വടകര: അഴിയൂരിൽ വിദ്യാർഥിനിയെ ലഹരിക്കടത്തിന് ഉപയോഗിച്ച സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണം. കേസ് പൊലീസ് അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് രംഗത്തെത്തിയ വിദ്യാർഥിനിയുടെ ബന്ധുക്കൾ പൊലീസിെന്റ നിരവധി വീഴ്ചകൾ ചൂണ്ടിക്കാണിക്കുന്നു. കുട്ടിയുടെ മൊബൈൽ ഫോൺ ഉപയോഗമാണ് സംഭവത്തിന് പിന്നിലെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ വാദങ്ങളെയും മാതാവ് ഉൾപ്പെടെയുള്ള ബന്ധുക്കൾ തളളി.
പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തുമ്പോൾ കുട്ടിക്ക് യുവാവിനെ പരിചയപ്പെടുത്തുകയും പൊടി നൽകുകയും ചെയ്ത യുവതി സ്ഥലത്ത് എത്തിയിരുന്നു. സി.ഐയുടെ മുറിയിൽ മൊഴിയെടുക്കുമ്പോൾ ജനലിന് പുറത്തുനിന്ന് യുവതി കണ്ണുരുട്ടി കാണിച്ചത് വിദ്യാർഥിനിയുടെ ആത്മധൈര്യം നഷ്ടപ്പെടുത്താനിടയാക്കി. റോഡിലിറങ്ങി യുവതിയെ അന്വേഷിച്ചെങ്കിലും കടന്നുകളഞ്ഞു. മൊഴി നൽകാനെത്തിയ വിവരം എങ്ങനെ യുവതിക്ക് ലഭിച്ചു? പൊലീസിെന്റ സഹായം ഇവർക്ക് ലഭിച്ചിട്ടുണ്ടാകാം. സംഭവം ശ്രദ്ധയിൽപ്പെടുത്തിയിട്ട് പൊലീസ് ഗൗരവമായി എടുത്തില്ല. യുവതിയെ കണ്ടെത്താൻ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാൽ മതിയാവും. എന്നാൽ, പൊലീസ് ശ്രമിക്കുന്നില്ല.
കേസിൽ പിടികൂടിയ യുവാവ് കോളജിലാണ് സംഭവ ദിവസമുണ്ടായിരുന്നതെന്ന് പൊലീസ് പറയുന്നത് പ്രതിയെ രക്ഷപ്പെടുത്താനാണ്. യുവാവിനൊപ്പം ചുവന്ന മുടിയുള്ള ആളും മുടിചുരുട്ടി കെട്ടിയ മറ്റൊരാളും ഉണ്ടായിരുന്നു. തലശ്ശേരിയിൽ കടൽപാലത്തിലും മറ്റും പോയപ്പോൾ ഇയാൾ അവിടെയുണ്ടായിരുന്നു.
സ്റ്റേഷനിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തുമ്പോൾ രണ്ടു പ്രാദേശിക യുവജന സംഘടന നേതാക്കളെ പൊലീസ് ഇരുത്തിയിരുന്നു. പരാതിയിൽനിന്ന് പിന്മാറാൻ ഇവർ ആവശ്യപ്പെട്ടത് പൊലീസ് അന്വേഷിക്കുന്നില്ല.
കുട്ടി പറയുന്ന പൊടിയെ നിസ്സാരവത്കരിക്കുകയാണ്. കേസിൽ പിടികൂടിയ യുവാവിന്റെ ലഹരി ഉപയോഗത്തെകുറിച്ച് മൊഴി നൽകിയ ബന്ധുവിനെ പൊലീസ് ഭീഷണിപ്പെടുത്തി. കുട്ടിയുടെ നഖം വെട്ടിയെടുത്തതിനെക്കുറിച്ചും ശരീരത്തിലുണ്ടാക്കിയ അടയാളങ്ങളെക്കുറിച്ചും മൊഴി നൽകിയെങ്കിലും രേഖപ്പെടുത്തിയില്ല. മൊഴി വായിച്ച് കൊടുക്കാൻ നൽകിയില്ല -ബന്ധുക്കൾ ചൂണ്ടിക്കാട്ടി.
കൊയിലാണ്ടി ജില്ല ആശുപത്രിയിൽ വൈദ്യപരിശോധനക്ക് എത്തിച്ചപ്പോൾ കുടുംബത്തെ ഒരു ആംബുലൻസ് ഡ്രൈവർ നിരീക്ഷിച്ചിരുന്നു. ചോമ്പാല പൊലീസ് സ്റ്റേഷനിൽ കുട്ടിയെ ഭീഷണിപ്പെടുത്തിയ യുവജന സംഘടന നേതാവുമായി ഇയാൾക്കുള്ള ബന്ധം അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
അന്വേഷണം ഇങ്ങനെ പോരാ...
വടകര: അഴിയൂർ ലഹരിക്കടത്ത് കേസ് അന്വേഷണം ഉന്നതതല ഏജൻസിക്ക് കൈമാറണമെന്ന് കുട്ടിയുടെ മാതാവ് വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വടകര ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണം തൃപ്തികരമല്ല.
കുട്ടി മൊബൈൽ ഫോണിന്റെ മായികവലയത്തിലാണെന്നും സംഭവം സത്യമല്ലെന്നും വീട്ടിലെത്തിയ ഡിവൈ.എസ്.പി പറഞ്ഞു. നിലവിലെ അന്വേഷണത്തിൽ നീതി ലഭിക്കുമെന്ന് കരുതുന്നില്ല. പൊലീസിന്റെ നിരന്തര ചോദ്യംചെയ്യലിൽ കുട്ടിയും വീട്ടുകാരും ക്ഷീണിതരാണ്. മകൾക്ക് ഉണ്ടായതുപോലുള്ള സംഭവങ്ങൾ ഇനി മറ്റാർക്കും ഉണ്ടാവരുത്. കേസിൽ പ്രതികളെ പിടിക്കുന്നതിനുപകരം മകളെ കരുവാക്കി പ്രതികളെ രക്ഷപ്പെടുത്താനാണ് പൊലീസ് ശ്രമിക്കുന്നത്. സ്കൂൾ അധികൃതർ സംഭവം മുകളിൽ അറിയിക്കുന്നതിനുപകരം മറച്ചുവെക്കുകയാണ് ഉണ്ടായതെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.