പൊന്ന്യത്തങ്കത്തിന്‍റെ ഭാഗമായി നടന്ന അഭ‍്യാസം


പൂഴിയും പൊടിയും പറന്നുയർന്ന പയറ്റിൽ തച്ചോളി ഒതേനനെയും കതിരൂർ ഗുരുക്കളെയും കാണാതായി. ഉറുമിയുടെയും വാളിന്‍റെയും ശീൽക്കാര ശബ്ദവും പോരാളികളുടെ ആക്രോശവും പൊന്ന്യത്തെ ഏഴരക്കണ്ടത്തെ മൂടി.

അങ്കത്തിന്‍റെ ശക്തിയിൽ കാറ്റുപോലും കൊടുങ്കാറ്റായി മാറി. ആയോധനമുറകൾ പലവിധം പ്രയോഗിച്ചിട്ടും, പരാജയമറിയാത്ത കതിരൂർ ഗുരുക്കളെ അവസാനം ചതിപ്രയോഗത്തിലൂടെ ഒതേനൻ വീഴ്ത്തി. കളരിയിൽ മറന്നുവെച്ച ഉറുമിയെടുക്കാൻ പിറ്റേ ദിവസം ഏഴരക്കണ്ടത്തിലേക്കുവന്ന ഒതേനനെ കതിരൂർ ഗുരുക്കളുടെ ശിഷ്യൻ ചുണ്ടങ്ങാപ്പൊയിൽ മായൻപക്കി ഒളിഞ്ഞിരുന്ന് വെടിവെച്ചു കൊന്നു.

16ാം നൂറ്റാണ്ടിലെ വീരകഥകൾ തലമുറകളിലേക്ക് കൈമാറിയ വടക്കൻ പാട്ടുകളിൽ കേട്ടുശീലിച്ച കണ്ണൂരിലെ പൊന്ന്യത്തെ ഏഴരക്കണ്ടത്തിൽ കളരിയുടെയും പയറ്റിന്‍റെയും പെരുമ പുനരാവിഷ്കരിക്കുകയാണ് നാടും നാട്ടുകാരും.

കതിരൂർ ഗുരുക്കളും ഒതേനനും അങ്കംവെട്ടി മരിച്ചുവീണ മണ്ണിൽ 10 വർഷമായി പുതുതലമുറ ചുരികയും വാളും ചുഴറ്റി അടവുകൾ വെച്ച് ഗതകാല സ്മരണകൾ ഉണർത്തുകയാണ്.


പൊന്ന്യത്തങ്കത്തിന് തുടക്കം

ചരിത്രവും ഐതിഹ്യവുമെല്ലാം ഒരുപോലെ ഇഴപിരിഞ്ഞുകിടക്കുന്ന വടക്കന്‍പാട്ടിലെ വീരനായകരുടെ പോരാട്ടപ്പെരുമയും കളരിയുടെ മഹിമയും പുതിയ തലമുറയിലെത്തിച്ച് ടൂറിസം സാധ്യതകൾ വർധിപ്പിക്കുകയെന്ന ആലോചനയിലാണ് പൊന്ന്യത്തെ ഏഴരക്കണ്ടത്തിൽ പൊന്ന്യത്തങ്കത്തിന്‍റെ തുടക്കം.

പൊന്ന്യത്ത് കളരി പരിശീലന കേന്ദ്രവും മ്യൂസിയവും ആരംഭിക്കേണ്ടതിന്‍റെ പ്രാഥമിക ചർച്ച 10 വർഷം മുമ്പ് തുടങ്ങിയിരുന്നു. കതിരൂർ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ മുന്നോട്ടുപോയി.

പുല്യോടി പാട്യം ഗോപാലൻ സ്മാരക വായനശാലയുടെ നേതൃത്വത്തിലാണ് പൊന്ന്യത്തങ്കം ആരംഭിക്കുന്നത്. ഫോക്‌ലോർ അക്കാദമിയും സംസ്ഥാന സർക്കാറും സ്ഥലം എം.എൽ.എയും സ്പീക്കറുമായ എ.എൻ. ഷംസീറും സഹകരണവുമായി കൂടെനിന്നു. നൂറ്റാണ്ടുകൾക്കുമുമ്പ് ഒതേനനും കതിരൂർ ഗുരുക്കളും അവസാന അങ്കംവെട്ടിയ കുംഭം 10, 11 തീയതികളുടെ ഓർമ നിലനിർത്തി ഇതേ ദിവസങ്ങൾ ഉൾപ്പെടെയാണ് എല്ലാവർഷവും ഒരാഴ്ച നീണ്ടുനിൽക്കുന്ന സാംസ്കാരികോത്സവം നടത്തുന്നത്.

ഇവിടെ വായനശാലയുടെ നേതൃത്വത്തിൽ പൊതുജനങ്ങളുടെ സഹായത്തോടെ 10 സെന്‍റ് ഭൂമി ഏറ്റെടുത്ത് സ്ഥിരമായ അങ്കത്തട്ട് ഒരുക്കി. ഏഴരക്കണ്ടത്തിലെ കോട്ടയുടെ മാതൃകയിലുള്ള പ്രവേശന കവാടം, ഓലമേഞ്ഞ പുരകൾ, അങ്കത്തട്ടുവരെ കളരിവിളക്കുകളും പന്തങ്ങളും ജ്വലിക്കുന്ന നടവഴി എന്നിവ പഴമയുടെ കഥകൾ പറയും.

ചരിത്ര-ചിത്ര പ്രദർശന സ്റ്റാളുകൾ, പ്രദർശന-വിപണന മേളകൾ, സംഗീത നിശ, പ്രാദേശിക കലാകാരന്മാരുടെ പരിപാടികൾ തുടങ്ങിയവ അനുബന്ധമായി ഒരുക്കിയിട്ടുണ്ട്. വൈകീട്ട് ഏഴിനു കളരിവിളക്കു തെളിയുന്നതോടെ കളരിപ്പയറ്റ് പ്രദർശനവും പയറ്റും അരങ്ങേറും. ഗോത്രകല, നാടൻപാട്ട്, ഒപ്പന, മാപ്പിളപ്പാട്ട്, ദഫ്മുട്ട്, പൂരക്കളി, വനിത തോൽപാവക്കൂത്ത്, യോഗ തുടങ്ങിയ കലാകാരന്മാർക്കും അഭ്യാസികൾക്കും പ്രദർശനത്തിന് അവസരമുണ്ട്.

പൊന്ന്യം വയലിലെ ഏഴരക്കണ്ടത്തിൽ 24 സെന്‍റ് ഭൂമി പഞ്ചായത്ത് ഏറ്റെടുത്തിട്ടുണ്ട്. രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള വിനോദസഞ്ചാരികളും കളരിപ്രേമികളും അടക്കം ആയിരങ്ങൾ പ​ങ്കെടുക്കുന്ന ​പരിപാടിയായി നിലവിൽ പൊന്ന്യത്തങ്കം മാറി.


പൈതൃക ടൂറിസം പട്ടികയിലേക്ക്

തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ പദ്ധതികൾ പൊന്ന്യത്തങ്കവുമായി ബന്ധപ്പെട്ട് നടപ്പാക്കാൻ സർക്കാർ തലത്തിൽ തീരുമാനമായിട്ടുണ്ട്. അങ്കത്തട്ട്, കളരി മ്യൂസിയം, ലൈബ്രറി ആൻഡ് റിസർച് സെന്‍റർ, മാർഷ്യൽ ആർട്സ് പരിശീലന കേന്ദ്രം, ഓപൺ തിയറ്റർ, കളരി മർമ ചികിത്സ കേന്ദ്രം, നീന്തൽക്കുളം, ഓഫിസ്, മിനി കോൺഫറൻസ് ഹാൾ, ഡോർമിറ്ററി, കോട്ടേജുകൾ എന്നിവ ഒരുക്കാനും സ്ഥലമേറ്റെടുക്കാനുമായി 12.80 കോടി രൂപയുടെ പ്രോജക്ട് ഭരണാനുമതി കാത്തുനിൽക്കുകയാണ്.

പൊന്ന്യത്തെ പോരാട്ടവീര്യമുറങ്ങുന്ന മണ്ണിൽ കളരിയുടെ ചരിത്രവും ആയോധന മുറകളും പഠിക്കാൻ കളരി മ്യൂസിയവും കളരി അക്കാദമിയും ഒരുക്കുന്നത് വലിയ നേട്ടമാകും. രാജ്യത്തിനകത്തും പുറത്തുമുള്ളവർക്ക് കളരിയെ സംബന്ധിച്ച ആധുനിക വിവരം ലഭിക്കാൻ സാധിക്കുന്ന അക്കാദമിയും മ്യൂസിയവുമാണ് ലക്ഷ്യം.


പുതിയ തലമുറയെ കളരി അഭ്യസിപ്പിക്കുന്നതിനൊപ്പം ഏതു പഠിതാവിനും എളുപ്പത്തിൽ പഠിക്കാനായി വിവിധ മുറകളും ചരിത്രവും വിശദമാക്കുന്ന കേന്ദ്രങ്ങളാവും ഒരുങ്ങുക. കളരി പരിശീലന കേന്ദ്രം, ആയോധന ചികിത്സ കേന്ദ്രം, വിവിധ കളരി മുറകൾ പ്രകടമാക്കുന്ന കളരി അഭ്യാസികളുടെ ശിൽപ മാതൃകകൾ, കളരിയുടെ ചരിത്ര പഠനത്തിന് ഉപകരിക്കുന്ന ലൈറ്റ് ആൻഡ് സൗണ്ട് ഷോ, നീന്തൽക്കുളം, ലൈബ്രറി ഡിജിറ്റൽ റൂം, കഫ്റ്റീരിയ തുടങ്ങിയവ ഒരുങ്ങുന്നതോടെ വിദേശികളെ ഉൾപ്പെടെ ആകർഷിക്കാൻ കഴിയുന്ന കേന്ദ്രമായി പൊന്ന്യം മാറും.

അന്ന് കുടിപ്പകയും വെറുപ്പുമാണ് അങ്കംവെട്ടിയിരുന്നതെങ്കിൽ നൂറ്റാണ്ടുകൾക്കിപ്പുറം ഒത്തൊരുമയുടെയും ആസ്വാദനത്തിന്‍റെയും പ്രകടനങ്ങളാണ് പൊന്ന്യത്തങ്കത്തിൽ നടക്കുന്നത്. ഉറുമിയു​ടെയും വാളിന്‍റെയും ശീൽക്കാര ശബ്ദങ്ങൾക്ക് എതിരാളിയുടെ തലയെടുക്കാനുള്ള ചിന്തയില്ല.

ജാതിമത ഭേദമില്ലാതെ അങ്കത്തട്ടിലെ കളരിമുറ കാണാന്‍ ആബാലവൃദ്ധം ജനങ്ങളാണ് ഏഴരക്കണ്ടത്തിലെത്തുന്നത്. ചുരികത്തലപ്പിന്‍റെ മൂർച്ചയുള്ള സ്മരണകളെ ഉണർത്തി പൊന്ന്യം ഏഴരക്കണ്ടത്ത് കളരിയുടെ പുതുതലമുറ അങ്കം വെട്ടിക്കൊണ്ടേയിരിക്കുന്നു. കുഞ്ഞിമൂസ ഗുരുക്കളുടെ ചൂരക്കൊടി കളരിസംഘത്തിന്‍റെയും ഹനീഫ ഗുരുക്കളുടെ എടപ്പാൾ എച്ച്.ജി.എസ് സംഘത്തിന്‍റെയും അടക്കം വീറും വാശിയും നിറഞ്ഞ പോരാട്ടത്തിനാണ് ഇത്തവണ ഏഴരക്കണ്ടം സാക്ഷ്യംവഹിച്ചത്.




Tags:    
News Summary - War story of a region

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.