പൂച്ചകൾ ഓമനകളാണ്​. വീട്ടിലെവിടെയും ഓടിക്കളിക്കാനും കിടക്കയിൽ കയറി കിടക്കാനും വരെ സ്വാതന്ത്ര്യമുണ്ട്​. പൂച്ചകളെ വളർത്തു​േമ്പാഴും ചില കരുതലുകൾ ആവശ്യമാണ്​. 'ആഗസ്​റ്റ്​ 8' അന്താരാഷ്​ട്ര ക്യാറ്റ് ദിനമായി ആചരിക്കുമ്പോൾ പൂച്ചകളുടെ ആരോഗ്യസംരക്ഷണത്തിന്​ വേണ്ട വാക്‌സിനുകളെ പരിചയപ്പെടാം. പലതുണ്ടെങ്കിലും ഏറ്റവും പ്രചാരത്തിലുള്ളത് രണ്ടു തരം വാക്‌സിനുകളാണ്. ഒന്നാമത്തേത് പേവിഷ ബാധക്കെതിരെയുള്ള ആൻറി റാബീസ് വാക്‌സിനും രണ്ടാമത്തേത് മൂന്ന് അസുഖങ്ങൾക്കെതിരായ മൾട്ടി കംപോണെൻറ്​ വാക്‌സിനും. 

ആൻറി റാബീസ് വാക്‌സിൻ

പേവിഷബാധക്കെതിരായ പ്രതിരോധ കുത്തിവെപ്പ് (ആൻറി റാബീസ് വാക്‌സിൻ) സാധാരണ മൂന്ന് മാസം പ്രായമുള്ള പൂച്ചക്കുഞ്ഞുങ്ങൾക്കാണ് കൊടുത്തുതുടങ്ങുക. വ്യത്യസ്ത പ്രോട്ടോകോളുകൾ പ്രകാരം ഈ പ്രായത്തിൽ ചെറിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം. ആദ്യ വർഷം ആദ്യ കുത്തിവെപ്പെടുത്ത് നാല് ആഴ്ചകൾക്ക് ശേഷം അതി​െൻറ തന്നെ ഒരു ബൂസ്​റ്റർ ഡോസും നൽകാം. പിന്നീട് വർഷംതോറും ഓരോ കുത്തിവെപ്പ് വീതം മതിയാകും.

പേവിഷബാധക്കെതിരായ കുത്തിവെപ്പ് എല്ലാ പൂച്ചകൾക്കും നിർബന്ധമാണെങ്കിലും വീടിന്​ പുറത്തുപോവുന്ന പൂച്ചകൾക്ക്​ ഒഴിച്ചുകൂടാൻ പറ്റാത്തതാണ്. ഇതര പൂച്ചകൾ, നായകൾ എന്നിവയുമായുള്ള സംസർഗം എപ്പോഴും അവരെ പേവിഷ ബാധയ്ക്ക് സാധ്യത കൂടുതലുള്ള ഗണത്തിലാക്കുന്നു.

പ്രതിരോധ കുത്തിവെപ്പെടുത്ത പൂച്ചയെ മറ്റൊരു മൃഗം കടിക്കുകയോ മാന്തുകയോ മറ്റോ ചെയ്താൽ വീണ്ടും പോസ്​റ്റ്​ എക്സ്പോഷർ കുത്തിവപ്പെടുക്കണം. കാരണം പേവിഷ ബാധ നൂറ് ശതമാനം തടയാൻ പറ്റുന്ന ഒരസുഖമാണ്. എന്നാലും അസുഖം വന്നാൽ ചികിൽസിച്ചുമാറ്റാൻ കഴിയില്ല.



 


മൾട്ടി കംപോണെൻറ്​ വാക്‌സിൻ

രോഗങ്ങൾക്കെതിരായ മൾട്ടി കംപോണെൻറ്​ കുത്തിവെപ്പ്​ ഫെലൈൻ പാൻ ലൂകോപ്പീനിയ (Feline panleukopenia), റൈനോട്രക്കിയൈറ്റിസ് (rhinotracheitis), കാൽസി വൈറസ് (calicivirus) എന്നിവക്കെതിരെയുള്ളതാണിത്. എട്ട് ആഴ്ചക്ക് മുകളിൽ പ്രായമുള്ളവക്ക് ഈ കുത്തിവെപ്പെടുക്കാം. പൂച്ചക്കുഞ്ഞുങ്ങൾക്ക്​ ആദ്യ കുത്തിവെപ്പെടുത്ത് നാല് ആഴ്ചക്ക് ശേഷം ബൂസ്​റ്റർ ഡോസ് നൽകാം. ഇതരരോഗങ്ങളെ അപേക്ഷിച്ച്​ പാൻ ലുകോപ്പീനിയ പോലുള്ള അസുഖങ്ങൾക്ക്​ മരണനിരക്ക് കൂടുതലായതിനാൽ ഈ കുത്തിവെപ്പെടുക്കുന്നതാണ് ഉത്തമം.

ഫെലൈൻ പാർവോ വൈറസ് മൂലമുണ്ടാകുന്ന ഫെലൈൻ പാൻ ലൂകോപ്പീനിയയാണ്​ കേരളത്തിലെ പൂച്ചകളിൽ കുടുതലിലും മരണകാരണമാകുന്നത്. പനി, ക്ഷീണം, വയറിളക്കം മുതലായവയാണ് പ്രധാന ലക്ഷണങ്ങൾ. കൂടുതലായും ഒരു വയസിൽ താഴെയുള്ള പൂച്ചക്കുഞ്ഞുങ്ങളെയാണ് ഈ അസുഖം ബാധിക്കുന്നത്. ഫെലൈൻ ഹെർപ്പിസ് വൈറസാണ് ശ്വസനവ്യവസ്ഥയെ ബാധിക്കുന്ന റൈനോട്രക്കിയൈറ്റിസിന്​ കാരണം. കൂടുതൽ പൂച്ചകളെ വളർത്തുന്ന ക്യാറ്ററികളിൽ (cattery ) രോഗം പെട്ടെന്ന് പടരാം. വായ, നാവ്, തൊണ്ട മുതലായ ശ്വാസനവ്യവസ്ഥയുടെ ഭാഗങ്ങളെയാണ് കാൽസി വൈറൽ അണുബാധ പ്രധാനമായും ബാധിക്കുന്നത്.




 


കുറഞ്ഞ നിരക്കിൽ വാക്​സിൻ

പേവിഷ ബാധക്കെതിരായ കുത്തിവെപ്പ് മിക്ക മൃഗാശുപത്രികളിലും കുറഞ്ഞ നിരക്കിൽ ലഭ്യമാണ്. പുറത്ത് 150 മുതൽ 250 രൂപ വരെ ഈ കുത്തിവെപ്പിന് വിലയുണ്ട്. അസുഖങ്ങൾക്കെതിരെയുള്ള കുത്തിവെപ്പിന് 700 രൂപയോളം വില വരുന്നുണ്ട്. നോബിവാക് ട്രൈ ക്യാറ്റ് ട്രയൊ, ഫെലിജൻ സി. ആർ. പി. മുതലായവയാണ് നമ്മുടെ നാട്ടിൽ ലഭ്യമായ കുത്തിവെപ്പുകൾ. അസുഖങ്ങളുടെ കുത്തിവെപ്പിൽ തന്നെ പേവിഷ ബാധയുടേതും അടങ്ങിയ ബയോഫെൽ പിസിഎച്ച്ആർ പോലുള്ള വാക്‌സിനുകളും ഉപയോഗിക്കാം.



 


വിര മരുന്ന്​ നൽകണം

ഫെലൈൻ ഇൻഫെക്ഷ്യസ് പെരിട്ടോണൈറ്റിസ് ( infectious peritonitis) പോലെയുള്ള അസുഖങ്ങൾക്കും വാക്‌സിനുകൾ ലഭ്യമാണ്. ഫെലൈൻ കോറോണ വൈറസ് ഉണ്ടാക്കുന്ന ഈ രോഗത്തി​െൻറ പ്രധാന ലക്ഷണം വയർ ഭാഗം പെട്ടെന്ന് വീർത്തു വരുന്നതാണ്. രോഗലക്ഷണം പ്രകടമായി തുടങ്ങിയാൽ പിന്നെ തിരികെകൊണ്ടുവരൽ പലപ്പോഴും പ്രയാസകരമാണ്. ഓരോ പ്രദേശങ്ങളിലെയും പ്രത്യേക രോഗങ്ങളുടെ എണ്ണം കണക്കാക്കിയാണ് ഇത്തരം കുത്തിവെപ്പുകൾ വേണമോയെന്ന് തീരുമാനിക്കേണ്ടത്. അതിന്​ തൊട്ടടുത്ത വെറ്ററിനറി ഡോക്ടറുടെ സേവനം തേടാം. എപ്പോഴും പ്രതിരോധ കുത്തിവെപ്പെടുക്കുന്നതിന് ഒരാഴ്​ച മുമ്പ്​ വിര മരുന്ന് നൽകണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.