മാധ്യമവിലക്ക് ന്യായീകരിച്ച് വി.സി; തള്ളി മന്ത്രി റോജി

കോട്ടയം: മാധ്യമങ്ങൾക്കുള്ള വിലക്ക് ന്യായീകരിച്ച് മഹാത്മ ഗാന്ധി സർവകലാശാല വൈസ് ചാൻസലർ പ്രഫ. ഡി. മാവൂത്. മാധ്യമപ്രവർത്തകരെ സർവകലാശാലയിൽനിന്ന് വിലക്കാനോ വാർത്തകൾ ശേഖരിക്കുന്നതിൽനിന്ന് തടയാനോ തീരുമാനമില്ലെന്ന് വിശദീകരിച്ച് പുറത്തിറക്കിയ വാർത്ത കുറിപ്പിലാണ് കഴിഞ്ഞ ദിവസത്തെ ഉത്തരവിനെ ന്യായീകരിച്ചത്.

സർവകലാശാലയുടെയോ വൈസ് ചാൻസലറുടെയോ അറിവോ അനുമതിയോ ഇല്ലാതെ, സർവകലാശാലയുമായി നേരിട്ട് ബന്ധമില്ലാത്ത ചില വിഷയങ്ങളിൽ പല ദൃശ്യമാധ്യമങ്ങളും അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിലെ സിൻഡിക്കേറ്റ് ഹാൾ ഉൾപ്പെടെ ഓഫിസുകളിൽ പ്രവേശിച്ച് ദൃശ്യങ്ങളും പ്രതികരണങ്ങളും ശേഖരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇത് അക്കാദമിക അന്തരീക്ഷത്തെയും പരീക്ഷാ-പഠന പ്രവർത്തനങ്ങളെയും സുരക്ഷയെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്.

അനൗദ്യോഗിക വിഷയങ്ങളിൽ സർവകലാശാലക്കുള്ളിൽവെച്ച് ആരെങ്കിലും നൽകുന്ന പ്രതികരണങ്ങൾ ഔദ്യോഗിക നിലപാടായി പൊതുസമൂഹത്തിൽ തെറ്റായി വ്യാഖ്യാനിക്കപ്പെടാനും സാധ്യതയുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് വിഷയത്തിൽ വ്യക്തത വരുത്താൻ രജിസ്ട്രാർക്ക് കുറിപ്പ് നൽകേണ്ടിവന്നത്. അനുമതിയോടെ സർവകലാശാലയിൽ പ്രവേശിക്കുന്നതിനും ഔദ്യോഗിക പ്രതികരണങ്ങൾ തേടുന്നതിനും മാധ്യമപ്രവർത്തകർക്ക് തടസ്സമില്ല. പി.ആർ.ഒ വഴി സർവകലാശാല അധികാരിയുടെ അറിവും അനുമതിയും നേടി മാധ്യമങ്ങൾക്ക് പ്രവേശിക്കാം- വി.സി വ്യക്തമാക്കി.

അതേസമയം, മാധ്യമങ്ങൾക്ക് വി.സി ഏർപ്പെടുത്തിയ വിലക്ക് തള്ളി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. ഭരണഘടന ഉറപ്പ് നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും അവിഭാജ്യ ഘടകമാണ് മാധ്യമസ്വാതന്ത്ര്യം. സ്വതന്ത്ര ചിന്തയുടെയും ജനാധിപത്യ സംവാദങ്ങളുടെയും വേദിയാകേണ്ട സർവകലാശാലയിൽ മാധ്യമങ്ങളെ വിലക്കുന്നത് ഏകാധിപത്യ പ്രവണതയാണ്. മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കാൻ ആരു ശ്രമിച്ചാലും ശക്തമായി എതിർക്കും. കേരളത്തിലെ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിലും ഇത്തരം ഏകാധിപത്യ നടപടി സർക്കാർ അനുവദിക്കില്ല-മന്ത്രി വ്യക്തമാക്കി.

Tags:    
News Summary - VC justifies media ban; Minister Roji rejects it

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.