???????????? ???????????? ?????? ????? ????? ???????

ചിലപ്പതികാരത്തിലെ കണ്ണകിയുടെയും കോവലന്‍റെയും ദുരന്തകഥ ആദ്യമായി കഥകളി രൂപത്തില്‍ അരങ്ങിലെത്തിയിരിക്കുന്നു. കണ്ണകിയുടെ ഐതിഹ്യത്തെ കൂട്ടുപിടിച്ചു കൊണ്ടുള്ള ‘ചിലപ്പതികാര’ത്തിലെ ഭാഗങ്ങള്‍ കഥകളി രൂപത്തില്‍ മുമ്പും അരങ്ങിലെത്തിയിട്ടുണ്ടെങ്കിലും മുന്‍ ആട്ടക്കഥകളിൽ നിന്ന് വ്യത്യസ്തമാണ് ഈ അവതരണം. കവി എസ്. രമേശന്‍ നായരുടെ ‘ചിലപ്പതികാരം’ മലയാള പരിഭാഷയെ അടിസ്ഥാനമാക്കി കഥകളി ആചാര്യന്‍ കോട്ടക്കല്‍ നന്ദകുമാരന്‍ നായരാണ് കഥകളി രൂപത്തില്‍ ‘കണ്ണകി’  ചിട്ടപ്പെടുത്തിയത്.  കോവലന്‍റെ  മരണവൃത്താന്തം അറിയുന്നതിന് മുമ്പും അതിനു ശേഷവുമുള്ള കണ്ണകിയുടെ മനസ്സിന്‍റെ സഞ്ചാരമാണ് ‘കണ്ണകി’ ആട്ടക്കഥയിലെ ഇതിവൃത്തം. ഈ ആട്ടക്കഥ അരങ്ങിലെത്തുമ്പോള്‍ രചിക്കപ്പെടുന്നത് ഒരു കുടുംബകാവ്യം കൂടിയാണ്. ഒരു അച്ഛന്‍റെയും മകളുടെയും കഥകളിയോടുള്ള ആത്മബന്ധത്തിന്‍റെ തീവ്രതയില്‍നിന്നാണ് ‘കണ്ണകി’യുടെ വരവ്. കഥകളി മേഖലയില്‍ ഇതിനോടകം നിരവധി പുരസ്കാരങ്ങള്‍ നേടി, ഒരു വലിയ ശിഷ്യസമ്പത്തിന്‍റെ ഉടമയായ കോട്ടക്കല്‍ നന്ദകുമാരന്‍ നായര്‍ മകള്‍ ആതിരയോടൊപ്പമാണ് കണ്ണകിയില്‍ വേദി കീഴടക്കുന്നത്.

കണ്ണകി ആട്ടക്കഥയില്‍ നന്ദകുമാരന്‍ നായര്‍
 


കണ്ണകി പറയുന്നത് തീക്ഷ്ണമായ സ്ത്രീത്വത്തിന്‍റെ കഥയാണെങ്കില്‍ അതിന്‍റെ പിന്നില്‍ ഒരച്ഛന്‍റെയും മകളുടെയും കഠിന പ്രയത്നത്തിന്‍െറ വിയര്‍പ്പു കൂടിയുണ്ട്. അച്ഛന്‍ കോട്ടക്കല്‍ നന്ദകുമാരന്‍ നായരുടെ കീഴില്‍ പത്തു വര്‍ഷമായി കഥകളി അഭ്യസിച്ചുവരുന്ന ആതിരാ നന്ദനാണ് ‘കണ്ണകി’യായി ആദ്യം വേദിയിലെത്തുന്നത്. കഥകളിയും നൃത്തവും ഏറെ സ്നേഹിക്കുന്ന ആതിര മഞ്ചേരി എന്‍.എസ്.എസ് കോളജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപികയാണ്. കഥകളിയോടുള്ള ആത്മ ബന്ധം കൊണ്ടുതന്നെ തന്‍റെ ഗവേഷണവിഷയവും കഥകളി തന്നെയെടുത്തു ആതിര. ‘കഥകളിയിലെ ലിംഗരൂപവത്കരണത്തെ സബന്ധിച്ചാണ് ആതിരയുടെ ഗവേഷണം. കോഴിക്കോട് സര്‍വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗത്തില്‍ പ്രഫസര്‍ എം.വി. നാരായണനാണ് ഗവേഷണത്തിലെ വഴികാട്ടി. അച്ഛന്‍റെ കൂടെ നിരവധി വേദികളില്‍ കഥകളിയവതരിപ്പിച്ചു കഴിഞ്ഞെങ്കിലും ‘കണ്ണകി’ ഒരു വേറിട്ട അനുഭവമായിരുന്നെന്ന് ആതിര പറയുന്നു. ഒരു സ്ത്രീയായതു കൊണ്ടുതന്നെ ‘കണ്ണകി’യിലെ കഥാപാത്രത്തെ അതുപോലെ തന്നെ ഉള്‍ക്കൊള്ളാന്‍ പ്രയാസമുണ്ടായില്ലെന്ന് അവര്‍ പറയുന്നു. സ്വദേശത്തും വിദേശത്തുമായി നിരവധി ശിഷ്യന്മാരുള്ള കോട്ടക്കല്‍ നന്ദകുമാരന്‍ നായര്‍ക്ക് ശിഷ്യരില്‍ ഏറെ പ്രിയപ്പെട്ടവരിലാണ് ആതിരയുടെയും സ്ഥാനം.

കണ്ണകി ആട്ടക്കഥയില്‍ ആതിരാ നന്ദന്‍
 


ആട്ടക്കഥയിലെ ദുഃഖവും കോപവും ഇടകലര്‍ന്നുള്ള ഓരോ ഭാവവും നന്ദകുമാരന്‍ നായരും മകളും അവിസ്മരണീയമാക്കിയിരിക്കുന്നുവെന്ന് പറയാതെ വയ്യ. പ്രതികരിക്കുന്ന സ്ത്രീയെ പാര്‍ശ്വവത്കരിച്ച് മാറ്റിനിര്‍ത്തി അവളെ അബലയെന്ന് മുദ്രകുത്തി മുറിയിലടക്കുന്നവരോടുള്ള വെല്ലുവിളി കൂടിയാണ് കണ്ണകിയിലൂടെ ഇവര്‍ നടത്തുന്നത്. ഒരുപക്ഷേ, കഥകളിയരങ്ങുകളില്‍ ഇത്ര തീവ്രമായ രംഗങ്ങള്‍ ഇതാദ്യമാവും. ഒരു സാധാരണ സ്ത്രീയുടെ മനസ്സിന്‍റെ അസാധാരണ സഞ്ചാരങ്ങളാണ് കണ്ണകി വരച്ചുകാട്ടുന്നത്. കഥകളിയുടെ ക്ലാസിക്കല്‍ പാരമ്പര്യം അതിസൂക്ഷ്മമായി പഠിക്കുന്നയാളാണ് കോട്ടക്കല്‍ നന്ദകുമാരന്‍ നായര്‍. കലാമണ്ഡലത്തിലെ പഠനം പൂര്‍ത്തിയാക്കിയ ശേഷം കോട്ടക്കല്‍ പി.എസ്.വി നാട്യസംഘത്തില്‍ ചേര്‍ന്ന് 16 വര്‍ഷം കഥകളി അഭ്യസിച്ചു. നന്ദകുമാരന്‍ നായരുടെ ‘കത്തി’ വേഷങ്ങള്‍ കഥകളി ആസ്വാദകരുടെ പ്രശംസ നിരവധി തവണ നേടിയിട്ടുണ്ട്. ‘പച്ച’, ‘വെള്ളത്താടി’, ‘മിനുക്ക്’ വേഷങ്ങളും വൈദഗ്ധ്യത്തോടെ കൈകാര്യം ചെയ്യുന്ന നന്ദകുമാരന്‍ നായര്‍ ഇന്ത്യക്കകത്തും പുറത്തും നിരവധി വേദികളില്‍ കലാപാടവം തെളിയിച്ചിട്ടുണ്ട്.

പാരിസ് തിയറ്റര്‍ ഫെസ്റ്റിവല്‍, ഗോതന്‍ബര്‍ഗ് തിയറ്റര്‍ ഫെസ്റ്റിവല്‍, രാമായണ ഫെസ്റ്റിവല്‍ ഇന്തോനേഷ്യ, ഷേക്സ്പീരിയന്‍ ഫെസ്റ്റിവല്‍, ട്രെഡീഷനല്‍ ഫെസ്റ്റിവല്‍ ബ്രസീല്‍, ഇന്‍റര്‍നാഷനല്‍ തിയറ്റര്‍ ഫെസ്റ്റിവല്‍ ഓഫ് കേരള അരങ്ങുകളില്‍ കഥകളി അവതരിപ്പിച്ചിട്ടുണ്ട്. പോളണ്ട്, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, പോര്‍ചുഗല്‍, സ്വീഡന്‍, ബ്രസീല്‍, ചൈന, കൊറിയ, ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂര്‍, റഷ്യ, അറബ് രാജ്യങ്ങള്‍, നെതര്‍ലന്‍ഡ്സ്, സ്പെയിന്‍ എന്നീ രാജ്യങ്ങളിലും നന്ദകുമാരന്‍ നായര്‍ക്ക് വേദികള്‍ ലഭിച്ചു. 2016ലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ സാംസ്കാരിക വിനിമയത്തിന്‍റെ ഭാഗമായി നെതര്‍ലന്‍ഡ്സ് സന്ദര്‍ശിച്ച കോട്ടക്കല്‍ നന്ദകുമാരന്‍ നായരുടെ സംഘത്തില്‍ മകള്‍ ആതിരയുമുണ്ടായിരുന്നു. 2009ലെ കേരള സംഗീത നാടക അക്കാദമി പുരസ്കാരം, കേന്ദ്ര സാംസ്കാരിക വകുപ്പിന്‍റെ സീനിയര്‍ ഫെലോഷിപ്, പട്ടിക്കാംതൊടി രാവുണ്ണി മേനോന്‍ അവാര്‍ഡ്, സുവര്‍ണമുദ്ര പുരസ്കാരം, കളഹംസ അവാര്‍ഡ്, വീരശൃംഖല, ശ്രീചക്രഗൗരീശ പുരസ്കാരം എന്നീ ബഹുമതികളും നന്ദകുമാരന്‍ നായരെ തേടിയെത്തിയിട്ടുണ്ട്.

Tags:    
News Summary - kottakkal nandakumaran nair and athira nandan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.