??????? ??????? ????? ????????? ?????????? ???????, ??.???. ????, ??.???. ????????, ??.??. ????, ??.???. ???? ???????

‘‘മച്ചാ നിങ്ങളെങ്ങനാ പൊലീസായേ?’’
‘‘പി.എസ്.സി എഴുതിയിട്ട് തന്നെയാടോ.’’


കുറച്ചുകാലം മുമ്പായി രുന്നേൽ ഇൗ ചോദ്യം ചോദിക്കാൻ മലയാളിയുടെ മുട്ടൊന്നു കൂട്ടിയിടിക്കുമായിരുന്നു. എന്നാൽ, ഇപ്പോ കാര്യങ്ങളൊക്കെ ആകെ തലതിരിഞ്ഞ മട്ടാണ്. പൊലീസുകാരും ട്രോളുന്നു എന്ന് പറയുേമ്പാ ‘എനിക്ക് വട്ടായതാണോ അതോ ഇവന് പ്രാന്തായതാണോ’ എന്ന സിനിമ ഡയലോഗ് ഒാർമ വരും. ആരും ഒന്നു കണ്ണുമിഴിക്കുന്ന കിടിലൻ പെർ​േഫാമൻസുമായാണ് ഇപ്പോൾ കേരള പൊലീസ് സമൂഹമാധ്യമങ്ങൾ കീഴടക്കുന്നത്. ആദ്യം മലയാളികൾ ഒന്നു പകച്ചുനിന്നെങ്കിലും സൈബർ ലോകത്ത് കേരള െപാലീസും മാറിക്കഴിഞ്ഞു. സമൂഹമാധ്യമങ്ങളിലെ എന്തിനും ഏതിനും ഇപ്പോൾ പൊലീസു വേണം. ആദ്യം ‘സർ’ വിളിയായിരുന്നുവെങ്കിൽ പിന്നീട് ചേട്ടനും ബ്രോയും ഡ്യൂഡിലും മച്ചാനിലുമെത്തി.

നല്ല കിടിലൻ ട്രോളിടാനും പൊലീസുകാർക്ക് അറിയാമെന്ന് തെളിയിക്കുകയാണ് കേരള പൊലീസ് അവരുടെ സോഷ്യൽ മീഡിയ വിങ്ങിലൂടെ. കേരള പൊലീസി​​​​​​െൻറ ഒൗദ്യോഗിക ഫേസ്ബുക്ക് പേജിൽ കടന്നാൽ വഴിതെറ്റിയോ എന്നുതോന്നുമെങ്കിലും അതുവെറും തോന്നൽ മാത്രമേയാകൂ. കേരള പൊലീസിലെ അഞ്ചുമിടുക്കന്മാർ അവിടെ രാവും പകലും ചാറ്റിങ്ങും ട്രോളിടലുമായി തകർത്തുകൊണ്ടിരിപ്പുണ്ട്. ഒരു മെസേജ് അയച്ചാൽ അപ്പോ തന്നെ ശരിയാക്കിതരും. പി.എസ്. സന്തോഷ്, വി.എസ്. ബിമൽ, ബി.എസ്. ബിജു, ബി.ടി. അരുൺ, കമൽനാഥ് ഇവരാണ് സോഷ്യൽ മീഡിയ സെല്ലി​​​​​​െൻറ അമരക്കാർ. സിവിൽ പൊലീസ് ഒാഫിസർമാരാണ് ഇവർ. ഐ. ജി മനോജ് എബ്രഹാം ഇവര്‍ക്ക് പൂര്‍ണപിന്തുണ നല്‍കുന്നു.

നവമാധ്യമങ്ങളിലെ പൊലീസുകാരുടെ ഇടപെടലുകൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. മൂന്നു നാലുവർഷമായി യൂട്യൂബ്, ഫേസ്ബുക്ക്, വാട്സ്ആപ്, ട്വിറ്റർ, ഇൻസ്​റ്റഗ്രാം എന്നിവ പൊലീസ് കൈകാര്യം ചെയ്യുന്നുണ്ട്. സമൂഹമാധ്യമങ്ങളിൽ കേരള പൊലീസിന് നിയന്ത്രണമുണ്ടായിരുന്നെങ്കിലും അത്ര ജനകീയമായിരുന്നില്ല. ജനങ്ങൾക്ക് വിശ്വാസത്തേക്കാളേറെ ഭയമായിരുന്നു. പലതും തുറന്നുപറയാൻ കഴിയുമോ എന്ന സംശയവും ജനങ്ങളെ പിന്തിരിപ്പിച്ചു. ഇന്ന് സ്ഥിതിമാറി. കോളജ് വിദ്യാർഥിയുടെ പ്രണയം പോലും തുറന്നു പറയുകയും ചെയ്യുന്ന ചങ്ക് ബ്രോസായി ഇവര്‍ മാറി. സംസ്ഥാന പൊലീസ് മേധാവിയുടെ െഎഡിയയാണ് പൊലീസിനെ ജനങ്ങൾക്കിടയിേലക്ക് എത്തിച്ചത്. ഇവരെ നിയന്ത്രിക്കുന്നത് െഎ.ജി. മനോജ് എബ്രഹാമും. സ്വകാര്യ ഏജൻസിയുടെ നേതൃത്വത്തിലായിരുന്നു നേരത്തേ കേരള പൊലീസി​​​​​​െൻറ സമൂഹമാധ്യമങ്ങളിലെ ഇടപെടൽ. പൊലീസുകാർ നേരിട്ട് കൈകാര്യം ചെയ്തിരുന്നില്ല.

പരുക്കൻ ഭാഷയിൽ പോസ്​റ്റിടലും നിർദേശങ്ങൾ നൽകലും മാത്രമായി ആരും കാണാതെ ആ പേജ് സമൂഹമാധ്യമങ്ങളിൽ ഒളിഞ്ഞുകിടന്നു. ജനങ്ങളുമായി നേരിട്ട് സംവദിക്കാനുള്ള അവസരം ഇൗ പേജുകളിലൂടെ ലഭിച്ചില്ല. പോസ്​റ്റുകൾക്ക് കിട്ടുന്ന ലൈക്കുകളുടെ എണ്ണമാക​െട്ട വെറും പത്തിൽതാഴെ. കൃത്യമായി നൽകേണ്ട സന്ദേശങ്ങൾപോലും ജനങ്ങളിലേക്ക് എത്താതെവന്നു. ജനങ്ങളുമായി സംവദിക്കാൻ ഒരു പ്ലാറ്റ്ഫോം തുറന്നുകിട്ടിയാൽ കാര്യങ്ങൾ എളുപ്പമാകുമെന്ന തോന്നലിൽനിന്നാണ് കേരള പൊലീസ് സോഷ്യൽ മീഡിയ സെൽ രൂപവത്​കരിച്ചത്. നവമാധ്യമങ്ങളിലെ സന്ദേശങ്ങൾ വിശ്വസിക്കുന്ന ജനങ്ങൾക്കിടയിലേക്ക് സാഹിത്യവും ആജ്ഞയുമായി ചെന്നാൽ കാര്യം നടക്കില്ലെന്ന് മനസ്സിലാക്കിയവർ വ്യത്യസ്തമായ ആശയങ്ങളിലൂടെ കാര്യങ്ങൾ അവതരിപ്പിക്കുന്ന അഞ്ചുപേരെ സോഷ്യൽ മീഡിയ സെല്ലിൽ നിയമിക്കാൻ തീരുമാനിച്ചു. പൊലീസുകാർ തന്നെയായാൽ കാര്യങ്ങൾ കുറച്ചുകൂടി എളുപ്പം.

ട്രോളന്മാർ ഉണ്ടാകുന്ന വിധം
‘സമൂഹമാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പ്രാവീണ്യം, നിയമ കാര്യങ്ങൾ, പൊലീസിനെ സംബന്ധിച്ച കാര്യങ്ങൾ, ഇംഗ്ലീഷും മലയാളവും അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവ് എന്നീ യോഗ്യതയുള്ള പൊലീസുകാരിൽനിന്ന് കേരള പൊലീസ് അപേക്ഷകൾ ക്ഷണിക്കുന്നു.’ ഇൗ ഒരു പരസ്യം അഞ്ചുപേരുടെയും സിവിൽ പൊലീസ് ഒാഫിസർ ജീവിതത്തെ തന്നെ മാറ്റിമറിച്ചു. നിരവധിപേർക്കിടയിൽനിന്നാണ് മികച്ച ട്രോളന്മാരെ തിരഞ്ഞെടുത്തത്. അവസാനഘട്ട പരീക്ഷക്ക് ഉണ്ടായിരുന്നത് 60 പേർ. തിരുവനന്തപുരത്തെ സൈബർഡോമിൽ വെച്ചായിരുന്നു പരീക്ഷ. െഎ.ടി ചോദ്യങ്ങൾ മുതൽ മികച്ച ട്രോളുണ്ടാക്കാനുള്ള ചോദ്യങ്ങൾ വരെ പരീക്ഷക്ക് വന്നു. ബ്ലോഗിങ്ങും കമൻറിടലുമൊക്കെയായിരുന്നു മറ്റൊരു പരീക്ഷണം. രസകരവും വ്യത്യസ്തവുമായ പരീക്ഷയിൽ ആദ്യമെത്തിയ അഞ്ച് മിടുക്കൻ ‘ട്രോളന്മാരെ’ നിയമിച്ച് ഉത്തരവും ഇറങ്ങി.

ഇവിടെ ഉപദേശങ്ങളില്ല
പൊലീസ് ആസ്ഥാനത്താണ് സോഷ്യൽ മീഡിയ വിങ്ങി​​​​​​െൻറ പ്രവർത്തനം. 24 മണിക്കൂർ സേവനം. ഇവരുടെ ജോലിയെന്താണെന്ന് ചോദിച്ചാൽ ഇതും ജോലിയോ എന്നുചോദിച്ച് മൂക്കത്ത് വിരൽവെച്ച് നിൽക്കും -സന്ദേശങ്ങൾക്ക് മറുപടി കൊടുക്കൽ. കേൾക്കുേമ്പാഴും പറയുേമ്പാഴും എളുപ്പമുള്ള ജോലിയാണെങ്കിലും അത്ര എളുപ്പമല്ല കാര്യങ്ങൾ. സൈബർകുറ്റകൃത്യമായാലും ട്രാഫിക് ലംഘനമായാലും പൊതുജനങ്ങൾക്ക് ആശങ്ക പരത്തുന്നതെന്തും ഇവർ കൈകാര്യം ചെയ്യും. ജനങ്ങൾ പരിഭ്രാന്തരാകാതിരിക്കാനുള്ള അറിയിപ്പുകൾ കൃത്യമായി ഇവരുടെ ഭാഗത്തുനിന്നുണ്ടാകും. നിപ വൈറസ്, ബൊളീവിയൻ കോൾ എന്നിവയെല്ലാം ഇതിൽ ചിലതുമാത്രം. ഉപദേശങ്ങൾ ആർക്കും അത്രപെെട്ടാന്നൊന്നും ദഹിക്കില്ലല്ലോ. അതിനാൽതന്നെ ഉപദേശങ്ങളെല്ലാം തന്നെ േട്രാൾ വഴിയാക്കി.

വെറും അഞ്ചോ പത്തോ ലൈക്കുനേടിയിരുന്ന കേരള പൊലീസ് പേജ് നിമിഷങ്ങൾക്കുള്ളിൽ ഒന്നും രണ്ടും ‘കെ’ അടിക്കാൻ തുടങ്ങി. ഇതോടെ പൊലീസുകാരുടെ തന്നെ കിളിപോയി. ഇേപ്പാൾ ലൈക്കുകൾ വാരിക്കൂട്ടാനുള്ള മത്സരമാണ്. അഞ്ഞൂറ് കെ ലൈക്കുണ്ടെങ്കിലും ബംഗളൂരു പൊലീസ് പേജി​​​​​​െൻറ അത്രയും ലൈക്ക് ഇല്ലെന്നുള്ള സന്ദേശം നൽകിയ നിമിഷങ്ങൾക്കുള്ളിൽ തന്നെ ലൈക്ക് കൂട്ടുന്നതിനായി മലയാളികൾ കട്ടക്ക് മത്സരിച്ചു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലൈക്കുള്ള പൊലീസ് പേജായി കേരള പൊലീസിന്‍റേത്​. ന്യൂയോർക്​ പൊലീസ് മാത്രമാണ്ഇപ്പോള്‍ കേരള പൊലീസിന് മുന്നിലുള്ളത്. കളിയിൽ അൽപം കാര്യങ്ങളുണ്ടെന്ന് പറയുന്നതുപോലെ ലൈക്കുകളുടെ എണ്ണം ഞങ്ങൾ നൽകുന്ന കൃത്യമായ സന്ദേശങ്ങൾ ജനങ്ങളിേലക്ക് എത്തിക്കാൻ സഹായിക്കുമെന്നാണ് ഇവരുടെ അഭിപ്രായം.

എന്തുപറ്റി രമണാ?
‘പോളണ്ടിനെ പറ്റി ആരും മിണ്ടിപ്പോകരുത്’ എന്ന ശ്രീനിവാസൻ ഡയലോഗുമായെത്തിയ ട്രോളാണ് ഇവരെ ജനപ്രിയമാക്കിയത്്. ആ ഡയലോഗിനെ ‘ഒ.ടി.പിയെക്കുറിച്ചാരും മിണ്ടരുത്’ എന്നാക്കി ട്രോളിട്ടു. ഉടൻ വന്നു കിടുവേയും കിക്കിടുവേയും. എന്നിട്ടും ഇത് ഒൗദ്യോഗിക ഫേസ്ബുക്ക് പേജാണോ എന്ന് സംശയിച്ചവർ ഇൻബോക്സിൽ സന്ദേശങ്ങൾ അയച്ചുതുടങ്ങി. അവിടെയും ഞെട്ടിച്ചായിരുന്നു ഇവരുടെ മറുപടി. കരയുന്ന സ്മൈലി അയച്ചാൽ ‘എന്തുപറ്റി രമണാ’ എന്നുചോദിക്കാനും സങ്കടം പറഞ്ഞാൽ ‘സാരമില്ല, നിനക്ക് വിധിച്ചിട്ടില്ലെന്ന് കരുതിയാൽ മതി’ എന്നുപറഞ്ഞ് ആശ്വസിപ്പിക്കാനും ഇവർ എത്തി. ഫേസ്ബുക്കിലെ സന്ദേശങ്ങളിൽ െപാതുജനങ്ങൾക്ക് പൊലീസിനെ അറിയിക്കേണ്ടതും പൊലീസി​​​​​​െൻറ ഭാഗത്തുനിന്ന് പ്രതീക്ഷിക്കുന്നതും സേവനങ്ങളും അഭിപ്രായങ്ങളുമെല്ലാം ജനങ്ങൾക്ക് ഇൗ പേജിലൂടെ പങ്കുവെക്കാം.

പൊലീസിൽ എങ്ങനെ ജോലികിട്ടും?, മോേട്ടാർ വെഹിക്കിൾ നിയമങ്ങൾ, വ്യാജ ഫോൺ കോളുകൾ, വ്യാജ സന്ദേശങ്ങൾ തുടങ്ങിയവയെല്ലാം ജനങ്ങളുടെ സംശയങ്ങളുടെ പരിധിയിൽ വരും. ഇത്തരത്തിലുള്ള ഗൗരവമായ സന്ദേഹങ്ങളിൽ കൃത്യമായ വിശദീകരണം പൊലീസുകാരിൽനിന്ന് തന്നെയാകുേമ്പാൾ ആധികാരികതയുമേറെ. ഹനാൻ കേസിലും ഇടപ്പള്ളിയിൽ കുട്ടി വണ്ടിേയാടിക്കുന്ന വിഡിയോയിലും ജനങ്ങളുടെ ഇടപെടൽ ശക്തമായിരുന്നെന്നും ഇവർതന്നെ പറയുന്നു. പൊലീസുകാർക്ക് സ്ഥിരം തലവേദനയായ ചെറുപ്പക്കാർ ‘15നും 35നും’ ഇടയിൽ പ്രായമുള്ളവരാണ് ഇവരുടെ ആരാധകർ എന്നു പറയുേമ്പാൾ ഇവരുടെ ആത്മവിശ്വാസം ഇരട്ടിയാക്കുന്നു. ഉപദേശിച്ചാൽ പോയി പണിനോക്കെടാ എന്ന് മനസ്സിൽ പറഞ്ഞും ഹെൽമറ്റ് വേട്ടയുടെയും ഒാവർസ്പീഡിന്‍റെയും പേരിൽ നിരന്തരം പൊലീസിനെ പഴിക്കുന്നവർ തന്നെ കിടുവേ നൽകുന്നതിൽ സന്തോഷമുണ്ടെന്നും ഞങ്ങൾ നൽകുന്ന സന്ദേശം കൃത്യമായി എത്തുന്നതിന്‍റെ സൂചനയാണെന്നും ഇവർ പറയുന്നു.

ജനങ്ങൾ ശ്രദ്ധയിൽപ്പെടുത്തുന്നവ ബന്ധപ്പെട്ട വിഭാഗങ്ങളിലേക്ക് ഇവർ കൈമാറും. എന്നാൽ, ഒരു പരാതി നൽകാനുള്ള മാർഗമായി സോഷ്യൽ മീഡിയ സെല്ലിനെ കാണരുതെന്നും ഇവർ തന്നെ പറയുന്നു. ഉരുളക്ക് ഉപ്പേരിപോലെ നൽകുന്ന സോഷ്യൽ മീഡിയ സെല്ലിന്‍റെ കമൻറുകൾ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. ജനങ്ങൾക്കിടയിലേക്ക് സോഷ്യൽമീഡിയ സെൽ ഇറങ്ങിയതി​​​​​​െൻറ ഭാഗമായി ട്രോളന്മാരുടെ ഭാഷയിൽതന്നെ പറഞ്ഞാൽ ‘പൊലീസുകാരെ പൊങ്കാലയിടുന്നതിന്‍റെ’ തീവ്രത കുറഞ്ഞിട്ടുണ്ടെന്നാണ് ഇവർ പറയുന്നത്. പൊതുജനങ്ങൾക്കായി അടിക്കുറിപ്പ് മത്സരം സംഘടിപ്പിച്ചത് സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. അടിക്കുറിപ്പ് മത്സരത്തിന്‍റെ വിജയികൾക്ക് സമ്മാനവും നൽകും. ഇപ്പോൾ പുതിയ പരീക്ഷണത്തിന്‍റെ പാതയിലാണിവർ. ചിത്രങ്ങളുപയോഗിച്ച് ട്രോളുകളുണ്ടാക്കുന്നതിനു പകരം ചെറുവിഡിയോ േട്രാളുകളാണ് ഇപ്പോൾ പുറത്തിറക്കുന്നത്. കീകീ ചലഞ്ച് വിഡിയോ ഇതിനോടകം തന്നെ ഇവർ പുറത്തിറക്കിക്കഴിഞ്ഞു.
Tags:    
News Summary - Police Trollers in Kerala -Lifestyle News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.