കൊല്ലം കണ്ടവർ വീണ്ടും വരുന്നു

ഒരിക്കൽ വന്നവർ വീണ്ടും വരും. ഈ കടലോര ഗ്രാമത്തിലേക്ക്. പച്ച വെളിച്ചെണ്ണയിൽ മീൻ വറുത്തുമൊരിയുന്നതിെൻറ കൊതിയൂറും മണമാണ് ഈ കടലോര ഗ്രാമത്തിലെത്തിയാൾ നമ്മെ പിന്തുടരുക. കൊല്ലം പട്ടണത്തിെൻറ ഉൾനാടൻ കടലോരമേഖലയായ തിരുമുല്ലാവാരത്ത് നാട്ടിടവഴി നടന്നെത്താവുന്ന ദൂരത്തിൽ എപ്പോഴും നല്ല കടൽക്കാറ്റു കിട്ടുന്ന ചന്ദ്രൻപിള്ളയുടെ നാടൻ ഹോട്ടലാണ് ഒരു നാടിെൻറ തന്നെ രുചികളെ അപ്പാടെ മാറ്റിമറിച്ചിരിക്കുന്നത്.

അധികം വാഹന സൗകര്യമില്ലെങ്കിലും കിലോമീറ്ററുകൾ നടന്നും ഓട്ടോ പിടച്ചും നൂറുകണക്കിനാളുകൾ ദിവസവും ഈ കൊച്ചുഹോട്ടലിൽ ഉച്ചഭക്ഷണത്തിനെത്തുന്നു. ഹോട്ടലിലെത്തുന്ന ആവശ്യക്കാർക്ക്  നേരെ അടുക്കളയിലേക്ക് കയറാം. അവിടെ  വലിയ പാത്രത്തിൽ കുഴമ്പുരൂപത്തിലുള്ള മാസലക്കൂട്ട് പുരട്ടിയ നെൻമീനും ചെമ്പല്ലിയും വേളാവും കരീമീനും ഞണ്ടും കണവയുമെല്ലാം നിരന്നിരിക്കുന്നുണ്ടാവും. ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം.  വില പേശാം. അപ്പോൾ തന്നെ വില പറഞ്ഞുറപ്പിക്കുകയുമാകാം. വിലയിൽ ധാരണയായാൽ  തൊട്ടടുത്ത് അടുപ്പിലെ വലിയ ചട്ടിയിലെ തിളച്ചുമറിയുന്ന നാടൻ പച്ച വെളിച്ചെണ്ണയിലേക്ക് മീനിടും. 20–25 മിനിറ്റിനുള്ളിൽ പൊരിച്ച മീൻ തയാർ. പാഴ്സൽ വേണ്ടവർക്ക് പാഴ്സൽ. ഊണിനൊപ്പമെങ്കിൽ അങ്ങനെ.

ദിവസവും ഇവിടുത്തെ മീൻ വറുത്തത് വാങ്ങാൻ നീണ്ടനിരയാണ്.  കടലോര ഗ്രാമമായതിനാൽ നല്ല പച്ച മത്സ്യമാണ് ഇവിടെ കിട്ടുക. അതും മണിക്കൂറുകൾക്കുള്ളിൽ വലയിലായത്. ആവശ്യക്കാർ കൊല്ലം പട്ടണത്തിലുള്ളവരല്ല. തിരുവനന്തപുരത്തും കരുനാഗപ്പള്ളിയിലും ആലപ്പുഴയിലും കോട്ടയത്തുമുള്ളവരൊക്കെ ഇവിടെ ആവശ്യക്കാരായി എത്തുന്നുണ്ടെന്ന് ചന്ദ്രൻ പിള്ള പറയുന്നു. ഒരു പേര് പോലുമില്ലാതെ എങ്ങനെ ഇത്രയും പേർ അറിയുന്നുവെന്ന് ചോദിച്ചാൽ ചന്ദ്രൻ പിള്ള ആദ്യമൊന്ന് പുഞ്ചിരിക്കും ‘എെൻറ പേര്  ഈശ്വരൻ തന്ന ഈ കൈപുണ്യമാണ്, അത് മതി...’ എന്നാവും മറുപടി.

55കാരനായ  ചന്ദ്രൻ പിള്ള ഏതാണ്ട് 30 കൊല്ലമായി ഈ ഹോട്ടൽ തുടങ്ങിയിട്ട്. കലർപ്പില്ലാത്ത നാട്ടുരുചികളുടെ കൊതിയൂറും കറിക്കൂട്ടുകളാണ് പേരു പോലുമില്ലാത്ത  ഈ കൊച്ചുഹോട്ടലിന്  ഇത്രയധികം   പെരുമയും പേരും നേടിക്കൊടുത്തത്. ഇവിടത്തെ പാചകത്തിന് തന്നെ പ്രത്യേക രീതിയുണ്ട്. ഗ്യാസ്​ ഉപയോഗിക്കില്ല. പാചകമെല്ലാം വിറകിൽ തന്നെ. ഉച്ചയൂണും കപ്പയുമാണ് ഹോട്ടലിലെ പ്രധാന വിഭവങ്ങൾ.  

ഊണ് തയാറാക്കാനായി പുലർച്ചെ നാലുമണി മുതൽ തന്നെ പണി തുടങ്ങും. നീണ്ടകരയിൽ പുലർച്ചെ മത്സ്യബന്ധനം കഴിഞ്ഞെത്തുന്ന ബോട്ടുകാരിൽ നിന്നാണ് മീൻ വാങ്ങുന്നത്. ഈണിനും പ്രത്യേക തരം മീൻ കറിയാണ് ഇവിടെ വിളമ്പുന്നത്.  കൂടാതെ നാടൻ  രീതിയിലുണ്ടാക്കിയ  പച്ചടിയും തോരനും കപ്പയും അച്ചാറുമെല്ലാം തീൻമേശയിലുണ്ടാകും. ഈണിനായും ഇവിടെ നല്ല തിരക്കാണ്.

അത്ര വലിയ ആധുനികമൊന്നുമല്ലെങ്കിലും വീട്ടുചോറിെൻറ വിശ്വാസ്യതയിലും നാട്ടുപാചകത്തിെൻറ രുചിക്കൂട്ടിലും വയറിനൊപ്പം നിറഞ്ഞ മനസ്സോടെ കഴിച്ചെഴുന്നേൽക്കാമെന്നതാണ് ഈ കൊച്ചു ഹോട്ടലിെൻറ വിജയരഹസ്യം.

Tags:    
News Summary - chandran pillai's hotel Thirumullavaram, kollam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.