ഓൾ ഇന്ത്യ മുസ്​ലിം പേഴ്സണൽ ലോ ബോർഡ്​ കേരള ഘടകത്തിന്‍റെ ആഭിമുഖ്യത്തിൽ വിവിധ മുസ്​ലിം വനിത സംഘടനകളുടെ കൂട്ടായ്മയിൽ ‘സേവ് വഖഫ്, സേവ് കോൺസ്റ്റിറ്റ്യൂഷൻ’ എന്ന മുദ്രാവാക്യവുമായി നടന്ന പ്രതിഷേധ സമ്മേളനത്തിൽ ഇഖ്റ ഹസൻ എം.പി സംസാരിക്കുന്നു

എല്ലാ കാലത്തും ബൗദ്ധികമായ ചെറുത്തുനിൽപ്പിന്​ നേതൃത്വം നൽകിയതാണ് കേരളം; വഖഫ്​ ഭേദഗതിക്കെതിരെ ശക്​തമായ പ്രതിഷേധം ഉയരണം -ഇഖ്​റ ഹസൻ എം.പി

കൊച്ചി: വഖഫ്​ ഭേദഗതി നിയമം ന്യൂനപക്ഷങ്ങളുടെ സ്വയംഭരണാവകാശത്തിന്​ തുരങ്കം വെക്കുന്നതാണെന്ന്​ യു.പിയിൽനിന്നുള്ള പാർലമെന്‍റംഗവും സമാജ്​ വാദി പാർട്ടി നേതാവുമായ ഇഖ്​റ ഹസൻ. നൂറ്റാണ്ടുകളായി ലക്ഷക്കണക്കിനാളുകൾക്ക്​ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതാണ്​ വഖഫ്​ സംവിധാനമെന്നും അവർ ചൂണ്ടിക്കാട്ടി.

‘സേവ് വഖഫ്, സേവ് കോൺസ്റ്റിറ്റ്യൂഷൻ’ എന്ന മുദ്രാവാക്യവുമായി വഖഫ് ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട്​ ഓൾ ഇന്ത്യ മുസ്​ലിം പേഴ്സണൽ ലോ ബോർഡ്​ കേരള ഘടകം മുസ്​ലിം വനിത സംഘടനകളുടെ കൂട്ടായ്മയിൽ എറണാകുളം ടൗൺഹാളിൽ സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.

വഖഫ്​ ഭേദഗതി നിയമം മുസ്​ലിം സമുദായത്തിന്‍റെ ചരിത്രത്തിനും സ്വയംനിർണയാവകാശത്തിനുമെതിരായ കടന്നുകയറ്റവും ഭരണഘടന ഉറപ്പ്​ നൽകുന്ന അവകാശങ്ങളുടെ ലംഘനവുമാണ്​. ഇതിനെതിരെ ഒരുമിച്ച്​ നിൽക്കണം. മതപരവും ജീവകാരുണ്യപരവുമായ കാര്യങ്ങൾക്ക്​ മുസ്​ലിം സമുദായം നിലനിർത്തി​പ്പോന്ന വഖഫ്​ സംവിധാനത്തെ രാഷ്ട്രീയവത്​കരിക്കാനാണ്​ നീക്കമെന്നും ഇഖ്​റ ഹസൻ പറഞ്ഞു.

ഇന്ന്​ വഖഫ്​ സ്വത്തുക്കൾക്കുമേൽ കൈവെച്ചവർ നാളെ ക്രിസ്ത്യൻ ചാരിറ്റബിൾ ട്രസ്റ്റുകൾക്കും സിഖ്​ ഗുരുദ്വാരകൾക്കുമെതിരെ തിരിയും. വഖഫ്​ സ്ഥാപനങ്ങളെ ഇല്ലാതാക്കുന്നത്​ മുസ്​ലിം സ്ത്രീകളുടെ ശബ്​ദവും ഇടവും ഇല്ലാതാക്കൽ കൂടിയാണ്​​. എല്ലാ കാലത്തും ബൗദ്ധികമായ ചെറുത്തുനിൽപ്പിന്​ നേതൃത്വം നൽകിയ കേരളത്തിൽനിന്ന്​ വഖഫ്​ ഭേദഗതിക്കെതിരെ ശക്​തമായ പ്രതിഷേധം ഉയരണമെന്നും ഇഖ്​റ ഹസൻ പറഞ്ഞു.

ഭേദഗതി നിയമം മതസ്വാ​തന്ത്ര്യത്തിന്​ ​മേലുള്ള കടന്നുകയറ്റവും ജനാധിപത്യവിരുദ്ധവുമാണെന്ന്​ അധ്യക്ഷത വഹിച്ച ഓൾ ഇന്ത്യ മുസ്​ലിം പേഴ്സനൽ ലോ ബോർഡ് എക്സിക്യൂട്ടീവ് അംഗവും ജമാഅത്തെ ഇസ്​ലാമി ഹിന്ദ്​ ദേശീയ സെക്രട്ടറിയുമായ എ. റഹ്മത്തുന്നിസ പറഞ്ഞു. മുസ്​ലിം പേഴ്സണൽ ലോ ബോർഡ് കമ്മിറ്റി അംഗം ഡോ. ഖുദ്ദൂസ സുൽത്താന, മുസ്​ലിംലീഗ്​ വനിതാ വിഭാഗം ദേശീയ അധ്യക്ഷ എ.എസ്. ഫാത്തിമ മുസാഫിർ, മുസ്​ലിം പേഴ്സണൽ ലോ ബോർഡ് വനിതാ വിഭാഗം കൺവീനർ അഡ്വ. ജലീസ ഹൈദർ,

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സോയ ജോസഫ്, ജമാഅത്തെ ഇസ്​ലാമി വനിതാ വിഭാഗം കേരള പ്രസിഡന്‍റ്​ പി.ടി.പി. സാജിദ, എം.ജി.എം സംസ്ഥാന പ്രസിഡന്റ് സൽ‍മ അൻവരിയ്യ, വിമൻസ്​ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് വി.എ. ഫായിസ, വിങ്‌സ് സ്റ്റേറ്റ് ലീഗൽ സെൽ കൺവീനർ അഡ്വ. ഫരീദ, ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് കെ. ഷിഫാന, എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്‍റ് ഐഷാ ബാനു, വനിതാ ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. കുൽസു,

വുമൺ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ഇർഷാന, ഐ.ജി.എം കേരള സെക്രട്ടേറിയറ്റ് അംഗം കെ.എ. ഹാജറ, എം.എസ്.എസ് വനിതാ വിഭാഗം സെക്രട്ടറി കെ. റസിയ, വനിതാ ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ്​ ഷാജിദ നൗഷാദ്, മുസ്​ലിം പേഴ്സണൽ ലോ ബോർഡ് സംസ്ഥാന കോഓഡിനേറ്റർ കെ.എം. ഖദീജ എന്നിവർ സംസാരിച്ചു. 

Tags:    
News Summary - Waqf Amendment undermines autonomy of minorities - Iqra Hasan MP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.