മാതാപിതാക്കളും മക്കളും മുത്തശ്ശനും മുത്തശ്ശിയുമെല്ലാം ഉൾപ്പെടുന്ന സ്ഥാപനം മാത്രമല്ല കുടുംബം. ഇവർ തമ്മിലുള്ള ബന്ധത്തിന്‍റെ ആഴമാണ് കുടുംബത്തെ ഇമ്പമുള്ളതാക്കി തീർക്കുന്നത്. സന്തോഷവും സ്നേഹവും കളിയാടുന്ന ഇടമായി നമ്മുടെ കുടുംബത്തെയും മാറ്റിയെടുക്കാം. അതിനായി താഴെ പറയുന്ന കാര്യങ്ങൾ കുടുംബത്തിൽ ശീലമാക്കാം.

ക്വാളിറ്റി ടൈം

കുടുംബാംഗങ്ങൾ ഒരുമിച്ചു ക്വാളിറ്റി ടൈം ചെലവഴിക്കുക എന്നത് കുടുംബത്തിന്‍റെ ദൃഢത വർധിപ്പിക്കാൻ അനിവാര്യമാണ്. കുട്ടികൾക്കു വേണ്ടിയും പങ്കാളിക്കു വേണ്ടിയുമൊക്കെ ക്വാളിറ്റി ടൈം കണ്ടെത്തേണ്ടതുണ്ട്.

സാമീപ്യം നൽകിയതുകൊണ്ട് അത് ക്വാളിറ്റി ടൈം ആകുന്നില്ല, പകരം മറ്റേയാൾക്കുകൂടി താൽപര്യമുള്ള കാര്യങ്ങൾ ചെയ്യാൻ നമ്മൾ സമയം കണ്ടെത്തുക എന്നത് പ്രധാനമാണ്.

എല്ലാ ദിവസവും ഒരു നേരമെങ്കിലും അല്ലെങ്കിൽ അവധി ദിവസങ്ങളിലെങ്കിലും കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കണം.


ഉത്തരവാദിത്തങ്ങളും ജോലികളും പങ്കുവെക്കുക

കുടുംബത്തിന്‍റെ നിലനിൽപിന് ഓരോ അംഗവും ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുകയും പാലിക്കുകയും ചെയ്യേണ്ടതുണ്ട്. ഉപജീവനത്തിനുള്ള മാർഗം കണ്ടെത്തുക, കുട്ടികളെ വളർത്തുക, രോഗാവസ്ഥയിലുള്ളവരെ പരിപാലിക്കുക തുടങ്ങിയ വലിയ ചുമതലകൾ മുതൽ അവശ്യസാധനങ്ങളുടെ ലിസ്റ്റ് തയാറാക്കുക, വീട് വൃത്തിയായി സൂക്ഷിക്കുക, പങ്കെടുക്കേണ്ട ചടങ്ങുകൾ ഓർത്തുവെക്കുക തുടങ്ങിയ ചെറിയ ഉത്തരവാദിത്തങ്ങൾ വരെ അതിൽ ഉൾപ്പെടും.

പാത്രം, തുണികൾ എന്നിവ കഴുകുക, സ്വന്തം റൂമുകൾ വൃത്തിയാക്കിയിടുക തുടങ്ങിയവ ഓരോ അംഗവും ചെയ്താൽ ഒരാൾക്ക് മാത്രമായി ഭാരമായി മാറില്ല.

സ്നേഹം, പ്രതിബദ്ധത, കരുതൽ

ആരോഗ്യകരമായ കുടുംബാന്തരീക്ഷം നിലനിൽക്കുന്നതിന് കുടുംബാംഗങ്ങളുടെ പരസ്പര സ്നേഹവും കരുതലും പ്രതിബദ്ധതയും അത്യാവശ്യമാണ്. മാതാപിതാക്കൾ, മക്കൾ, പങ്കാളി തുടങ്ങി ആരോടാണെങ്കിലും സ്നേഹം ഉള്ളിലൊതുക്കേണ്ടതല്ല, പ്രകടിപ്പിക്കേണ്ടതുതന്നെയാണ്.

കുടുംബത്തിന്‍റെയോ ഏതെങ്കിലും അംഗത്തിന്‍റെയോ പ്രതിസന്ധിഘട്ടങ്ങളിൽ ഒരുമിച്ചുനിൽക്കുമെന്ന പ്രതിബദ്ധത ഓരോ അംഗത്തിനുമുണ്ടാകണം. ഓരോ വ്യക്തിയുടെയും നേട്ടങ്ങളിൽ അഭിമാനിക്കാനും കുടുംബത്തിനായി ഓരോരുത്തരും ചെയ്യുന്ന കാര്യങ്ങളെ അഭിനന്ദിക്കാനും മറ്റുള്ളവർക്ക് കഴിയണം.


ആശയവിനിമയം

പരസ്പരം മനസ്സിലാക്കാനും ഓരോരുത്തരുടെയും ആവശ്യങ്ങൾ, അഭിപ്രായങ്ങൾ, നിർദേശങ്ങൾ, ആശങ്കകൾ ഒക്കെ അറിയാനും കുടുംബാംഗങ്ങൾ തമ്മിൽ ഫലപ്രദമായ ആശയവിനിമയം ഉണ്ടാകേണ്ടതുണ്ട്. മാതാപിതാക്കളും കുട്ടികളും തമ്മിൽ, പങ്കാളികൾ തമ്മിൽ, വീട്ടിലെ പ്രായമായ മാതാപിതാക്കളുമായി ഒക്കെ ഇതുണ്ടാകണം.

കാര്യങ്ങൾ തുറന്ന് സംസാരിക്കാൻ എല്ലാവരും ഫ്രീ ആയിരിക്കുന്ന സമയം തിരഞ്ഞെടുക്കാവുന്നതാണ്. കുറ്റപ്പെടുത്തലും വിധിക്കലും മുൻവിധികളും ഒഴിവാക്കി പോസിറ്റിവായ അന്തരീക്ഷം നിലനിർത്തിയാണ് ആശയവിനിമയം ഉണ്ടാകേണ്ടത്.

സാമ്പത്തിക അച്ചടക്കം

ഓരോ കുടുംബത്തിന്‍റെയും സാമ്പത്തിക സ്ഥിതി വ്യത്യസ്തമാണ്. കുടുംബത്തിലെ എല്ലാവരും സാമ്പത്തികാവസ്ഥ മനസ്സിലാക്കി പെരുമാറിയില്ലെങ്കിൽ കാര്യങ്ങൾ അവതാളത്തിലാകും. കൊച്ചുകുട്ടികൾ ഉൾപ്പെടെ എല്ലാവരും കുടുംബത്തിന്‍റെ വരുമാനവും ചെലവും മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. പണം കൈകാര്യം ചെയ്യാനുള്ള കഴിവ് എല്ലാവർക്കും ഒരുപോലെ ആകണമെന്നില്ല. അതിനാൽ അത് നന്നായി ചെയ്യാൻ കഴിയുന്നയാൾ ഏറ്റെടുക്കുന്നതാകും നല്ലത്.

ബാങ്ക് വായ്പ, മറ്റു കടങ്ങൾ തുടങ്ങി കുടുംബത്തിന്‍റെ സാമ്പത്തിക ബാധ്യതകൾ എല്ലാവരും അറിഞ്ഞിരിക്കുന്നതു തന്നെയാണ് നല്ലത്. സാമ്പത്തിക അച്ചടക്കം പാലിക്കാനും അനാവശ്യ ചെലവുകൾ ഒഴിവാക്കാനും കുട്ടികളെ ശീലിപ്പിക്കണം. സാമ്പത്തിക ബുദ്ധിമുട്ടുകൾ കുട്ടികളിൽനിന്നായാൽപോലും മറച്ചുവെക്കുന്നത് നല്ലതല്ല.


കൂട്ടായ തീരുമാനങ്ങൾ/ പ്രശ്നപരിഹാരങ്ങൾ

കുടുംബത്തിന്‍റേതായ എന്തു പ്രശ്നങ്ങൾ പരിഹരിക്കുമ്പോഴും പ്രധാന തീരുമാനങ്ങൾ എടുക്കുമ്പോഴും എല്ലാ അംഗങ്ങളെയും ഉൾപ്പെടുത്തുകയും അഭിപ്രായം ചോദിക്കുകയും വേണം. കുട്ടികൾക്ക് നിർദേശങ്ങൾ തരാൻ കഴിയുന്നതോ അവരെക്കൂടി ബാധിക്കുന്നതോ ആയ തീരുമാനങ്ങൾ ആണെങ്കിൽ അവരെക്കൂടി ഉൾപ്പെടുത്തുക എന്നത് അത്യാവശ്യമാണ്.

വ്യക്തിപരമായ തീരുമാനങ്ങൾ ആണെങ്കിൽക്കൂടി അത് കുടുംബത്തിലുള്ളവരെ അറിയിക്കുകയും നല്ല നിർദേശങ്ങൾ സ്വീകരിക്കുകയും വേണം.

ലിംഗനീതി

കുടുംബങ്ങളിൽ ആൺകുട്ടിക്കും പെൺകുട്ടിക്കും തുല്യ പരിഗണന നൽകിത്തുടങ്ങിയെങ്കിലും പല കുടുംബങ്ങളിലും ചില പ്രത്യേക കാര്യങ്ങൾക്ക്/ സാഹചര്യങ്ങളിൽ ഇന്നും അനുവർത്തിക്കാൻ കഴിയാതെ പോകുന്ന ഒന്നാണ് സ്ത്രീ-പുരുഷ നീതി. അടുക്കള ജോലികളും കുട്ടികളെ വളർത്തുന്നതും കുടുംബത്തിലെ രോഗികളെ പരിപാലിക്കുന്നതും ഇന്നും സ്ത്രീകളുടെ പ്രാഥമിക ജോലിയായി കണക്കാക്കപ്പെടുന്നു.

പുരുഷനോടൊപ്പം സ്ത്രീയും തൊഴിൽചെയ്ത് വരുമാനം കണ്ടെത്തുന്ന നിലയിലേക്ക് ഉയർന്നെങ്കിൽ പോലും സ്ത്രീകൾ വീട്ടുകാര്യങ്ങളും ജോലിയും ഒരുമിച്ചു കൊണ്ടുപോകാൻ പ്രയാസപ്പെടുന്നുണ്ട്. സ്ത്രീ/പുരുഷൻ ആയതുകൊണ്ട് മാത്രം ചില ജോലികൾ ചെയ്യണം അല്ലെങ്കിൽ ചെയ്യാൻ പാടില്ല എന്നത് ഒട്ടും സ്വീകാര്യമല്ല.

കുട്ടികളെ വളർത്തുമ്പോഴും മറ്റു വീട്ടുകാര്യങ്ങളിലും ലിംഗ വിവേചനം ഉണ്ടാകാതെ നോക്കേണ്ടതാണ്. വീട്ടിൽ പിതാവിനും മാതാവിനും തുല്യപ്രാധാന്യമാണെന്ന് കുട്ടികളും മനസ്സിലാക്കേണ്ടതുണ്ട്.

നല്ല ശീലങ്ങൾ, മൂല്യങ്ങൾ

ഓരോ വ്യക്തിയുടെയും ശീലങ്ങൾ രൂപപ്പെടുന്നത് സ്വന്തം കുടുംബത്തിൽനിന്നാണ്. അതുകൊണ്ടുതന്നെ ഭക്ഷണം, ശുചിത്വം, ആരോഗ്യം, പഠനം, സ്വഭാവം തുടങ്ങിയവയിലൊക്കെ നല്ല ശീലങ്ങളും ചിട്ടകളും പിന്തുടരാനും അടുത്ത തലമുറയിലേക്ക് അത് പകർന്നുനൽകാനും കുടുംബത്തിന് കഴിയണം.

എല്ലാവരുടെയും ശാരീരിക-മാനസിക ആരോഗ്യം നിലനിർത്താനുള്ള കുടുംബാന്തരീക്ഷമുണ്ടാകണം. ലഹരിപദാർഥങ്ങളോട് പൂർണമായും നോ പറയുന്നത് തന്നെയാണ് കുടുംബത്തിന്‍റെ ആരോഗ്യവും സന്തോഷവും നിലനിർത്താൻ ഏറ്റവും നല്ലത്.

ശീലങ്ങളോടൊപ്പം പ്രാധാന്യമുള്ളതാണ് നല്ല മൂല്യങ്ങളും ധാർമികതയും പിന്തുടരുക എന്നത്. ബഹുമാനം, ദയ, സത്യസന്ധത, ആത്മാർഥത, കഠിനാധ്വാനം തുടങ്ങിയവ പാലിക്കുന്നതിലും കുടുംബത്തിൽ നിലനിർത്തുന്നതിലും എല്ലാ അംഗങ്ങളും ശ്രദ്ധിക്കണം.

പരസ്പര വിശ്വാസം, ബഹുമാനം

അംഗങ്ങൾ തമ്മിലുള്ള പരസ്പര വിശ്വാസം കുടുംബത്തിന്‍റെ നിലനിൽപിന് അത്യാവശ‍്യമാണ്. പരസ്പരം കാര്യങ്ങൾ മറയില്ലാതെ പങ്കുവെക്കുന്നതിലൂടെയും ഒരാൾ മറ്റൊരാൾക്ക് നൽകുന്ന പിന്തുണയിലൂടെയുമൊക്കെയാണ് പരസ്പര വിശ്വാസം ഉണ്ടാവുന്നത്. കള്ളത്തരങ്ങൾ പറയുന്നതും ചെയ്യുന്നതും രഹസ്യങ്ങൾ സൂക്ഷിക്കുന്നതും മറ്റ് അംഗങ്ങൾക്ക് സ്വീകാര്യമല്ലാത്ത പ്രവൃത്തികൾ ചെയ്യുന്നതുമെല്ലാം ഈ വിശ്വാസം ഹനിക്കാനിടയാക്കും.

അംഗങ്ങൾ തമ്മിലുള്ള പരസ്പര ബഹുമാനവും വളരെ പ്രാധാന്യമർഹിക്കുന്നു. മുതിർന്നവരെ മാത്രം ബഹുമാനിക്കുക എന്നതല്ല, എല്ലാവരും പരസ്പരം ബഹുമാനിക്കുക എന്നതാണ് വേണ്ടത്. ബഹുമാനിക്കുന്ന കാര്യത്തിൽ ലിംഗ വേർതിരിവും പാടില്ല.

സ്വാതന്ത്ര്യവും പേഴ്സനൽ സ്പേസും

കുടുംബത്തിലെ പല പഴയ നിയമങ്ങളോടും ആചാരങ്ങളോടും നിഷ്ഠകളോടുമൊക്കെ പുതുതലമുറക്ക് വിയോജിപ്പ് ഉണ്ടാകുന്നത് സ്വാഭാവികമാണ്. അത് തുറന്നുപറയാനും ആരോഗ്യകരമായി ചർച്ചചെയ്യാനും അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം കുടുംബാന്തരീക്ഷത്തിൽ ഓരോ അംഗത്തിനും ഉണ്ടാകണം.

ഒരുമിച്ചിരിക്കുന്ന സമയംപോലെ തന്നെ പ്രധാനമാണ് ഓരോ അംഗവും ഒറ്റക്കിരിക്കുന്ന സമയവും. എല്ലാ അംഗങ്ങൾക്കും കിടപ്പുമുറി, പഠനമുറി പോലെയുള്ള ഒരു പേഴ്സനൽ സ്പേസ് കൂടി ഉണ്ടായിരിക്കണം. ഒരു വഴക്കുണ്ടാകുമ്പോൾ കുറച്ചുനേരത്തേക്ക് ഒറ്റക്കിരുന്ന് റിലാക്സ് ചെയ്യാനും സ്വന്തം ഇഷ്ടങ്ങൾക്കുവേണ്ടി സമയം ചെലവഴിക്കാനുമൊക്കെ ഈ സ്പേസ് സഹായകമാകും.

മുറികൾ മാത്രമല്ല വീടിന്‍റെ ചില കോർണറുകളും വീടിനു പുറത്തെ സ്ഥലങ്ങളുമൊക്കെ പേഴ്സനൽ സ്പേസായി ഉപയോഗിക്കാം. എന്നാൽ, കൂടുതൽ സമയം ഒരാൾ പേഴ്സനൽ സ്പേസിൽ ചെലവഴിക്കുന്നതും കുടുംബാന്തരീക്ഷത്തെ ബാധിക്കും. അതുണ്ടാകാതിരിക്കാനും ശ്രദ്ധിക്കണം.

സ്വന്തം വീട്ടിൽനിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുന്ന ഒരുപാട് ആളുകളുണ്ട്. അതിനായി മാത്രം ദൂരെയുള്ള കോളജുകൾ തേടിപ്പോകുന്നവർ, ദൂരെ ജോലി ചെയ്യുന്നവർ, ജോലി കഴിഞ്ഞാലും വളരെ വൈകി വീട്ടിലേക്ക് വരുന്നവർ ഒക്കെയുണ്ട്. കുടുംബാന്തരീക്ഷം അവരിൽ ഉണ്ടാക്കിയ സ്വാധീനമാണിതിൽ കാണാൻ കഴിയുന്നത്.

പ്രശ്നമുണ്ടാകുമ്പോൾ ഒരാൾക്ക് ആദ്യം ഓടിച്ചെല്ലാൻ തോന്നുന്ന ഇടമാകണം സ്വന്തം കുടുംബം. വീട്ടിലാണ് ഏറ്റവുമധികം സുരക്ഷിതത്വം അനുഭവിക്കുന്നത് എന്നവർക്ക് തോന്നണം. എത്ര ദൂരെയായിരുന്നാലും ഇടക്ക് വീട്ടിൽ പോകണം, എല്ലാവരും ഒരുമിച്ചു കൂടണം എന്ന ഒരു തോന്നൽ ഓരോ അംഗത്തിന്‍റെയും മനസ്സിൽ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞാൽ അതാണ് ഒരു കുടുംബത്തിന്‍റെ വിജയം.




Tags:    
News Summary - Bring happiness to the family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.