വോട്ടിന് വേണ്ടി ഒരു വര്‍ഗീയവാദിയുടെയും തിണ്ണ നിരങ്ങില്ലെന്ന് വി.ഡി. സതീശൻ

കൊച്ചി: വോട്ടിന് വേണ്ടി ഒരു വര്‍ഗീയവാദിയുടെയും തിണ്ണ നിരങ്ങില്ലെന്ന് യു.ഡി.എഫ് പ്രഖ്യാപിച്ച തെരഞ്ഞെടുപ്പാണിതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇത് വരാനിരിക്കുന്ന കേരളത്തിലെ സാമൂഹിക രാഷ്ട്രീയ രംഗത്ത് നിര്‍ണായക ചലനങ്ങളുണ്ടാക്കും. മതേതര കേരളത്തിന് ഊര്‍ജം പകരുന്ന നിലപാടാണ് യു.ഡി.എഫ് എടുത്തിരിക്കുന്നത്. മതേതരവാദികളുടെ വോട്ട് യു.ഡി.എഫിന് ലഭിക്കും. അതായിരിക്കും കേരളത്തിന്റെ രാഷ്ട്രീയ സമൂഹിക രംഗങ്ങളെ നിയന്ത്രിക്കാന്‍ പോകുന്ന സുപ്രധാന ഘടകം. തൃക്കാക്കരയില്‍ പി.ടി തോമസ് വിജയിച്ചതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ ഉമ തോമസ് വിജയിക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു.

ആലപ്പുഴയില്‍ കൊലവിളി മുദ്രാവാക്യം നടക്കുമ്പോള്‍ മുന്‍ മന്ത്രിയെ വിട്ട് പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്.ഡി.പി.ഐയുടെയും വോട്ട് കിട്ടാനുള്ള ചര്‍ച്ചയിലായിരുന്നു മുഖ്യമന്ത്രി. വര്‍ഗീയ സംഘര്‍ഷം നിലനില്‍ക്കുന്ന സ്ഥലത്ത് കൊലവിളി മുദ്രാവാക്യം വിളിക്കാന്‍ സര്‍ക്കാറാണ് അനുമതി നല്‍കിയത്. കുളം കലക്കി മീന്‍ പിടിക്കാനുള്ള ശ്രമമാണ് സി.പി.എം നടത്തിയത്. വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് കാരണം മുഖ്യമന്ത്രിയുടെ തലതിരിഞ്ഞ സോഷ്യല്‍ എന്‍ജിനീയറിങ്ങാണ്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സർക്കാർ പൂഴ്ത്തിവയ്ക്കുന്നത് സി.പി.എമ്മിന് ഇഷ്ടമുള്ള ആളുകളുടെ പേരുകള്‍ ഉള്‍പ്പെട്ടിട്ടുള്ളതുകൊണ്ടാണ്. മുഖ്യമന്ത്രിയും സി.പി.എമ്മുമാണ് കെ-റെയിലിനെ കുറിച്ച് മിണ്ടാത്തത്. കമീഷന്‍ റെയില്‍ കേരളത്തെ ശ്രീലങ്കയാക്കും.

സി.പി.എമ്മുകാർ എന്തും പ്രചരിപ്പിക്കും. സ്വന്തം ജില്ല സെക്രട്ടറി കിടക്കുന്ന കട്ടിലനടിയില്‍ ക്യാമറ വച്ച വിരുതന്‍മാരാണ് എറണാകുളത്തെ സി.പി.എം നേതാക്കള്‍. പ്രളയഫണ്ട് തട്ടിയെടുത്തവരെ ഒളിവില്‍ താമസിപ്പിച്ചതും ഇവരാണ്. എന്തും ചെയ്യാന്‍ മടിക്കാത്ത ഒരു സംഘം സി.പി.എമ്മിലുണ്ട്. ഇന്നലെ പത്രസമ്മേളനം നടത്തിയ രണ്ടു സി.പി.എം നേതാക്കളില്‍ ഒരാള്‍ക്കെതിരെയും ഇത്തരം വീഡിയോ പ്രചരിച്ചിരുന്നു. അത് പ്രചരിപ്പിച്ചതും സി.പി.എമ്മുകാരായിരുന്നു. ജില്ല സെക്രട്ടറിയുടെ കട്ടിലിനടിയില്‍ ക്യാമറ വച്ചവര്‍ ഇതല്ല ഇതിനപ്പുറവും ചെയ്യും.

സ്ഥാനാര്‍ഥിയുടെ വ്യജ വിഡിയോ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ മൂന്നില്‍ രണ്ട് പേരും സി.പി.എം ബന്ധമുള്ളവരാണ്. കൊല്ലത്ത് അറസ്റ്റിലായ ജേക്കബ് ഹെന്‍ട്രി സി.പി.എം പ്രദേശിക നേതാവാണ്. പാലക്കാട് സ്വദേശി ശിവദാസന്‍ കെ.ടി.ഡി.സിയിലെ താല്‍ക്കാലിക ജീവനക്കാരനും സി.ഐ.ടി.യു യൂണിയന്‍ അംഗവുമാണ്. എന്നിട്ടാണ് കോണ്‍ഗ്രസുകാരാണ് പ്രചരിപ്പിച്ചതെന്ന നട്ടാല്‍ കുരുക്കാത്ത നുണ പറയുന്നത്. സ്ഥാനാര്‍ഥിത്വത്തെ സംബന്ധിച്ച് സി.പി.എമ്മില്‍ പരാതിയുണ്ടായിരുന്നു. അതിന്റെ ഭാഗമാണ് വ്യാജ വിഡിയോ. ശരിയായ അന്വേഷണം നടത്തിയാല്‍ വാദി പ്രതിയാകുമെന്നും വി.ഡി. സതീശൻ പറഞ്ഞു. 

Tags:    
News Summary - VD satheesan statement Thrikkakara by election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.