കായിപ്പുറത്തെ കായലും കടലും

ആലപ്പുഴ വഴി വരുമ്പോള്‍ കായിപ്പുറത്ത് ഒന്നുപോകണം. മുഹമ്മയില്‍ നിന്ന് രണ്ടുകിലോമീറ്റര്‍ വടക്കുമാറിയാണ് കായിപ്പുറം. അവിടെ ഒരു നാടന്‍ ഹോട്ടലുണ്ട്. സ്മിത ഹോട്ടല്‍. അങ്ങനെ പറഞ്ഞാല്‍ നാട്ടുകാര്‍ക്ക് അത്ര പിടികിട്ടില്ല. വൈദ്യരുടെ ഹോട്ടലെന്ന് പറയണം. നാല്‍പത് വര്‍ഷമായി കായിപ്പുറത്തിന്‍െറ നാവിലുണ്ട് വൈദ്യരുടെ രുചിപാകം. നാട്ടുരുചിയുടെ എല്ലാ ചേരുവകളും ഇവിടെയുണ്ട്.

മുഹമ്മ വടക്കേച്ചിറ വിജയ തിലകന്‍ എന്ന 67കാരനാണ് വൈദ്യര്‍ ഹോട്ടലിന്‍െറ സാരഥി. കടലിലെയും കായലിലെയും മത്സ്യങ്ങള്‍ക്ക് പുറമെ  ചേര്‍ത്തലയിലെ ഇടത്തോടുകളിലെ വിശേഷ മീനുകളും ഇവിടെ വിഭവങ്ങളായി മാറുന്നു. കപ്പക്കറിയും പുട്ടും കടലുമെല്ലാം നാടോടി രുചിത്തരങ്ങളായി വേറെയും. എല്ലാം ഫ്രഷായി  കിട്ടും.

കരിമീന്‍ പൊള്ളിച്ചതും വറുത്തതും കാരി-വരാല്‍ കറികളും കൊഞ്ച് റോസ്റ്റ്, ഫ്രൈ എന്നിവയും ഇഷ്ടാനുസരണം ലഭിക്കും. ആഹാരം കഴിക്കാന്‍ എത്തുന്നവരുടെ ആഗ്രഹമാണ് പ്രധാനമെന്ന് വിജയതിലകന്‍ പറയുന്നു. പുലര്‍ച്ചെ അഞ്ചിനു തന്നെ കട തുറന്നിരിക്കും. ചായ കുടിക്കാരുടെ തിരക്കായിരിക്കും അപ്പോള്‍.

ഉച്ചയൂണിനോട് അടുക്കുമ്പോള്‍ തിരക്ക് പറഞ്ഞറിയിക്കാന്‍ കഴിയില്ല. രാത്രി 10 വരെയാണ് പ്രവൃത്തിസമയം. കായല്‍ സൗന്ദര്യം ആസ്വദിക്കാന്‍ എത്തുന്നവര്‍ വരെ വൈദ്യരുടെ കടയിലെ രുചി അറിയാതെ പോയിട്ടില്ല. ദൂരദേശങ്ങളില്‍ നിന്നു പോലുംആളുകള്‍ കേട്ടറിഞ്ഞെത്തുന്നു.

തയാറാക്കിയത്: കളര്‍കോട് ഹരികുമാര്‍

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.