ഹോട്ടൽ മാനേജ്മെൻറ് മേഖലയുമായി ബന്ധപ്പെട്ട പഠനാവസരങ്ങൾ നിരവധിയാണ്. കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ കീഴിലും സ്വകാര്യ മേഖലകളിലും പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങളുണ്ട്. ബിരുദാനന്തര ബിരുദം, ബിരുദം, പി.ജി ഡിപ്ലോമ, സർട്ടിഫിക്കറ്റ് എന്നീ നിലവാരത്തിലുള്ള വിവിധ കോഴ്സുകൾ ലഭ്യമാണ് .

ഹോസ്പിറ്റാലിറ്റി, ഹോട്ടൽ മേഖലയുമായി ബന്ധപ്പെട്ട പ്രോഗ്രാമുകൾ നിയന്ത്രിക്കുന്നത് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷനൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെൻറ് ആൻഡ് കാറ്ററിങ് ടെക്നോളജി (എൻ.സി.എച്ച്.എം.സി.ടി) യാണ്.ഇതിന്റെ അഫിലിയേഷനുള്ള നിരവധി സ്ഥാപനങ്ങളിൽ ഇന്ദിര ഗാന്ധി നാഷനൽ ഓപ്പൺ യൂനിവേഴ്സിറ്റിയുമായി ചേർന്ന് നടത്തുന്ന ത്രിവത്സര ബി.എസ് സി ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ (BSc HHA) കോഴ്സ് ലഭ്യമാണ് .


ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (JEE) വഴിയാണ് പ്രവേശനം (വെബ് സൈറ്റ്: nchmjee.nta.nic.in). ഇംഗ്ലീഷ് ഒരു നിർബന്ധ വിഷയമായി പഠിച്ച് 50 ശതമാനം മാർക്കോടെ പ്ലസ് ടു പരീക്ഷ ജയിച്ചിരിക്കണം. അതത് വർഷം പ്ലസ് ടു പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം.

കേരളത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് കോവളം, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെൻറ് കോഴിക്കോട്, ഓറിയന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ലെക്കിടി എന്നിവിടങ്ങളിൽ ഈ പരീക്ഷ വഴിയാണ് പ്രവേശനം. ഇത്തരം സ്ഥാപനങ്ങളിൽ ഹോട്ടൽ മേഖലയുമായി ബന്ധപ്പെട്ട വിവിധ ബിരുദാനന്തര, ബിരുദ, ഡിപ്ലോമ സർട്ടിഫിക്കറ്റ് കോഴ്സുകളും ലഭ്യമാണ്.


വിവിധ സർവകലാശാലകൾക്ക് കീഴിൽ കേരളത്തിൽ ബി.എസ്.സി. ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി പഠിക്കാവുന്നതാണ്. സ്നേഹാചാര്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി ആലപ്പു , ലൂർദ് മാതാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി തിരുവനന്തപുരം, ശ്രീനാരായണഗുരു മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളജ് ആലപ്പുഴ, ശ്രീനാരായണഗുരു മെമ്മോറിയൽ കാറ്ററിങ് ടെക്നോളജി ആലപ്പുഴ, ബൈത്തുൽ ഇസ്സ ആർട്സ് ആൻഡ് സയൻസ് കോളജ് നരിക്കുനി, ഐ.സി.എൻ.എ.എസ് കോഴിക്കോട്, ഹോളി ക്രോസ് ഇൻസ്റ്റിറ്റ്യൂട്ട് കോഴിക്കോട്, അമൽ കോളജ് ഓഫ് മാനേജ്മെന്റൽ സ്റ്റഡീസ് നിലമ്പൂർ, യുവക്ഷേത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് പാലക്കാട്, നൈപുണ്യ സ്കൂൾ ഓഫ് മാനേജ്മെന്റ് ചേർത്തല, നൈപുണ്യ ഇൻസ്റ്റിറ്റ്യൂട്ട് തൃശൂർ തുടങ്ങിയ സ്ഥാപനങ്ങൾ ഉദാഹരണങ്ങളാണ് .


കൂടാതെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് നടത്തുന്ന ഡിപ്ലോമ ഇൻ ഫ്രണ്ട് ഓഫിസ് മാനേജ്മെന്റ്, ഡിപ്ലോമ ഇൻ ടൂറിസം റിസോർട്ട് ആൻഡ് ഹോട്ടൽ മാനേജ്മെന്റ്, ഡിപ്ലോമ ഇൻ സ്പാ മാനേജ്മെന്റ്/സ്പാ തെറപ്പി തുടങ്ങിയ കോഴ്സുകളും പഠിക്കാവുന്നതാണ്.

ബി.വോക്. ഫുഡ് പ്രോസസിങ് ആൻഡ് പ്രിസർവേഷൻ, ബാച്ചിലർ ഓഫ് മാനേജ്മെൻറ് സ്റ്റഡീസ്-ഹോട്ടൽ മാനേജ്മെൻറ്, ബി.കോം (ഹോട്ടൽ മാനേജ്മെൻറ് ആൻഡ് കാറ്ററിങ്), ബി.എസ്.സി. ഹോട്ടൽ മാനേജ്മെൻറ് ആൻഡ് കളിനറി ആർട്സ്, ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെൻറ്, ബാച്ചിലർ ഓഫ് ടൂറിസം ആൻഡ് ഹോട്ടൽ മാനേജ്മെൻറ്, ബാച്ചിലർ ഓഫ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ, ബി.എസ്.സി. ഹോട്ടൽ മാനേജ്മെൻറ് ആൻഡ് കാറ്ററിങ് സയൻസ് തുടങ്ങിയ കോഴ്സുകളും ചില ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ ഉണ്ട്.


ഹ്രസ്വകാല കോഴ്സുകള്‍ക്കും സാധ്യതയേറെ

പ്ലസ് ടു യോഗ്യത ഇല്ലാത്തവർക്കും പത്താം ക്ലാസ് കഴിഞ്ഞവർക്കും അനുയോജ്യമായ നിരവധി ഹ്രസ്വകാല കോഴ്സുകളും നിലവിലുണ്ട്. ഇത്തരം കോഴ്സുകള്‍ തിരഞ്ഞെടുക്കുമ്പോൾ സ്ഥാപനത്തിന്റെ പ്രശസ്തിയും വിശ്വസ്തതയും പ്രായോഗിക പരിശീലനത്തിനുള്ള ലബോറട്ടറി സൗകര്യങ്ങൾ, അധ്യാപകരുടെ യോഗ്യത, സ്റ്റാർ ഹോട്ടലുകളിലെ പരിശീലന സൗകര്യം തുടങ്ങിയവ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

കേരള ടൂറിസം വകുപ്പിന് കീഴിലുള്ള ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ജോലിസാധ്യതയുള്ള വിവിധ കോഴ്സുകളുണ്ട് . ഫ്രണ്ട് ഓഫിസ് ഓപറേഷൻ, ഫുഡ് ആൻഡ് ബിവറേജ് സർവിസ്, ഹോട്ടൽ അക്കമഡഷൻ ഓപറേഷൻ, ഫുഡ് പ്രൊഡക്ഷൻ, ബേക്കറി ആൻഡ് കൺഫക്ഷനറി, കാനിങ് ആൻഡ് ഫുഡ് പ്രിസർവേഷൻ എന്നിവയാണ് കോഴ്സുകൾ (വെബ് സൈറ്റ് : www.fcikerala.org).


കളിനറി ആർട്സ്

ആഹാരം പാചകം ചെയ്യുന്നതുമായി ബന്ധപ്പെട്ട തയാറെടുപ്പ്, പാചകം ചെയ്യൽ എന്നിവയുമായി ബന്ധപ്പെട്ട കലയാണ് 'കളിനറി ആർട്സ്'. ഈ മേഖലയിലെയോ അനുബന്ധ മേഖലകളിലെയോ പഠനം വഴി പാചകകലയിൽ പ്രാവീണ്യം നേടി ആഗ്രഹിക്കുന്ന തൊഴിൽമേഖലകളിലെത്താം. അതിനുവേണ്ട നൈപുണികൾ ഉണ്ടെന്ന് ആദ്യം ഉറപ്പാക്കുക. പുതിയതും വ്യത്യസ്തവുമായ വിഭവങ്ങൾ തയാറാക്കാനുള്ള താത്പര്യം, സൂഷ്മതല നിരീക്ഷണം, ബിസിനസ് അവബോധം, ശുചിത്വബോധം, സർഗവൈഭവം, തിരുമാനമെടുക്കാനുള്ള കഴിവ്, മറ്റുള്ളവർക്ക് പ്രചോദനം നൽകാനുള്ള നൈപുണി, സംഘ പ്രവർത്തനശേഷി തുടങ്ങിയ നെപുണികൾ ഈ മേഖലയിൽ പ്രവർത്തിക്കാൻ വേണ്ടിവരാം.

സമയബന്ധിതമായി ജോലി ചെയ്യണമെന്നാഗ്രഹിക്കുന്നവർക്ക് പറ്റിയ കരിയറല്ലയിത്. വീട് വിട്ട് ജോലി ചെയ്യേണ്ടിവരും. കോർപറേറ്റ് മേഖലയിലാണ് കൂടുതൽ അവസരങ്ങളുള്ളത്. ഫുഡ് പ്രൊഡക്ഷൻ, ഫുഡ് ഹാൻഡിങ്, ഹൈജിൻ, ഫുഡ് സേഫ്റ്റി സ്റ്റാൻഡേഡ്സ്, കിച്ചൺ മാനേജ്മെൻറ്, ഫുഡ് കോസ്റ്റിങ് തുടങ്ങിയ വിഷയങ്ങൾ കോഴ്സിന്റെ ഭാഗമായി പഠിക്കുന്നു. ഹോസ്പിറ്റാലിറ്റി മേഖലയിൽ ഷെഫ്, കിച്ചൺ മാനേജ്മെൻറ്, കളിനറി സ്പെഷലിസ്റ്റ് തുടങ്ങിയ സ്ഥാനങ്ങളിൽ ഫലപ്രദമായി പ്രവർത്തിക്കാൻ ആവശ്യമായ നൈപുണികൾ, അറിവ്, മനോഭാവം എന്നിവ വളർത്തിയെടുക്കുക, ഹോട്ടൽ, ഹോസ്പിറ്റാലിറ്റി അനുബന്ധ മേഖലകളിലേക്ക് ആവശ്യമായ ഷെഫുമാരെ സൃഷ്ടിക്കുക എന്നിവയാണ് ഈ കോഴ്സിന്റെ ലക്ഷ്യം .


പ്രമുഖ സ്ഥാപനങ്ങൾ

കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്‍റെ കീഴിലെ സ്വയംഭരണ സ്ഥാപനമായ ഇന്ത്യൻ കളിനറി ഇൻസ്റ്റിറ്റ്യൂട്ട്, നോയിഡ, തിരുപ്പതി എന്നീ കേന്ദ്രങ്ങളിൽ ഇന്ദിര ഗാന്ധി നാഷനൽ ട്രൈബൽ യൂനിവേഴ്സിറ്റിയുമായി സഹകരിച്ച് കളിനറി ആർട്സിൽ മൂന്ന് വർഷത്തെ ബാച്ചിലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (ബി.ബി.എ) പ്രോഗ്രാം നടത്തുന്നുണ്ട്.

ലോകത്തിലെ മികച്ച കളിനറി പരിശീലന സ്ഥാപനങ്ങളിൽ ഉൾപ്പെടുന്ന ഹൈദരാബാദിലെ കളിനറി അക്കാദമി ഓഫ് ഇന്ത്യയിൽ വിവിധ കോഴ്സുകളുണ്ട്. ഔറംഗാബാദിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ്, സിംബയോസിസ് സ്കൂൾ ഓഫ് കളിനറി ആർട്സ്, ന്യൂഡൽഹിയിലെ ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കളി നറി ആർട്സ് തുടങ്ങിയവ ഈ മേഖലയിലെ മികവുറ്റ സ്ഥാപനങ്ങളാണ് .


തൊഴിൽ സാധ്യതകൾ

എയർപോർട്ടുകൾ, നക്ഷത്ര ഹോട്ടലുകൾ, ആഡംബര കപ്പലുകൾ തുടങ്ങി വിവിധ മേഖലകളിൽ ഉയർന്ന പ്രതിഫലത്തോടെയുള്ള അവസരങ്ങളുണ്ട്. മാസ്റ്റർ ഷെഫ്, അസിസ്റ്റൻ്റ് ഷെഫ്, അസിസ്റ്റന്റ് പാസ്ട്രി ഷെഫ്, ബാങ്ക്വറ്റ് ഷെഫ് ,പേഴ്സനൽ ഷെഫ്, റിസർച് ഷെഫ്, എക്സിക്യൂട്ടിവ് ഷെഫ് ,ലൈൻ ഷെഫ്, ഡ്യൂഷെഫ്, പ്രൈപ് ഷെഫ് തുടങ്ങി നിരവധി തസ്തികകളുണ്ട്. കൂടാതെ ഇത്തരം കോഴ്സുകൾ പൂർത്തിയാക്കിയവർക്ക് സ്വന്തമായി റസ്റ്റാറന്റുകൾ ആരംഭിക്കുകയുമാവാം.

(ചിത്രങ്ങൾക്ക് കടപ്പാട്)

വിവരങ്ങൾക്ക് കടപ്പാട്:

ഫരീദ എം.ടി.

എച്ച്.എസ്.എസ്.ടി ഫിസിക്സ്. വി.എം.എച്ച്.എം. എച്ച്.എസ്.എസ് ആനയാംകുന്ന്, മുക്കം

സ്റ്റേറ്റ് റിസോഴ്സ് പേഴ്സൻ, കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്‍റ്സ് കൗൺസലിങ് സെൽ (സി.ജി ആൻഡ് എ.സി)

ഡയറക്ടറേറ്റ് ഓഫ് ജനറൽ എജുക്കേഷൻ

Tags:    
News Summary - Hotel Management Courses: List, Fees, Duration, After 12th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.