ഇൻട്രോവെർട്ടും എക്സ്ട്രോവെർട്ടും അല്ല, നിങ്ങളൊരു 'ഓട്രോവെർട്ട്' ആണോ?
ഒരു പാർട്ടിക്ക് പോയാൽ എല്ലാവരോടും സംസാരിക്കും, തമാശ പറയും, ചിരിക്കും. പക്ഷേ അവിടെ നിൽക്കുന്ന വലിയൊരു ഗ്രൂപ്പിന്റെ ഭാഗമാണെന്ന് തോന്നണമെന്നില്ല! കൂട്ടുകാരുടെ കൂടെ സമയം ചെലവഴിക്കാൻ ഇഷ്ടമാണ്, എന്നാൽ അവരുടെ എല്ലാ ഇഷ്ടങ്ങളും അഭിപ്രായങ്ങളും പിന്തുടരാൻ താൽപര്യവുമില്ല. ഇങ്ങനെയൊരു സ്വഭാവം നിങ്ങൾക്കുണ്ടോ? എങ്കിൽ ഇൻട്രോവെർട്ടും എക്സ്ട്രോവെർട്ടും എന്ന പതിവ് വിശേഷണങ്ങൾക്കപ്പുറം മറ്റൊരു വാക്ക് പരിചയപ്പെടാം; ഓട്രോവെർട്ട് ! ഇൻട്രോവെർട്ട്, എക്സ്ട്രോവെർട്ട് എന്നീ വാക്കുകൾ കേൾക്കാത്തവർ കുറവായിരിക്കും. അധികം ആളുകളുമായി ഇടപഴകുന്നതിനേക്കാൾ ഒറ്റയ്ക്കിരിക്കാൻ ഇഷ്ടപ്പെടുന്നവരെ ഇൻട്രോവെർട്ടുകളെന്നും ആളുകളുമായി ഇടപഴകുന്നതിൽ ഊർജം കണ്ടെത്തുന്നവരെ എക്സ്ട്രോവെർട്ടുകളെന്നും പൊതുവെ വിശേഷിപ്പിക്കാറുണ്ട്. രണ്ടിന്റെയും സ്വഭാവസവിശേഷതകൾ പ്രകടിപ്പിക്കുന്നവരെ ആംബിവെർട്ടുകൾ എന്നും വിളിക്കുന്നു. എന്നാൽ ഈ മൂന്ന് വിശേഷണങ്ങളിലും സ്വയം കണ്ടെത്താനാകാത്ത ചിലരുണ്ട്. അവർക്കുള്ള വിശേഷണമാണ് ഓട്രോവെർട്ട്.
എന്താണ് ഈ ഓട്രോവെർട്ട്?
ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈക്യാട്രിസ്റ്റ് ഡോ. റാമി കമിൻസ്കിയാണ് ഓട്രോവെർട്ട് എന്ന ആശയം അവതരിപ്പിച്ചത്. 2025-ൽ പുറത്തിറങ്ങിയ 'ദ ഗിഫ്റ്റ് ഓഫ് നോട്ട് ബിലോങ്ങിങ്' എന്ന പുസ്തകത്തിലൂടെയാണ് ഈ ആശയം കൂടുതൽ ശ്രദ്ധ നേടിയത്.ലളിതമായി പറഞ്ഞാൽ, ആളുകളുമായി ഇടപഴകാൻ മടിയില്ലെങ്കിലും ഒരു പ്രത്യേക കൂട്ടത്തിന്റെ ഭാഗമാണെന്ന് തോന്നേണ്ടതില്ലാത്തവരാണ് ഓട്രോവെർട്ടുകൾ. സൗഹൃദങ്ങൾ ഉണ്ടാക്കാനും സാമൂഹിക സാഹചര്യങ്ങളിൽ സജീവമാകാനും ഇവർക്ക് കഴിയും. എന്നാൽ ഒരു ഗ്രൂപ്പിന്റെ അംഗീകാരത്തിനോ അഭിപ്രായത്തിനോ അനുസരിച്ച് സ്വന്തം വ്യക്തിത്വം രൂപപ്പെടുത്താൻ താൽപര്യമുണ്ടാകില്ല.അതായത്, കൂട്ടത്തിൽ ചേരാൻ കഴിയാത്തതുകൊണ്ടല്ല മാറിനിൽക്കുന്നത്. മറിച്ച്, കൂട്ടത്തിൽ ചേർന്നാലും സ്വന്തം വ്യക്തിത്വം കൈവിടാൻ ആഗ്രഹിക്കാത്തതാണ് പ്രത്യേകത.
നിങ്ങൾക്കിടയിലും ഒരു ഓട്രോവെർട്ട് ഉണ്ടാകാം! ചില രസകരമായ സാഹചര്യങ്ങൾ നോക്കാം.സുഹൃത്തുക്കളുടെ വലിയൊരു ഗ്രൂപ്പിൽ സജീവമായി സംസാരിക്കും. എന്നാൽ ആ ഗ്രൂപ്പിന്റെ എല്ലാ തീരുമാനങ്ങളോടും യോജിക്കണമെന്നില്ല.എല്ലാവരും ഒരേ സിനിമ ഇഷ്ടപ്പെടുമ്പോൾ നിങ്ങൾക്ക് മറ്റൊരു സിനിമയായിരിക്കും പ്രിയം. അത് തുറന്നുപറയാനും മടിയില്ല.പാർട്ടികളിലും ആഘോഷങ്ങളിലും പങ്കെടുക്കും. പക്ഷേ അവിടെ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമാകണമെന്ന ആഗ്രഹമില്ല.വലിയൊരു സൗഹൃദവലയമുണ്ടെങ്കിലും മനസ്സ് തുറക്കാൻ ഒന്നോ രണ്ടോ പേരെ മാത്രമേ തിരഞ്ഞെടുക്കൂ.എല്ലാവരും പിന്തുടരുന്ന ട്രെൻഡുകൾ നിങ്ങൾക്കും പിന്തുടരണമെന്നില്ല. മറ്റുള്ളവർ എന്ത് ചിന്തിക്കുമെന്നതിനെക്കാൾ സ്വന്തം ഇഷ്ടത്തിനായിരിക്കും പ്രാധാന്യം.ഒരു കൂട്ടത്തിന്റെ ഭാഗമായിരിക്കുമ്പോഴും സ്വന്തം ചിന്താഗതിയും താൽപര്യങ്ങളും നിലനിർത്താൻ ആഗ്രഹിക്കും.ഇതിൽ ചിലത് നിങ്ങൾക്ക് പരിചിതമായി തോന്നുന്നുണ്ടോ? എങ്കിൽ ഓട്രോവെർട്ട് എന്ന വിശേഷണവുമായി നിങ്ങൾക്ക് ചില സാമ്യങ്ങളുണ്ടാകാം!
ഇൻട്രോവെർട്ടും ഓട്രോവെർട്ടും തമ്മിൽ വ്യത്യാസമുണ്ടോ?
ഇരുവരും ചില സാമൂഹിക സാഹചര്യങ്ങളിൽ നിന്ന് മാറിനിൽക്കുന്നതായി തോന്നാമെങ്കിലും അതിന് പിന്നിലെ കാരണങ്ങൾ വ്യത്യസ്തമാണ്.ഇൻട്രോവെർട്ടുകൾക്ക് അമിതമായ സാമൂഹിക ഇടപെടലുകൾ ക്ഷീണമുണ്ടാക്കാം. അവർക്ക് ഒറ്റയ്ക്കുള്ള സമയം കൂടുതൽ ഇഷ്ടപ്പെടുകയും ചെയ്യാം. എന്നാൽ ഓട്രോവെർട്ടുകൾക്ക് ആളുകളുമായി ഇടപഴകാൻ കഴിയാത്തതല്ല പ്രശ്നം. ഒരു ഗ്രൂപ്പിന്റെ ഭാഗമായി സ്വയം തിരിച്ചറിയണമെന്ന നിർബന്ധമില്ലാത്തതാണ് പ്രധാന സവിശേഷത.എക്സ്ട്രോവെർട്ടുകൾ പൊതുവെ സാമൂഹിക ഇടപെടലുകളിൽ നിന്ന് ഊർജം കണ്ടെത്തുന്നവരാണ്. എന്നാൽ ഓട്രോവെർട്ടുകൾക്ക് ആളുകൾക്കിടയിൽ സജീവമായിരിക്കാനും അതേസമയം സ്വന്തം വ്യക്തിത്വം ഗ്രൂപ്പിൽ നിന്ന് വേറിട്ടുനിർത്താനും കഴിയും.ആംബിവെർട്ടുകൾ സാഹചര്യത്തിനനുസരിച്ച് ഇൻട്രോവെർട്ട്, എക്സ്ട്രോവെർട്ട് സ്വഭാവങ്ങൾ പ്രകടിപ്പിക്കുന്നവരാണ്. എന്നാൽ ഓട്രോവെർട്ട് എന്ന ആശയം പ്രധാനമായും ഗ്രൂപ്പുകളോടുള്ള വൈകാരികമായ അടുപ്പവും വ്യക്തിസ്വാതന്ത്ര്യവുമാണ് ചർച്ച ചെയ്യുന്നത്.
ശാസ്ത്രീയമായി അംഗീകരിച്ച വ്യക്തിത്വ വിഭാഗമാണോ?
ഇവിടെയാണ് ചെറിയൊരു ട്വിസ്റ്റ്! ഓട്രോവെർട്ട് എന്ന വാക്ക് ഇപ്പോൾ ചർച്ചയിലുണ്ടെങ്കിലും ഇത് ഇൻട്രോവെർഷൻ, എക്സ്ട്രോവെർഷൻ എന്നിവയെപ്പോലെ ഗവേഷണങ്ങളിലൂടെ സ്ഥാപിക്കപ്പെട്ട ഒരു ഔദ്യോഗിക വ്യക്തിത്വ വിഭാഗമല്ല. ഇതിനെ പ്രത്യേക വ്യക്തിത്വ വിഭാഗമായി അംഗീകരിക്കാൻ ആവശ്യമായ ശക്തമായ ഗവേഷണ തെളിവുകൾ നിലവിൽ പരിമിതമാണ്.മനുഷ്യരുടെ വ്യക്തിത്വം രണ്ടോ മൂന്നോ വിഭാഗങ്ങളിലായി കൃത്യമായി വേർതിരിക്കാനാകില്ലെന്ന അഭിപ്രായവും മനഃശാസ്ത്ര വിദഗ്ധർക്കിടയിലുണ്ട്. ഒരാളിൽ പല സ്വഭാവസവിശേഷതകളും ഒരേസമയം ഉണ്ടാകാം. അതിനാൽ ഓട്രോവെർട്ട് എന്ന വിശേഷണവുമായി സാമ്യമുണ്ടെന്ന് തോന്നിയതുകൊണ്ട് മാത്രം ഒരാൾക്ക് ആ വ്യക്തിത്വമാണെന്ന് ഉറപ്പിക്കാനാകില്ല. എങ്കിലും ഒരു ഗ്രൂപ്പിന്റെ ഭാഗമാകാതെ തന്നെ ആളുകളുമായി നല്ല ബന്ധം പുലർത്താൻ കഴിയുന്നവരുടെ സ്വഭാവം ചർച്ച ചെയ്യാൻ ഈ പുതിയ വാക്ക് സഹായിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.