തൃശൂർ : പൊതുയിടങ്ങളിൽ മാലിന്യം വലിച്ചെറിഞ്ഞ് രക്ഷപ്പെടാമെന്ന് കരുതിയെങ്കിൽ തെറ്റി. പണി പാളും. തൃശൂർ കുന്നംകുളത്താണ് സംഭവം. യുവാവ് വലിച്ചെറിഞ്ഞ മാലിന്യം അതുപോലെ തിരികെ കൊറിയറായി വീട്ടിലെത്തിച്ച് പിഴയീടാക്കിയിരിക്കുയാണ് കുന്നംകുളം നഗരസഭ.
കുന്നംകുളം നഗരസഭയുടെ പട്ടാമ്പി മെയിന്‍ റോഡില്‍ മൃഗാശുപത്രിക്ക് സമീപം ഐടിഐ ഉദ്യോഗസ്ഥൻ വലിച്ചെറിഞ്ഞ മാലിന്യമാണ് നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ തിരിച്ച് വീട്ടിലെത്തിച്ച് നല്‍കി പിഴ ഈടാക്കിയത്.
കുന്നംകുളം നഗരസഭാ ശുചീകരണ വിഭാഗം ജീവനക്കാരനായ പ്രസാദിനാണ് റോഡരികില്‍നിന്ന് പ്രത്യേക പെട്ടിയിലാക്കി പാക്ക് ചെയ്ത നിലയില്‍ മാലിന്യം ലഭിക്കുന്നത്. തുടർന്ന് ആരോഗ്യവിഭാഗത്തെ വിവരമറിയിക്കുകയായിരുന്നു.
പിന്നാലെ പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം ക്ലീന്‍ സിറ്റി മാനേജര്‍ ആറ്റ്‌ലി പി ജോണ്‍, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എം എസ് ഷീബ, പി പി വിഷ്ണു എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
ഭക്ഷണാവശിഷ്ടങ്ങളും, ശീതള പാനീയങ്ങളുടെ കുപ്പിയും ഉൾപ്പെടെയാണ് വൃത്തിയായി പാക്ക് ചെയ്ത് റോഡില്‍ തള്ളിയ നിലയില്‍ കണ്ടെത്തിയത്. മാലിന്യത്തില്‍ നിന്ന് ലഭിച്ച മേൽവിലാസം അടങ്ങിയ ബില്ലിൽ നിന്നാണ് ആളിനെ തിരിച്ചറിഞ്ഞത്.
തുടർന്ന് മാലിന്യം തള്ളിയ വ്യക്തിയെ ഫോണില്‍ ബന്ധപ്പെട്ടു. കൊറിയര്‍ ഉണ്ടന്ന് പറഞ്ഞാണ് നഗരസഭ ആരോഗ്യ വിഭാഗം യുവാവിനെ വിളിച്ചത്.ലൊക്കേഷന്‍ അയച്ചു കൊടുത്തതിന് പിന്നാലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ ഇയാളുടെ വീട് കണ്ടെത്തി. യുവാവ് റോഡില്‍ വലിച്ചെറിഞ്ഞ മാലിന്യം ഉദ്യോഗസ്ഥര്‍ അയാൾക്ക് തന്നെ നൽകി.
നോട്ടീസ് നല്‍കിയതോടെ താനല്ല മാലിന്യം തള്ളിയതെന്ന് പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് 5000 രൂപ പിഴയും ഈടാക്കി. ചെയ്ത പ്രവൃത്തി തെറ്റാണെന്ന് ബോധ്യപ്പെടുകയും കുറ്റസമ്മതം നടത്തുകയും ചെയ്‌ത യുവാവിൻ്റെ അഭ്യര്‍ഥനയും സ്വകാര്യതയും മാനിച്ച് നഗരസഭ അധികൃതർ യുവാവിൻ്റെ പേര് വെളിപ്പെടുത്തിയില്ല .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.