കരുതൽ മേഖല വിധിയിലെ അപാകത പരിശോധിക്കും

ന്യൂഡല്‍ഹി: വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ കരുതൽ മേഖല (ബഫർസോൺ) നിര്‍ബന്ധമാക്കിയ വിധിയിലെ അപാകതകൾ പരിശോധിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജൂൺ മൂന്നിലെ വിധി മൂന്നംഗ ബെഞ്ചിന്റേതായിരുന്നതിനാൽ പരാതികളുടെ പരിശോധന മൂന്നു ജഡ്ജിമാർക്ക് വിട്ട് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

അതേസമയം ഇപ്പോഴുന്നയിച്ചതടക്കമുള്ള ഒരു പരാതിയും കരുതൽ മേഖല വിധി പുറപ്പെടുവിക്കുന്നതിനു മുമ്പ് ആരും സുപ്രീംകോടതിയെ ധരിപ്പിച്ചില്ലെന്ന് കേന്ദ്ര, കേരള സർക്കാറുകളെ ബെഞ്ച് വിമർശിച്ചു. ആ വിധിയിലൂടെ സുപ്രീംകോടതി നിയന്ത്രിക്കാന്‍ ഉദ്ദേശിച്ചത് ഖനനമായിരുന്നുവെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.

2022 ജൂണ്‍ മൂന്നിലെ വിധി പുറപ്പെടുവിക്കുന്നതിനു മുമ്പ് വാദം കേട്ട ബെഞ്ചിലുണ്ടായിരുന്ന ബി.ആർ. ഗവായ് ആണ് ഈ പ്രശ്നങ്ങളൊന്നും അന്നാരും ശ്രദ്ധയിൽപെടുത്തിയില്ലെന്ന് കേരളത്തിന്റെയും കേന്ദ്രത്തിന്റെയും അഭിഭാഷകരെ ഓർമിപ്പിച്ചത്. വിഷയത്തിലെ സങ്കീർണത എന്തുകൊണ്ട് വിധിക്ക് മുമ്പ് തങ്ങൾക്ക് മുമ്പാകെ ബോധിപ്പിച്ചില്ലെന്ന് കേന്ദ്ര സർക്കാറിന്റെ അഡീഷനൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയോടും കേരള സർക്കാറിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്തയോടും ചോദിച്ചു.

രാജ്യത്തെ മൊത്തം ബാധിക്കുന്ന കേസ് അല്ലെന്ന് കരുതിയാണ് കേന്ദ്രം ശ്രദ്ധയിൽപെടുത്താതിരുന്നതെന്ന് ഭാട്ടി ബോധിപ്പിച്ചപ്പോൾ രാജസ്ഥാനുമായി ബന്ധപ്പെട്ട കേസ് ആയതുകൊണ്ടാണ് തങ്ങള്‍ ശ്രദ്ധിക്കാതിരുന്നതെന്ന് ഗുപ്ത മറുപടി നൽകി. നിർമാണത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം മൂലമുള്ള പ്രയാസങ്ങൾ വിവിധ ഹരജിക്കാർക്കുവേണ്ടി ഹാജരായ പി.എന്‍. രവീന്ദ്രന്‍, ഉഷ നന്ദിനി, വി കെ ബിജു, വില്‍സ് മാത്യൂസ്, ദീപക് പ്രകാശ് തുടങ്ങിയവർ ബോധിപ്പിച്ചപ്പോൾ വിധിയിലൂടെ തങ്ങൾ പ്രധാനമായും നിയന്ത്രിക്കാന്‍ ഉദേശിച്ചത് ഖനനം ആണെന്ന് ജസ്റ്റിസ് ഗവായ് വ്യക്തമാക്കി.

ചില മേഖലകള്‍ക്ക് ഇളവ് ആവശ്യമാണെങ്കിലും കരട് വിജ്ഞാപനത്തിലെ എല്ലാ സംരക്ഷിത മേഖലകള്‍ക്കും ഇളവ് അനുവദിക്കരുതെന്ന് കേസിൽ സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി അഡ്വ. കെ. പരമേശ്വര്‍ ആവശ്യപ്പെട്ടു. കരുതൽമേഖല 10 കി.മീറ്റർ പരിധിയിൽനിന്ന് ആദ്യം അഞ്ച് കിലോമീറ്ററായും ഒടുവിൽ ഒരു കിലോമീറ്ററായും ചുരുക്കിയതും ഹരജിക്കാരുടെ ആവശ്യങ്ങൾ പരിശോധിച്ചശേഷം കരട് ഇളവ് അനുവദിക്കാമെന്നും അദ്ദേഹം ബോധിപ്പിച്ചു.

തുടർന്ന് മൂന്നംഗ ബെഞ്ചിന്റെ വിധിയിൽ ഇളവ് തേടി കേന്ദ്ര, കേരള സർക്കാറുകളും വിവിധ കക്ഷികളും സമർപ്പിച്ച ഹരജികൾ പരിശോധിക്കുമെന്ന് ജസ്റ്റിസുമാരായ ബി.ആര്‍ ഗവായ്, വിക്രംനാഥ് എന്നിവര്‍ വ്യക്തമാക്കി. മൂന്നംഗ ബെഞ്ചിന്റെ ഉത്തരവ് പരിശോധിക്കാൻ മൂന്നംഗ ബെഞ്ച് തന്നെ വേണം. ജഡ്ജിമാരെ ചീഫ് ജസ്റ്റിസ് നിശ്ചയിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ് ഗവായ് പുതിയ ബെഞ്ചിലുമുണ്ടാകാനാണ് സാധ്യത.

Tags:    
News Summary - will check into the error of judgment in buffer zone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.