'രാജ്യത്ത് ന്യൂജെൻ തൊഴിൽ ചെയ്യുന്നവർ ഒന്നരക്കോടി, കേരളത്തിൽ രണ്ടു ലക്ഷത്തോളം?, ജോലി നഷ്ടപ്പെട്ട പ്രവാസികളെയടക്കം സഹായിച്ചത് ഓൺലൈൻ ഡെലിവറി ജോലികൾ'

സുഹൃത്ത്​ ബോബന്റെ മൂന്നാം ക്ലാസിൽ പഠിക്കുന്ന മകന് ഭാവിയിൽ യൂട്യൂബർ ആകാനാണ് ആഗ്രഹം. അതു​കേട്ട്​ ആദ്യം ഒന്നു ഞെട്ടിയെങ്കിലും ഈ പുതിയ തൊഴിൽമേഖല തുറന്നിടുന്ന സാധ്യതയും വരുമാനവും അറിഞ്ഞപ്പോൾ അവന്റെ ആശങ്ക അകന്നിട്ടുണ്ട്. നന്നായി പഠിക്കണം എന്നുമാത്രമാണ് ഇപ്പോൾ ബോബൻ മകന്​ നൽകുന്ന ഉപദേശം.

ഒരുകാലത്ത് പെരുമയായിരുന്ന ജോലികൾ പലതും ഇന്ന്​ സൈഡായി. ആഗോളതലത്തിൽതന്നെ തൊഴിലുകളും തൊഴിൽസാധ്യതകളും വിപ്ലവകരമായി മാറുകയാണ്. ലോകചരിത്രത്തിൽ ഒരു വൈറസ് തന്റെ പേര് അടയാളപ്പെടുത്തിയ 2020, 2021 വർഷങ്ങൾക്കുശേഷം പ്രത്യേകിച്ചും.


ആശ്വാസം, ഈ തൊഴിലുകൾ

ന്യൂജെൻ തൊഴിലുകൾ ഇന്ത്യയിൽ വലിയ ആശ്വാസമാണ്. കാരണം, പലപ്പോഴും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സർക്കാറുകൾ ഇരുട്ടിൽതപ്പുന്നു. കേരളവും ഇതിൽനിന്ന് വ്യത്യസ്‌തമല്ല. ഉബർ, ഓൺലൈൻ ഡെലിവറി, ഓൺലൈൻ ട്യൂഷൻ തുടങ്ങിയ 'ഗിഗ്' (gig) തൊഴിലുകൾ കേരളത്തിലെ വീടുകളിലും വരുമാനം എത്തിക്കാൻ തുടങ്ങിയിട്ട് നാളുകളായി.

2022 അവസാനിക്കുമ്പോൾ ഈ സാഹചര്യം മാറിയിട്ടില്ല എന്നുമാത്രമല്ല, കൂടുതൽ ശക്തമായിത്തന്നെ നിലനിൽക്കുന്നു. ഐ.ഐ.എം അഹ്മദാബാദ് അടുത്തകാലത്തായി പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ പറയുന്നത് ഇന്ത്യയിൽ പുതുതലമുറ തൊഴിലുകൾ ചെയ്യുന്ന 77 ലക്ഷം ജനങ്ങൾ ഉണ്ടെന്നാണ്.

അഞ്ചു വർഷംകൊണ്ട് ഇത് 2.3 കോടിയിൽ എത്തുമെന്നാണ് കണക്ക്. എന്നാൽ, നാട്ടിലെ സാധാരണ സൂപ്പർ മാർക്കറ്റും ഹോട്ടലും ഓൺലൈൻ ഡെലിവറി ആരംഭിച്ച ഇക്കാലത്ത് അനൗദ്യോഗിക കണക്കുകൾ പറയുന്നത് നിലവിൽ രാജ്യത്ത് ഒന്നരക്കോടി ആളുകൾ ന്യൂജെൻ തൊഴിലുകൾ ചെയ്യുന്നതായാണ്​. കൂടാതെ, അഞ്ചു വർഷം കൊണ്ട് ഇത് ഇരട്ടിയാകുമെന്നും.


കൂടുതൽ പേർ മെട്രോ നഗരങ്ങളിൽ

മെട്രോ നഗരങ്ങളിൽതന്നെയാണ് ഇത്തരം തൊഴിലെടുക്കുന്നവർ ഏറ്റവുമധികം. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ മാത്രമല്ല, ഏതാണ്ട് എല്ലാ പ്രധാന നഗരങ്ങളിലും ഈ ഗിഗ് തൊഴിലാളികൾ പണിയെടുക്കുന്നു.

പുതുതലമുറ തൊഴിലുകൾ കേരളസമൂഹത്തിൽ ആഴത്തിൽ വേരിറക്കാൻ ഒരു നിമിത്തമായി. തൊഴിലില്ലായ്മയിൽ ദേശീയ ശരാശരിയുടെ ഏകദേശം രണ്ടര ഇരട്ടിയോളമുള്ള കേരളത്തിൽ കോവിഡ് വലിയ ആശങ്കകളാണ് വിതച്ചത്. പതിനായിരങ്ങൾ തൊഴിൽരഹിതരായി. ഈ സാഹചര്യത്തിൽ തൊഴിൽ തേടുന്നവർക്ക്​ ആശ്രയമായി മാറിയത് ഓൺലൈൻ ഡെലിവറിയാണ്.


സേവന-വേതന വ്യവസ്ഥകൾ

ഇന്ത്യയിൽ ആകമാനമുള്ള ഗിഗ് തെഴിലാളികളിൽ 60 ശതമാനത്തിലധികം ആമസോണിലും ഭക്ഷണം, മരുന്ന് തുടങ്ങിയവയുടെ ഓൺലൈൻ ഡെലിവറി കമ്പനികളിലുമാണ് തൊഴിലെടുക്കുന്നത്. ദീർഘനേരം ജോലി, തൊഴിൽസമ്മർദം, വരുമാനത്തിലെ കുറവ്, ആരോഗ്യപ്രശ്നങ്ങൾ എന്നിവയാണ് പ്രധാനമായും ഇത്തരം തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ. യൂട്യൂബർ, ഓൺലൈൻ ട്യൂഷൻ തുടങ്ങി മറ്റു പുതുതലമുറ തൊഴിലുകൾ ഉണ്ടെങ്കിലും ആളുകൾ കൂടുതൽ ഓൺലൈൻ ഡെലിവറി മേഖലയിലാണ്.

തിരുവനന്തപുരത്ത്​ കഴിഞ്ഞ മാർച്ചിലും ആഗസ്റ്റിലും സൊമാറ്റോ തൊഴിലാളികൾ നടത്തിയ സമരങ്ങൾ വരുമാനം കുറഞ്ഞതിന്റെ പേരിലായിരുന്നു. ദിവസത്തിൽ 12 മണിക്കൂർ ജോലിചെയ്താൽ ചെലവ് കഴിഞ്ഞ് 500-600 രൂപ മാത്രമേ കിട്ടൂ എന്നതായിരുന്നു പ്രശ്നം.

മാത്രമല്ല, പ്രതികൂല സാഹചര്യങ്ങളിൽ ലഭിച്ചിരുന്ന (ഉദാഹരണത്തിന് മഴ) ഇൻസെന്റീവും കമ്പനി നിർത്തി. ഇവരുടെ സംഘടനയായ ഓൺലൈൻ ഡെലിവറി വർക്കേഴ്സ് യൂനിയൻ ആവശ്യപ്പെടുന്നത് 12 മണിക്കൂർ ജോലിക്ക് ചെലവ് കഴിഞ്ഞ് 1800 രൂപയെങ്കിലും പ്രതിദിനം ലഭിക്കണം എന്നാണ്.


എല്ലാവരും അസംതൃപ്‌തരല്ല!

കേരളത്തിലെ തൊഴിൽമേഖല തന്നെ വളരെയധികം മാറുകയാണ്. ഈ സാഹചര്യത്തിൽ പുതുതലമുറ തൊഴിലുകൾ നാട്ടിൽ വരുംകാലത്ത്‌ ഒഴിച്ചുകൂടാൻ കഴിയാത്തതാണ്. പക്ഷേ, ഈ തൊഴിലുകൊണ്ട് കുടുംബം പുലർത്താൻ കഴിയുമോ എന്നതാണ് ഏറ്റവും പ്രധാന ചോദ്യം.

പറ്റും എന്നാണ് കാക്കനാട് ഡെലിവറി പാർട്ണർ ആയി ജോലിചെയ്യുന്ന നിസാം അലി പറയുന്നത്. കഴിഞ്ഞ എട്ടു വർഷമായി ഗിഗ് ഇക്കോണമിയുടെ ഭാഗമാണ് നിസാം. ഇദ്ദേഹത്തിന്റെ ജോലികൊണ്ടാണ് രണ്ടു കുട്ടികൾ അടങ്ങുന്ന കുടുംബം കഴിയുന്നത്. തുടക്കക്കാലത്ത്‌ ലഭിച്ചിരുന്ന വരുമാനത്തിൽ ചെറിയ കുറവുണ്ടായിട്ടുണ്ടെങ്കിലും കുഴപ്പമില്ലാതെ കഴിഞ്ഞുപോകുന്നു എന്നാണ് നിസാം പറയുന്നത്. പ്രതിദിനം 1000 മുതൽ 2000 രൂപ വരെ വരുമാനം നിലവിൽ എറണാകുളത്തെ സൂപ്പർമാർക്കറ്റിൽ ജോലിചെയ്യുന്ന ഇദ്ദേഹത്തിന് ലഭിക്കുന്നു.

രണ്ടു വിഭാഗക്കാരാണ് ഈ മേഖലയിൽ നിലവിൽ ഉള്ളത് എന്നാണ് നിസാം പറയുന്നത്. കഠിനാധ്വാനം ചെയ്യുന്നവരും, കഷ്ടപ്പെടാൻ പറ്റില്ല പക്ഷേ, പെട്ടെന്ന് പൈസ കിട്ടണം എന്നു കരുതുന്നവരും. രണ്ടാമത്തെ കൂട്ടർ എപ്പോഴും നിരാശയിലായിരിക്കും എന്ന് ഇദ്ദേഹം പറയുന്നു.


ആളേറി, വരുമാനം കുറഞ്ഞു

ഇടപ്പള്ളി സ്വദേശി ഗോകുൽ പറയുന്നത് കൂടുതൽ തൊഴിലാളികൾ ഈ മേഖലയിൽ കടന്നുവന്നപ്പോൾ നിലവിലുള്ളവർക്ക് വരുമാനം കുറഞ്ഞുവെന്നാണ്. നേരത്തേ ആമസോണിലും സ്വിഗ്ഗിയിലും ജോലിചെയ്തിരുന്ന ഗോകുൽ ഒമ്പതു മാസം മുമ്പ് ഒരു സൂപ്പർ മാർക്കറ്റിലേക്ക് മാറിയിരുന്നു. തുടർന്ന് വരുമാനത്തിൽ കാര്യമായി വർധനയുണ്ടായി എന്ന്​ ഇദ്ദേഹം പറയുന്നു. നേരത്തേ 12-14 മണിക്കൂർ ജോലിചെയ്താൽ കിട്ടിയിരുന്ന തുകയിൽ കൂടുതൽ ഇപ്പോൾ കുറഞ്ഞ സമയം ജോലിചെയ്താൽ കിട്ടുന്നുണ്ട്​.

കൊച്ചിയിൽ ഉബർ ഡ്രൈവർ ആയ സുരേഷിനും പറയാനുള്ളത് വരുമാനം കുറഞ്ഞതിന്റെ കഥതന്നെയാണ്. അഞ്ചു വർഷം മുമ്പ്​ ലഭിച്ചിരുന്ന വരുമാനം ഇപ്പോൾ ഇല്ല എന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ഇന്ധന വിലവർധനയും അവശ്യസാധനങ്ങളുടെ വിലക്കയറ്റവും ജീവിതം പ്രതിസന്ധിയിലാക്കി.

1000 രൂപയും അതിനു മുകളിലും ലഭിക്കണമെങ്കിൽ 15 മണിക്കൂറോളം വണ്ടി ഓടണമെന്ന അവസ്ഥയാണ് ചില സമയങ്ങളിൽ എന്ന് സുരേഷ് പറയുന്നു. കൊറോണക്കുശേഷം ഉബർ ചാർജ് കൂട്ടിയല്ലോ എന്ന് ചൂണ്ടിക്കാണിച്ചപ്പോൾ അതിന്റെ പ്രയോജനം ഡ്രൈവർക്ക്​ ഇല്ലെന്നാണ് സുരേഷിന്റെ പക്ഷം.


സർക്കാറിനും ചെയ്യാനുണ്ട്

തിരുവനന്തപുരത്ത് ഓൺലൈൻ ഡെലിവറി തൊഴിലാളികൾ സമരം നടത്തിയപ്പോൾ ഇവർക്കായി ഒരു വെൽഫെയർ ബോർഡ് രൂപവത്കരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞിരുന്നു. പുതുതലമുറ തൊഴിലാളികളെ സംരക്ഷിക്കൻ ഇത്തരം നടപടി ആവശ്യമാണ്. കോവിഡിനുശേഷം പലരും ഗിഗ് തൊഴിലുകൾ കുടുംബം പുലർത്താനുള്ള മാർഗമായി കാണുന്നുണ്ട്​. ഇവരുടെ ഒരു സംസ്ഥാന ഡേറ്റാബേസ് ശേഖരിക്കണം.

മാത്രമല്ല, ഈ ജീവനക്കാർക്കുള്ള ലൈഫ്, അപകട ഇൻഷുറൻസ് എന്നിവ ഉറപ്പാക്കാൻ സർക്കാർ ഇടപെടണം. വിദ്യാർഥികളായ ഇത്തരം തൊഴിലാളികൾ ചൂഷണം ചെയ്യപ്പെടുന്നില്ല എന്നും ഉറപ്പാക്കാൻ സർക്കാറിന് ബാധ്യതയുണ്ട്. കമ്പനികളുമായി ചേർന്ന് ഇവരുടെ മാനസിക സമ്മർദം കുറക്കാനുള്ള നടപടികളും അത്യാവശ്യമാണ്.


ഭാവി ന്യൂജെൻ തൊഴിലുകളിൽ

പുതുതലമുറ ജോലികൾ കൂടുതൽ ശക്തമായി തുടരാൻതന്നെ സാധ്യതയുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം. അടുത്തകാലത്ത്‌ നടത്തിയ ദേശീയ സർവേ അനുസരിച്ച് ഗിഗ്‌ തൊഴിലാളികളിൽ 60 ശതമാനത്തിലധികം 16-23 വയസ്സുകാരാണ്. മാത്രമല്ല, ഇന്ത്യയിലെ പല യുവാക്കളുടെയും ആദ്യ ജോലിയും ഇതുതന്നെയാണ്. ഇത്തരം ജോലികൾ പാർട്ട് ടൈം ആയി ചെയ്യുന്ന യുവാക്കൾ കേരളത്തിൽ ഉൾപ്പെടെ നിരവധിയാണ്​.

ജോലിസമയത്തിന് അനുസരിച്ചുള്ള വേതനം ഇല്ലായ്മ, കമ്പനി പോളിസി മാറുമ്പോൾ വരുന്ന വരുമാനക്കുറവ്, ജോലിസ്ഥലത്തെ സമ്മർദം, ഡെലിവറിക്ക് ധിറുതിപിടിച്ചുപോകുമ്പോൾ സംഭവിക്കാൻ സാധ്യതയുള്ള അപകടങ്ങൾ എന്നിവയെല്ലാം ഇത്തരം തൊഴിലാളികൾ നേരിടുന്ന ദൈനംദിന പ്രശ്നങ്ങളാണ്.

ഈ മേഖലയിൽ നിശ്ചിതമായ തൊഴിൽസമയവും ഇ.എസ്.ഐ, പി.എഫ് തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കുന്ന ഒരുവിഭാഗവും ഇതൊന്നും ഇല്ലാതെ ജോലി ചെയ്യുന്ന മറ്റൊരു വിഭാഗവും ഉണ്ട്. രണ്ടാമത്തെ വിഭാഗത്തിന് കുറച്ചുപണം കൂടുതൽ ലഭിക്കും എന്നതുകൊണ്ട് ആകർഷകമാണെന്ന് തോന്നിയേക്കാം. എന്നാൽ, ഭാവികൂടി നോക്കിയാൽ ആനുകൂല്യങ്ങൾ ലഭിക്കുന്ന തൊഴിലുകൾ തിരഞ്ഞെടുക്കുന്നതാണ് ബുദ്ധി.


ഗൾഫിൽനിന്ന്​ മടങ്ങിയവർക്കും ആശ്വാസം

ഗൾഫിലും മറ്റും തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചെത്തിയവർ ഉബർ ഡ്രൈവർമാരും ആമസോൺ, സ്വിഗ്ഗി ഡെലിവറി The challenge with gig economyനടത്തുന്നവരുമായി. അനൗദ്യോഗിക കണക്കനുസരിച്ച്​ കേരളത്തിൽ മാത്രം രണ്ടു ലക്ഷത്തോളം പുതുതലമുറ തൊഴിലാളികൾ (ഗിഗ് വർക്കേഴ്സ്) ഉണ്ട്. മാത്രമല്ല, ചെറു പട്ടണങ്ങളിലെ ഷോപ്പുകളിലെ കണക്കുകൂടി നോക്കിയാൽ ഇത്തരം തൊഴിലാളികളുടെ എണ്ണം ഇനിയും വർധിക്കും.

Tags:    
News Summary - The challenge with gig economy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.