സങ്കീർത്തന

ഉയരെ പറന്ന് സങ്കീർത്തന

സാധാരണ കുടുംബത്തിൽനിന്നായതിനാൽ ഭീമമായ പഠനച്ചെലവ് എങ്ങനെ കണ്ടെത്തുമെന്ന ആശങ്ക കൂടി ഉണ്ടായിരുന്നു. ഒടുവിൽ, പ്രതിസന്ധികളെല്ലാം മറികടന്ന് സങ്കീർത്തന ദിനേശ് ഇക്കഴിഞ്ഞ ആഗസ്റ്റിൽ കമേഴ്സ്യൽ പൈലറ്റ് ലൈസൻസ് നേടി

എട്ടാം തരത്തിൽ പഠിക്കുമ്പോൾ സ്കൂൾ ലൈബ്രറിയിൽനിന്നെടുത്ത കൽപന ചൗളയുടെ ജീവചരിത്രം വായിച്ചപ്പോഴേ ഉദിച്ചതാണ് വിമാനം പറത്തണമെന്ന മോഹം. ചൊവ്വ ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ്​ വൺ ക്ലാസിൽ പഠിക്കുമ്പോൾ പയ്യാമ്പലം കടപ്പുറത്ത് നടന്ന അഡ്വഞ്ചർ കാർണിവലിൽ പാരാസെയ്‍ലിങ്ങിന് അവസരം ലഭിച്ചതോടെ ആഗ്രഹം മനസ്സിൽ അടക്കാൻ വയ്യാതായി.

പ്ലസ് ടു കഴിഞ്ഞാണ് അ​ച്ഛനമ്മമാരോട് പൈലറ്റാവാനുള്ള അഭിലാഷം തുറന്നുപറഞ്ഞത്. കായികാധ്യാപികയായ അമ്മ കെ.ജി. രാജ​മ്മയുടെ മറുപടി ഏറെ ആലോചിച്ച ശേഷമായിരുന്നു. പൂർണ ആരോഗ്യവതിയായിരിക്കുന്ന കാലത്തുമാത്രം ജോലി ചെയ്യാനു​ള്ളതാണ് കമേഴ്സ്യൽ പൈലറ്റ് ലൈസൻസ്.


കൈയിലൊരു ബിരുദമുണ്ടാവുന്നത് എന്തുകൊണ്ടും നല്ലതാണ്. അതിനാൽ, ബിരുദപഠനം കഴിഞ്ഞിട്ടും ​ആഗ്രഹം ഇതുപോലെ നിലനിൽക്കുകയാണെങ്കിൽ നമുക്ക് നോക്കാമെന്നായിരുന്നു അമ്മയുടെ മറുപടി.

തീർത്തും സാധാരണ കുടുംബത്തിൽനിന്നായതിനാൽ ഭീമമായ പഠനച്ചെലവ് എങ്ങനെ കണ്ടെത്തുമെന്ന ആശങ്ക കൂടി അമ്മക്കുണ്ടായിരുന്നു. എങ്കിലും മൂന്നുവർഷം കഴിയു​​മ്പോഴേക്കും എന്തെങ്കിലും വഴിതുറന്നുകിട്ടുമെന്ന് അവർ ഉറപ്പിച്ചിരുന്നു. എന്നാൽ, തീർത്തും പ്രതികൂലമായ കാര്യങ്ങളാണ് പിന്നീട് സംഭവിച്ചത്.

ഒടുവിൽ, തടസ്സങ്ങളൊന്നാകെ മറികടന്ന് തളിപ്പറമ്പ് കാഞ്ഞിരങ്ങാട് ശിവകീർത്തനയിൽ സങ്കീർത്തന ദിനേശ് ഇക്കഴിഞ്ഞ ആഗസ്റ്റ് 26ന് കമേഴ്സ്യൽ പൈലറ്റ് ലൈസൻസ് നേടിയ ക്യാപ്റ്റൻ സങ്കീർത്തനയായി മാറി. ലൈസൻസ് ഇഷ്യൂ നമ്പർ 21266 ആണ്. അതായത്, രാജ്യത്തെ 21266ാമത്തെ പൈലറ്റ്.

ബി.എസ് സി ഫിസിക്സ് രണ്ടാം വർഷം, ബിസിനസുകാരനായ അച്ഛൻ എം.കെ. ദിനേശ് പക്ഷാഘാതംവന്ന് കിടപ്പിലായി. നാലുവർഷം കൊണ്ട് അച്ഛന്‍റെ ചികിത്സക്ക് 12 ലക്ഷത്തോളം രൂപ ​ചെലവഴിക്കേണ്ടിവന്നു.

പിന്നീട് അദ്ദേഹം മരിച്ചു. ഇതോടെ കുടുംബം സാമ്പത്തികമായി വലിയ ഞെരുക്കത്തിലായി. അതുകൊണ്ടുതന്നെ പൈലറ്റാവണമെന്ന ആഗ്രഹം മനസ്സിലൊതുക്കി, കണ്ണൂർ യൂനിവേഴ്സിറ്റി കാമ്പസിൽ എം.എസ് സിക്ക് ചേർന്നു.

രണ്ടാം വർഷം കോളജ് കാന്‍റീനിൽ ചായകുടിച്ചുകൊണ്ടിരിക്കേയായിരുന്നു അടുത്ത വഴിത്തിരിവ്. ചായക്കൊപ്പം പലഹാരം പൊതിഞ്ഞുനൽകിയ പത്രക്കീറിലാണ് തിരുവനന്തപുരം രാജീവ് ഗാന്ധി അക്കാദമി ഓഫ് ഏവിയേഷൻ ടെക്നോളജിയിൽ പ്രവേശന പരീക്ഷക്ക് അപേക്ഷ ക്ഷണിച്ച വാർത്ത കണ്ടത്. കേരളത്തിൽ ഗവൺമെന്‍റ് മേഖലയിൽ പൈലറ്റ് പരിശീലനം നൽകുന്ന ഏക സ്ഥാപനമാണിത്.

ഏറെ സങ്കടത്തോടെയാണ് വാർത്ത വായിച്ചത്. പ്രതീക്ഷയൊന്നുമില്ലാതെ, പോയി അപേക്ഷിച്ചു. ഒരു വർഷം 12 പേർക്ക് മാത്രമാണ് പ്രവേശനം. പരീക്ഷയും അഭിമുഖവും കഴിഞ്ഞപ്പോൾ മൂന്നാം റാങ്ക്. തന്‍റെയുള്ളിലെ ആകാശമോഹം അണഞ്ഞിട്ടില്ലെന്ന് അറിഞ്ഞതോടെ അമ്മക്കും സങ്കടമായി.

അപ്പോഴേക്കും അമ്മ ജോലിയിൽനിന്ന് വിരമിച്ചിരുന്നു. വിരമിക്കൽ ആനുകൂല്യമായി ലഭിച്ച തുക ചെലവഴിക്കാൻ തയാറായെങ്കിലും അത് ഒന്നുമാവുമായിരുന്നില്ല. പഠനച്ചെലവ് ഏതാണ്ട് അരക്കോടി രൂപയോളമായിരുന്നു. അങ്ങനെയാണ് സ്കോളർഷിപ്പി​ന്‍റെ സാധ്യത അന്വേഷിച്ചത്.

റാങ്ക് പട്ടികയിലുൾപ്പെ​ട്ട എസ്.സി, എസ്.ടി, ഒ.ഇ.സി വിദ്യാർഥികൾക്ക് സ്കോളർഷിപ് നേടിയെടുക്കാനുള്ള സങ്കീർത്തനയുൾപ്പെടെ നാലു വിദ്യാർഥികളുടെ പരിശ്രമം ഫലം കണ്ടു. നാലുപേർക്കുമായി സംസ്ഥാന സർക്കാർ ‘വിങ്സ്’ എന്ന പദ്ധതി തന്നെ ആരംഭിച്ചു.

പരിശീലനത്തിന്‍റെ ഭാഗമായി 200 മണിക്കൂർ വിമാനം പറത്തുകയും സാ​ങ്കേതിക വിഷയങ്ങളുൾപ്പെട്ട അഞ്ച് പേപ്പറുകൾ എഴുതിയെടുക്കുകയും വേണം. ഇതു രണ്ടും പൂർത്തിയാക്കിയതോടെയാണ് കമേഴ്സ്യൽ ​പൈലറ്റ് ലൈസൻസ് ലഭിച്ചത്. വിമാനം പറത്തുന്നതിനുള്ള ചെലവായ 26.5 ലക്ഷം രൂപയാണ് സ്കോളർഷിപ്പായി പട്ടികജാതി-പട്ടികവർഗ പിന്നാക്ക വിഭാഗ വികസന വകുപ്പ് നൽകിയത്.

പുതിയ നിയമപ്രകാരം, മൾട്ടി എൻജിൻ വിമാനം 15 മണിക്കൂർ കൂടി പറത്തിയാലേ കമേഴ്സ്യൽ വിമാനങ്ങൾ പറത്താനുള്ള യോഗ്യത ലഭിക്കുകയുള്ളൂ. ആറു ലക്ഷത്തോളം രൂപ ഇതിനും ചെലവാകും. സ്കോളർഷിപ്പോടെ തന്നെ ഇതിന്‍റെ പരിശീലനവും ആരംഭിച്ചുകഴിഞ്ഞു ഈ മിടുക്കി.




Tags:    
News Summary - Kannur native sankeerthana become a pilot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.