അടുത്തിടെ ഒരു സാധാരണ മനുഷ്യന്‍റെ അനുഭവ കഥ കേട്ടു. നന്നായി അധ്വാനിക്കുന്ന ഒരാൾ. ബാങ്കിൽനിന്ന് ലോണെടുത്ത് അദ്ദേഹം ഇടത്തരം വീട് വെച്ചു. എന്നാൽ, അതിൽ താമസം തുടങ്ങാതെ അദ്ദേഹം വാടകവീട്ടിൽ തന്നെ തുടർന്നു.

പണിത വീട് മറ്റൊരാൾക്ക് വാടകക്ക് കൊടുത്തു. അങ്ങനെ ലഭിച്ച വാടക കൊണ്ട് ബാങ്ക് ലോൺ അടച്ചുകൊണ്ടിരുന്നു. കുറച്ചു വർഷങ്ങൾക്ക് ശേഷം വീണ്ടും ലോൺ എടുത്തു മറ്റൊരു വീട് വെച്ചു. എന്നാൽ, പുതിയ വീട്ടിലും അദ്ദേഹം താമസിച്ചില്ല.

വാടക വീട്ടിൽ തന്നെ തുടർന്നു. പുതിയ വീടും വാടകക്ക് കൊടുത്ത് അതിൽനിന്നും കിട്ടിയ വാടക പണം കൊണ്ട് രണ്ടാമത്തെ ബാങ്ക് ലോണും അടച്ചുകൊണ്ടിരുന്നു. ചെറിയ കാലയളവിനു ശേഷം മൂന്നാമതും ലോൺ എടുത്ത് മൂന്നാമത്തെ വീടും അദ്ദേഹം പണിതു. അങ്ങനെ അവസാനം പണിതീർത്ത് മൂന്നാമത്തെ വീട്ടിൽ അദ്ദേഹം താമസം തുടങ്ങി.

ഒരു വീടിനു പകരം മൂന്ന് വീടുകൾ സ്വന്തമാക്കുന്നത് വരെ കഥാനായകൻ വാടക വീടുകൾ മാറിമാറി കഴിഞ്ഞു. സ്വന്തം വീട്ടിൽ സ്വസ്ഥമായി കഴിയുന്നതിനൊപ്പം അദ്ദേഹം മറ്റു രണ്ടു വീടുകൾ കൂടി സമ്പാദ്യമാക്കി മാറ്റി എന്നതാണ് കഥയുടെ ചുരുക്കം. ഇതിൽ അദ്ദേഹത്തിന് അനുഗുണമായി സ്വന്തം സ്ഥലം, മികച്ച ജോലി എന്നിവയൊക്കെ ഘടകങ്ങളായി വന്നിട്ടുണ്ടാകും.

ഇത്തരം അനുഭവങ്ങൾ മുൻനിർത്തി, വീട് വെക്കുന്നതിനേക്കാൾ വാടകക്ക് താമസിച്ചു സമ്പാദ്യം വളർത്തുന്നതാണ് പുതിയ കാലത്തു മികച്ച സാമ്പത്തിക തീരുമാനമെന്ന് വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. അതെത്ര മാത്രം ശരിയാണെന്ന് പരിശോധിക്കാം.

ഒരാളുടെ സാമ്പത്തിക അവസ്ഥയെയും ജീവിത സാഹചര്യങ്ങളെയും അടിസ്ഥാനമാക്കിയാണ് വീട് വാങ്ങണമോ വാടകക്ക് താമസിക്കണമോ എന്ന് തീരുമാനിക്കുന്നത്. രണ്ട് തീരുമാനങ്ങൾക്കും അതിന്‍റേതായ മികവും ദോഷവുമുണ്ട്.


വാടകക്കൊരു വീടിന്‍റെ ഗുണങ്ങൾ

1. എളുപ്പത്തിൽ ഏത് നാട്ടിലേക്കും പോകാം. ജോലിയുടെ ഭാഗമായി അടിക്കടി സ്ഥലം മാറ്റം കിട്ടുന്നവർക്ക് അനുഗുണം. മൂന്ന് മാസത്തെ വാടക മുൻകൂറായി നൽകി ഇഷ്ടപ്പെട്ടയിടത്തു താമസിക്കാം.

2. വീടിന്‍റെ അറ്റകുറ്റപ്പണികൾ നടത്തേണ്ട ബാധ്യതയില്ല. വീട്ടുടമയാണ് അത് ചെയ്യേണ്ടത്.

3. ഫ്ലാറ്റുകളിലോ അപ്പാർട്ട്മെന്‍റുകളിലോ അധിക തുക നൽകാതെ സ്വിമ്മിങ് പൂൾ, ജിം, മറ്റ് പൊതുഇടങ്ങൾ എന്നിവ ഉപയോഗിക്കാം.

പോരായ്മകൾ

1. മാസാമാസം വാടക തുക നൽകേണ്ടി വരുന്നു. അതിലൂടെ താമസിക്കുന്ന വീടിന്‍റെ ഉടമസ്ഥത ലഭിക്കുന്നുമില്ല.

2. താമസിക്കുന്നിടത്ത് സ്വന്തം താൽപര്യത്തിന് അനുസരിച്ചു രൂപമാറ്റം വരുത്താൻ കഴിയില്ല.

3. നിശ്ചിത ഇടവേളകളിൽ വാടക കൂടിക്കൊണ്ടിരിക്കും. കെട്ടിട ഉടമയുടെ നിർദേശങ്ങൾ അനുസരിച്ചു ജീവിതം ക്രമപ്പെടുത്തേണ്ടി വരും.

വീട് വാങ്ങുമ്പോൾ നേരിടുന്ന വെല്ലുവിളികൾ

1. മൊത്തം വിലയുടെ 20 ശതമാനം വരെ ഡൗൺ പേമെന്‍റ് നൽകേണ്ടി വരും.

2. വസ്തു നികുതി, അറ്റകുറ്റപ്പണി തുടങ്ങിയ ആവർത്തിക്കുന്ന ചെലവുകൾ.

3. മറ്റൊരിടത്തേക്ക് താമസം മാറ്റേണ്ടി വന്നാൽ വിൽക്കുന്നതിലെ കാലതാമസം.


വീട് വാങ്ങുന്നതിന്‍റെ ഗുണങ്ങൾ

1. സ്വന്തം വീട് എന്ന സുരക്ഷിതത്വം ലഭിക്കുന്നു.

2. ലോൺ അടക്കുമ്പോൾ അതിലൂടെ വീട് സമ്പാദ്യമായി മാറുന്നു.

3. കാലം കഴിയുന്തോറും വിപണിയിൽ മൂല്യം ഏറുന്നു.

തീരുമാനം നിങ്ങളുടേത്

പുതിയ വീട് ഉടൻ വാങ്ങാതെ വാടക വീട്ടിൽ കഴിഞ്ഞുകൊണ്ട്, വീട് വാങ്ങാനായി ചെലവഴിക്കേണ്ട തുക കൃത്യമായി നിക്ഷേപിച്ചാൽ ലോൺ എടുക്കാതെ തന്നെ ഭാവിയിൽ വീട് വാങ്ങാമെന്ന സങ്കൽപം സമൂഹ മാധ്യമങ്ങളിൽ അടുത്തിടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഇന്ന് 50 ലക്ഷം രൂപ വില വരുന്ന വീട് 40 ലക്ഷം രൂപ ലോൺ എടുത്ത് വാങ്ങിയെന്ന് കരുതുക. അടുത്ത 20 വർഷം കൊണ്ട് ഇ.എം.ഐ അടച്ചുതീരുമ്പോൾ വസ്തുവിന് അന്ന് കൈവരുന്ന മതിപ്പ് വിലയേക്കാൾ കൂടിയ സമ്പാദ്യം വാടക വീട്ടിൽ താമസിച്ച് മികച്ച നിക്ഷേപ മാർഗങ്ങൾ പിന്തുടർന്നാൽ ഒരാൾക്ക് കൈവരിക്കാമെന്നാണ് വാദം. ഈ വാദത്തിലെ ഓരോ ഘടകങ്ങളും പരിശോധിച്ചാൽ സാധാരണക്കാർക്ക് അപ്രാപ്യമാണെന്ന് മനസ്സിലാകും.

● ഉദാഹരണം:

വീട് വാങ്ങുമ്പോൾ

മൊത്ത വില -50 ലക്ഷം

ലോൺ -40 ലക്ഷം

ഡൗൺ പേമെന്‍റ് -10 ലക്ഷം

ലോൺ കാലാവധി -20 വർഷം

പലിശ -ഒമ്പതു ശതമാനം

ഇ.എം.ഐ -35,000 (ഏകദേശം)

50 ലക്ഷം രൂപ വില മതിക്കുന്ന വീട് 40 ലക്ഷം രൂപ ലോണെടുത്തു വാങ്ങി 20 വർഷംകൊണ്ട് അടച്ചുതീർക്കുമ്പോൾ പലിശയടക്കം 86 ലക്ഷം രൂപയാകും. ഇക്കാലം കൊണ്ട് റിയൽ എസ്റ്റേറ്റ് മേഖലക്ക് ഒമ്പത് ശതമാനം വളർച്ച കൂടിയാൽ പോലും വാങ്ങിയ വീടിനു 93 ലക്ഷം രൂപ മതിപ്പ് വില വരികയില്ല.

അത് മുൻനിർത്തിയാണ് വാടക വീട്ടിൽ താമസിക്കുന്നതാണ് മികച്ച സാമ്പത്തിക തീരുമാനമെന്ന് വിലയിരുത്തുന്നത്. എന്നാൽ, അതെത്രമാത്രം ശരിയാണെന്ന് നോക്കാം.

വാടക വീടും സമ്പാദ്യവും

● വാടക വീടിന്‍റെ മതിപ്പ് വില -50 ലക്ഷം രൂപ

● അഡ്വാൻസ് ഡെപ്പോസിറ്റ് -50,000 രൂപ

● പ്രതിമാസ വാടക -12,000 രൂപ

50 ലക്ഷത്തിന്‍റെ വീട് വാങ്ങുമ്പോൾ നൽകേണ്ടി വരുന്ന 10 ലക്ഷം രൂപ ഡൗൺ പേമെന്റിൽ വാടക വീടിന് നൽകേണ്ടി വന്ന ഡെപ്പോസിറ്റ് 50,000 രൂപ കിഴിച്ച് 9.5 ലക്ഷം രൂപ മ്യൂച്വൽ ഫണ്ട് പോലുള്ളവയിൽ 20 വർഷം നിക്ഷേപിക്കണം.

ഒപ്പം വീട് വാങ്ങാൻ ബാങ്ക് ലോൺ എടുത്തിരുന്നെങ്കിൽ അതിൽനിന്ന് ഇ.എം.ഐ അടക്കേണ്ടി വരുമായിരുന്ന 35,000 രൂപയിൽ പ്രതിമാസ വാടക കിഴിച്ച് 23,000 രൂപയും 20 വർഷം സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്‍റ് പ്ലാൻ (SIP) ചെയ്യണം. ഇങ്ങനെ ചെയ്താൽ 20 വർഷം കഴിയുമ്പോൾ മൂന്ന് കോടിക്കുമേൽ തുക സമ്പാദിക്കാനാകുമെന്നാണ് വിശ്വസിപ്പിക്കുന്നത്.

ആ തുക കൊണ്ട് ലോൺ എടുക്കാതെ തന്നെ ഇഷ്ടപ്പെട്ട വീട് വാങ്ങാനും ബാക്കി തുക സമ്പാദ്യമായി മാറ്റാനും കഴിയുമെന്ന് വിവരിക്കുന്നു.

കാണാതെ പോകരുത് ഇക്കാര്യങ്ങൾ

വീട് വാങ്ങുന്നതിനേക്കാൾ വാടകക്ക് താമസിച്ച് നിക്ഷേപം വർധിപ്പിക്കുകയാണ് നല്ലത് എന്ന വാദത്തിൽ പക്ഷേ, ഓരോ വർഷവും ഉയരുന്ന വാടക നിരക്ക് കാണാതെ പോകുന്നു. ഒപ്പം വാടക വീടുകൾ കണ്ടെത്താനും ജീവിതം പറിച്ചുനടാനും നേരിടേണ്ടി വരുന്ന സാമ്പത്തിക, മാനസിക പ്രശ്നങ്ങളും കണക്കിലെടുക്കുന്നില്ല. സ്വന്തം വീട് നൽകുന്ന സുരക്ഷിത ബോധം വാടക വീട്ടിൽനിന്ന് കിട്ടുകയുമില്ല.

അതേസമയം നിങ്ങൾ ജോലി അല്ലെങ്കിൽ വ്യക്തിപരമായ കാര്യങ്ങളെ തുടർന്ന് മറ്റൊരു നാട്ടിലേക്ക് പോകുമെന്ന് ഉറപ്പുണ്ടെങ്കിൽ വീട് വാങ്ങുന്നതിനേക്കാൾ വാടക വീട്ടിൽ കഴിയുന്നതാണ് നല്ലത്.

വീട് വേണം, ബാധ്യതയാകാതെ

ഓരോരുത്തരുടെയും മാസശമ്പളത്തിന്‍റെ അല്ലെങ്കിൽ വരുമാനത്തിന്‍റെ പകുതിയിൽ കൂടുതൽ ഇ.എം.ഐ ആയി പിടിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നാണ് സാമ്പത്തിക വിദഗ്ധർ നൽകുന്ന നിർദേശം.

വീട്, ഗൃഹോപകരണ വായ്പ, സ്കൂൾ ഫീസ്, ഇൻഷുറൻസ് തുടങ്ങിയവയെല്ലാം അതിൽ ഉൾപ്പെടണം. വീട് വാങ്ങുകയോ പണിയുകയോ ചെയ്യുമ്പോൾ ആദ്യം കണക്കിലെടുക്കേണ്ടത് ഇക്കാര്യമാണ്. വീടിന്‍റെ ബാധ്യത സാമ്പത്തികമായി സ്വസ്ഥ ജീവിതം തകർക്കാതെ നോക്കണം.

മറക്കരുത് കോവിഡ് കാലം

വ്യക്തിഗത സാമ്പത്തിക രംഗത്തു ഏറെ വെല്ലുവിളികൾ കൊണ്ടുവന്ന കാലമാണ് കോവിഡ് മഹാമാരി പടർന്നുപിടിച്ച നാളുകൾ. മികച്ച ശമ്പളവും വരുമാനവുമായി കഴിഞ്ഞിരുന്നവർ പോലും സാമ്പത്തികമായി തകർന്നു. ആ തകർച്ചയെ അതിജീവിക്കാൻ പിന്നീടുള്ള വർഷങ്ങളിൽ കഴിഞ്ഞെങ്കിലും അത്തരം കാലത്തെ ഇനിയും നേരിടാൻ സജ്ജമാകണമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. ഹോം ലോൺ എടുക്കുന്നവർ 30/30/3 എന്ന നിബന്ധന സ്വയം പാലിക്കാൻ ശ്രമിക്കണം.

30/30/3 റൂൾ

1. ഇ.എം.ഐ മാസ വരുമാനത്തിന്‍റെ 30 ശതമാനം മാത്രം.

2. വാങ്ങുന്ന അല്ലെങ്കിൽ പണിയുന്ന വീടിന്‍റെ 30 ശതമാനം തുക ലോൺ അല്ലാതെ സ്വരൂപിക്കുക.

3. മൊത്ത വാർഷിക വരുമാനത്തിന്‍റെ മൂന്നിരട്ടി വീടിനായി ചെലവഴിക്കുന്നില്ലെന്ന് ഉറപ്പാക്കുക

ഉദാഹരണത്തിന് 50,000 രൂപയാണ് നിങ്ങളുടെ മാസവരുമാനമെങ്കിൽ വാർഷിക വരുമാനം ആറു ലക്ഷം രൂപ. അങ്ങനെ വരുമ്പോൾ ഇ.എം.ഐ 15,000 രൂപയിൽ കൂടരുത്. സ്വന്തമാക്കുന്ന വീടിന്‍റെ ബജറ്റ് 18 ലക്ഷത്തിൽ (ആറ് ലക്ഷം x 3) ഒതുങ്ങണം.

ആ തുകയുടെ 30 ശതമാനമായ 5,40,000 രൂപ ലോൺ അല്ലാതെ സ്വരൂപിക്കണം. ഇതിലൂടെ ജീവിതത്തിൽ വലിയ പ്രതിസന്ധികൾ നേരിടാതെ തന്നെ വീട് സ്വന്തമാക്കാനും മറ്റ് ചെലവുകൾ വഹിക്കാനും കഴിയും.





Tags:    
News Summary - rented house and own house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.