സർക്കുലർ നിർബന്ധമായി ഒപ്പിടിവിച്ചു -ആന്‍റണി കരിയിൽ; ജനാഭിമുഖ കുർബാന തുടരുമെന്ന്​ എറണാകുളം അതിരൂപത

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിൽ ഓശാന ഞായർ മുതൽ ഏകീകൃത കുർബാന നടത്തണമെന്ന് ചൂണ്ടിക്കാട്ടി സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ ജോർജ് ആലഞ്ചേരിയുടെയും അതിരൂപത ആർച്ച് ബിഷപ് ആൻറണി കരിയിലിന്‍റെയും പേരിൽ കഴിഞ്ഞ ദിവസം ഇറങ്ങിയ സംയുക്ത സർക്കുലറിനെ ചൊല്ലി വിവാദം. സർക്കുലർ തന്നെക്കൊണ്ട് നിർബന്ധമായി ഒപ്പിടീച്ചതാണെന്ന് എറണാകുളം ബിഷപ് ഹൗസിൽ ചേർന്ന വൈദികയോഗത്തിൽ മാർ ആൻറണി കരിയിൽ വെളിപ്പെടുത്തി. ഇതിനുപിന്നാലെ അതിരൂപതയിൽ ജനാഭിമുഖ കുര്‍ബാന തുടരുമെന്ന് യോഗം പ്രഖ്യാപിച്ചു. അതിനിടെ, സർക്കുലറിനെതിരെ ഒരു വിഭാഗം വൈദികർ നടത്തിയ വാർത്ത സമ്മേളനത്തിനിടെ സംഘർഷവും കൈയാങ്കളിയുമുണ്ടായി.

ഓശാന ഞായർ മുതൽ ഏകീകൃത കുർബാന എന്ന് പ്രഖ്യാപിച്ച് വ്യാഴാഴ്ച ഇറക്കിയ സർക്കുലർ, സെന്‍റ് തോമസിലെ കൂരിയ മുന്‍കൂട്ടി തയാറാക്കി നിര്‍ബന്ധിച്ച് ഒപ്പിടുവിച്ചതാണെന്നാണ് ആന്‍റണി കരിയിൽ വ്യക്തമാക്കിയത്. കരിയിലിന്‍റെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിൽ പ്രസ്തുത സർക്കുലർ അസാധുവാണെന്ന് വൈദിക യോഗം വിലയിരുത്തി.

മെത്രാപ്പോലീത്തന്‍ വികാരി എന്ന നിലയില്‍ എറണാകുളം -അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതല ആന്റണി കരിയിലിനാണ്. അതിനാൽ, സര്‍ക്കുലറിലെ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഒപ്പ് അംഗീകരിക്കാനാകില്ലെന്നും ഏകീകൃത കുർബാന നടപ്പാക്കണമെന്നാവശ്യപ്പെടുന്ന നിർദേശങ്ങള്‍ എറണാകുളം -അങ്കമാലി അതിരൂപതക്ക് ബാധകമല്ലെന്നും യോഗം പ്രഖ്യാപിച്ചു. എറണാകുളം ബിഷപ്സ് ഹൗസിൽ വെള്ളിയാഴ്ച ഉച്ചക്ക് വാർത്തസമ്മേളനത്തിനിടെയാണ് സംഘർഷമുണ്ടായത്. അതിരൂപതയിൽ ജനാഭിമുഖ കുർബാന തുടരുമെന്ന് വൈദികരും വിശ്വാസികളും പ്രഖ്യാപിക്കുന്നതിനിടെ ബിഷപ്സ് ഹൗസിന് പുറത്ത് ഏകീകൃത കുർബാനക്ക് നിരാഹാരം നടത്തുന്ന വിശ്വാസികളിൽ ചിലരെത്തി ഇടപെട്ടതാണ് സംഘർഷത്തിലേക്കും കൈയാങ്കളിയിലേക്കും നയിച്ചത്.

പൊലീസ് എത്തിയാണ് ഇരുവിഭാഗത്തെയും ശാന്തരാക്കിയത്. അതേസമയം, കർദിനാൾ ജോർജ് ആലഞ്ചേരിയുടെ ഒപ്പുസഹിതം ഇറങ്ങിയ സർക്കുലർ കാനോൻ നിയമം അനുസരിച്ച് നിയമവിരുദ്ധമാണെന്നും അതിനാൽ എറണാകുളം അതിരൂപതയുടെ പള്ളികളിൽ അത് വായിക്കാൻ അനുവദിക്കില്ലെന്നും അൽമായ മുന്നേറ്റം എറണാകുളം അതിരൂപത സമിതി വ്യക്തമാക്കി.

ബിഷപ്സ് ഹൗസിന് മുന്നിൽ സമാധാനപരമായി വാർത്തസമ്മേളനം നടത്തിയ വൈദികരെ അസഭ്യം പറഞ്ഞ് പ്രശ്നങ്ങൾ ഉണ്ടാക്കിയവർക്കെതിരെ ശക്തമായ പൊലീസ് നടപടി വേണമെന്ന് അൽമായ മുന്നേറ്റം ആവശ്യപ്പെട്ടു. യോഗത്തിൽ കൺവീനർ ബിനു ജോൺ, ഷൈജു ആന്റണി, പ്രകാശ് പി. ജോൺ, നിമ്മി ആന്റണി, വിജിലൻ ജോൺ എന്നിവർ സംസാരിച്ചു.

Tags:    
News Summary - unified qurbana dispute Syro Malabar Church

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.