അറസ്റ്റ് ഒഴിവാക്കി സക്കീര്‍ ഹുസൈന് കീഴടങ്ങാന്‍ അവസരം നല്‍കും

കൊച്ചി/ കളമശ്ശേരി: ഗുണ്ട ആക്രമണ കേസിലെ പ്രതിയും സി.പി.എം നേതാവുമായ വി.എ.സക്കീര്‍ ഹുസൈനെ തിടുക്കപ്പെട്ട് അറസ്റ്റുചെയ്യേണ്ടെന്ന് പൊലീസിന് നിര്‍ദേശം. ഇതുസംബന്ധിച്ച നിയമോപദേശം ലഭിച്ചതനുസരിച്ച് സമയപരിധി അവസാനിക്കുന്നതുവരെ അറസ്റ്റു വേണ്ടെന്നാണ് അന്വേഷണ സംഘത്തോട് നിര്‍ദേശിച്ചത്. അതേസമയം, ഒളിവില്‍ കഴിയുന്ന സക്കീര്‍ ഹുസൈന്‍ സി.പി.എമ്മിന്‍െറ കളമശ്ശേരി ഏരിയ കമ്മിറ്റി ഓഫിസില്‍ ഉണ്ടെന്നുതന്നെയാണ് പൊലീസിന്‍െറ സ്ഥിരീകരണം.

ഒരാഴ്ച വരെ കീഴടങ്ങാന്‍ പ്രതിക്ക് ഹൈകോടതി സമയം അനുവദിക്കുകയും പ്രതി ഒരിടത്തുള്ളതായി സ്ഥിരീകരിക്കുകയുംചെയ്ത സാഹചര്യത്തില്‍ സമയപരിധിക്കുമുമ്പായി അറസ്റ്റുവേണ്ടെന്ന നിയമോപദേശമാണ് പൊലീസിന് ലഭിച്ചത്. പ്രതി വീണ്ടും ഒളിവില്‍ പോകാന്‍ ശ്രമിക്കുകയോ നിലവിലുള്ള സ്ഥലത്തുനിന്ന് മാറുകയോ ചെയ്താല്‍ മാത്രം അറസ്റ്റ് മതിയെന്നാണ് നിര്‍ദേശം. തിങ്കളാഴ്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതി തള്ളിയതിനു പിന്നാലെയാണ് ഒളിവിലായിരുന്ന സക്കീര്‍ ഹുസൈന്‍ കളമശ്ശേരി ഏരിയ കമ്മിറ്റി ഓഫിസിലത്തെിയത്. വിവരമറിഞ്ഞ് പൊലീസ് സംഘവും സ്ഥലത്തത്തെിയെങ്കിലും പാര്‍ട്ടി ഓഫിസില്‍ കയറി അറസ്റ്റുവേണ്ടെന്ന നിലപാടിലായിരുന്നു പൊലീസ്.

തുടര്‍ച്ചയായി രണ്ടാം ദിവസവും സക്കീര്‍ ഹുസൈന്‍ ഓഫിസില്‍നിന്ന് പുറത്തിറങ്ങാന്‍ കൂട്ടാക്കാതിരുന്നതോടെയാണ് പൊലീസ് നിയമോപദേശം തേടിയത്. അതേസമയം, സക്കീര്‍ ഹുസൈന്‍ പാര്‍ട്ടി ഓഫിസില്‍ തങ്ങിയതിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തുവന്നു. ഇതോടെ, സക്കീര്‍ ഹുസൈന്‍ ഓഫിസില്‍തന്നെയുണ്ടെന്നും ഹാജരാകാന്‍ സമയമുണ്ടെന്നും ആലോചിച്ച് തീരുമാനിക്കുമെന്നും തിങ്കളാഴ്ച മാധ്യമങ്ങളോട് പ്രതികരിച്ച സി.പി.എം ജില്ല സെക്രട്ടേറിയറ്റംഗവും കളമശ്ശേരി ഏരിയ സെക്രട്ടറിയുടെ ചുമതലയുമുള്ള ടി.കെ.മോഹനന്‍ ചൊവ്വാഴ്ച മലക്കംമറിഞ്ഞു. സക്കീര്‍ ഹുസൈന്‍ ഓഫിസില്‍ ഇല്ളെന്നും ഹാജരാകേണ്ട കാര്യം സക്കീറാണ് തീരുമാനിക്കേണ്ടത് എന്നുമാണ് അദ്ദേഹം ചൊവ്വാഴ്ച പ്രതികരിച്ചത്.

തലേദിവസം ഓഫിസിലത്തെിയ ഏരിയ കമ്മിറ്റി അംഗങ്ങള്‍ കൂടി ആലോചിച്ച ശേഷമാണ് ടി.കെ. മോഹനന്‍ മാധ്യമപ്രവര്‍ത്തകരോട് ആദ്യം പ്രതികരിച്ചത്. എന്നാല്‍, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സക്കീറിനെ കൈയൊഴിഞ്ഞ് പ്രസ്താവന ഇറക്കിയതോടെ തലേദിവസം ഒത്തുകൂടിയവര്‍ക്കിടയില്‍ ആശയക്കുഴപ്പമായി. അതേസമയം, സക്കീര്‍ ഹുസൈന്‍ ബുധനാഴ്ച രാവിലെ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകുമെന്ന സ്ഥിരീകരിക്കാത്ത വിവരവും പാര്‍ട്ടിവൃത്തങ്ങള്‍ പങ്കുവെക്കുന്നുണ്ട്.  ചൊവ്വാഴ്ച രാവിലെ ഹാജരാകുമെന്ന സൂചനയെ തുടര്‍ന്ന് വന്‍ മാധ്യമപ്പടയും ഇവിടെ തമ്പടിച്ചിരുന്നു.

Tags:    
News Summary - zakir hussain cpm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.