നമുക്ക് സ്നേഹിക്കാൻ, നമ്മെ സ്നേഹിക്കാൻ ഒരാളുണ്ടാവണമെന്ന് ആഗ്രഹിക്കാത്തവർ ആരുമുണ്ടാകില്ല. വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുമ്പോൾ വലിയ സ്വപ്നങ്ങളാവും ഒരു വ്യക്തിയുടെ മനസ്സിലുണ്ടാവുക. അവസാനംവരെ എന്നോടൊപ്പമുണ്ടാകാൻ എന്‍റേതു മാത്രമായ ഒരാൾ എന്നതാണ് നമ്മുടെയൊക്കെ വിവാഹസ്വപ്നം.

നമുക്കു ചേർന്ന ജീവിതപങ്കാളിയെ കണ്ടെത്തുക എന്നത് ജീവിതത്തിൽ എടുക്കുന്ന സുപ്രധാന തീരുമാനമാണ്. എന്നാൽ, മാതാപിതാക്കളുടെയോ ബന്ധുക്കളുടെയോ ഒക്കെ നിർബന്ധപ്രകാരം ഒന്നും ആലോചിക്കാതെ വിവാഹം എന്ന തീരുമാനത്തിലേക്ക് എത്തുന്നവരുമുണ്ട്.

അത് എങ്ങനെയായിരുന്നാലും ഒരുമിച്ചു ജീവിക്കാൻ തീരുമാനിക്കുന്ന രണ്ടു വ്യക്തികളും ഒരുപോലെ ജീവിതം മെച്ചപ്പെടുത്തണം എന്ന ആഗ്രഹവും ക്ഷമയും ഉള്ളവരായിരിക്കണം. എങ്കിൽ മാത്രമേ അവരുടെ ജീവിതം സന്തോഷകരമായി മുന്നോട്ടുകൊണ്ടുപോകാൻ കഴിയുകയുള്ളൂ.

കാലം മാറി, കുടുംബജീവിതവും

സന്തോഷകരമായ കുടുംബജീവിതം എന്നാൽ ഭാര്യയും ഭർത്താവും പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന അന്തരീക്ഷമാണ്. പരമ്പരാഗത രീതിയിൽനിന്നുള്ള കാലാനുസൃത മാറ്റം ഇന്ന് കുടുംബജീവിതത്തിലും അവിടെ വ്യക്തികൾക്ക് കിട്ടേണ്ട പ്രാധാന്യത്തിലും വന്നിട്ടുണ്ട്.

അത് ഈ കാലത്ത് സംതൃപ്തമായ ജീവിതം നയിക്കാൻ ആവശ്യവുമാണ്. ഇന്ന് ഭാര്യയും ഭർത്താവും ജോലി ചെയ്ത് ഒരുപോലെ കുടുംബത്തിന്‍റെ സാമ്പത്തികവും കുട്ടികളുടെ കാര്യവും എല്ലാം ഏറ്റെടുത്ത് ചെയ്യുമ്പോൾ പുരുഷൻ-സ്ത്രീ എന്ന വ്യത്യാസം മുൻകാലങ്ങളെ അപേക്ഷിച്ച് കുറയും.


വ്യക്തി എന്ന നിലയിലുള്ള പ്രാധാന്യം

സ്ത്രീ-പുരുഷ വ്യത്യാസങ്ങൾക്ക് അപ്പുറം വ്യക്തി എന്ന നിലയിൽ കുടുംബത്തിനുള്ളിൽ ഒരാൾക്ക് എത്രമാത്രം പ്രാധാന്യം ലഭിക്കുന്നുണ്ട് എന്നത് പ്രധാനമാണ്. എന്നാൽ, ഇക്കാലത്തും ഭാര്യയുടെ മേൽ വളരെയധികം ഉത്തരവാദിത്തങ്ങൾ വരുന്ന കാഴ്ചകളും കാണാൻ കഴിയും. കുടുംബജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകുന്നതിന്‍റെ പ്രധാന കാരണം ഇങ്ങനെ അമിതഭാരം ഭാര്യയുടെയോ ഭർത്താവിന്‍റെയോ മേൽ വരുന്നതായിരിക്കാം.

അസംതൃപ്തിയുടെ മറ്റൊരു പ്രധാന കാരണം ഭാര്യയോ ഭർത്താവോ വിവാഹം കഴിഞ്ഞു എന്ന കാരണത്താൽ ഇഷ്ടങ്ങളും സൗഹൃദങ്ങളുമെല്ലാം ഉപേക്ഷിച്ച് ചിലപ്പോൾ ജോലി വരെ ഉപേക്ഷിച്ച് വീട്ടിൽ മാത്രം ഒതുങ്ങിപ്പോകുന്നതായിരിക്കാം.

രണ്ടു പേർക്കുമുണ്ട് ഇഷ്ടങ്ങളും വ്യക്തിസ്വാതന്ത്ര്യവും

നമ്മെ കംഫർട്ടബിൾ ആക്കുന്ന ഒരാൾക്കൊപ്പം സമയം ചെലവഴിക്കാനായിരിക്കും എല്ലാവരും ആഗ്രഹിക്കുന്നത്. കംഫർട്ട് എന്ന വാക്കുകൊണ്ട് എന്താണ് അർഥമാക്കുന്നത്? കുടുംബജീവിതത്തിൽ ഒരാൾ അനുസരിപ്പിക്കുന്ന ആളും മറ്റൊരാൾ അനുസരിക്കേണ്ട ആളും എന്നല്ല.

രണ്ടുപേർക്കും അവരുടേതായ ഇഷ്ടങ്ങളും വ്യക്തിസ്വാതന്ത്ര്യവുമുണ്ട്. ഒരു കാര്യം തീരുമാനിക്കണമെങ്കിൽ അത് മറ്റൊരാളുടെ വികാരത്തെ അമിതമായി വ്രണപ്പെടുത്തുന്നില്ല, മറ്റൊരാൾക്ക് വലിയ ദോഷമായി ഭവിക്കുന്നില്ല എങ്കിൽ അത് അയാൾക്ക് ചെയ്യാൻ കഴിയും.

ഒരുപാട് ആലോചിച്ചുകൂട്ടി വളരെ ശ്രദ്ധിച്ചുമാത്രമേ പങ്കാളിയോട് സംസാരിക്കാൻ കഴിയുകയുള്ളൂ എന്നിരിക്കട്ടെ. അങ്ങനെ ഒരു ബന്ധം സംതൃപ്തി നൽകുന്നതായിരിക്കുമോ? ഇപ്പോൾ എന്താണ് പുതിയ തലമുറ പ്രതീക്ഷിക്കുന്നത്? പരസ്പരം സ്നേഹിക്കാൻ കഴിയണം, തുറന്നുസംസാരിക്കാൻ കഴിയണം, ബുദ്ധിമുട്ടുണ്ടാകാത്ത തീരുമാനങ്ങൾ എടുക്കാൻ കഴിയണം.

സ്വാതന്ത്ര്യമാണ് പുതുതലമുറ മറ്റേതൊരു കാര്യത്തിലും എന്നതുപോലെ വിവാഹജീവിതത്തിലും ആഗ്രഹിക്കുന്നത്. ആ സ്വാതന്ത്ര്യത്തിനർഥം ആത്മാർഥത കൈവിടാതെ, വ്യക്തിസ്വാതന്ത്ര‍്യം ആസ്വദിച്ച് മുന്നോട്ടുപോകുക എന്നതാണ്.


പരസ്പരം സമയം കണ്ടെത്തുന്നുണ്ടോ?

സംസാരിക്കുമ്പോൾ പങ്കാളിയുടെ കണ്ണിലേക്കു നോക്കി വളരെ ശ്രദ്ധയോടെ അവരെ വീക്ഷിക്കാറുണ്ടോ? പലപ്പോഴും അവരവരുടെ ഫോണിലേക്കു നോക്കി ഒരു ഭാഗത്തുകൂടി പറയുന്നത് എന്തൊക്കെയോ കേൾക്കുന്നുണ്ട് എന്ന അവസ്ഥയാണോ ഉള്ളത്? പരസ്പരം ശ്രദ്ധിക്കുക, സമയം കണ്ടെത്തുക എന്നത് വിവാഹജീവിതം സന്തോഷകരമായി മുന്നോട്ടുപോകാൻ അത്യാവശ്യമാണ്.

ഒരുപാട് വർഷം ഒരുമിച്ച് കഴിഞ്ഞു. വിവാഹവാർഷികം ആഘോഷിക്കാൻ ഒരു റസ്റ്റാറന്‍റിലേക്ക് പോകുന്നു. അവിടെ പരസ്പരം സംസാരിക്കാതെ ശാന്തമായി ഇരിക്കുന്ന ദമ്പതികളെ സങ്കൽപിച്ചുനോക്കുക. സംതൃപ്തരായ ദമ്പതികൾ അങ്ങനെയായിരിക്കുമോ? സംതൃപ്തരായ ദമ്പതികൾ എല്ലാം പരസ്പരം സംസാരിക്കും, തമാശകൾ പറയും, ചിരിക്കും, വഴക്കുകൾ ഉണ്ടാവുകയില്ല എന്നല്ല ആ വഴക്കുകൾ പരിഹരിക്കണം എന്ന തീവ്രമായ ആഗ്രഹം രണ്ടുപേർക്കും ഉണ്ടായിരിക്കും. ആ ബന്ധം അവസാനിച്ചുപോവുക എന്നത് അവർക്ക് ചിന്തിക്കാൻപോലും കഴിയില്ല.


എന്തുകൊണ്ട് വിവാഹമോചനം വർധിക്കുന്നു?

വിവാഹമോചനം വർധിക്കുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിച്ചുനോക്കിയാൽ വിവിധ കാരണങ്ങൾ കാണാൻ കഴിയും. അത് സ്ത്രീകൾ ജോലിക്കു പോകാൻ തുടങ്ങിയതിന്‍റെ ഭാഗമാണ്, അവർക്ക് സ്വന്തമായി നിലനിൽക്കാൻ കഴിയും എന്ന അഹങ്കാരമാണ് എന്നൊക്കെ ചിലർ വാദിക്കാറുണ്ട്. ഇതിനൊപ്പംതന്നെ ആളുകൾ പറയുന്ന മറ്റൊരു കാരണമാണ് വ്യക്തികളിൽ സഹനശേഷി കുറഞ്ഞുവരുന്നു എന്നത്.

ഈ പറയുന്ന കാരണങ്ങൾ ചിലരുടെയൊക്കെ ജീവിതത്തിൽ ബാധിക്കുന്നു എങ്കിലും മനഃശാസ്ത്രപരമായ കാരണങ്ങൾ എന്തൊക്കെയെന്ന് പരിശോധിക്കാം.

● പൊരുത്തക്കേട് (incompatibility)

പരസ്പരമുള്ള പൊരുത്തം എത്രമാത്രം പ്രധാനമാണ് എന്നതിനെപ്പറ്റി ഇന്നത്തെ തലമുറക്ക് നല്ല ധാരണയുണ്ട്. തീരെ പൊരുത്തമില്ലാതെ, രണ്ടുപേർക്കും പൊതുവായി ഒരു ഇഷ്ടങ്ങളും ഇല്ലാതെ മുന്നോട്ടുപോകുന്നത് ഓരോ വ്യക്തിയുടെയും ജീവിതത്തെ ദുസ്സഹമാക്കും.

ഇക്കാരണത്താലാണ് പൊരുത്തക്കേട് വിവാഹമോചനത്തിന് ഒരു കാരണമാകുന്നത്. പരസ്പരം സംസാരിക്കാനോ കാണാനോ ഉള്ള അവസരങ്ങളില്ലാതെ അറേഞ്ച്ഡ് മാരേജ് നടത്തുന്നവർക്ക് പരസ്പരമുള്ള പൊരുത്തത്തിന് അത്ര പ്രാധാന്യം കിട്ടിയിട്ടുണ്ടോ എന്ന് സംശയമാണ്.

പ്രണയിച്ച് വിവാഹം കഴിക്കുന്നവർ വേർപിരിയുന്നില്ല എന്നല്ല. മുന്നോട്ടുള്ള ജീവിതയാത്രയിൽ പൊരുത്തക്കേടുകൾ കണ്ടുവരുമ്പോൾ അത് മനസ്സിലാക്കി കൂടുതൽ ജീവിതം ദുസ്സഹമാക്കാതെയിരിക്കുക എന്ന ഉദ്ദേശ്യത്തിലാണ് പലരും ഇന്ന് വിവാഹമോചനത്തെപ്പറ്റി ചിന്തിക്കുന്നത്.

● വൈകാരിക അടുപ്പമില്ലായ്മ (emotional unavailability)

നമ്മോടൊപ്പം സമയം ചെലവഴിക്കാൻ വൈകാരികമായി അടുത്തുനിൽക്കുന്ന ഒരു വ്യക്തി വേണം എന്ന് നാം ആഗ്രഹിക്കും. നമ്മൾ വൈകാരികമായി തകർന്നിരിക്കുമ്പോൾ ആശ്വസിപ്പിക്കാൻ അല്ലെങ്കിൽ സ്നേഹം പ്രകടിപ്പിക്കാൻ ഒരു വ്യക്തി വേണം എന്ന് ആഗ്രഹിക്കുമ്പോൾ പങ്കാളി അത് നൽകാൻ തയാറാകാതെയിരുന്നാലോ?

ഒരു വീട്ടിൽ രണ്ടു വ്യക്തികൾ ഒരുപാട് സമയം ചെലവഴിക്കുന്നു. പക്ഷേ, അവർ തമ്മിൽ വൈകാരിക അടുപ്പമില്ല. ഒരാൾക്ക് ഒരാവശ്യം ഉണ്ടാകുമ്പോൾ, സങ്കടം ഉണ്ടാകുമ്പോൾ മറ്റേയാൾ കൂടെയുണ്ട് എന്ന വിശ്വാസമില്ല. ഇതൊക്കെ വിവാഹമോചനത്തിന് കാരണമാകുന്നു.

മുൻകാലങ്ങളിൽ ഇവയെക്കാളും ഒക്കെ ഏറ്റവും പ്രധാനം കുട്ടികളുടെ ജീവിതമായിരുന്നു. അതുകൊണ്ടുതന്നെ എങ്ങനെയും അഡ്ജസ്റ്റ് ചെയ്ത് പോവുക എന്ന ചിന്തയായിരുന്നു ഉണ്ടായിരുന്നതെങ്കിൽ ഇന്ന് ഓരോ വ്യക്തിയുടെയും ജീവിതം എത്ര പ്രധാനമാണ് എന്ന ചിന്താമാറ്റം ഓരോരുത്തർക്കും ഉണ്ട്. പരസ്പരം വഴക്കുകൂടിയും വെറുത്തും കരഞ്ഞും ജീവിതം കൂടുതൽ ദുസ്സഹമാക്കേണ്ടതില്ല എന്ന ചിന്താഗതിയിലേക്ക് ആളുകൾ മാറിക്കൊണ്ടിരിക്കുന്നതായി കാണാൻ കഴിയും.


● അവിശ്വാസം (Infidelity)

പങ്കാളി തന്നെ ചതിക്കുകയാണ് എന്ന ചിന്ത ഒരു വ്യക്തിയിലുണ്ടായാലോ? പങ്കാളിയെ സംശയമുള്ള ആളുകളുണ്ട്. അതിനെ സംശയരോഗം എന്നു പറയും. അതിന് യാഥാർഥ‍്യവുമായി ഒരു ബന്ധവും ഉണ്ടാവില്ല. അത് വെറും തോന്നൽ മാത്രമായിരിക്കും. എന്നാൽ, യഥാർഥത്തിൽ വിവാഹജീവിതത്തിൽ ആയിരിക്കെതന്നെ മറ്റൊരു ബന്ധത്തിലേക്ക് കടക്കുന്ന അവസ്ഥയുണ്ടായാലോ?

പങ്കാളിയെ വിശ്വസിക്കാൻ കഴിയില്ല എന്ന ചിന്തയും മറ്റു ബന്ധങ്ങളിലേക്ക് പങ്കാളി പോവുകയും ചെയ്യുന്നത് വിവാഹജീവിതത്തിന്‍റെ അർഥം നഷ്ടമാക്കും. ഇന്ന് കുറെ കൂടി ആത്മവിശ്വാസവും വിദ്യാഭ്യാസവും ഒക്കെ ആളുകളിൽ ഉള്ളപ്പോൾ അംഗീകരിക്കാൻ പറ്റാത്ത കാര്യങ്ങളെ നാളുകളോളം സഹിക്കേണ്ടതില്ല എന്ന തിരിച്ചറിവ് പുതിയ തലമുറയിൽ ഉണ്ടായിവരുന്നുണ്ട്.

● മദ്യപാനം, മയക്കുമരുന്ന്, അക്രമസ്വഭാവം

ഏറെ പ്രാധാന്യമുള്ള മറ്റൊരു പ്രശ്നമാണ് പങ്കാളിയിലെ അമിത മദ്യപാനം, മയക്കുമരുന്നിന്‍റെ ഉപയോഗം, അക്രമസ്വഭാവം എന്നിവ. ഇക്കാലത്തും അഭ്യസ്തവിദ്യരായ വ്യക്തികൾ പോലും സ്ത്രീധനത്തിന്‍റെ പേരിലും മറ്റും ക്രൂരപീഡനങ്ങൾ ഏൽക്കേണ്ടിവരുമ്പോൾ പുറത്തേക്കു വരാൻ ആത്മവിശ്വാസം നേടിയെടുക്കാതെ ആത്മഹത്യക്ക് കീഴടങ്ങുന്ന അവസ്ഥയുണ്ട്. ക്രൂരതക്ക് ഇരയായി മുന്നോട്ടുപോകാൻ തയാറാവുക എന്നതല്ല കുടുംബജീവിതം എന്ന അറിവ് മാതാപിതാക്കൾ മക്കൾക്ക് പകർന്നുകൊടുക്കണം.

വിവാഹത്തിന് തയാറെടുക്കാം, മാനസികമായി

വിവാഹം എന്നത് എന്തെല്ലാം കാര്യങ്ങളുടെ കൂടിച്ചേരലാണെന്ന അറിവ് വിവാഹിതരാകുന്നവർക്കു വേണം. പരസ്പര സ്നേഹം, വിശ്വാസം, ബഹുമാനം, കരുതൽ, പങ്കുവെക്കൽ, ലൈംഗികത ഇങ്ങനെ എല്ലാത്തിന്‍റെയും കൂടിച്ചേരലാണത്. പരസ്പരം തൃപ്തിപ്പെടുത്താൻ കഴിയുക എന്നതാണ് വിവാഹത്തിന്‍റെ വിജയം എന്ന് മനസ്സിലാക്കി ജീവിതം തുടങ്ങണം.

സിനിമയിൽ കാണുന്നതും ഭാവനയിൽ ഉള്ളതുമായ പ്രണയവും ലൈംഗികതയും അതേപടി യഥാർഥ ജീവിതത്തിൽ സാധ്യമാകാതെ പോകുന്നു എന്ന ഷോക്ക് ചിലരുടെ മനസ്സിൽ ഉണ്ടായേക്കാം. അങ്ങനെ സങ്കടപ്പെട്ടുപോകുന്നതിനു പകരം ഓരോ ദിവസം മുന്നോട്ടുപോകുമ്പോഴും എല്ലാം മെച്ചപ്പെടുത്തിയെടുക്കാൻ സാധ്യമാകുന്ന വിധത്തിലേക്ക് രണ്ടുപേരും ചേർന്ന് ശ്രമങ്ങൾ നടത്തണം.

പൊതുവായുള്ള ഇഷ്ടങ്ങൾ എന്തെല്ലാമെന്ന് കണ്ടെത്തി അതിനായി ഒരുമിച്ചു സമയം ചെലവഴിക്കുമ്പോഴാണ് സംതൃപ്തരാകാൻ കഴിയുന്നത്. അതോടൊപ്പം വ്യക്തിപരമായ ജീവിതലക്ഷ്യങ്ങളും ഇഷ്ടങ്ങളും ബാലൻസ് ചെയ്യാൻ കഴിയണം. വിവാഹം കഴിച്ചു എന്ന കാരണത്താൽ എല്ലാ സ്വപ്നങ്ങളും വേണ്ടെന്നുവെച്ച് ജീവിക്കേണ്ടിവരുന്നതും സന്തോഷം നഷ്ടമാക്കും.

ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

● പരസ്പരം ആത്മാർഥത നിലനിർത്താനും സത്യസന്ധമായി സംസാരിക്കാനും ഇരുവരും ശ്രമിക്കണം.

● വിവാഹജീവിതം അർഥപൂർണമാണെന്നു തോന്നാൻ ചെയ്യേണ്ടത് എന്തെല്ലാമാണെന്ന് പരസ്പരം സംസാരിച്ച് കണ്ടെത്തണം.

● നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ പങ്കാളി നിങ്ങൾക്കൊപ്പം നിൽക്കുകയും പ്രചോദനം നൽകുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

● രണ്ടുപേരും ചേർന്ന് ജീവിതത്തിൽ ചില ലക്ഷ്യങ്ങൾ ഉണ്ടാക്കണം. ഒരാളുടെ വിജയം മറ്റേയാൾക്കും സന്തോഷം ഉണ്ടാക്കുന്നതാണെന്ന് പരസ്പരം ഉറപ്പുവരുത്തണം.

● നിങ്ങൾക്ക് നിങ്ങൾ എത്ര പ്രധാനമാണോ അതുപോലെതന്നെ പങ്കാളിയും പ്രധാനമാണ് എന്ന ചിന്ത പരസ്പരം വളർത്തിയെടുക്കണം.


ദൃഢമാവട്ടെ ബന്ധങ്ങൾ

● നിങ്ങൾ കുടുംബത്തിനുവേണ്ടിയും അല്ലാതെയും ചെയ്യുന്ന കാര്യങ്ങൾ നിങ്ങളുടെ പങ്കാളി പരിഗണിക്കുന്നു എന്ന ചിന്ത പരസ്പരം ഉണ്ടാക്കിയെടുക്കണം.

● എത്ര തിരക്കാണെങ്കിലും പരസ്പരം സംസാരിക്കാൻ എല്ലാ ദിവസവും സമയം കണ്ടെത്തണം. രണ്ടുപേരും രണ്ടു സ്ഥലങ്ങളിൽ ആയിരിക്കുന്നതും ഫോണിൽ പോലും സംസാരിക്കാൻ സമയം ഇല്ലാതെ വരുന്നതും പരസ്പരം അകലാനുള്ള കാരണമായി ഇന്ന് പലരും പറയുന്നു.

● പരസ്പരം സുഹൃത്തുക്കളാകാൻ ശ്രമിക്കണം. രണ്ടുപേരും ഒന്നാണെന്ന ഒരു ഐഡന്റിറ്റിതന്നെ ഉണ്ടാക്കിയെടുക്കണം. ഒരുമിച്ചു യാത്രചെയ്യാനും മറ്റിടങ്ങളിൽ പോകാനും ശ്രമിക്കണം.

● അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട് എന്ന് മനസ്സിലാക്കി തുറന്നു സംസാരിക്കാനും അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാനുമുള്ള മനസ്സുണ്ടാക്കിയെടുക്കണം.

● പങ്കാളിയുടെ വിജയത്തിൽ ഒപ്പം ആനന്ദിക്കുകയും പരാജയങ്ങൾ സംഭവിക്കുമ്പോൾ താങ്ങായി ഒപ്പം നിൽക്കുകയും വേണം.

● മുമ്പ് ഒരുമിച്ചെടുത്ത തീരുമാനങ്ങളിൽ ജീവിതം മുന്നോട്ടുപോകുമ്പോൾ വ്യത്യാസങ്ങൾ വരുത്തേണ്ടിവന്നേക്കാം എന്ന യാഥാർഥ്യം ഉൾക്കൊണ്ട് പരസ്പരം അംഗീകരിക്കാനും കൂട്ടായ മാറ്റങ്ങൾ വരുത്താനും ശ്രമിക്കണം.




Tags:    
News Summary - Make married life beautiful

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.