??????? ??????????????? ?????? ?????????? ?????????

പ്രവാസ മുറികളിലെ ബാച്​ലര്‍ ജീവിതങ്ങൾ

ബാച്​ലറായിക്കൊണ്ട് പ്രവാസജീവിതം നയിക്കുന്നവരുടെ ജീവിതശൈലികളിലെ രസങ്ങളും രസക്കേടുകളും നോക്കിക്കാണുന്നത് കൗതുകകരമാണ്. പലരും പല രീതിക്കാര്‍. ഒന്നിച്ചൊരു റൂമില്‍ കഴിയുന്നവരില്‍ കീരിയും പാമ്പും പോലുള്ള പ്രകൃതമുള്ളവരും വൈരുധ്യ സ്വഭാവക്കാരുമൊക്കെ കാണും. രാഷ്​ട്രീയവും മതവും മത നിരാസവുമൊക്കെ സമരസമായി കൊണ്ടുനടക്കുന്നവരാണെങ്കില്‍കൂടി പരസ്പരം പൊരുത്തപ്പെട്ടും വിട്ടുവീഴ്ച ചെയ്തും കഴിയുന്നതില്‍ ഇവര്‍ അസാമാന്യമായ മെയ്​വഴക്കം കാണിച്ചുപോരുന്നു. വഴക്കും വക്കാണവുമൊക്കെ ഇടക്കിടെ ഉയര്‍ന്നുവരുമെങ്കിലും എല്ലാം പെട്ടെന്ന് തന്നെ സുല്ലാക്കി ഒരുമിക്കാനും ഇവര്‍ക്കാവും. നാട്ടില്‍വെച്ച് മേലനങ്ങാതെ ഉണ്ണാന്‍ ഊണും ഉടുക്കാന്‍ അലക്കി തേച്ച ഉടുപ്പും ഇരുന്നിടത്ത് ലഭ്യമായിരുന്ന ചുറ്റുപാടില്‍ നിന്ന് ഒരു സുപ്രഭാതത്തില്‍ നാടുവിടേണ്ടി വന്നവരാണ് മിക്ക ബാച്​ലര്‍ പ്രവാസികളും.

സ്വന്തമായി അലക്കിയോ ഭക്ഷണം പാചകം ചെയ്​തോ അറിവോ പരിചയമോ ഇല്ലാത്തവര്‍. അതുകൊണ്ട് തന്നെ വീടും കുടുംബവും വിട്ട് കഴിയുന്ന പ്രവാസികളില്‍ മടിയും അലസതയും കൂടെപ്പിറപ്പിനെപ്പോലെ എ​േപ്പാഴും ഒപ്പമുണ്ടാവും. കൂട്ടത്തിലുള്ള അപൂർവം ചിലരിൽ പട്ടാളച്ചിട്ടയിലുള്ള ശൈലിയും ശീലവും കൊണ്ടു നടക്കുന്നവരുമുണ്ട്. വരച്ച വരയിലായിരിക്കും അവരുടെ നടപ്പും രീതികളും. കൃത്യസമയത്തുള്ള ഉറക്കും ഉണർവും സമയം തെറ്റിക്കാതെയുള്ള ഭക്ഷണ സമയക്രമവും അവരുടെ രീതിയാകും. എന്നാല്‍, ബഹുഭൂരിഭാഗം പേര്‍ക്കും ഒന്നിനുമുണ്ടാകില്ല താളം. രാത്രി കൂട്ടുകാര്‍ക്കൊപ്പം സൊറ പറഞ്ഞിരുന്നും മൊബൈലില്‍ പുലരുവോളം സിനിമയും കോമഡി രംഗങ്ങളുമൊക്കെ കണ്ട് വന്ന് വൈകി ഭക്ഷണം കഴിച്ച് കിടക്കുന്നവരാകും നല്ലൊരു ശതമാനമാനവും. അത്തരക്കാര്‍ക്ക് രാവിലെ ഉണരുക എന്നത് വലിയൊരു സാഹസികമായ കാര്യമാണ്. എട്ട്​ മണിക്ക് ഡ്യൂട്ടിക്ക് പോകേണ്ട ഇത്തരക്കാരുടെ മൊബൈല്‍ അലറി വിളിക്കുന്നുണ്ടാവും.


മൊബൈലിലെ അലാറം റിങ്​ടോണ്‍ ഏഴുമണി മുതൽ വിളിച്ചുണര്‍ത്താന്‍ പരമാവധി പാടുപെടുന്നത് ഫ്ലാറ്റിലെ മുഴുവനാളുകളും കേട്ടാലും ഉണരേണ്ടയാള്‍ മാത്രം അറിയില്ല. അവസാന നിമിഷം 7.55ന് ചാടിപ്പിടിച്ച് പ്രയാസപ്പെട്ടുണരുന്ന കാഴ്ചയാണ് കാണുക. പിന്നെ ധിറുതിയിലും ബേജാറിലുമാകും ഒന്നും രണ്ടും ഒക്കെ. പോയെങ്കില്‍ പോട്ടേ എന്നാക്കി കുളിച്ചെന്ന് വരുത്തി ചുടുചായയും മോന്തിക്കുടിച്ച് പെടാപാടു പെട്ടൊരു ഓട്ടമാണ് പിന്നെ! പത്തോ പതിനഞ്ചോ മിനിറ്റ്​ നേരത്തെ ഉണര്‍ന്നാല്‍ എല്ലാം സൗകര്യം പോലെ ചെയ്ത് തീര്‍ക്കാന്‍ ആവുമെങ്കിലും രാവിലത്തെ ഉറക്കം നഷ്​ടപ്പെടുത്തി ഒരു വിട്ടുവീഴ്ചക്കും തയാറല്ല! എത്ര പറഞ്ഞാലും ഉപദേശിച്ചാലുമൊന്നും അതിനൊരു മാറ്റം ഉണ്ടാവില്ല തന്നെ! രാവിലെ ഫ്ലാറ്റുകളില്‍ അരങ്ങേറാറുള്ള കലഹങ്ങളിലൊന്ന് ബാത്​റൂമിലെ ഉൗഴങ്ങള്‍ക്ക് വേണ്ടിയാകും.

എട്ട്​ മണിക്ക് കയറേണ്ടവന്‍ ഒരു മിനിറ്റ്​ വൈകി കയറിയാല്‍ അത്രയും ഇറങ്ങാനും വൈകിപ്പോകും. ബേജാറില്‍ ‘വരേണ്ടത്’ വന്നില്ലെങ്കില്‍ താമസമെന്തേ വരുവാന്‍ എന്ന മൂളിപ്പാട്ടും പാടി ‍പാവം ഒന്ന് മുക്കി ഇരിക്കും. അപ്പഴാവും അടുത്ത ഊഴക്കാര​​​​​െൻറ മുട്ട് കക്കൂസ് വാതിലില്‍ ആഞ്ഞു പതിയുന്നത്. ഇടിമുഴക്കം പോലുള്ള മുട്ടലുളവാക്കിയ ഞെട്ടലില്‍ വരാനൊരുങ്ങിയത് അ​േപ്പാഴേക്കും ഭയന്ന് ഉള്‍വലിഞ്ഞിട്ടുണ്ടാകും. ആകെപ്പാടെ ബഹളമയമായ അന്തരീക്ഷമാവും ആ നിമിഷങ്ങളില്‍.
നീ അവിടെ എന്തെടുക്കുവാ... എത്ര നേരായി കാത്തുകെട്ടി കിടക്കുന്നത്. തുടങ്ങി രാവിലെ തന്നെ വെറും വയറ്റില്‍ ചങ്ങായിയുടെ തെറിയാവും അന്നത്തെ നാസ്ത! ഇതൊക്കെ അനുഭവിച്ചു തന്നെ അറിയണം. കുഴിമടിയന്മാരായ പ്രവാസികള്‍ അലക്കാനും തേക്കാനുമൊക്കെ ലോണ്ട്രിയെ ആശ്രയിക്കാറാണ് പതിവ്. അത്യാവശ്യം പിശുക്കന്മാരും പിന്നെ ലോണ്ട്രി അലക്കി​​​​​െൻറ ദോഷവശങ്ങള്‍ അറിയുന്നവരും സ്വന്തമായി അലക്കാനുള്ള ശ്രമം നടത്തിനോക്കും. അലക്കേണ്ടവ രണ്ടു മൂന്ന് ദിവസം വെള്ളത്തില്‍ പൊതിര്‍ത്തുവെക്കും. ചിലപ്പോഴത് ഒരാഴ്ച വരെ നീണ്ടേക്കാം!

അരമണിക്കൂര്‍ കൊണ്ട് ചെയ്തു തീര്‍ക്കേണ്ടവയാണ് അലസതയും മടിയുംമൂലം വെള്ളത്തില്‍ മുക്കി വെക്കുന്നത്. മൂന്നാംനാള്‍ അത് അലക്കാനായി എടുക്കു​േമ്പാഴേക്കും നീറ്റിലിട്ട പേക്കടക്കയുടെ മണം വന്നിട്ടുണ്ടാവും! ഇനി അലക്കി ഉണക്കാനിട്ടവ രണ്ടും മൂന്നും ദിവസങ്ങള്‍ അയലില്‍ കിടന്നങ്ങ് ഉണങ്ങി പൊട്ടാനായാലും എടുത്തുമാറ്റാന്‍ മറക്കും. വേറൊരാള്‍ അലക്കിയെത്തി അയലില്‍ സ്ഥലമില്ലാതെ കണ്ട് ചെന്നു പറഞ്ഞാലേ പാവം വസ്ത്രങ്ങള്‍ക്ക് മോക്ഷം കിട്ടുകയുള്ളൂ. അ​േപ്പാഴേക്കും ഗള്‍ഫിലെ ചൂടില്‍ വസ്ത്രങ്ങളുടെ കളര്‍ മാറിമറിഞ്ഞിരിക്കും. ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം എന്ന ചൊല്ല് പോലെയാണ് ചിലരുടെ കുളിക്കാനുപയോഗിക്കുന്ന തോര്‍ത്തി​​​​​െൻറ കളര്‍! അലക്കുമ്പോ അതും ചേര്‍ത്തലക്കിയാല്‍ നല്ലനിറം ലഭിക്കുമായിരുന്ന തോര്‍ത്തിന് പരിചരണം ലഭിക്കാത്തതിനാല്‍ നല്ല തൂവെള്ള തോര്‍ത്തിന് ദിഗംഭര സ്വാമികളുടെ ഉടുമുണ്ട് പോലെ രൂപപരിണാമം സംഭവിച്ച കാഴ്ചയിലാണ് അയലില്‍ കാണുക. ചിലത് ടിപ്പു സുല്‍ത്താ​​​​​െൻറ കരവാള് പോലെ, വടിപോലെ നില്‍ക്കുകയും ചെയ്യുന്നുണ്ടാവും.

ഭക്ഷണം ഉണ്ടാക്കുമ്പോഴും കഴിച്ചു കഴിഞ്ഞ പാത്രങ്ങള്‍ കഴുകി വെക്കുന്നതിലുമൊക്കെ കഴിവ് നേടാന്‍ വിരുത് കാട്ടുന്നവരുമുണ്ട്. പത്തും പന്ത്രണ്ടും പേര് സംയുക്തമായി മെസായി ഭക്ഷണം ഉണ്ടാക്കിക്കഴിക്കുന്നിടത്തും ഒന്നുരണ്ടു പേരുടെ വിളവുമൂലം ഇടക്കിടെ മെസ് നിലച്ച് ഹോട്ടലിൽ അഭയം തേടേണ്ടിയും വരും. മുന്നില്‍നിന്ന് നയിക്കുന്നയാള്‍ വീണ്ടും പ്രശ്നം പരിഹരിച്ച് തട്ടിക്കൂട്ടും. ഒന്നുരണ്ടു മാസം സുഖമായിപ്പോകും പിന്നെയും മെസ് പൊട്ടിപ്പൊളിയും. പാത്രം കഴുകാന്‍ ചുമതലയേല്‍പിച്ചവർ അത് കഴുകാതെ വെച്ച് പോവു​േമ്പാഴോ മീന്‍ വാങ്ങി വരേണ്ടവര്‍ അത് വാങ്ങാന്‍ മാർക്കറ്റ് വരെ പോകാൻ മടിച്ച് പരിപ്പും പപ്പടവും വാങ്ങി വരുമ്പോഴൊക്കെയാണ് കലഹം പലവിധം മെസില്‍ ഉരുണ്ടുകൂടുക. വൈകി വരുന്നയാള്‍ക്ക് കറിയോ പൊരിച്ചതോ കിട്ടാതാവു​േമ്പാഴും കലഹം ഉടലെടുക്കും.

നക്ഷത്ര ഇനങ്ങളില്‍പെട്ട മത്സ്യ ഇനങ്ങളായ ആവോലി, അയക്കൂറ പോലുള്ളവ പൊരിച്ചുവെച്ചാലാണ് അവസാനം വരുന്നവ​​​​​െൻറ കാര്യം ഗോവിന്ദയാവുക! പൊട്ടി വീഴാറായ ഒരു മീന്‍ കണ്ടാല്‍ ആദ്യം വരുന്നവര്‍ അതിലെ ഓരോ അഡര് എടുത്ത് നുണയും. അങ്ങനെ അങ്ങനെ പെര്‍ ഹെഡ് തലയെണ്ണി പിരിച്ച മീനില്‍ ഒന്നി​​​​​െൻറ കുറവ് വന്നിരിക്കും. ബഹളം ഇരന്നുവാങ്ങുകയാണ് ഇതിലൂടെ എന്ന് മുന്‍ഗാമികള്‍ക്ക് അറിയാതെ അല്ല. വല്ല​േപ്പാഴും വാങ്ങിവെക്കുന്നതിനാലുള്ള മീന്‍ കൊതി അങ്ങനെ ചെയ്യിക്കുന്നതാണ്. പാത്രങ്ങള്‍ കഴുകുന്നതില്‍നിന്ന്​ വിടുതല്‍ നേടാന്‍ ഏറ്റവും ലളിതമായ അടവ് പാത്രങ്ങളില്‍ അൽപം ബാക്കിവെക്കലാണ്! അങ്ങനെ പറഞ്ഞാല്‍ തീരാത്ത കഥകള്‍ നിറഞ്ഞതാണ് പ്രവാസ ലോകത്തെ ബാച്​ലര്‍ ജീവിതം.

Tags:    
News Summary - Life of Pravasis or NRI's -Lifestyle News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.