പ്രതിസന്ധികളിൽ തളരാതിരിക്കാൻ നമ്മുടെ പെൺകുട്ടികളെ പ്രാപ്തമാക്കാം, ഇതാ വഴികൾ

ലോകത്തിൽ ഏറ്റവും കൂടുതൽ സ്ത്രീ ആത്മഹത്യകൾ നടക്കുന്ന നാടായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ്. ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ 2021ലെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ 36,872 ആത്മഹത്യകൾ നടന്ന നാടാണ് ഇന്ത്യ. അതിൽതന്നെ 21,750ഉം സ്ത്രീകളാണ്. ഇതിൽ 9385 സ്ത്രീകൾ സ്ത്രീധനം കാരണം മാത്രം ആത്മഹത്യ ചെയ്‌തെന്നും എൻ.സി.ആർ.ബി വെളിപ്പെടുത്തുന്നു.

ഞെട്ടിക്കുന്ന മറ്റൊരു കാര്യം ജനസംഖ്യകൊണ്ടും വിസ്തൃതികൊണ്ടും ചെറുതും, സാക്ഷരതകൊണ്ടു മുന്നിലും നിൽക്കുന്ന കേരളം, ഏറ്റവും കൂടുതൽ സ്ത്രീകൾ ആത്മഹത്യ ചെയ്യുന്ന അഞ്ചു സംസ്ഥാനങ്ങളിൽ ഉണ്ടെന്നുള്ളതാണ്. ദേശീയ ശരാശരി ഒരു ലക്ഷത്തിന് 10.4 ശതമാനമാണെങ്കിൽ കേരളത്തിൽ ഇത് 24.3 ശതമാനമാണ്. അതിൽ പെൺകുട്ടികൾ അനുഭവിക്കുന്ന മാനസിക പിരിമുറുക്കത്തിന്റെ കാര്യങ്ങളിലും നാം വളരെ മുന്നിൽതന്നെ. അവരെക്കുറിച്ചുള്ള കരുതലിലും അവരെയോർത്തുള്ള ടെൻഷനിലും നമ്മുടെ കുടുംബങ്ങൾ ഒട്ടും പിന്നിലല്ല. കാലമിത്ര മാറിയിട്ടും എന്തുകൊണ്ടാണ് നാം നമ്മുടെ പെൺകുട്ടികളെ സ്വതന്ത്രരാക്കാത്തത്? സ്വസ്ഥതയോടെ ജീവിക്കാൻ സമ്മതിക്കാത്തത്? കണ്ണും കാതും കൂർപ്പിച്ചു സദാ അവരെനിരീക്ഷിക്കുന്നതെന്തിനാണ്? ഇത് അനുഭവിക്കുന്ന കുട്ടികളുടെ മാനസിക സമ്മർദത്തെക്കുറിച്ച്, അവരുടെ അസ്വാതന്ത്ര്യത്തെക്കുറിച്ചു നാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

രണ്ടു പെൺകുട്ടികളാണ് നിനക്കെന്ന് ഓർമ വേണം, അവരെ കെട്ടിച്ചയക്കണ്ടേ, നിനക്കെങ്ങനെ ഉല്ലസിക്കാൻ ആവും...? സ്ഥിരമായി കേൾക്കുന്ന പല്ലവിയാണിത്. കാലമിത്ര മാറിയിട്ടും മാറ്റമില്ലാതെ നാം ഇതുകേൾക്കുന്നു. ജനസംഖ്യയിൽ സ്ത്രീകൾ മുന്നിലെത്തിയിട്ടും എല്ലാ കഴിവുകളും അവർക്ക് പുരുഷനോളമോ അതിനും മുകളിലോ ഉണ്ടെന്നറിയാമായിട്ടും എന്തേ ഇപ്പോഴും നമ്മുടെ പെൺകുട്ടികൾ, സ്ത്രീകൾ പൊതുസമൂഹത്തിൽ സുരക്ഷിതരാവുന്നില്ല. അല്പമൊന്ന് സ്വതന്ത്രരായാൽ എന്താവുമെന്ന ഭീതി ഇപ്പോഴും എന്തുകൊണ്ട് നമ്മെ വിട്ടുപോവുന്നില്ല. പെൺകുട്ടികളുടെ വർത്തമാനവും ഭാവിയും ആലോചിച്ചു ലോകത്തിൽ ഇത്രയേറെ അസ്വസ്ഥരായി ജീവിതം തള്ളിനീക്കുന്ന ഒരു സമൂഹവും വേറെയുണ്ടാവില്ല. കുഞ്ഞുന്നാളിലേ ഇതൊക്കെ കണ്ട്‌ വളരുന്ന, എവിടെയും പ്രത്യേകതയോടെ പരിഗണിക്കപ്പെടുന്ന നമ്മുടെ പെൺകുട്ടികൾ, രണ്ടോ പത്തോ കണ്ണുകൾ തന്നെ സദാ നിരീക്ഷിക്കുന്നുവെന്ന തോന്നലുള്ള അവരുടെ മാനസികാവസ്ഥ എന്തായിരിക്കും എന്നതിനെക്കുറിച്ച് ചിന്തിച്ചു നോക്കുക. അപ്പോഴാണ് നമ്മുടെ സ്ത്രീശാക്തീകരണത്തിനും ചിന്താഗതിക്കും ഇപ്പോഴും ഒരു മാറ്റവുമില്ലെന്നു മനസ്സിലാവുക.

വേണ്ട, ബ്ലാക്ക്ക്യാറ്റ് കമാൻഡോസ്

വളർച്ചയുടെ ഓരോ ഘട്ടത്തിലും ഒരാൾക്ക് കിട്ടേണ്ടതിനെക്കുറിച്ചും അതു കിട്ടിയില്ലെങ്കിൽ അവരെത്തുന്ന ഘട്ടങ്ങളെക്കുറിച്ചും എറിക് എറിക്സൻ എന്ന വിദ്യാഭ്യാസ മനശ്ശാസ്ത്രജ്ഞൻ അദ്ദേഹത്തിന്റെ ഡെവലപ്മെന്റൽ സൈക്കോളജി എന്ന പുസ്തകത്തിൽ പറയുന്നുണ്ട് . ''കുഞ്ഞുന്നാൾ മുതൽ കല്യാണം കഴിക്കുന്നതുവരെ ബ്ലാക്ക്ക്യാറ്റ് കമാൻഡോസ് പോലെ പിന്തുടർന്ന അച്ഛനും സഹോദരങ്ങളും. പിന്നെ കല്യാണം കഴിഞ്ഞപ്പോൾ ഭർത്താവും, ഇനിയെങ്കിലും ജീവിക്കണം അതിന് ഒറ്റ വഴിയേയുള്ളൂ ഒന്നുകിൽ നീറിനീറി പുകയുക, അല്ലെങ്കിൽ എല്ലാം വിട്ടെറിഞ്ഞു സ്വതന്ത്രയാവുക. ഏതാണ് നല്ലതെന്നു ചിന്തിച്ചു കൊണ്ടിരിക്കുകയാണ്...''

ഞാൻ ഏറെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന സർക്കാർ ജീവനക്കാരിയായ ഒരു സഹോദരി ഒരു പരിശീലന പരിപാടി കഴിഞ്ഞ ശേഷം എന്നോടു പറഞ്ഞ കാര്യമാണിത്. എവിടെയാണ് നാം കുറ്റമാരോപിക്കുക, ആരെയാണ് നാം ശരിയാക്കിയെടുക്കേണ്ടത്. എല്ലാവർക്കും ഭയമാണ്- സമൂഹത്തെ, കുടുംബത്തെ, ചുറ്റുപാടിനെ. ബലിയാടാവുന്നതോ നമ്മുടെ കുട്ടികളും.

തുടങ്ങേണ്ടത് വീട്ടിൽ നിന്ന്

പണ്ടെങ്ങോ വായിച്ച ഒരു കൊച്ചു കഥയുണ്ട്.

മുട്ടക്ക് അടയിരിക്കുന്ന തള്ളക്കോഴി ഒരു സ്വപ്നം കാണുന്നു. തനിക്കു പിറക്കാൻ പോകുന്നത് പക്ഷികളുടെ രാജ്ഞിയാണെന്ന്. തള്ളക്കോഴിക്കു സന്തോഷംകൊണ്ട് ഇരിക്കാൻ വയ്യാതായി. കാത്തുകാത്തിരുന്നു, സുന്ദരിയായ കുഞ്ഞു പിറന്നു. അമ്മക്കോഴി സന്തോഷത്തോടെ എല്ലാവരോടും വിളിച്ചുപറഞ്ഞു. തിരിയാനും മറിയാനും സമ്മതിക്കാതെ ഓമനിച്ചു വളർത്തി. വെയിലുകൊള്ളിച്ചില്ല, തീറ്റ തേടാൻ സമ്മതിച്ചില്ല, രാജ്ഞിയായി മാറേണ്ടതല്ലേ. എല്ലാം ഒരുക്കിക്കൊടുത്തു. കാലം കഴിഞ്ഞു. തള്ളക്കോഴിക്കു വയ്യാതായി. എന്നിട്ടും രാജകുമാരിയെ പുറത്തേക്കയക്കാതെ അവശതയോടെ തീറ്റ തേടിപ്പോയി. കുറെ കഴിഞ്ഞിട്ടും അമ്മയെ കാണാതായപ്പോൾ മടിച്ചുമടിച്ച് പുറത്തേക്കിറങ്ങി. വിശാലമായ ലോകം കണ്ടപ്പോൾ അവൾക്കു ഭയമായി. കൂട്ടിലേക്ക്‌ കയറി. വിശപ്പ് സഹിക്കാതായപ്പോൾ വീണ്ടും പുറത്തിറങ്ങി. അമ്മയെ തേടിനടന്നു. കുറച്ചകലെ വണ്ടിയിടിച്ചു ചത്തു കിടക്കുന്ന അമ്മയെ കണ്ടു. വിശപ്പകറ്റാൻ കുറെ വിളിച്ചു നോക്കി. അവസാനം തന്റെ മിനുത്ത കൊക്കുകൊണ്ട് മണ്ണിൽ ആഞ്ഞുകൊത്തി. കൊക്ക് പൊട്ടി രക്തം വാർന്ന് അതും മരിച്ചുപോയി.

യഥാർഥത്തിൽ ഇതല്ലേ നമ്മുടെ ഇടയിലും നടക്കുന്നത്. തനിക്കു കിട്ടാത്തതൊക്കെ അവർ നേടട്ടെ എന്ന വാശി, മറ്റുള്ളവരുമായി താരതമ്യം ചെയ്ത് പഠിക്കാനും ജീവിക്കാനും നിർബന്ധിക്കൽ, എവിടെയെങ്കിലും ഏതെങ്കിലും പെൺകുട്ടി കാണിച്ച ബുദ്ധിമോശത്തിനു തങ്ങളുടെ മകളും അങ്ങനെയായെങ്കിലോ എന്ന ഭയം, കല്യാണം കഴിഞ്ഞാൽ സുരക്ഷിത എന്ന തോന്നൽ.. അവസാനം ജീവിക്കാനോ പ്രവർത്തിക്കാനോ കഴിയാതെ എല്ലാത്തിനെയും ഭയത്തോടെ കാണുന്നവരായി അവർ മാറിപ്പോയാൽ ആരാണ് ഉത്തരവാദികൾ. കുഞ്ഞുന്നാളിലേ അനുഭവിക്കുന്ന ഇത്തരം സമ്മർദങ്ങൾ ജീവിതത്തിലെ ഓരോ ഘട്ടത്തിലും ആവർത്തിക്കപ്പെടുമ്പോൾ പിന്നീട് ആരോടൊക്കെയോ ഉള്ള വാശി തീർക്കലായി ജീവിതം മാറുന്നു. അല്ലെങ്കിൽ, നഷ്ടബോധങ്ങളിൽ വീർപ്പുമുട്ടി ജീവിക്കേണ്ടി വരുന്നു. ഇഷ്ട ജീവിതം നിർഭയമായി ജീവിക്കാൻ അവരെ പഠിപ്പിക്കാം.


കൂടെ വേണം കുടുംബം

കുഞ്ഞുന്നാളിലേ പെൺകുട്ടികളുടെ സ്വാതന്ത്ര്യത്തെ മാനിക്കുകയും വിശ്വാസത്തിലെടുക്കുകയും വേണം. കുട്ടിക്കാലത്തു അവരെ സംസാരിക്കാനും സംവദിക്കാനും പ്രോത്സാഹിപ്പിക്കുക. അനുഭവങ്ങൾ പകർന്നുനൽകുക. നാടും സമൂഹവും ചുറ്റുപാടും അതിലെ നേരും നെറിയും നെല്ലും പതിരും തിരിച്ചറിയാൻ അവരിൽ ജിജ്ഞാസ ഉണ്ടാക്കുക. മാതാപിതാക്കളും കുടുംബാംഗങ്ങളും ചെയ്യേണ്ട കാര്യമാണിത്. തുറന്ന സംസാരിക്കാനും ശാസ്ത്രീയമായ ലൈംഗിക വിദ്യാഭ്യാസവും കരിയർ സ്വപ്നങ്ങളുമൊക്കെ ചർച്ചചെയ്യാനുള്ള ഇടമാക്കി മാറ്റണം കുടുംബം.

ആണിനെയും പെണ്ണിനേയും ഒരേപോലെ സഹായികളാക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം. അവർ ചെയ്താൽ ശരിയാവില്ല എന്നു തോന്നൽ വേണ്ട, മറ്റുള്ളവർ എന്തു വിചാരിക്കുമെന്ന സങ്കോചവും വേണ്ട, അവരെ സ്ഥിരോത്സാഹികളാക്കുക. ജീവിത നൈപുണികൾ പഠിപ്പിക്കുക. നല്ല കൂട്ടുകാരോട് ഇടപഴകാൻ അനുവദിക്കുക. തെറ്റു തെറ്റെന്നും ശരി ശരിയെന്നും പറയാനുള്ള ബന്ധം, ഒപ്പം എന്തും ധൈര്യമായി ചോദിക്കാനും പറയാനും തനിക്ക് അച്ഛനും അമ്മയുമുണ്ടെന്ന വിശ്വാസവും കുട്ടികൾക്കുണ്ടാവട്ടെ.

പരാജയം, മടുപ്പ്, ഏകാന്തത, സ്വയം പോരെന്ന തോന്നൽ ഇവയൊക്കെ മാറ്റാനുള്ള സഹായികളായി രക്ഷിതാക്കൾ മാറണം. കുട്ടികൾ സ്വയം പ്രകാശിക്കട്ടെ. പ്രതിസന്ധികളിൽ തളരാതെ മുന്നോട്ടു നീങ്ങാൻ അവർക്ക് പ്രചോദനം നൽകേണ്ടത് വീട്ടിൽനിന്നു തന്നെയാണ്.

അവർ തീരുമാനിക്കട്ടെ...

ജോലിയൊക്കെ കിട്ടി സ്വതന്ത്രരായി, നല്ല വിദ്യാഭ്യാസ യോഗ്യതയൊക്കെ നേടി അവർക്ക് സ്വയം ബോധ്യമാവുമ്പോഴേ വിവാഹത്തിനു മുൻകൈ എടുക്കാവൂ. നിർബന്ധിച്ചു നടത്തേണ്ടതല്ല, വഴിതെറ്റിപ്പോവുന്നതിനുള്ള മറുമരുന്നുമല്ല വിവാഹമെന്നും മനസ്സിലാക്കുക. എല്ലാം തുറന്നു പറയാനും ഇഷ്ടപ്പെട്ടാൽ മാത്രം സ്വീകരിക്കാനുമുള്ള രീതിയിൽ വരനെ തിരഞ്ഞെടുക്കാനുമുള്ള സ്വാതന്ത്ര്യം അവർക്ക് നൽകുക. വീട്ടിൽ തുല്യതയിൽ ജീവിക്കാനുള്ള പരിശീലനം ആൺകുട്ടികൾക്കും നൽകുക. വധു കുടുംബാംഗമാണെന്നും കുടുംബഭാരം ഒറ്റക്ക് ചുമക്കേണ്ടവളല്ലെന്നുമുള്ള ബോധം ആൺകുട്ടികൾക്കു പകർന്നുകൊടുക്കുക.

അഭിമാനികളായി വളർത്താം

ഓരോ പ്രായത്തിലും കുട്ടികൾക്കു കിട്ടേണ്ട, അവരുടെ വളർച്ചക്ക് പ്രോത്സാഹനമാവേണ്ട ചില ഘടകങ്ങളുണ്ട്. കുട്ടിക്കാലത്ത് അവരിൽ കരുതലും വിശ്വാസവും ഉണ്ടാക്കേണ്ടതാണ്. ബാല്യകാലത്ത് അവരിൽ സ്വാശ്രയശീലവും. കൗമാരത്തിൽ അവരുടെ ഐഡന്റിറ്റി അംഗീകരിച്ചുകൊടുക്കണം. യൗവനത്തിൽ അടുപ്പം പുലർത്തണം. അപ്പോഴേ വീണ്ടുവിചാരവും തിരിച്ചറിവും നൈതികതയും മൂല്യങ്ങളും തുടർജീവിതത്തിൽ പുലർത്താൻ കഴിയൂ. നിരാശയില്ലാതെ, അഭിമാനത്തോടെ മാറ്റങ്ങളെ ഉൾക്കൊണ്ടുകൊണ്ട് ജീവിക്കാൻ അപ്പോഴേ കഴിയൂ.

ഞാനാരാണെന്നും എന്റെ കഴിവും കഴിവുകേടുകളുമെന്തെന്നുമുള്ള തിരിച്ചറിവ് ലഭിക്കാൻ, എല്ലാത്തിനെയും ഉൾക്കൊള്ളാൻ, മറ്റുള്ളവരുടെ ഐഡന്റിറ്റിയെ അംഗീകരിച്ചു കൊടുക്കാൻ കഴിയുക അപ്പോൾ മാത്രമാണ്. അല്ലാത്തപക്ഷം അവിശ്വാസവും ലജ്ജയും അപകർഷബോധവും സംശയങ്ങളും ഒറ്റപ്പെടലും അവരെ പിടികൂടും.


ക്രിയാത്മകമാക്കാം ഇടപെടൽ

നമ്മുടെ കുട്ടികളെ, വിശിഷ്യ, പെൺകുട്ടികളെ മേൽപറഞ്ഞ രീതിയിൽ വളർത്തുകയും അവരിൽ സ്വാതന്ത്ര്യത്തിന്റെ, പരിഗണിക്കലിന്റെ, ഉൾച്ചേർന്നു പോവേണ്ടതിന്റെ പാഠങ്ങൾ അനുഭവങ്ങളിലൂടെ (ഉപദേശങ്ങളിലൂടെയല്ലാതെ) പകർന്നുകൊടുക്കുകയും വേണം. സ്ത്രീകളുടെ മാനസികാരോഗ്യത്തിന് ഊന്നൽ നൽകുന്ന പരിപാടികൾ, മാനസികാരോഗ്യ ചികിത്സ, സംരക്ഷണം എന്നിവയും ഊർജിതപ്പെടുത്തേണ്ടതുണ്ട്. ടെൻഷൻ, സമ്മർദം, അപകർഷബോധം എന്നിവക്കെതിരായ ക്രിയാത്മക ഇടപെടൽ കുടുംബം, ജോലിസ്ഥലം, പൊതു ഇടങ്ങൾ എന്നിവിടങ്ങളിലൊക്കെ ഉണ്ടാവേണ്ടതുണ്ട്.

സമ്മർദങ്ങളില്ലാതെ, തുറന്ന ആശയവിനിമയം സാധ്യമാവുന്ന തരത്തിൽ നമ്മുടെ കുട്ടികൾ, വനിതകൾ പ്രതീക്ഷയോടെ മുന്നേറുമ്പോൾ മാത്രമേ സാമൂഹിക ഔന്നത്യത്തിലേക്ക് നാം മാറിയെന്നു പറയാൻ കഴിയൂ.

Tags:    
News Summary - Women's empowerment story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.