30ശതമാനത്തിലേറെ ലാഭം, അറിയാം അംബികയുടെ ലക്ഷങ്ങളുടെ മുരിങ്ങയില ബിസിനസ്

ഒരു കണ്ടെയ്നർ ലോഡ് മുരിങ്ങയില വേണം...’’ വിദേശത്തുനിന്നുള്ള ഈ ഓർഡർ കേട്ട് തെല്ലും അതിശയിച്ചിരുന്നില്ല തൃശൂർ ജില്ലയിലെ മരോട്ടിച്ചാലിലെ അംബിക സോമസുന്ദരൻ.
ആരും പരീക്ഷിക്കാത്ത ഒരു സംരംഭത്തിലേക്ക്​ മടിക്കാതെയുള്ള ഇറങ്ങിപ്പുറപ്പെടൽകൂടിയായിരുന്നു ആ ഓർഡർ.

ഔഷധഗുണങ്ങൾ നിറഞ്ഞ മുരിങ്ങയില എങ്ങനെ ലഭ്യമാക്കും എന്നതായിരുന്നു അന്നുമുതൽ ​അംബികയുടെ മുന്നിലെ വെല്ലുവിളി.സംഗതി ഒപ്പിച്ചതോടെ വഴികൾ പലതാണ്​ തുറന്നത്​. തുടക്കം നേരിട്ടുള്ള വിൽപനയായിരുന്നു. സംസ്ഥാനത്തിന് അകത്തും പുറത്തുനിന്നും ഓർഡറുകൾ വർധിച്ചതോടെയാണ് ഓൺലൈൻ വിൽപന രംഗത്തേക്ക് ചുവടുമാറ്റിയത്.

ഓണ്‍ലൈന്‍ വിൽപന അൽപം വെല്ലുവിളിയായി തോന്നിയെങ്കിലും വളരെ പെട്ടെന്നുതന്നെ കാര്യങ്ങള്‍ പഠിച്ചെടുത്തതോടെ സംഗതി അവിടെയും ഹിറ്റ്. ആദ്യം വാട്സ്ആപ് വഴിയായിരുന്നു. പിന്നീടാണ് www.kariatdryfoods.com എന്ന വെബ്സൈറ്റിലേക്കു മാറിയത്.

ഇതിൽ ഉൽപന്നങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങളും മറ്റു വിവരങ്ങളും വിലയും ലഭ്യമാണ്.
വെബ്സൈറ്റ് വഴിയും വാട്സ്ആപ് വഴിയും ഉൽപന്നങ്ങൾ ഓർഡർ ചെയ്യാം. യു.എ.ഇ ഉൾപ്പെടെ അറബ് രാജ്യങ്ങളിലേക്ക് ഇപ്പോൾ കയറ്റുമതിയുണ്ട്. നേരിട്ടും പ്രദേശത്തെ ഒരു എഫ്.പി.ഒ വഴിയുമാണ് കയറ്റുമതി.

മുരിങ്ങയില ഉണക്കിയത്, മുരിങ്ങയില പൗഡർ, സൂപ്പുപൊടി, പായസം മിക്സ്, രസം മിക്സ്, മുരിങ്ങയില പുട്ടുപൊടി... അങ്ങനെ തുടങ്ങി ഡസനിലേറെ ഉൽപന്നങ്ങളാണ് ഇവർ തയാറാക്കുന്നത്. കൂടാതെ, മുളപ്പിച്ച് ഉണക്കിയ വിവിധ ചെറുധാന്യങ്ങളുടെ പൊടി മുരിങ്ങയിലപ്പൊടിയുമായി യോജിപ്പിച്ച് മില്ലറ്റ് മിക്സുകളായും വിൽക്കുന്നു.


ഒല്ലൂരിന്റെ അഭിമാനം

റവന്യൂ മന്ത്രിയും ഒല്ലൂർ എം.എൽ.എയുമായ കെ. രാജനുമായി അംബിക മുരിങ്ങയിലയുടെ വൈവിധ്യമായ ഉൽപന്നങ്ങളെക്കുറിച്ച് സംസാരിച്ചു. മന്ത്രിയുടെ ബുദ്ധികൂടി വർക്കൗട്ട് ആയതോടെ സമീപത്തെ നാല് പഞ്ചായത്തുകളായ പുത്തൂർ, നടത്തറ, പാണഞ്ചേരി, മാടക്കത്തറ എന്നിവിടങ്ങളിലെ കൃഷി താൽപര്യമുള്ളവർക്ക് പതിനായിരത്തോളം മുരിങ്ങത്തൈകൾ വിതരണം ചെയ്തു.

എങ്ങനെ നല്ല നിലയിൽ വിളയിക്കാം എന്നതുകൂടി പഠിപ്പിച്ചു. ഇതിനായി കാർഷിക സർവകലാശാലയുടെ പിന്തുണയും അംബികക്ക് ലഭിച്ചു. തൃശൂർ സെൻട്രൽ ജയിലിൽനിന്ന് മാത്രം ആയിരത്തോളം മുരിങ്ങമരങ്ങളിലെ ഇലകളാണ് മരോട്ടിച്ചാലി​ലെ അംബികയുടെ ‘കാര്യട്ട് ഡ്രൈ ഫ്രൂട്സ്’ എന്ന സ്ഥാപനത്തിലേക്ക് എത്തുന്നത്.

ജീവിതജന്യ രോഗങ്ങൾക്ക്​ ഫലപ്രദമാണ്​ മുരിങ്ങയില വിഭവങ്ങൾ. ഓട്സ് പോലുള്ളവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നവരിലേക്ക്​ ഇന്ന് പോഷകമൂല്യം ഏറെയുള്ള മുരിങ്ങയില പൊടിച്ചുചേർത്ത വിവിധതരം ഉൽപന്നങ്ങൾ കാര്യട്ട് ഡ്രൈഫ്രൂട്ട് വഴി എത്തുന്നു.

ചെറുതല്ല, ചെറുധാന്യങ്ങൾ

ചെറുധാന്യങ്ങൾ പോഷക മൂല്യത്തിൽ മുമ്പിലാണ്​. റാഗി, തിന, ചാമ, മണിച്ചോളം, യവം, കമ്പം തുടങ്ങി ആറിനം ഉൽപന്നങ്ങൾ മിക്സ് ചെയ്ത ന്യൂട്രി മില്ലറ്റ് ഏതുപ്രായക്കാർക്കും ഉപയോഗിക്കാം. കൂടാതെ കൊക്കോപൗഡറും പനംകൽകണ്ടവും ചേർത്ത് തയാറാക്കുന്ന ഉൽപന്നവും തികഞ്ഞ പോഷകമൂല്യമേറിയത്​ തന്നെ. ഇത്തരത്തിൽ ഗുണപ്രദമായ ഉൽപന്നങ്ങളാണ് ഇവിടെ നിന്നിറക്കുന്നത്.

ആവശ്യക്കാർ ഏറെ

പ്രകൃതിജന്യ ഉൽപന്നങ്ങൾക്ക് വിപണിയിൽ ഏറെ ഡിമാന്റുണ്ടെങ്കിലും പലർക്കും അതേ രീതിയിൽ എത്തിക്കാനാകുന്നില്ല. ഇവിടെയാണ് അംബികയുടെ സംരംഭത്തിന്റെ പ്രത്യേകത. കൃഷിവകുപ്പിന്റെ ഹൈപ്പർമാർട്ട് ഷോപ്പുകൾ, കുടുംബശ്രീ ബസാറുകൾ, കുടുംബശ്രീ ഹോം ഷോപ്പുകൾ, ഓൺലൈൻ മാർക്കറ്റ് തുടങ്ങിയവ വഴി ഉൽപന്നങ്ങൾ വിൽക്കുന്നുണ്ട്. വിവിധ പ്രദർശന-വിൽപന മേളകളിലും പങ്കെടുക്കുന്നത് കച്ചവടത്തിന് ഗുണകരമാണ്. വിദേശ രാജ്യങ്ങളിലേക്കും കയറ്റുമതിയുണ്ട്. മുരിങ്ങയിലപ്പൊടി ചേർത്ത പച്ച നിറത്തിലുള്ള അരിപ്പൊടിക്കും ആവശ്യക്കാരേറെയാണ്.


കൂടുതൽ മികവിലേക്ക്​

അംബികക്ക്​ തന്റെ ബിസിനസ് രഹസ്യങ്ങൾ വെളിപ്പെടുത്താൻ മടിയില്ല. ഇന്ന് സ്ഥിരം ജീവനക്കാർ ആറുപേരുണ്ട്. സഹായികളായി ആറു പേർ വേറെയും. പല ഘട്ടങ്ങളിലായി എത്തിച്ച 15 ലക്ഷം രൂപയുടെ യന്ത്രങ്ങളാണ് സ്ഥാപനത്തിനുള്ളത്. കൃഷി വകുപ്പിന്റെ അഗ്രികൾചറൽ ഇൻഫ്രാസ്ട്രെക്ചർ ഡെവലപ്മെൻറ് പദ്ധതി പ്രകാരം സബ്സിഡിയും ലഭിച്ചു. സർവിസിൽനിന്ന് വിരമിച്ച ഭർത്താവ് സോമസുന്ദരനും മുഴുസമയവും ഒപ്പമുണ്ട്.

അറ്റാദായം 30 ശതമാനം

മികച്ച ലാഭവിഹിതമുള്ള ഉൽപന്നങ്ങൾക്ക് പ്രാദേശിക വിൽപനയിൽ 30 ശതമാനം വരെ അറ്റാദായമാണ് ലഭിക്കുന്നത്. ഉൽപാദനം പൂർണതയിൽ കൊണ്ടുവരുകയും വിപണി കൂടുതൽ വികസിപ്പിക്കുകയുമാണ് അടുത്ത ലക്ഷ്യം.

വരുമാനം നാട്ടുകാർക്കും

ആദ്യപടിയായി കർഷകരിൽനിന്ന് മുരിങ്ങയില കിലോഗ്രാമിന് 30 രൂപ നിരക്കിൽ ശേഖരിക്കും. കമ്പുകളിൽനിന്ന് ഇലമാത്രം വേർതിരിച്ചെടുത്ത് മഞ്ഞൾ ചേർത്ത വെള്ളത്തിൽ കഴുകി ഡ്രയറിൽ നിരത്തി ഉണക്കും. ഡ്രയർ കൂടാതെ പോളി ഹൗസ് സംവിധാനം വഴിയും ഉണക്കിയെടുക്കും.

നിറം കൃത്യമായി ലഭിക്കുന്നതിന് ഡ്രയറും ആന്റിഓക്സിഡൻറ് കൂടുതൽ ലഭിക്കുന്നതിന് പോളി ഹൗസുമാണ് മികച്ചത്. ഉണങ്ങിയ ഇല അതേ രീതിയിലോ ആവശ്യമെങ്കിൽ പൊടിച്ചോ പാക്ക് ചെയ്യും. പിന്നീട് ഇവ മറ്റു ധാന്യങ്ങളുമായി മിക്സ് ചെയ്താണ് വിപണിയിലിറക്കുക.

Tags:    
News Summary - Kerala-based Ambika Somasundaran makes value-added products with drumstick

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.