ധനരാജ് വധക്കേസിൽ വിധി ഉടൻ; 20 ബി.ജെ.പി.-ആർ.എസ്.എസ് പ്രവർത്തകർ പ്രതികൾ
തളിപ്പറമ്പ്: സി.പി.എം പ്രദേശിക നേതാവ് സി.വി.ധനരാജിനെ വെട്ടിക്കൊന്ന കേസിൽ വിധി അൽപസമയത്തിനകം പ്രഖ്യാപിക്കും. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ.പ്രശാന്താണ് വിധിപറയുക. 20 ബി.ജെ.പി.-ആർ.എസ്.എസ്. പ്രവർത്തകരാണ് പ്രതികൾ. 12-ാം പ്രതിയായ സി.ബിജു (ചൂരക്കാട്ട് ബിജു) പിന്നീട് കൊല്ലപ്പെട്ടിരുന്നു. ബാക്കി 19 പ്രതികൾ വിധി കേൾക്കാനായി കോടതിയിൽ എത്തുന്നത്.
സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ നേതാവുമായിരുന്നു കൊല്ലപ്പെട്ട രാമന്തളി കാരന്താട്ടെ സി.വി.ധനരാജ്. 2016 ജൂലായ് 11-ന് രാത്രി പത്തോടെ വീടിനുമുന്നിൽ ഒരുസംഘം ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. കോടതി പരിസരത്ത് സിപിഎം പ്രവർത്തകരും പ്രമുഖ നേതാക്കളും തടിച്ചുകൂടിയിട്ടുണ്ട്.
ബി.ജെ.പി.-ആർ.എസ്.എസ്. പ്രവർത്തകരായ രാമന്തളി മൊട്ടക്കുന്നിലെ ടി.പി. ബിജു (34), കക്കംപാറയിലെ എം. വിപിൻ (34), കക്കംപാറയിലെ എം. വൈശാഖ് (31), ചിറ്റടിയിലെ സി.സുകേഷ് (31), കക്കംപാറയിലെ കെ.വി. പ്രജിത്ത് ലാൽ (31), കെ. അനൂപ് (31), കക്കംപാറയിലെ പണ്ടാരവളപ്പിൽ രാജേഷ് (39), കാങ്കോൽ ആലക്കാട്ടെ കെ.എം. ബിജു (44), പയ്യന്നൂർ കാരയിലെ പി.രാജേഷ് കുമാർ (53), രാമന്തളി കക്കംപാറയിലെ കെ. മനൂപ് (32), മൊട്ടക്കുന്നിലെ സി. ഷൈജു (31), കക്കംപാറയിലെ കെ. ധനേഷ് (39), മൊട്ടക്കുന്നിലെ പി.പി. രാജീവൻ (34), കക്കംപാറയിലെ കെ. മധു (42), തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ എസ്.ആർ. അജീഷ് (കണ്ണൻ-38), ചെറുവത്തൂർ കുട്ടമത്തെ തമ്പാൻ മണിയേരി (58), പയ്യന്നൂർ കാരയിലെ രമേശൻ കാര (50), കാങ്കോൽ വടശ്ശേരിയിലെ എ.പി.നിജേഷ് (കുട്ടൻ-38), മൊട്ടക്കുന്നിലെ മാട്ടൂക്കാരൻ ലിജിൻ (31) എന്നിവരാണ് പ്രതികൾ.
കേസിലെ അഞ്ചാമത്തെ സാക്ഷി വിചാരണയ്ക്ക് ഹാജരായില്ല എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പ്രോസിക്യൂഷന് തിരിച്ചടിയാകുമോ എന്ന ചർച്ച നിലനിൽക്കുന്നുണ്ട്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച സംഭവിച്ചു എന്ന ആരോപണം ഉയർന്നിരുന്നു. ഒന്നാം പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നതിനുപിന്നാലെ 2016 ജൂലൈ 11-നാണ് സി.വി. ധനരാജ് കൊല്ലപ്പെട്ടത്.
രണ്ടു ഘട്ടങ്ങളിലായി രണ്ടിടത്ത് ഗൂഢാലോചന നടത്തിയാണ് ധനരാജിനെ കൊലപ്പെടുത്തിയത് എന്നതായിരുന്നു കേസ്. ഒരു വർഷം നീണ്ട വിചാരണയ്ക്കൊടുവിലാണ് കോടതി ഇന്ന് വിധി പ്രഖ്യാപിക്കുന്നത്. സംഘർഷസാധ്യത കണക്കിലെടുത്ത് കോടതിക്ക് മുന്നിൽ വലിയ പൊലീസ് സുരക്ഷാ സന്നാഹങ്ങൾ ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.