാഹം കഴിച്ചു. സുഷമയുടെ കര്‍ണാടകയുമായുള്ള ബന്ധം ഇതോടെ ഒന്നുകൂടി മുറുകി.
കന്നട ഭാഷാ സംഘത്തിന്‍െറ അധ്യക്ഷനായിരുന്ന ബോറ ഷെട്ടിയായിരുന്നു ശങ്കറിന്‍െറ പിതാവ്. കന്നട ഭാഷമാത്രം മുഴങ്ങിക്കേട്ട മാണ്ഡ്യയിലെ ഭര്‍തൃവീട്ടില്‍ സുഷമയുടെ മലയാളം അരോചകമായിരുന്നു. ‘മലയാളിമരുമകള്‍’ എന്നതില്‍ നിന്ന് മാറ്റംവരുത്തല്‍ നിര്‍ബന്ധിതമാണെന്ന് സുഷമക്കും തോന്നി. ഗര്‍ഭിണിയായതോടെ 11 വര്‍ഷത്തെ അധ്യാപന ജോലി നിര്‍ത്തി. മലയാള കഥകളും നോവലുകളും സംഘടിപ്പിച്ച് വായിക്കലായിരുന്നു ഇടവേളയിലെ പ്രധാന വിനോദം. പഴയ സാഹിത്യാഭിരുചി വീണ്ടും ഉള്ളില്‍ മുളപൊട്ടി. ജീവിതം കവിതകളായി എഴുതിത്തുടങ്ങിയതും ഇക്കാലത്താണ്. ഇടക്കെപ്പഴോ കന്നട അക്ഷരങ്ങള്‍ പഠിക്കണമെന്ന മോഹവും തളിരിട്ടു. പിന്നെ അതിനായി ശ്രമം, അക്ഷരങ്ങള്‍ മനസ്സില്‍ തെളിഞ്ഞതോടെ പത്രങ്ങളും മാഗസിനുകളും വായിക്കാന്‍ തുടങ്ങി. വീട്ടില്‍ കന്നട മാത്രമായി പിന്നെ സംസാരം. ആദ്യ കുഞ്ഞ് ചന്ദന്‍ പിറന്നതിനൊപ്പം കന്നടഭാഷയിലെ പ്രാഥമിക പാഠങ്ങള്‍കൂടി പഠിച്ചുകഴിഞ്ഞിരുന്നു സുഷമ. അതൊരു പുതിയ തുടക്കമായിരുന്നു. കന്നട സാഹിത്യത്തിലേക്കും ഭാഷയിലേക്കുമുള്ള ഒരു മറുനാടന്‍ മലയാളി വനിതയുടെ വളര്‍ച്ചയുടെ തുടക്കം. അപ്രതീക്ഷിത ഉയരങ്ങളിലേക്ക് സുഷമയെ കൈപിടിച്ചുയര്‍ത്തിയ മാറ്റങ്ങളുടെ തുടക്കം.
കന്നടയില്‍ ചെറിയ രീതിയില്‍ പ്രാവീണ്യം നേടിയതോടെ കന്നട സാഹിത്യപരിഷത്തിന്‍െറ കന്നട പ്രവേശപരീക്ഷക്ക് അപേക്ഷ നല്‍കി സുഷമ. അദ്ഭുതങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ളെങ്കിലും ആദ്യാവസരത്തില്‍ തന്നെ പ്രവേശ പരീക്ഷ വിജയിച്ചു. തുടര്‍ന്ന്, കന്നട ജാനാ പരീക്ഷയും കാവാ പരീക്ഷയും വിജയിച്ച സുഷമ കന്നട രത്ന പരീക്ഷയും വിജയിച്ച് അദ്ഭുതം കാട്ടി. മൈസൂര്‍ ഓപണ്‍ യൂനിവേഴ്സിറ്റിയില്‍നിന്ന് കന്നടയില്‍ എം.എയും കുപ്പം യൂനിവേഴ്സിറ്റിയില്‍നിന്ന് എം.ഫിലും പൂര്‍ത്തിയാക്കി. ഒ.എന്‍.വി കവിതകളായിരുന്നു സുഷമയുടെ എം.ഫില്‍ പഠന വിഷയം. ഭാഷാപഠനത്തിന്‍െറ ഭാഗമായുള്ള ഗവേഷണങ്ങള്‍ സുഷമയെ മലയാള, കന്നട സാഹിത്യത്തിന്‍െറ ആഴങ്ങളിലേക്ക് നടത്തി.
അനുഭവങ്ങള്‍ കനംവെച്ചു തുടങ്ങിയതോടെ അവ അക്ഷരങ്ങളായി പകര്‍ത്തണമെന്ന് ഉള്ളുണര്‍ത്തിയത് ആയിടെയാണ്. കണ്ണനല്ലൂര്‍ ഗ്രാമത്തിലെ പബ്ളിക് ലൈബ്രറിയില്‍ നിന്ന് തുടങ്ങിയ അക്ഷരങ്ങളോടുള്ള പ്രിയം അനുഭവങ്ങളുടെ കരുത്തില്‍ കവിതകളായി പിറന്നു. നാലുവര്‍ഷം മുമ്പ് 2010ല്‍ ‘മൊധമൊധല ഗെരഗളൂ’ (ആദ്യത്തെ വരകള്‍) എന്നപേരില്‍ കന്നട ഭാഷയില്‍ 108 കവിതകളുടെ ആദ്യ സമാഹാരം പുറത്തിറക്കി. കന്നട സാഹിത്യ പ്രതിഭ ഡോ. ദൊഡ്ഡരംഗേ ഗൗഡയുടെ കവിതകള്‍ യുഗശബ്ദം എന്നപേരില്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതും ഇതേവര്‍ഷമാണ്. 2012ല്‍ അമ്മ ദൈവം എന്നപേരില്‍ മലയാള കവിതാ സമാഹാരവും അടുത്തവര്‍ഷം ആര്‍ദ്ര സ്നേഹം എന്നപേരില്‍ മറ്റൊരു കവിതാ സമാഹാരവും പ്രസിദ്ധീകരിച്ചു. ഒ.എന്‍.വി കുറുപ്പിന്‍െറ ‘ഭൂമിക്കൊരു ചരമഗീതം’ എന്ന കവിത കന്നടയിലേക്ക് മൊഴിമാറ്റിയത് വലിയ അനുഭവവും ഊര്‍ജവുമായി. അമ്മദൈവത്തിന് അവതാരിക എഴുതിയത് കുരീപ്പുഴ ശ്രീകുമാറും ‘ഭൂമിക്കൊരു ചരമഗീത’ത്തിന് യൂ.ആര്‍. അനന്ദമൂര്‍ത്തിയുമായിരുന്നു. 2013ല്‍ വിദ്യാര്‍ഥികള്‍ക്കായി ആരംഭിച്ച ‘തൊദല്‍ നുടി’ (ഇളം മൊഴി) മാസിക സുഷമയുടെ ജീവിതത്തില്‍ മറ്റൊരു വഴിത്തിരിവായി.
സ്വപ്നങ്ങള്‍ തിരിച്ചുപിടിക്കുന്നു
സ്കൂള്‍ അധ്യാപന ജീവിതത്തില്‍ നിന്ന് താല്‍ക്കാലികമായി പിരിഞ്ഞെങ്കിലും വീട്ടിലെ ട്യൂഷന്‍ സെന്‍ററിലെ ജോലി നിര്‍ത്തിയിരുന്നില്ല സുഷമ. ട്യൂഷന്‍ സെന്‍റര്‍ പതിയെ ശ്രീ സരസ്വതി എജുക്കേഷന്‍ ട്രസ്റ്റായി ഉയര്‍ന്നു. വിദ്യാഭ്യാസത്തിന്‍െറ പ്രസക്തി ജീവിത അനുഭവങ്ങളിലൂടെ സുഷമയെന്ന അധ്യാപിക വിവരിക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ക്കത് പഠിച്ചുയരാനുള്ള പ്രചോദനമായി. സുഷമയുടെ വിദ്യാര്‍ഥികള്‍ തോല്‍വിയറിയാതെ കുതിച്ചപ്പോള്‍ ശ്രീ സരസ്വതി എജുക്കേഷന്‍ ട്രസ്റ്റിനത് വളര്‍ച്ചയുടെ കാലമായി. ഇന്ന് ആയിരങ്ങള്‍ പഠിക്കുന്ന മാതൃകാ വിദ്യാലയമാണിത്.
വര്‍ഷങ്ങള്‍ക്കുമുമ്പ് കൊല്ലം കണ്ണനല്ലൂര്‍ പബ്ളിക് ലൈബ്രറിയുടെ മുന്നില്‍ 25 പൈസ കൊടുത്ത് അംഗത്വമെടുക്കാന്‍ കഴിയാതിരുന്ന സുഷമയെന്ന പെണ്‍കുട്ടിക്കു കീഴില്‍ സരസ്വതി എജുക്കേഷന്‍ ട്രസ്റ്റില്‍ ആയിരക്കണക്കിന് പുസ്തകങ്ങളുള്ള ലൈബ്രറിയുണ്ടിന്ന്. പ്രതിസന്ധികള്‍ ജീവിതത്തെ വരിഞ്ഞുമുറുക്കവെ സ്വയം ശപിച്ച് ഇരുട്ടിലേക്കിറങ്ങുന്ന പെണ്‍ജീവിതങ്ങള്‍ക്ക് സുഷമയില്‍ മാതൃകയും പാഠവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.