ഇഡ്ഡലി കഴിക്കാന്‍ രാമശ്ശേരി വരെ

പാലക്കാട് നഗരത്തില്‍ നിന്ന് കോയമ്പത്തൂര്‍ ദേശീയപാതയിലൂടെ ചന്ദ്രനഗര്‍, കൂട്ടുപാത, പുതുശ്ശേരിവഴി രാമശ്ശേരിയിലെത്താം. ഇഡ്ഡലി കൊണ്ട് പ്രസിദ്ധമായ ഗ്രാമം. രാമശ്ശേരിയിലുള്ള മുതലിയാര്‍ കുടുംബങ്ങളാണ് ഈ പ്രത്യേകതരം വിഭവത്തിന്‍െറ ഉല്‍പാദകര്‍. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ മുതല്‍ സാധാരണക്കാരുടെ തീന്‍മേശയില്‍ വരെ രാമശ്ശേരി ഇഡ്ഡലി എത്തിയതിനു പിന്നില്‍ ചിറ്റൂരി അമ്മയെന്ന ഗ്രാമീണ സ്ത്രീയുടെ കൈപ്പുണ്യമായിരുന്നു.

ഒരു നൂറ്റാണ്ടു മുമ്പ് ചിറ്റൂരിയമ്മയാണ് രാമശ്ശേരി ഇഡ്ഡലിയുടെ സ്വാദ് ആദ്യമായി പുറംലോകത്ത് ഇവര്‍ക്ക് എത്തിച്ചു കൊടുത്തത്. ഇന്ന് അവരുടെ പിന്‍തലമുറ രാമശ്ശേരി ഇഡ്ഡലിയുടെ സംരക്ഷകരായി ഇപ്പോഴും നിലനില്‍ക്കുന്നു. ചിറ്റൂരി അമ്മയുടെ കുടുംബത്തിലുള്ളവരാണ് ഇഡ്ഡലി കച്ചവടം മുന്നോട്ടു കൊണ്ടു പോകുന്നത്.

12 കുടുംബങ്ങള്‍ ഇഡ്ഡലിയുണ്ടാക്കി വിറ്റാണ് ജീവിക്കുന്നത്. ചിറ്റൂരിയമ്മയുടെ പാചകനൈപുണ്യം കൈവിടാതെ നാലാം തലമുറയുടെ രാമശ്ശേരി ഇഡ്ഡലിയുടെ മാഹാത്മ്യം കാത്തുസൂക്ഷിക്കുന്നു. അരി, ഉഴുന്ന് ഉലുവ എന്നിവ ചേര്‍ത്ത് അരച്ചുണ്ടാക്കിയ മാവ് മണ്‍കലത്തില്‍ പ്രത്യേക തട്ടുപയോഗിച്ചാണ് വേവിച്ചെടുക്കുന്നത്. പാചകത്തിന് പുളി വിറക് മാത്രമാണ് ഉപയോഗിച്ചിരുന്നത്.

മുമ്പൊക്കെ ചമ്പാന്‍ മട്ട (പാലക്കാടിന്‍െറ തനത് നെല്ലിനം) അരിയാണ് ഉപയോഗിച്ചിരുന്നത്. പച്ചില വളത്തില്‍ മാത്രം കൃഷി ചെയ്തിരുന്ന തവളക്കണ്ണന്‍, സ്വര്‍ണാലി, കഴമ, ആനക്കൊമ്പന്‍, തുടങ്ങിയവയും ഉപയോഗിച്ചിരുന്നു. ജൈവരീതിയില്‍ ഉല്‍പാദിപ്പിച്ചെടുക്കുന്ന പൊന്നി അരിയാണ് ഇപ്പോള്‍ ഇഡ്ഡലിയുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. ഇഡ്ഡലിക്കൊപ്പം തൊട്ടുകൂട്ടാന്‍ സ്വാദുള്ള ചമ്മന്തിപ്പൊടിയാണ് നല്‍കുന്നത്.

മുമ്പ് വിദേശത്ത് ജോലിയുള്ളവര്‍ നാട്ടിലെത്തി തിരിച്ചു പോവുമ്പോള്‍ രാമശ്ശേരി ഇഡ്ഡലി വാങ്ങി കൊണ്ടു പോവുമായിരുന്നു. രാമശ്ശേരി ഇഡ്ഡലിയുടെ രുചിവാര്‍ത്ത ലോകമറിഞ്ഞപ്പോള്‍ സ്വദേശത്തു നിന്നും വിദേശത്തു നിന്നും നിരവധിയാളുകള്‍ എത്തി. ഇഡ്ഡലി കഴിക്കാനും രുചിയെക്കുറിച്ച് പഠിക്കാനും. പാലക്കാട് നഗരത്തിലെ ചില ഹോട്ടലുകളിലും പ്രഭാത ഭക്ഷണത്തിന് രാമശ്ശേരി ഇഡ്ഡലി ലഭ്യമാണ്.

തയാറാക്കിയത്: വി.എം. ഷണ്‍മുഖദാസ്

Tags:    
News Summary - ramassery idli palakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.