ജിലുമോൾ മാരിയറ്റ് തോമസ്. ചി​​​ത്ര​​​ങ്ങ​​​ൾ: ബൈ​​​ജു കൊ​​​ടു​​​വ​​​ള്ളി



ഇരുകരങ്ങളുടെയും ഭാഗത്ത് അവൾ മാലാഖയുടെ ചിറകുകൾ വിടർത്തി. മനസ്സിൽ ആത്മവിശ്വാസത്തിന്‍റെ ഊർജം നിറച്ചു. ഈ നേരം, നേടാനാഗ്രഹിച്ച ലക്ഷ്യങ്ങൾക്കു പിന്നാലെ അവളുടെ കാലുകൾ പായുകയായിരുന്നു. പരിമിതികളെ പരിഗണിക്കാതെ മുന്നേറിയപ്പോൾ അസാധ്യമെന്നു വിലയിരുത്തിയ പലതും അവൾക്കു മുന്നിൽ അവസരങ്ങളായി.

പോരാട്ടത്തിൽനിന്ന് പിന്നോട്ടില്ലെന്ന് ഉറപ്പിച്ചപ്പോൾ വിജയം അവളുടെ മുന്നിലെത്തി. സമരസപ്പെടലുകളല്ല, ഉൾക്കൊള്ളലും പരിശ്രമവുമാണ് വിജയത്തിന് നിദാനമെന്ന് വിശ്വസിച്ച നിശ്ചയദാർഢ്യത്തെ ജിലുമോൾ മാരിയറ്റ് തോമസ് എന്നു വിളിക്കാം.

തൊടുപുഴ മൗണ്ട് സീനായ് ആശുപത്രിയിൽ വർഷങ്ങൾക്കുമുമ്പ് പിറന്നുവീഴുമ്പോൾ അവളുടെ പപ്പയോടും മമ്മിയോടും ഡോക്ടർ ആഗ്നസ് ചോദിച്ചുവത്രേ... “ഇരുകൈകളുമില്ലാത്ത ഈ കുരുന്നിനെ വളർത്താൻ ബുദ്ധിമുട്ടുണ്ടെങ്കിൽ എനിക്ക് തന്നൂടേ, ഞാൻ വളർത്തിക്കൊള്ളാം”. എന്നാൽ, തനിക്ക് അങ്ങനെ തരാൻ മക്കളില്ലെന്ന മറുപടിയാണ് പപ്പ നൽകിയത്.

അവളെ മാതാപിതാക്കൾ ചേർത്തുപിടിച്ച് വളർത്തി. ചുറ്റുപാടുനിന്നുമുള്ള സഹതാപത്തിന്‍റെ നോട്ടങ്ങളും പിന്തിരിപ്പിക്കുന്ന വാക്കുകളും ജിലുവും കുടുംബവും ശ്രദ്ധിച്ചതേയില്ല. സ്വയം തോൽക്കാൻ സന്നദ്ധയാകാത്ത അത്രയും നാൾ ആരും പരാജയപ്പെടുന്നില്ലെന്ന് ജീവിതാനുഭവം നൽകിയ ആത്മവിശ്വാസത്തോടെ ജിലു പറയുന്നു.

സ്കൂൾ, കോളജ് വിദ്യാഭ്യാസ കാലത്തെ മികവുറ്റ പഠനത്തിനപ്പുറം അവൾ മറ്റൊരു സ്വപ്നവും കൂടെ കണ്ടു. ഇരുകൈകളുമില്ലെങ്കിലും തനിക്ക് കാറോടിക്കണം. പരിമിതികളെ മറികടന്ന് ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കണം. 2018ൽ അഭിഭാഷകൻ മുഖാന്തരം ഇതിനായുള്ള നിയമപോരാട്ടം ആരംഭിച്ചു. നിയമവഴിയിലൂടെ ജിലുമോൾക്ക് ഡ്രൈവ് ചെയ്യാൻ കഴിയുംവിധം കാറിൽ രൂപമാറ്റങ്ങൾ വരുത്തി.

എന്നാൽ, വിവിധ കാരണങ്ങളാൽ ഡ്രൈവിങ് എന്ന ആഗ്രഹം പിന്നെയും നീണ്ടു. ആറു വർഷത്തോളം ഇതിന് പിന്നാലെതന്നെ നടന്നു. ഇതിനിടെ ഭിന്നശേഷി കമീഷണറെ ബന്ധപ്പെട്ടു. തുടർന്ന് മോട്ടോർ വാഹന വകുപ്പ് ഇടപെട്ടതോടെ ലൈസൻസ് സാധ്യമായി. കാലുകൾകൊണ്ട് മനോഹരമായ ചിത്രം വരച്ചും ജിലു നേരത്തേതന്നെ ശ്രദ്ധനേടിയിരുന്നു.


സ്വയം തിരിച്ചറിഞ്ഞ്

ഓരോ ലക്ഷ്യവും കൈവരിക്കുന്നതിന് നിരവധി പ്രതിസന്ധികൾ നേരിടേണ്ടിവന്നിട്ടുണ്ട്. ഓരോ ഘട്ടത്തിലും നിരുത്സാഹപ്പെടുത്താനും ആളുകളുണ്ടായിരുന്നു. എന്നാൽ, ഇതെല്ലാം ഒരു ദൈവനിയോഗമായിട്ടാണ് കാണുന്നത്. കൃത്യസമയമായപ്പോൾ എല്ലാം ശരിയായി വന്നു. കൈകളില്ലെന്നത് ബുദ്ധിമുട്ടായി തോന്നിയിട്ടില്ല. നമ്മൾ എന്താണെന്ന് തിരിച്ചറിഞ്ഞാൽ പിന്നെ ഒരു കുഴപ്പവുമില്ല.

എനിക്ക് നാലര വയസ്സുള്ളപ്പോൾ മമ്മി മരിച്ചു. പിന്നീട് പപ്പയും ചാച്ചനും അമ്മയും (പപ്പയുടെ അമ്മയും അച്ഛനും) ചേച്ചിയും അടങ്ങുന്നതായിരുന്നു കുടുംബം. ചങ്ങനാശ്ശേരി ചെത്തിപ്പുഴയിലെ എസ്.ഡി സിസ്റ്റർമാർ നടത്തുന്ന മേഴ്സി ഹോമിലായിരുന്നു പഠനം. ഗ്രാൻഡ് മദറാണ് കാലുകൾ കൈകളാക്കി മാറ്റാനുള്ള കാര്യങ്ങൾ കാണിച്ചുതന്നത്. പല സ്ഥലങ്ങളിലായി ജോലി ചെയ്തു. അഞ്ചു മാസം മുമ്പ് പപ്പയും മരിച്ചു.

ലക്ഷ്യം നേടിയ യാത്ര

വാഹനമോടിക്കണമെന്നത് ചെറുപ്പംമുതലുള്ള ആഗ്രഹമായിരുന്നു. ഈ സ്വപ്നം യാഥാർഥ്യമായത് 2018 ജനുവരിയിലാണ്. ചെത്തിപ്പുഴ മേഴ്സി ഹോമിലെ സിസ്റ്റർ റാണി ജോണിന്‍റെ ക്ഷ‍ണപ്രകാരമാണ് കുമളിയിലെ സെന്റ് തോമസ് സ്കൂളിൽ ഒരു പരിപാടിക്ക് അതിഥിയായി പോയത്. പരിപാടിക്കിടെ സ്കൂൾ ഡയറക്ടർ ഫാ. തോമസ് വയലുങ്കൽ ചോദിച്ചു, “എന്തെങ്കിലുമൊക്കെ ആഗ്രഹങ്ങളുണ്ടോ”. ഡ്രൈവിങ് ലൈസൻസ് എടുക്കണമെന്ന ആഗ്രഹമാണ് ഈ സമയം പങ്കുവെച്ചത്.

ഫാദർ ഉടൻ അഭിഭാഷകൻ ഷൈൻ വർഗീസിനെ വിളിച്ചു. ഇരുകൈകളുമില്ലാത്ത തനിക്ക് വാഹനം ഡ്രൈവ് ചെയ്യാൻ എന്തൊക്കെ നിയമകടമ്പകൾ കടക്കണമെന്ന് അന്വേഷിച്ചു. അതിനുള്ള നിയമപോരാട്ടത്തിന്‍റേതായിരുന്നു പിന്നീടുള്ള നാളുകൾ. അഭിഭാഷകൻ നടപടിക്രമങ്ങൾക്ക് തുടക്കംകുറിച്ചു.

സാധാരണ നിലയിലുള്ള വാഹനം ഓടിക്കാൻ കഴിയില്ലെന്നതിനാൽ പ്രത്യേക രൂപകൽപനകൾ വാഹനത്തിൽ നടത്തേണ്ടതുണ്ടായിരുന്നു. പിന്നീട് ഇതിനുള്ള പരിശ്രമങ്ങൾ. അഭിഭാഷകൻ മുഖാന്തരം കട്ടപ്പന ലയൺസ് ക്ലബ് വാഹനം സ്പോൺസർ ചെയ്തു.

സാങ്കേതിക തടസ്സങ്ങൾ അപ്പോഴും മുന്നിലെത്തി. ഇതിനിടെ സംസ്ഥാന ഭിന്നശേഷി കമീഷണർ എസ്.എച്ച്. പഞ്ചാപകേശനുമായി ബന്ധപ്പെട്ടു. അദ്ദേഹം ട്രാൻസ്പോർട്ട് കമീഷണറുമായി ചർച്ച നടത്തി ലൈസൻസ് നൽകാനുള്ള നടപടികളിലേക്ക് എത്തുകയായിരുന്നു.

എനിക്ക് സൗകര്യപ്രദമാകുംവിധം തുടക്കം മുതൽ ഓരോ കാര്യങ്ങളും നോക്കി വാഹനം ക്രമീകരിക്കാൻ നേതൃത്വം നൽകിയത് എറണാകുളത്തെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എ.ആർ. രാജേഷാണ്. മെക്കാനിക്കൽ സഹായങ്ങളുമായി മുക്കൂട്ടുതറ സ്വദേശി ബിജു എരുമേലിയും ഒപ്പം നിന്നു.

ഇന്‍റർനെറ്റ് സഹായമില്ലാതെ വോയ്സ് കമാൻഡ് വഴി പ്രവർത്തിക്കുന്ന സിസ്റ്റമാണ് (വി.ഐ ഇന്നൊവേഷൻസ്) വാഹനത്തിൽ ചെയ്തിരിക്കുന്നത്. പാലക്കാട് സ്വദേശി വിമലാണ് ഈ സംവിധാനമൊരുക്കിയത്. വടുതലയിലെ മരിയ ഡ്രൈവിങ് സ്കൂളിലുള്ള ജോപ്പനാണ് ഡ്രൈവിങ് പഠിപ്പിച്ചത്.

മന്ത്രി എം.ബി. രാജേഷിനും മുൻ മന്ത്രി എ.കെ. ബാലനുമൊപ്പം ജിലുമോൾ


അനുഭവങ്ങളാണ് പാഠപുസ്തകം

ജീവിതത്തിൽ ഓരോ സമയവും പ്രതിസന്ധികളുടേതുതന്നെയായിരുന്നു. അതൊക്കെ തരണം ചെയ്താണ് മുന്നോട്ടുപോകുന്നത്. കുടുംബത്തിലുള്ളവർ ഒരിക്കലും ഭിന്നശേഷിക്കാരിയാണെന്ന പരിഗണന നൽകിയിട്ടില്ല. അത് പോസിറ്റിവായാണ് കാണുന്നത്. എല്ലാ കുട്ടികളെയുംപോലെഅവർ എന്നെയും ചേർത്തുപിടിച്ച് വളർത്തി. അങ്ങനെ പപ്പ എന്നെ ജീവിക്കാൻ പഠിപ്പിക്കുകയായിരുന്നു.

ഭാവിയിൽ ഗ്രാഫിക് ഡിസൈനിങ് മേഖലയിൽ ഡിസൈൻ കോഓഡിനേറ്ററായും ഡബ്ബിങ് ആർട്ടിസ്റ്റായും ജോലി ചെയ്യാനാണ് തീരുമാനം.

പഠനകാലം, ദൈവസഹായംപോലെ ലഭിച്ച കൂട്ടുകാർ

ചങ്ങനാശ്ശേരി സെന്‍റ് ജോസഫ്സ് കോളജ് ഓഫ് കമ്യൂണിക്കേഷനിൽനിന്ന് ആനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈനാണ് പഠിച്ചത്. ഇപ്പോൾ ഫ്രീലാൻസ് ഗ്രാഫിക് ഡിസൈനർ, പ്രോജക്ട് മാനേജർ, ഡബ്ബിങ് എന്നീ ജോലികളാണ് ചെയ്യുന്നത്. ഒപ്പം മോട്ടിവേഷനൽ ട്രെയിനറായും വിവിധ സ്ഥലങ്ങളിലെത്താറുണ്ട്. കൂടുതലും യുവജനങ്ങളോടാണ് മോട്ടിവേഷൻ വേദികളിൽ സംസാരിക്കുന്നത്. പെട്ടെന്ന് കാര്യങ്ങൾ ലഭിക്കണമെന്ന ചിന്തയുള്ളവരോട് എല്ലാത്തിനും അതിന്‍റേതായ സമയമെടുക്കുമെന്നാണ് പറഞ്ഞുകൊടുക്കുന്നത്.

വീടിനുള്ളിൽ മാത്രം ജീവിച്ച് ഒതുങ്ങിയ ആളായിരുന്നില്ല ഞാൻ. എല്ലായിടത്തും തനിക്ക് കിട്ടിയ കൂട്ടുകാർ നൽകിയ പിന്തുണ വലുതായിരുന്നു. എപ്പോഴും എനിക്ക് ദൈവസഹായംപോലെ നല്ല കൂട്ടുകാരെ കിട്ടാറുണ്ട്. അതാണ് ഏറ്റവും വലിയ ശക്തി.

എന്‍റെ ജീവിതം പ്രചോദനമായവർ

ആത്മഹത്യയുടെ വക്കിൽ നിൽക്കുമ്പോൾ എന്‍റെ സ്റ്റോറി വായിച്ച് അതിൽനിന്ന് പിന്മാറിയവരെക്കുറിച്ച് അറിഞ്ഞിട്ടുണ്ട്. നിരവധിയാളുകൾ എന്‍റെ യൂട്യൂബ് ചാനലിൽ കമന്റുകളിടാറുണ്ട്. എന്‍റെ ജീവിതം കണ്ടപ്പോൾ പ്രചോദനമായതിനെക്കുറിച്ചാണ് അവർക്ക് പറയാനുണ്ടായിരുന്നത്.

നമ്മുടെ ജീവിതം അവർക്ക് മുന്നോട്ടുനയിക്കാനുള്ള പ്രേരണയാകുന്നുണ്ടെങ്കിൽ അതൊരു വലിയ കാര്യമാണല്ലോ. പലരും വിഷമങ്ങൾ പങ്കുവെക്കാറുണ്ട്. അവരോടൊക്കെ സംസാരിക്കുമ്പോൾ മാറ്റമുണ്ടാകുന്നത് കണ്ടിട്ടുണ്ട് -അടുത്ത ലക്ഷ‍്യത്തിലേക്ക് കുതിക്കാൻ കാറിൽ കയറിയിരുന്ന് ജിലുമോൾ പറഞ്ഞുനിർത്തി.




Tags:    
News Summary - Jilumol Angel's Hands

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.