േറാട്ടിൽ കാണും അല്ലെങ്കിൽ തോട്ടിൽ കാണും. തിരുവാർപ്പ് പുത്തൻചിറയിൽ സൂസമ്മയെക്കുറിച്ച് ഗ്രാമത്തിലെ നാട്ടുപറച്ചിലാണിത്. കുമരകം പള്ളിച്ചിറയിൽ പുത്തൻപറമ്പിൽ അറവുകാരൻ പാപ്പച്ചെൻറയും (തോമസ് മാത്യു) മറിയമ്മയുടെയും നാലു മക്കളിൽ ഇളയവൾ സൂസമ്മ. 1974ൽ ജനനം. പഠനം ഏഴാംക്ലാസുവരെ കുമരകം സെൻറ് ജോൺസ് യു.പി സ്കൂളിൽ. ശേഷം പത്താംക്ലാസുവരെ കുമരകം ഗവ. എച്ച്.എസിൽ. പിറന്ന നാൾ മുതൽ പാപ്പച്ചെൻറ മാടുകളുടെ അറവുശാല കണ്ട് വളർന്ന സൂസൻ എട്ടാം വയസ്സുമുതൽ പഠനത്തിനിടയിൽ ചാച്ചനെ (പാപ്പച്ചൻ) സഹായിക്കാൻ ഇറച്ചിക്കടയിൽ. അന്ന് കൈയിലേന്തിയ മൂർച്ചയേറിയ ആയുധം ഇന്നും കൈവിട്ടിട്ടില്ല.
പതിനെട്ടാംവയസ്സിൽ തിരുവാർപ്പ് പുത്തൻചിറയിൽ സജിയുമായുള്ള വിവാഹം. ചാച്ചെൻറ ഇറച്ചിക്കടയുടെ ബ്രാഞ്ചായി ഭർതൃനാട്ടിലും സ്വന്തമായി തുടക്കമിട്ടു. മക്കളുടെ ജനനശേഷം ഇറച്ചിക്കടയോടൊപ്പം കൃഷിയിലേക്കും ശ്രദ്ധ. തനിക്ക് ലഭിക്കാതെപോയ വിദ്യാഭ്യാസം മക്കൾക്ക് ലഭിക്കണം. നല്ല ഉദ്യോഗം ലഭിക്കണം. മണ്ണിനെ സ്നേഹിച്ചാൽ ചതിക്കില്ലെന്ന് സൂസെൻറ പ്രമാണം. തൊണ്ണൂറ്റിയേഴിൽ പഞ്ചായത്തിൽ പാട്ടത്തിനെടുത്ത പതിനഞ്ചേക്കറിൽ കൃഷി തുടങ്ങി. വിശ്വാസം പോലെതന്നെ പാടത്തിെൻറ ഹൃദയമറിഞ്ഞ് കൃഷിയിറക്കിയ സൂസന് നൂറുമേനി വിളവ്.
കൂട്ടത്തിൽ സ്വന്തമായി കൃഷി ചെയ്യാനുള്ള പ്രാഗല്ഭ്യവും സ്വന്തമാക്കി. അന്യരുടെ പാട്ടത്തിനെടുത്ത ഭൂമിയിൽ കൃഷി ചെയ്യുന്നതിനേക്കാൾ സ്വന്തം മണ്ണിൽ കൃഷി ചെയ്യാനുള്ള മോഹവുമുദിച്ചു. അതുവരെയുള്ള സമ്പാദ്യങ്ങൾക്കൊപ്പം അമേരിക്കയിൽ നഴ്സായ ജ്യേഷ്ഠസഹോദരി മോളമ്മയുടെ സഹായത്താലും തിരുവാർപ്പ് പഞ്ചായത്തിൽ പാറേൽ പള്ളിക്കു സമീപം 2010ൽ നാല് ഏക്കർ പാടം വിലക്കു വാങ്ങി. കൃഷി ചെയ്യാതെ വെള്ളംനിറഞ്ഞ് ആമ്പൽച്ചെടികളും വള്ളിപ്പടർപ്പുകളുംകൊണ്ട് കൃഷി മുടങ്ങിക്കിടന്ന പാടത്ത് കൃഷിയോഗ്യമാക്കാൻ സൂസൻ അരിവാളുമായി പാടത്തിറങ്ങി.
ആമ്പൽച്ചെടികളും വള്ളിപ്പടർപ്പുകളും നീക്കുന്നതിനായി വാങ്ങിയ ചെറുവള്ളത്തിൽ നാല് ഏക്കർ പാടവും കൃഷിയോഗ്യമാക്കി. വിത്തെറിയുന്നതിനും വളമിടുന്നതിനും നേതൃത്വം സൂസൻ തന്നെ. സ്വന്തം പാടത്തും സൂസന് നൂറുമേനി വിളവ്. പഞ്ചായത്തിെൻറ കഴിഞ്ഞ വർഷത്തെ നല്ല കർഷകക്കുള്ള അവാർഡും സൂസനെ തേടിയെത്തി. സൂസെൻറ ഭാഷയിൽ പഞ്ചായത്തിെൻറ പത്മശ്രീ. പുഞ്ചകൃഷി കഴിഞ്ഞാൽ അടുത്ത കൃഷിയുടെ സമയംവരെ വെറുതെയിരിക്കാനും മനസ്സനുവദിച്ചില്ല. ആട്മാടു വളർത്തലിലേക്കും ഒരു കൈ പയറ്റി. സ്വയംതൊഴിൽ കണ്ടെത്തുന്നതിനായി എസ്.ബി.ടിയിൽനിന്ന് ലോണെടുത്ത് വാങ്ങിയ പശുക്കൾ ചിലത് ചത്തതിനെത്തുടർന്ന് ആ ശ്രമം ഉപേക്ഷിക്കേണ്ടിവന്നു. അടുത്ത സംരംഭം തുടങ്ങുന്നതിനെക്കുറിച്ചും കൂടുതൽ ആലോചിക്കേണ്ടിവന്നില്ല. അപ്പോഴാണ് വിനോദസഞ്ചാര മേഖലയായ കുമരകത്ത് ഇളനീർ കച്ചവടത്തിനുള്ള വിപണിസാധ്യത മനസ്സിലുദിച്ചത്.
കുമരകം, ചീപ്പുങ്കൽ, പള്ളിച്ചിറ, തിരുവാർപ്പ് എന്നിവിടങ്ങളിലെ കായൽനിലങ്ങളിലെ തെങ്ങിൽനിന്ന് മധുരമൂറുന്ന നാടൻകരിക്കുമായി കുമരകം മുതൽ കോട്ടയം വരെ വിൽപനക്കെത്തിച്ചു. തെങ്ങിൽ കയറാൻ മാത്രം ജോലിക്കാരനെ ഉപയോഗപ്പെടുത്തി. വെട്ടിയിറക്കുന്ന കരിക്ക് ചുമലിലേന്തി റോഡിലെത്തിക്കുന്നതും സൂസൻ തന്നെ. ഇടക്ക് സഹായിയായി ഭർത്താവ് സജിയുമുണ്ടാകും. ഇളനീർ കൊണ്ടുപോകുന്നതിനായി വാങ്ങിയ പഴയ ഗുഡ്സ് ഒാേട്ടാ നിശ്ചിത സ്ഥലങ്ങളിലേക്ക് ഡ്രൈവ് ചെയ്യുന്നതും സ്വയംതന്നെ. സൂസൻ നൽകുന്ന ഇളനീരിെൻറ മധുരം ഒരുതവണ രുചിച്ചറിഞ്ഞവർ തനി നാടൻ കരിക്ക് കഴിക്കാൻ വീണ്ടുമിവിടെയെത്തുന്നു. സാധാരണക്കാർ മുതൽ ആഡംബര വാഹനത്തിൽ എത്തുന്നവർ വരെ രുചിയറിഞ്ഞ് ഇവിടെയെത്തുന്നു.
കാൽനടയായി ചെറിയ കച്ചവടം ചെയ്തുവരുന്ന സാധുക്കളായ സ്ത്രീകൾ, ദാഹിച്ചുവരുന്ന നിർധനരായ രോഗികൾ എന്നിവരോട് കരുണയുള്ള സൂസൻ മുതൽമുടക്കിൽനിന്നും നഷ്ടം സഹിച്ചും അവർക്കും സ്നേഹത്തോടെ നൽകുന്നു ഇളനീർ. സൂസെൻറ സന്തതസഹചാരിയായ അരിവാളിനൊപ്പം മറ്റൊരാളും കൂടിയുണ്ടാകും കൂട്ടിന്. കുരിശണിഞ്ഞ കൊന്തമാല. ഇതിെൻറ ഇരിപ്പിടം പണപ്പെട്ടിക്ക് മുകളിൽ. ഞായറാഴ്ച കുർബാനയിൽ പെങ്കടുക്കാൻ പള്ളിയിൽ പോകുന്ന ഏതാനും മണിക്കൂറുകൾ മാത്രമാണ് േജാലിയിൽനിന്നുള്ള സൂസെൻറ ഒഴിവുസമയം. ബന്ധുക്കളുടെ വിവാഹം തുടങ്ങിയ ആഘോഷങ്ങൾക്ക് പോകുമെങ്കിലും പണി ഉപേക്ഷിച്ച് മുൻകൂട്ടി പോകാറില്ല. അന്നുതന്നെ മടക്കയാത്രയും.
വാഹനങ്ങളോടുമുണ്ട് പ്രിയം. ബുള്ളറ്റ് മോേട്ടാർ ബൈക്കിനോടുള്ള മോഹമേറിയപ്പോൾ അതും വാങ്ങിയൊന്ന്. അവിടെയും തീർന്നില്ല മോഹം. ചെറിയ നാലുചക്ര വാഹനവും ഒന്നുവാങ്ങി. ബിരുദനേട്ടവുമായി ജോലിതേടി അലയുന്ന ന്യൂജെൻ തലമുറക്ക് മാതൃകയാണ് നാട്ടുംപുറത്തുകാരിയായ ഇൗ വീട്ടമ്മ. ബിരുദം നേടാനുള്ള ഭാഗ്യമുണ്ടായില്ലെങ്കിലും മനക്കരുത്തും കൈക്കരുത്തുംകൊണ്ട് ജീവിതത്തിലെ ആഗ്രഹങ്ങൾ കൈപ്പിടിയിലാക്കി സൂസൻ. മകൻ അജിമോൻ മർച്ചൻറ് നേവിയിൽ തേർഡ് ഒാഫിസർ. സെക്കൻഡ് ഒാഫിസറാകാനുള്ള പ്രമോഷൻ പരീക്ഷയിൽ. മകൾ ആനിമോൾ പത്താം ക്ലാസ് പരീക്ഷയെഴുതാനുള്ള തയാറെടുപ്പിൽ. സൂസന് വിശ്രമിക്കാൻ മനസ്സില്ല. ജീവിതത്തിൽ ലീവും ഒാഫുമില്ലാതെ പ്രകൃതി നൽകിയ ബോണസുമായി സൂസൻ വിജയഗാഥ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.