ഒരുതരം രേഖപ്പെടുത്തലിലും പെടാതെ മണ്മറയേണ്ടിവന്ന കലാകാരന്മാർ അനവധിയാണ്. തങ്ങളുടെ ഹ്രസ്വ ജീവിതകാലത്തിൽ കലയെ ആത്മാർഥമായി സ്നേഹിച്ച് പരിപോഷിപ്പിച്ചുവന്നെങ്കിലും അവ മുഖ്യധാരയിലേക്കോ ജനശ്രദ്ധയിലേക്കോ കൊണ്ടുവരാൻ കഴിയാതെ പോയവർ. ക്ലാസിക് കലാരൂപങ്ങളെ അപേക്ഷിച്ച് ദേശ സംസ്കാരത്തിന്റെ അടിവേരുകളായ നാടൻകലകൾക്കും കലാകാരന്മാർക്കുമാണ് ഈ അവസ്ഥ കൂടുതൽ ഭവിക്കുന്നത്. പ്രാദേശിക അടിസ്ഥാനത്തിൽ ആചരിക്കപ്പെടുന്ന ഇത്തരം കലകളുടെയും ഈ വിഭാഗത്തിലെ കലാകാരന്മാരുടെയും കേളി, ആ നാട്ടതിർത്തിക്കപ്പുറം മുഴങ്ങിയില്ല.
ഫോക്ലോർ പഠനങ്ങളും ഗവേഷണങ്ങളും ഇന്നാട്ടിൽ ശക്തമായി തുടങ്ങിയതിനു ശേഷംതന്നെയാണ് തെക്കുള്ള പടയണിയും വടക്കുള്ള തെയ്യവും മധ്യകേരളത്തിലെ കുമ്മാട്ടിയും കണ്യാറുമെല്ലാം ‘കേരളദേശത്ത്’ കുറച്ചെങ്കിലും കേട്ടുതുടങ്ങിയത്. വില്ലുപാട്ടിന്റെ യും പാണർപാട്ടിന്റെയും കോതമ്മൂരി പാട്ടിന്റെയുമെല്ലാം വശ്യമായ ‘നാടോടി ഗീത-വാദ്യ’ തലങ്ങളെ, ഫോക്ലോർ പഠനങ്ങളുടെ വരവോടെ മലയാളി കൂടുതലായി അനുഭവിച്ചുതുടങ്ങി. കേവലം ആ പ്രാദേശിക കലകളുടെ നാഥന്മാരായി ഒതുങ്ങിക്കൂടിയവരെ സമൂഹം അറിഞ്ഞാദരിക്കാനും പ്രോത്സാഹനം നൽകാനും തുടങ്ങി.
പാലക്കാട് ജില്ലയുടെ പ്രാദേശിക സ്വത്തായി മാത്രം ഒതുങ്ങിയിരുന്ന ‘കണ്യാർകളി’ ഇന്ന് കുറച്ചെങ്കിലും പ്രചാരം ലഭിച്ചതിൽ ഫോക്ലോർ പഠനങ്ങളുടെയും അക്കാദമിയുടെയും പങ്ക് ഏറെ വലുതാണ്. കണ്യാർകളി രംഗത്തു നിന്ന് മഹാന്മാരായ ആശാന്മാർക്ക് അവാർഡുകളും ഫെലോഷിപ്പുകളും മറ്റും കിട്ടാൻ തുടങ്ങിയത് സംസ്ഥാന തലത്തിൽ ഈ കലക്ക് കിട്ടുന്ന വലിയ അംഗീകാരങ്ങൾതന്നെയാണെന്ന് കണ്യാർകളിയാശാന്മാർ സമ്മതിക്കുന്നു.
ഇത്തവണ ഫോക്ലോർ അക്കാദമിയുടെ പുരസ്കാര പട്ടികയിൽ കണ്യാർകളി മേഖലയിൽനിന്ന് ഇടംനേടിയ സുന്ദരേശ്വരൻ നായർ എന്ന ‘സ്വാമിയാശാൻ’ ഇൗ രംഗത്തെ ഒഴിച്ചുകൂടാനാവാത്ത വ്യക്തിത്വമാണ്. 80നോടടുക്കുന്ന വേളയിലാണ് ഈ അംഗീകാരം ആശാന് ലഭിക്കുന്നത്. ആശാനേക്കാൾ എത്രയോ പ്രായക്കുറവും വൈദഗ്ധ്യത്തിലും പ്രവൃത്തിപരിചയത്തിലും വളരെ പിന്നിലുമുള്ള പലർക്കും പുരസ്കാരങ്ങൾ ലഭിക്കുമ്പോൾ ആശാന്റെ വിലയേറിയ പ്രവർത്തനങ്ങൾ നിസ്സാരപ്പെട്ടുപോവുകയായിരുന്നു.
കൗമാരപ്രായത്തിലാണ് സ്വന്തം തട്ടകമായ ആലത്തൂർ താലൂക്കിലെ ‘ചേരാമംഗലം’ ദേശക്കളിയിൽ ആശാൻ സാന്നിധ്യമുറപ്പിക്കുന്നത്. കളിയിടത്തിൽ അമ്പതാണ്ടിലധികമുള്ള പ്രവർത്തന പരിചയം ആശാന് മുതൽക്കൂട്ടാണ്. വിട്ടുവീഴ്ചയില്ലാത്ത അഭ്യാസത്തിനു ശേഷം വർഷംതോറുമുയരുന്ന ‘ദേശക്കളിപ്പന്തലിൽ ‘ആചാര്യൻ’ എന്ന പദത്തിന് ആകാരത്തിലും പ്രകാരത്തിലും അനുയോജ്യനായി ആശാൻ വാണരുളുന്നു. ആശീതിയോടടുക്കുന്ന ഈ നാളുകളിലും ആ ‘ചിട്ട’കൾക്ക് ഒരു കോട്ടവും തട്ടിയിട്ടില്ല. ഉച്ചത്തിലുള്ള നാടോടിപ്പാട്ടുകൾക്ക് കൂട്ടായി കൈകളിലിണങ്ങുന്ന ‘ഓട്ടിലത്താള’ത്തിന്റെ ‘താള’മാധുരിയും ആശാന്റെ അരങ്ങുകളെ ആസ്വാദനമേറിയവയാക്കുന്നു.
പാടിപ്പാടി നാവുകുഴയുമ്പോഴും ചെണ്ടയുടെ അസുരാസുര നാദത്തിനും ചേങ്ങിലയുടെയും ഇലത്താളത്തിന്റെയുമെല്ലാം മുഴക്കത്തിനും മേലായി ആശാന്റെ ‘ശാരീരം’ ഉയർന്നുകേൾക്കാം. പല കാലങ്ങളിലുമായി കണ്യാർകളിയിൽ നിരവധി ശിഷ്യർക്ക് ഗുരുനാഥനായി വിളങ്ങിയ സ്വാമിയാശാൻ കണ്യാർകളിയിൽ ഇന്ന് അന്യംനിന്നുപോകുന്ന അറുപതോളം ചുവടുകളുടെ സംരക്ഷകൻ കൂടിയാണ്. വരും തലമുറകളിലേക്ക് ആ വിജ്ഞാനത്തെ മടിയേതുമില്ലാതെ അദ്ദേഹം പകർന്നുകൊടുക്കുന്നു. കാഴ്ചയിൽ നിസാരമെന്നു തോന്നിക്കുന്ന കണ്യാർകളിയിലെ പല ചുവടുകളുടെയും കാഠിന്യം അഭ്യാസത്തോടടുക്കുമ്പോൾ മാത്രമേ മനസ്സിലാക്കാൻ കഴിയൂ. കളരിപ്പയറ്റിനോടും തി രുവാതിരക്കളിയോടും കണ്യാർകളിയിലെ പല ചുവടുകളും സാദൃശ്യപ്പെട്ടുനിൽക്കുന്നു.
കണ്യാർകളിയുടെ അനുഷ്ഠാനാംശമായ വട്ടക്കളി ശ്ലോകങ്ങളെ കൂടാത നാൽപതിലേറെ പൊറാട്ട്, വേഷങ്ങളുടെ പാട്ട്, വാണാക്ക്, ചുവടുകൾ എന്നിവയെല്ലാം സ്വാമിയാശാന്റെ ജ്ഞാനപരിധിയിൽ പെടുന്ന വിഭവങ്ങളാണ്. പല്ലശ്ശേന മഠത്തിൽ ശിവശങ്കരൻ നായർ, കുനിശ്ശേരി അച്യുതൻ നായർ തുടങ്ങിയ കണ്യാർകളിയുടെ എക്കാലത്തെയും ആദരണീയരായ ഗുരുക്കന്മാരിൽ നിന്നുമാണ് ‘കളിവിത്തുകൾ’ സ്വാമിയാശാൻ തന്റെ കലാമണ്ഡലത്തിൽ പാകിയത്. പ്രായത്തിന്റെ അവശതകൾ ശാരീരികമായി തളർത്തുന്നുണ്ടെങ്കിലും ഇന്നും നാട്ടുകളിപ്പന്തലിലെ ‘കളിവെട്ട’ത്ത് ആശാൻ ഊർജസ്വലനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.