ഇനിയും തണുത്തില്ലേ? വഴിയുണ്ട്

ചൂട് കാലത്ത് ഫാനോ എ.സിയോ ഇല്ലാതെ വീടിനകത്ത് ഒരു നിമിഷംപോലും ഇരിക്കാൻ പറ്റാത്ത അവസ്ഥയാണ്. എന്നാൽ, ചൂട് കുറക്കാൻ ഫാനും എ.സിയും ഇടുന്നതും ജനാലകൾ പകൽ തുറന്നിടുന്നതുമെല്ലാം പലപ്പോഴും വിപരീത ഫലമാണുണ്ടാക്കുക. വീടകത്ത് ചൂട് കുറക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളിതാ...

മേല്‍ക്കൂര

● ക്ലൈമറ്റിക് കൺട്രോൾ ഷീറ്റ്

മേൽക്കൂരയിലെ ഓടിനോ മെറ്റൽ ഷീറ്റിനോ അടിയിൽ വിരിക്കുന്ന കനം കുറഞ്ഞ ഷീറ്റിനെയാണ് ക്ലൈമറ്റിക് കൺട്രോൾ ഷീറ്റ് അല്ലെങ്കിൽ ‘ഹീറ്റ് റിഫ്ലക്ടിവ് അണ്ടർലേ’ എന്നു പറയുന്നത്. ചൂട് കടത്തിവിടില്ലെന്നതാണ് ഇവയുടെ പ്രധാന സവിശേഷത.

ചൂട് കുറക്കുക എന്നതിനൊപ്പം ചോർച്ച ഒഴിവാക്കാനും ഇത്തരം ഷീറ്റുകൾ പ്രയോജനപ്പെടുത്താം. ഇവയിൽ ഈർപ്പം പിടിക്കില്ല. വെള്ളം വീണാൽ കേടാകുകയുമില്ല.

● വാക്വം സ്പേസ്

മേൽക്കൂരയിലെ ഓട് അല്ലെങ്കിൽ ഷീറ്റിനും ക്ലൈമറ്റിക് കൺട്രോൾ ഷീറ്റിനും ഇടയിൽ ചെറിയ വിടവ് വരുന്ന രീതിയിൽ മേൽക്കൂര നിർമിക്കാം. അപ്പോൾ നടുവിലുള്ള ‘വാക്വം സ്പേസ്’ ചൂടുവായുവിനെ പുറന്തള്ളാനുള്ള ‘വെന്‍റിലേഷൻ ട്രാക്ക്’ ആയി പ്രവർത്തിക്കും. വായു കടക്കാൻ മേൽക്കൂരയുടെ വശങ്ങളിൽ പിടിപ്പിക്കാവുന്ന പ്രത്യേക വെന്റിലേഷനുകള്‍ ഇപ്പോൾ ലഭ്യമാണ്. പക്ഷികളും മറ്റു ജീവികളും ഉള്ളിലേക്കു കടക്കാത്ത വിധത്തിലാണ് ഇവയുടെ ഡിസൈൻ.

● ഓപൺ ടെറസിൽ ഗ്ലേസ്ഡ് ഫിനിഷിലുള്ള ടൈൽ ഒട്ടിക്കുന്നത് വീടിനുള്ളിലേക്ക് ചൂട് കടക്കുന്നത് കുറക്കും. ഇതിനായുള്ള ‘കൂൾ റൂഫ് ടൈൽ’ വിപണിയിൽ ലഭ്യമാണ്.

● ട്രസ് റൂഫ്

മുകളിൽ രണ്ടാമതൊരു മേൽക്കൂര അഥവാ ‘ട്രസ് റൂഫ്’ നൽകുകയാണ് വീടിനുള്ളിലെ ചൂട് കുറക്കാനുള്ള ഏറ്റവും ഫലപ്രദ മാർഗം. ഉള്ളിലെ മേൽക്കൂരയിൽ നേരിട്ട് വെയിലടിക്കില്ലെന്നതാണ് ഇതിന്‍റെ മെച്ചം. ട്രസ് റൂഫിനു മുകളിൽ ഓട് മേയുന്നതാണ് ഏറ്റവും ഫലപ്രദം.

സാധാരണ കളിമൺ ഓട്, സെറാമിക് ഓട് എന്നിവയെല്ലാം ഉപയോഗിക്കാം. ഇറക്കുമതി ചെയ്യുന്ന ആകർഷകമായ നിറത്തിലും ഡിസൈനിലുമുള്ള ഓടുകളും ഇപ്പോൾ സുലഭമാണ്. വലുപ്പവും ഉറപ്പും കൂടിയ കോൺക്രീറ്റ് ഓടുകളും വിപണിയിലുണ്ട്.

● ഈർപ്പം നിലനിർത്താം

ടെറസില്‍ ടാര്‍പായ വലിച്ചുകെട്ടിയശേഷം അതില്‍ വെള്ളം നിറക്കാവുന്നതാണ്. നനഞ്ഞ ചണച്ചാക്കുകളും തുണികളും ടെറസില്‍ വിരിക്കുന്നതും ഗുണം ചെയ്യും. ടെറസില്‍ നേരിട്ട് വെള്ളം നിറച്ചാല്‍ അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.

കർട്ടൻ

● കട്ടി കൂടിയ കർട്ടൻ ഒഴിവാക്കാം. ജനാലയുടെ കര്‍ട്ടന്‍, ബെഡ് ഷീറ്റ്, വസ്ത്രങ്ങള്‍ എന്നിവയെല്ലാം വെള്ള, ഇളം നിറങ്ങള്‍ തിരഞ്ഞെടുക്കാം. കോട്ടണ്‍ തുണിത്തരങ്ങള്‍ ഉപയോഗിക്കുന്നതും ഗുണം ചെയ്യും.

● ബെഡ്ഷീറ്റ്, കുഷ്യൻ കവറുകൾ തുടങ്ങിയവ കോട്ടൺ തുണിയുടേതാക്കാം. കനം കുറഞ്ഞതും ഇളംനിറങ്ങളിലുള്ളതുമായ കോട്ടൺ തുണിയാണ് വേനൽക്കാലത്തിന് അനുയോജ്യം.

വെന്‍റിലേഷന്‍

ഇരുനില വീടുകളാണെങ്കില്‍ താഴെ നിലയില്‍നിന്ന് ചൂടുപിടിച്ച് മുകളിലേക്കുയരുന്ന വായു പുറത്തേക്കു തള്ളാന്‍ താഴെ നിലയില്‍ വലിയ വെന്‍റിലേഷന്‍ സംവിധാനമൊരുക്കണം. വീടിനുള്ളില്‍ വായുസഞ്ചാരം ഉറപ്പാക്കാന്‍ ക്രോസ് വെന്‍റിലേഷന്‍ സഹായിക്കും. കോര്‍ണര്‍ വിന്‍ഡോ നല്‍കുന്നുണ്ടെങ്കില്‍ ആവശ്യമായ സണ്‍ഷീല്‍ഡ് നല്‍കാന്‍ മറക്കരുത്.

പെയിന്‍റ്

● വേനൽക്കാലം തുടങ്ങുന്നതിനുമുമ്പ് ടെറസ് കഴുകി വൃത്തിയാക്കി പായലും ചളിയുമെല്ലാം മാറ്റിയശേഷം വൈറ്റ് സിമന്‍റ് അടിക്കാം.

● റൂഫില്‍ ഹീറ്റ് റിഫ്ലക്ടിങ് വൈറ്റ് പെയിന്‍റ് ഉപയോഗിക്കുന്നതും നല്ലതാണ്.

● ഉള്ളിലെ ചുമരുകൾക്ക് ഇളം നിറം നൽകാം. കടുംനിറത്തിലുള്ള പെയിന്‍റ് ചൂട് ആഗിരണം ചെയ്യുകയാണ് പതിവ്. ഇളം പച്ച, നീല തുടങ്ങി കൂൾ നിറങ്ങളോ വെള്ളയോ നൽകാം.

● ചൂട് ഉള്ളിലേക്കു കടത്തിവിടുന്നത് തടയുന്ന, പലതരം തെർമൽ കോട്ടിങ്ങുകളും വിപണിയിൽ ലഭ്യമാണ്. ബിറ്റുമിൻ, ലാറ്റക്സ് എന്നിവയുടെയൊക്കെ കോട്ടിങ് ലഭ്യമാണ്.

● നീല, കറുപ്പ് പോലുള്ള നിറങ്ങള്‍ വേനല്‍ക്കാലത്ത് വീട്ടില്‍നിന്ന് ഒഴിവാക്കാം.

ജനാലയും വാതിലും തുറന്നിടണോ?

● വേനൽക്കാലത്ത് വീട്ടിലെ ചൂട് കുറക്കാൻ വാതിലും ജനാലയുമെല്ലാം തുറന്നിടുന്നവരാണ് നമ്മളിൽ പലരും. എന്നാൽ, ഇത് വീടിനുള്ളിലെ ചൂട് കൂട്ടുകയാണ് ചെയ്യുന്നത്.

വീടിനുള്ളിലെ വസ്തുക്കളെ ചൂട് ബാധിക്കുകയും മുറികളിൽ ചൂട് നിലനിൽക്കുകയും ചെയ്യും. അതിനാൽ, പകൽ മുഴുവനും ജനാല അടച്ചിടാം. ജനാലയിൽ സൂര്യപ്രകാശം കടക്കാൻ സാധിക്കാത്ത വിധം കൂളിങ് ഫിലിം ഒട്ടിക്കുകയോ പകൽ കർട്ടൻ ഇട്ട് മൂടുകയോ ചെയ്യാം.

● ജനാല പകല്‍ തുറന്നിടുന്നതിന് പകരം രാത്രിയില്‍ തുറന്നിടണം. ഇത് തണുത്ത വായു വീടിനകത്ത് കയറുന്നതിന് സഹായിക്കും. ക്ഷുദ്രജീവി ഭയം ഉണ്ടെങ്കില്‍ വൈകീട്ട് തുറന്നിട്ടശേഷം രാത്രിയില്‍ കിടക്കുന്നതിനുമുമ്പ് അടച്ചിടാം. മുകളിലത്തെ നിലയില്‍ കിടക്കുന്നവരും ജനാല തുറന്നിടുന്നത് ചൂട് കുറക്കും.

● ടേബ്ള്‍ ഫാന്‍ ഉപയോഗിക്കുമ്പോൾ ജനാലയോട് ചേർത്തുവെക്കാം. ഇത് വീടിനുള്ളിലെ ചൂടുവായു പുറത്തേക്കും പുറത്തെ തണുത്ത വായു അകത്തേക്കും പ്രവേശിക്കാൻ സഹായിക്കും.

● പലരും ചെയ്യുന്ന അബദ്ധം വീടിന്റെ താഴത്തെ നിലയിലെ ജനാലകൾ മാത്രം തുറന്നിട്ട് മുകളിലെ നിലയിലുള്ളതു തുറക്കാതിരിക്കുന്നതാണ്. ഇതിനാൽ വീട്ടിലേക്കു കയറിവരുന്ന ചൂടു വായു മുഴുവൻ മുകളിലേക്കു പോകും. അതവിടെ കുടുങ്ങിക്കിടക്കും. ഇതൊഴിവാക്കാൻ താഴത്തെയും മുകളിലെയും ജനാലകൾ തുറന്നിടാൻ ശ്രദ്ധിക്കുക.

ചെടിയും മരങ്ങളും

● ഗ്രീന്‍ റൂഫിങ്/ ടെറസ് ഗാർഡൻ

പരന്ന മേല്‍ക്കൂരയുള്ള വീടുകളില്‍ റൂഫ് ടോപ് ഗാര്‍ഡന്‍, വെജിറ്റബിള്‍ ഗാര്‍ഡന്‍ എന്നിവ പരീക്ഷിക്കാം. പന്തലായി പടര്‍ത്താന്‍ പറ്റുന്ന ചെടികള്‍ വളർത്താം. ഈ ഗ്രീന്‍ റൂഫിങ് വീടിനുള്ളിലെ ചൂട് കുറക്കാന്‍ സഹായിക്കും. ശരിയായ രീതിയിൽ വാട്ടർപ്രൂഫിങ് സംവിധാനങ്ങൾ ഒരുക്കി ജിയോ ബ്ലാങ്കറ്റ് വിരിച്ചശേഷം വേണം ടെറസിൽ മണ്ണ് നിറക്കാനും ചെടികളും പച്ചക്കറികളും നടാനും.

● വീടിനുള്ളിൽ ഇന്‍റീരിയർ പ്ലാന്‍റ്സ് വെക്കാം. അന്തരീക്ഷം തണുപ്പിക്കാൻ ചെടികൾക്കു കഴിയും.

● മേൽക്കൂരയിലും ചുമരിലും നേരിട്ട് വെയിലടിക്കുന്നത് തടയാൻ കഴിയുന്ന മരങ്ങൾ വളർത്താം.

● പടിഞ്ഞാറുനിന്നുള്ള കാറ്റിന്‍റെ ഗതിയുടെ തടസ്സം നീക്കാം. മരമാണെങ്കിൽ ചില്ലകളൊന്ന് ഒതുക്കി നിർത്താം. തെക്കുനിന്നാകും ഏറ്റവും കൂടുതൽ ചൂടുള്ള വെയിൽ വീട്ടിലേക്ക് അടിക്കുന്നത്. ആ ഭാഗത്ത് കർട്ടൻ വാൾസ് പോലുള്ള ചൂടിനെയും വെയിലിനെയും തടയുന്ന നിർമിതികൾ കൊണ്ടുവരാം.

കയറുകൊണ്ടുള്ള ജിയോ ടെക്സ്റ്റൈൽ ഒക്കെ ലഭ്യമാണ്. അതു ചെയ്ത് ചെറിയ പാർട്ടീഷൻ കൊടുത്തിടാം. അല്ലെങ്കിൽ അത് മുകളിലെ സൺഷെയ്ഡിൽനിന്ന് താഴേക്കു തൂക്കിയിടാം. വള്ളിച്ചെടികൾ പടർത്താം. വെയിലടിക്കാതിരിക്കാൻ പകൽ 10 മുതൽ മൂന്നുവരെ കർട്ടനുകൾ ഇടാം.



ഫാൻ, എ.സി


● ഇൻകാൻഡസന്റ് ബൾബുകൾ കൂടുതൽ നേരം പ്രകാശിപ്പിക്കുന്നത് ചൂടു കൂട്ടും. പരമാവധി എൽ.ഇ.ഡി ബൾബുകൾ ഉപയോഗിക്കാം.


● ജനലിന്റെ മുകൾഭാഗത്ത് എക്സ്ഹോസ്റ്റ് ഫാൻ പിടിപ്പിച്ച് വൈകുന്നേരങ്ങളിൽ ഇതു പ്രവർത്തിപ്പിച്ചാൽ ചൂടുവായു പുറന്തള്ളാം.


● ഓവൻ, സ്റ്റൗ, ഹെയർ ഡ്രയർ എന്നിങ്ങനെ വീടിനുള്ളിൽ ചൂടുകൂട്ടുന്ന ഉപകരണങ്ങളുടെ ഉപയോഗം കുറക്കാം.


● സീലിങ് ഫാനാണെങ്കിലും പോർട്ടബ്ൾ ഫാനാണെങ്കിലും കാറ്റ് എല്ലാ ഭാഗങ്ങളിലേക്കും എത്തുന്നുണ്ടെന്ന് ഉറപ്പാക്കണം.


● വീടിനകത്തെ ചൂടുവായു പുറത്തേക്ക് പോകുന്നുണ്ടെങ്കിലും തണുത്ത വായു അകത്ത് കയറാൻ വഴികളുണ്ടെന്നും ഇന്‍റീരിയർ ഡിസൈൻ ചെയ്യുമ്പോൾ ഉറപ്പാക്കുക.


● പോർട്ടബ്ൾ ഫാനുകൾക്ക് മുന്നിലായി ഐസ് പാത്രം വെക്കുന്നത് തണുത്ത വായു വ്യാപിക്കാൻ സഹായിക്കും.


● എ.സി ഉപയോഗിക്കുമ്പോൾ ചെറിയ കാറ്റിൽ ഫാൻ കൂടിയിട്ടാൽ തണുപ്പു കുറച്ചധികം ദൂരത്തേക്കുകൂടി വ്യാപിപ്പിക്കാൻ സാധിക്കും.





Tags:    
News Summary - Reduce indoor heat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.