അപ്പപ്പാറ: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി വയോധിക കൊല്ലപ്പെട്ടു. തിരുനെല്ലി ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലെ പനവല്ലി അപ്പപ്പാറ റോഡില്‍ വനത്തിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.
കമ്പളക്കാട് പറളിക്കുന്ന് ആലൂര്‍ ഉന്നതിയിലെ ചാന്ദ്‌നി (62) യാണ് മരിച്ചത്. ഇവര്‍ അപ്പപാറ ചെറുമാത്തൂര്‍ ഉന്നതിയിലെ മകൾ പ്രിയയുടെ വീട്ടിലാണ് താമസിച്ചുവന്നിരുന്നത്. വെള്ളിയാഴ്ച രാവിലെ കാട്ടാനയുടെ അസ്വാഭാവികമായ കാല്‍പ്പാടുകള്‍ കണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് വനത്തിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്.
തലക്ക് ഗുരുതര പരിക്കേറ്റ നിലയിലാണ് മൃതദേഹം. ആനയുടെ ചവിട്ടേറ്റാണ് മരണം. ചാന്ദ്‌നി ഇന്നലെ രാത്രിയോടെ വീട്ടില്‍ നിന്നു പുറത്തുപോയെന്നാണ് കുടുംബം പറയുന്നത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വയനാട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
നഗരപ്രദേശങ്ങളിൽ പോലും വന്യജീവികളെത്തുന്ന കാഴ്ചയാണ് വയനാട്ടിലിപ്പോൾ. ജില്ലയിൽ മാത്രം കഴിഞ്ഞ പത്തു വർഷത്തിനിടെ 45 പേരാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ജില്ലയിലെ വനാതിർത്തി പ്രദേശങ്ങളിലായിരുന്നു മുമ്പ് വന്യമൃഗങ്ങളെ പേടിക്കേണ്ടതെങ്കിൽ ഇപ്പോൾ എല്ലായിടവും ഭീതിയിലാണ്. പുൽപള്ളി, മേപ്പാടി, തിരുനെല്ലി, മാനന്തവാടി ഭാഗങ്ങളിൽ കാട്ടാനയും മുള്ളൻകൊല്ലി, സുൽത്താൻ ബത്തേരി ഭാഗങ്ങളിൽ കടുവയുമാണ് പ്രധാന ഭീഷണി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.