വീണ്ടും ജനിക്കട്ടെ \'കാക്കത്തമ്പുരാട്ടി\'കള്‍

പതിനെട്ടാമത്തെ വയസിലാണ് ശ്രീകുമാരന്‍ തമ്പി  'കാക്കത്തമ്പുരാട്ടി' എഴുതിയത്. സ്ത്രീപക്ഷവാദമോ അല്ലെങ്കില്‍ ഫെമിനിസമോ രംഗത്തെത്തിയിട്ടില്ലാത്ത ഒരു കാലത്താണ് ആ ചെറുപ്പക്കാരന്‍സ്ത്രീയുടെ ആത്മാഭിമാനത്തെയും ശക്തിയെയും വ്യക്തിത്വത്തെയും മാനിച്ചുകൊണ്ടുള്ള ഒരു നായികയെ സൃഷ്ടിച്ചത്. സാഹിത്യത്തിലും സിനിമയിലുമൊക്കെ സ്ത്രീയെ ദുരന്തകഥാപാത്രമാക്കി അവതരിപ്പിക്കുന്ന അന്നത്തെ പതിവുരീതിയില്‍നിന്ന് വഴിമാറിക്കൊണ്ടുള്ള ആ രചന അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടു. മലയാളസിനിമയ്ക്ക് കഥയന്വേഷിച്ചുകൊണ്ടു നടന്ന കാലമായിരുന്നു അത്. സിനിമാക്കാര്‍ക്കിടയിലും നോവല്‍ ചര്‍ച്ചയായി. താമസിയാതെ സുബ്രഹ്മണ്യം മുതലാളിയുടെ പ്രൊപ്പോസലും വന്നു.
കാക്കത്തമ്പുരാട്ടിയുടെ തിരക്കഥയെഴുതി തീര്‍ന്നപ്പോഴാണ് മുതലാളിക്ക് ഒരു കാര്യം തലയില്‍ കത്തിയത്. സ്ത്രീയെ ഇത്രയ്ക്കങ്ങ് പൊക്കിവയ്ക്കുന്നത് ശരിയല്ല. പ്രേക്ഷകര്‍ക്ക് അത് ഇഷ്ടപ്പെടില്ല. അതുകൊണ്ട് തിരക്കഥയില്‍ ഒരു മാറ്റം വരുത്തണം. നായികയെ രണ്ടാംവിവാഹം കഴിപ്പിക്കുന്ന രംഗം ഒഴിവാക്കണം....
ഇതാണ് അന്നും ഇന്നും സിനിമാലോകം സ്ത്രീയോട് ചെയ്യുന്നത്. സാമൂഹ്യമാറ്റങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ പങ്കുവഹിക്കുന്ന സിനിമ എന്ന മാധ്യമം സ്ത്രീയുടെ വിലയിടിക്കുമ്പോള്‍, അവളെ ഉപഭോഗച്ചരക്കാക്കുമ്പോള്‍ അവളുടെമേല്‍ കുതിരകയറാനുള്ള പ്രവണതയുണ്ടാവുക സ്വാഭാവികം. വിരലില്‍ എണ്ണാവുന്നവ ഒഴിച്ചുനിര്‍ത്തിയാല്‍ സ്ത്രീയുടെ വ്യക്തിത്വം ഇടിച്ചുതാഴ്ത്തുന്ന സിനിമകളല്ലേ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സ്ത്രീ അതിക്രൂരമായി ആക്രമിക്കപ്പെടുമ്പോള്‍ അതിനെതിരെ അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്ന സംവിധായകരും സിനിമാതാരങ്ങളുമൊക്കെ നമുക്ക് എത്രവേണമെങ്കിലുമുണ്ട്. അതുകൊണ്ടെന്തു പ്രയോജനം?
അന്ന് സുബ്രഹ്മണ്യം മുതലാളി കയ്യൊഴിഞ്ഞ കാക്കത്തമ്പുരാട്ടിയെ സിനിമയാക്കാന്‍ പിന്നീടൊരാള്‍ മുന്നോട്ടുവന്നു. കവിയും ഗാനരചയിതാവുമായിരുന്ന പി.ഭാസ്‌കരന്‍. കച്ചവടമനസല്ല, പ്രതിബദ്ധതയായിരുന്നു ആ നിര്‍മ്മാതാവിന്റെ മനസില്‍. ആദ്യത്തെ തിരക്കഥയുടെ ഓര്‍മ്മയിലൂടെ ശ്രീകുമാരന്‍ തമ്പിയോടൊപ്പം അല്‍പ്പദൂരം ചെല്ലാം.
''കാക്കത്തമ്പുരാട്ടി' എന്ന നോവല്‍ എന്റെ പതിനെട്ടാമത്തെ വയസ്സിലെഴുതിയതാണ്. മാതൃഭൂമിയിലേക്കയച്ച നോവല്‍ പ്രസിദ്ധീകരിച്ചുവരുന്നതും നോക്കി രണ്ടു വര്‍ഷം കാത്തിരുന്നു. പ്രസിദ്ധീകരിക്കാതിരുന്നാല്‍ മടക്കിയയ്ക്കുമെന്ന് കരുതി. മടക്കത്തപാലുമില്ല, മറുപടിയും വന്നില്ല. പിന്നെ ആ പ്രതീക്ഷ വിട്ടു. പക്ഷേ, കാക്കത്തമ്പുരാട്ടിയെ കൈവിടാന്‍ എനിക്കു മനസു വന്നില്ല. പകര്‍പ്പ് കയ്യിലില്ലാതിരുന്നതുകൊണ്ട് ഓര്‍മ്മയില്‍നിന്ന് വീണ്ടും കുത്തിക്കുറിച്ചെടുക്കേണ്ടിവന്നു. സ്വാഭാവികമായും എവിടെയൊക്കെയോ മാറ്റങ്ങള്‍ സംഭവിച്ചു. മറ്റൊരു ഭാഗ്യപരീക്ഷണമെന്ന നിലക്ക് ജനയുഗത്തിലേക്ക് അയച്ചു. വീണ്ടും നീണ്ട കാത്തിരിപ്പ്.
രണ്ടു വര്‍ഷത്തോളം ജനയുഗം പത്രമാപ്പീസിന്റെ മൂലയില്‍ കാക്കത്തമ്പുരാട്ടി കിടന്നു. ഒരു സുപ്രഭാതത്തില്‍ ഒട്ടും നിനച്ചിരിക്കാതെയാണ് എന്റെ നോവല്‍ പൊടിതട്ടിയെടുത്തത്. ആ വര്‍ഷത്തെ ഓണപ്പതിപ്പിലേക്ക് മലയാറ്റൂര്‍ രാമകൃഷ്ണന്റെ നോവലായിരുന്നു തീരുമാനിച്ചിരുന്നത്. അച്ചുനിരത്തേണ്ട സമയമായിട്ടും മലയാറ്റൂരിന്റെ നോവല്‍ തപാലില്‍ വന്നില്ല. എഡിറ്ററായിരുന്ന കാമ്പിശ്ശേരി കരുണാകരന് വേവലാതി തുടങ്ങി. മറ്റൊരു വഴിയാലോചിച്ച അദ്ദേഹം ചെന്നെത്തിയത് മൂലയില്‍ പൊടിപിടിച്ചുകിടന്ന നോവല്‍ക്കൂമ്പരങ്ങളിലേക്ക്. അസിസ്റ്റന്റ് എഡിറ്ററുടെ കയ്യില്‍ തടഞ്ഞതാവട്ടെ കാക്കത്തമ്പുരാട്ടിയും.
നോവല്‍ പുറത്തുവന്നപ്പോള്‍ പേര് കാക്കത്തമ്പുരാട്ടി എന്നായിരുന്നില്ല. ആദ്യത്തെ അദ്ധ്യായത്തിന്റെ പേരായ 'ഒരു വിരുന്നുകാരന്‍' എന്നത് കവറിനു പുറത്ത് കണ്ടപ്പോള്‍ ഞാന്‍ അല്പം നിരാശനായി. കാരണം വളരെ ശ്രമപ്പെട്ട് നിറംകൊടുത്ത് വരച്ചെടുത്തതായിരുന്നു ആ ടൈറ്റില്‍പേജ്. മലയാളസിനിമക്ക് കഥയന്വേഷിച്ച് സിനിമാക്കമ്പനിക്കാര്‍ ഓടിനടന്ന കാലമാണത്. അതുകൊണ്ടുതന്നെ എന്റെ നോവല്‍ സിനിമാക്കാര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി. മെരിലാന്റ് സ്റ്റുഡിയോയുടെ മുതലാളി പി. സുബ്രഹ്മണ്യം എന്നെ തിരുവനന്തപുരത്തെ ന്യൂതീയേറ്ററിലേക്ക് വിളിപ്പിച്ചു. അന്ന് സിനിമാക്കാര്‍ വന്നാല്‍ തീയറ്ററിനോടു ചേര്‍ന്നുള്ള മുറികളിലായിരുന്നു താമസം. കാക്കത്തമ്പുരാട്ടി സിനിമയാക്കാന്‍ അദ്ദേഹം തീരുമാനിച്ചതായി എന്നോടു പറഞ്ഞു. തിരക്കഥയെഴുതുമോയെന്ന് ചോദിച്ചപ്പോള്‍ ഒന്നുമാലോചിക്കാതെ എഴുതും എന്നു ഞാന്‍ മറുപടി പറഞ്ഞു. മുമ്പ് എഴുതിയിട്ടുണ്ടോ എന്നായി അടുത്ത ചോദ്യം. ഞാന്‍ ധാരാളം സിനിമ കണ്ടിട്ടുണ്ട്. അതുകൊണ്ട് എനിക്ക് നല്ല ആത്മവിശ്വാസമുണ്ടെന്നു തിരിച്ചടിച്ചു.
ആ മറുപടിയില്‍ മുതലാളി വീണു. അദ്ദേഹം എനിക്ക് പ്രേംനസീറിന്റെ മുറിയില്‍ താമസിക്കാന്‍ സൗകര്യമൊരുക്കി. സൂപ്പര്‍സ്റ്റാറായിരുന്ന നസീറിനെ ആരാധിച്ചുകൊണ്ടു നടന്ന ഒരു കോളേജ് വിദ്യാര്‍ത്ഥിയായ എനിക്ക് തിരക്കഥയെഴുതാന്‍ കിട്ടിയ അവസരത്തേക്കാള്‍ ആശ്ചര്യമായത് നസീറിന്റെ മുറിയിലെ താമസമായിരുന്നു.  ന്യൂ തീയേറ്ററിലെ മുറിയില്‍ നസീറിനൊപ്പം കഴിഞ്ഞ ആ പത്തു ദിവസങ്ങളാണ് സിനിമയിലെ എന്റെ ആദ്യപാഠശാല. പാഠശാലയിലെ ഗുരു പ്രേംനസീറും.
തിരക്കഥ എഴുതിത്തീര്‍ന്നപ്പോള്‍ മുതലാളി വീണ്ടും ഡിസ്‌കഷനു വിളിച്ചു. കാക്കത്തമ്പുരാട്ടിയുടെ കഥയില്‍ ചെറിയൊരു അഴിച്ചുപണി നടത്തണം. നായികയെ രണ്ടാമതു വിവാഹം കഴിപ്പിക്കരുതെന്നാണ് ആവശ്യം. സ്ത്രീയുടെ ജീവിതം എന്നും ട്രാജഡിയായി കാണാനായിരുന്നല്ലോ അന്നത്തെ സമൂഹം ആഗ്രഹിച്ചിരുന്നത്. വിവാഹമോചനം, പുനര്‍വിവാഹം-ഇതൊന്നും ചിന്തിക്കാന്‍പോലും കഴിയാത്ത കാലത്താണ് കാക്കത്തമ്പുരാട്ടിയിലെ പരിത്യാഗിയായ നായിക വീണ്ടും വിവാഹിതയാകുന്നത്. ജനം എങ്ങനെ ഇത് ഉള്‍ക്കൊള്ളുമെന്നതിനെക്കുറിച്ചായിരുന്നു നിര്‍മ്മാതാവിന്റെ ആശങ്ക.  അതുകൊണ്ടാണ് തിരക്കഥയില്‍ മാറ്റം വരുത്താന്‍ അദ്ദേഹം ആവശ്യപ്പെട്ടത്.
 പക്ഷേ, മുതലാളിയുടെ അഭിപ്രായത്തോടു യോജിക്കാന്‍ എനിക്കായില്ല. -'അപ്പോള്‍ അത് എന്റെ കഥയാവില്ലല്ലോ' എന്ന് ഞാന്‍ പറഞ്ഞു. അതോടെ മുതലാളി ഗുഡ്‌ബൈ പറഞ്ഞു. അങ്ങനെ ആ സിനിമ നടന്നില്ല.''

സിനിമ സ്ത്രീകളുടെ ആത്മാഭിമാനം സംരക്ഷിക്കുന്നതാവണം
സ്ത്രീ അവളുടെ ദുരിതങ്ങളെ അതിജീവിക്കുന്നതിന്റെ ചിത്രമാണ് കാക്കത്തമ്പുരാട്ടിയില്‍.  സ്ത്രീ അത്രത്തോളം ശക്തി പ്രകടിപ്പിക്കുന്നതു കാണാനുള്ള സഹിഷ്ണുത അന്നത്തെ സമൂഹത്തിനില്ലെന്ന് ആ നിര്‍മ്മാതാവിന് അറിയാം. അതുകൊണ്ടാണ് തിരക്കഥയില്‍ ഒരു അഴിച്ചുപണി നടത്തണമെന്ന് നിര്‍മ്മാതാവ് ആവശ്യപ്പെട്ടത്.
ഇവിടെയാണ് ശ്രീകുമാരന്‍ തമ്പി എന്ന തിരക്കഥാകൃത്തിന്റെ മഹത്വം. ഇങ്ങനെ സ്വന്തം നിലപാടില്‍ ഉറച്ചുനില്‍ക്കാന്‍ തയ്യാറുള്ള എത്ര പേരുണ്ട് നമ്മുടെ സിനിമാരംഗത്ത്? നായകന്റെ വാലില്‍ കെട്ടിയിടുന്ന നായികമാരെക്കൊണ്ട് സഹികെട്ടിരിക്കുന്നു. സൂപ്പര്‍സ്റ്റാറുകളുടെ നാവിന്‍തുമ്പില്‍നിന്ന് സ്ത്രീക്കുനേരെ തെറിക്കുന്ന ആക്രോശങ്ങളും അട്ടഹാസങ്ങളും എത്രയെത്ര. സ്ത്രീയെ ദുര്‍ബലയാക്കി ചിത്രീകരിച്ചുകൊണ്ട് നായകന്റെ താന്‍പോരിമ പ്രകടിപ്പിക്കുന്നത് എത്ര അന്തസ്സുകെട്ട രീതിയാണെന്നാലോചിക്കണം. സ്ത്രീയെ അപമാനിക്കുന്ന തരത്തിലുള്ള ഡയലോഗുകളാണ് പലപ്പോഴും സൂപ്പര്‍സ്റ്റാറുകളെക്കൊണ്ട് സംവിധായകര്‍ പറയിപ്പിക്കുന്നത്. 'എടീ' എന്ന് അഭിസംഭോധന ചെയ്തുകൊണ്ടാണ് സിനിമയിലെ ഐ.ജി.യും ഐ.എ.എസുകാരനുമൊക്കെ സ്ത്രീയെ നേരിടുന്നത്. അതല്ലെങ്കില്‍ പിന്നെ പൂമുഖവാതിലില്‍ സ്‌നേഹം വിടര്‍ത്തുന്ന പൂന്തിങ്കളാക്കും.
ചുരുക്കത്തില്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ടിനുള്ളില്‍ സ്ത്രീസമൂഹം ജീവിതത്തിന്റെ വിവിധ രംഗങ്ങളില്‍ ആര്‍ജ്ജിച്ചെടുത്ത നേട്ടങ്ങള്‍ നമ്മുടെ മുഖ്യധാരാ സിനിമകളില്‍ കുഴിച്ചുമൂടപ്പെടുന്നു എന്നതാണ് സത്യാവസ്ഥ.
    സമൂഹത്തിന് നല്ല സന്ദേശങ്ങള്‍ നല്‍കുകയാണ് സിനിമയുടെ ഉദ്ദേശമെങ്കില്‍ സ്ത്രീയെ ചിത്രീകരിക്കുന്ന ഇപ്പോഴത്തെ രീതി മാറിയേ തീരൂ. മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ തങ്ങളുടെ കഥാപാത്രങ്ങളിലൂടെ സ്ത്രീകളുടെ വിലയിടിക്കുന്ന രീതിയില്‍ പെരുമാറുമ്പോള്‍ ഇതാണ് ശരിയെന്ന് ജനം തെറ്റിദ്ധരിക്കുന്നു. മനുഷ്യമനസിനെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന ഒരു കലാരൂപമെന്ന നിലയില്‍ സ്ത്രീകളുടെ മഹത്വം കാത്തുസൂക്ഷിക്കുന്ന കാര്യത്തില്‍ സിനിമക്ക് വലിയ ഉത്തരവാദിത്വമുണ്ട്. നടീനടന്‍മാരും തങ്ങളുടെ വേഷങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ ഇക്കാര്യംകൂടി ഓര്‍ക്കുന്നതു നന്ന്. സമൂഹത്തിന് ഗുണകരമല്ലാത്ത സന്ദേശം കൈമാറുന്ന സിനിമകളില്‍ അഭിനയിക്കില്ലെന്ന് അവര്‍ക്കു പറയാനാവണം. ഗുണ്ടകളെയും അധോലോകനായകന്മാരെയും മഹത്വവല്‍ക്കരിക്കുന്ന പ്രവണത മൂലമാണ് സമൂഹത്തില്‍ ഇന്ന് ഇത്രത്തോളം പ്രൊഫഷണല്‍ ക്രിമിനലുകള്‍ പെരുകിയതെന്നു പറഞ്ഞാല്‍ ആര്‍ക്കു നിഷേധിക്കാനാവും?
സ്ത്രീക്കു നേരെയുള്ള അതിക്രമങ്ങള്‍ കണ്ട് സഹതാപതരംഗങ്ങള്‍ സൃഷ്ടിക്കാതെ സ്ത്രീയുടെ മാനവും അഭിമാനവും വ്യക്തിത്വവും ഉയര്‍ത്തിക്കാണിക്കുന്ന സിനിമകളുണ്ടാക്കാന്‍ നമ്മുടെ ചലച്ചിത്രകാരന്മാര്‍ മുന്നോട്ടു വരികയാണ് ഇന്നത്തെ കാലത്തിന്റെ ആവശ്യം. ഇവിടെ ശ്രീകുമാരന്‍ തമ്പിയെ ഗുരുസ്ഥാനത്തു നിര്‍ത്താം. സ്ത്രീയുടെ കരുത്തും ആത്മാഭിമാനവും ഉയര്‍ത്തിപ്പിടിച്ച എത്രയോ സിനിമകള്‍ അദ്ദേഹം മലയാളിക്കു കാഴ്ചവച്ചു. നിര്‍ഭാഗ്യവശാല്‍ എവിടെയോ വച്ച് നമ്മുടെ സിനിമ സ്ത്രീകളെ ചവിട്ടിത്തേക്കാന്‍ തുടങ്ങി. ഇനിയെങ്കിലും ഈ പ്രവണത അവസാനിപ്പിച്ച് സ്ത്രീയുടെ മാനം സംരക്ഷിക്കാന്‍ ചലച്ചിത്രലോകം മുന്നോട്ടുവന്നെങ്കില്‍ എന്നാശിക്കാം. ഇതിനു മുന്‍കയ്യെടുക്കാന്‍ സര്‍ക്കാരിന് കഴിയണം. കുടുംബസദസുകള്‍ അത്തരം സിനികളെ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്നുറപ്പ്.



 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.