ഭിന്നശേഷിക്കാർക്ക് സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാൻ ഇനി യു.ഡി.ഐ.ഡി കാർഡ്
സർക്കാർ ആനുകൂല്യങ്ങൾക്കായി അപേക്ഷിക്കുമ്പോൾ ഓരോ തവണയും വ്യത്യസ്ത രേഖകൾ ഹാജരാക്കേണ്ടി വരാറുള്ളത് മിക്കപ്പോഴും തലവേദന പിടിച്ച ‘പണി’യാണ്. ആവശ്യമുള്ള രേഖകൾ ഒപ്പിക്കാൻ അവസാനനിമിഷം ഓടിനടന്ന് മടുക്കുകയും ചെയ്യും.സർക്കാർ ആനുകൂല്യങ്ങൾ, പെൻഷൻ, വിദ്യാഭ്യാസ സംവരണം, യാത്രാ ഇളവുകൾ തുടങ്ങി ഭിന്നശേഷിക്കാർക്ക് ലഭിക്കുന്ന വിവിധ സഹായങ്ങൾക്കായി പലതരം രേഖകൾ ഹാജരാക്കേണ്ട സാഹചര്യത്തിൽ ഇത്തരം നടപടികൾ കൂടുതൽ ലളിതമാക്കാൻ സഹായിക്കുന്ന ഏകീകൃത തിരിച്ചറിയൽ രേഖയാണ് യു.ഡി.ഐ.ഡി കാർഡ്. രാജ്യത്തെവിടെയും ഉപയോഗിക്കാവുന്ന ഈ കാർഡ് ഭിന്നശേഷിക്കാരുടെ തിരിച്ചറിയൽ രേഖ മാത്രമല്ല, വിവിധ ക്ഷേമപദ്ധതികളിലേക്ക് എത്താനുള്ള പ്രധാന രേഖ കൂടിയാണ്.
കേരളത്തിലും കാർഡ് വിതരണ നടപടികൾ പുരോഗമിക്കുകയാണ്. ലഭ്യമായ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ഇതിനകം 4.54 ലക്ഷത്തിലധികം പേർക്ക് കാർഡ് വിതരണം ചെയ്തിട്ടുണ്ട്. എന്നിട്ടും ഈ കാർഡ് എങ്ങനെ നേടാം, എന്തൊക്കെ ആവശ്യങ്ങൾക്ക് ഉപയോഗിക്കാം, ആരെല്ലാമാണ് അപേക്ഷിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളിൽ പലർക്കും ഇപ്പോഴും വ്യക്തതയില്ല.
എന്താണ് യു.ഡി.ഐ.ഡി കാർഡ്?
കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം നടപ്പാക്കുന്ന ഏകീകൃത ഭിന്നശേഷി തിരിച്ചറിയൽ സംവിധാനമാണ് യു.ഡി.ഐ.ഡി അഥവാ യുണീക് ഡിസെബിലിറ്റി ഐ.ഡി. ഭിന്നശേഷിക്കാർക്ക് രാജ്യത്തുടനീളം അംഗീകരിക്കപ്പെടുന്ന ഒരൊറ്റ തിരിച്ചറിയൽ രേഖയും പ്രത്യേക തിരിച്ചറിയൽ നമ്പറും നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. മുമ്പ് വിവിധ ആവശ്യങ്ങൾക്കായി ഭിന്നശേഷി സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും പ്രത്യേകം ഹാജരാക്കേണ്ടി വന്നിരുന്നു. യു.ഡി.ഐ.ഡി സംവിധാനം വരുന്നതോടെ ഇത്തരം നടപടികൾ ലളിതമാക്കാനും ഗുണഭോക്താക്കളുടെ വിവരങ്ങൾ ഒരു ദേശീയ ഡാറ്റാബേസിൽ ഉൾപ്പെടുത്താനും സാധിക്കുന്നു.
എന്തെല്ലാം പ്രയോജനങ്ങൾ?
യു.ഡി ഐ.ഡി കാർഡ് ലഭിക്കുന്നതിലൂടെ ഭിന്നശേഷിക്കാർക്ക് വിവിധ സർക്കാർ സേവനങ്ങളും ക്ഷേമപദ്ധതികളും പ്രയോജനപ്പെടുത്തുന്നതിനുള്ള നടപടികൾ എളുപ്പമാകും.
സർക്കാർ ക്ഷേമപദ്ധതികൾ: അർഹതയനുസരിച്ച് ഭിന്നശേഷി പെൻഷൻ, സാമ്പത്തിക സഹായം, മറ്റ് ക്ഷേമപദ്ധതികൾ എന്നിവയ്ക്കായി അപേക്ഷിക്കുമ്പോൾ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം.
വിദ്യാഭ്യാസ ആനുകൂല്യങ്ങൾ: സ്കോളർഷിപ്പുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭിന്നശേഷി സംവരണത്തിനും ആവശ്യമായ രേഖയായി ഉപയോഗിക്കാം.
തൊഴിൽ അവസരങ്ങൾ: സർക്കാർ ജോലികളിലെ ഭിന്നശേഷി സംവരണത്തിനും മറ്റ് ബന്ധപ്പെട്ട ആനുകൂല്യങ്ങൾക്കും ഭിന്നശേഷി സർട്ടിഫിക്കറ്റിനൊപ്പം യു.ഡി.ഐ.ഡി. രേഖയും പ്രയോജനപ്പെടും.
യാത്രാ ഇളവുകൾ: റെയിൽവേ, കെ.എസ്.ആർ.ടി.സി. തുടങ്ങിയ സംവിധാനങ്ങളിലെ യാത്രാ ഇളവുകൾക്ക് അർഹതയുള്ളവർക്ക് ആവശ്യമായ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം. ഓരോ സേവനത്തിനും പ്രത്യേകം നിബന്ധനകളുണ്ടാകാം.
സഹായ ഉപകരണങ്ങൾ: വീൽചെയർ, ശ്രവണസഹായി തുടങ്ങിയ സഹായ ഉപകരണങ്ങൾ ലഭിക്കുന്നതിനുള്ള വിവിധ പദ്ധതികളിൽ അപേക്ഷിക്കുമ്പോൾ കാർഡ് സഹായകമാകും.
സ്വയംതൊഴിൽ വായ്പകൾ: അർഹരായവർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള വായ്പാ പദ്ധതികളിൽ അപേക്ഷിക്കുമ്പോൾ ഭിന്നശേഷി രേഖയായി ഉപയോഗിക്കാം.
അതേസമയം, കാർഡ് ലഭിച്ചതുകൊണ്ടുമാത്രം ഈ ആനുകൂല്യങ്ങളെല്ലാം സ്വമേധയാ ലഭിക്കില്ല. ഓരോ പദ്ധതിയുടെയും വരുമാനപരിധി, ഭിന്നശേഷിയുടെ ശതമാനം, മറ്റ് യോഗ്യതാ മാനദണ്ഡങ്ങൾ എന്നിവ പാലിക്കേണ്ടതുണ്ട്.
കാർഡിന് അപേക്ഷിക്കേണ്ടത് ആരെല്ലാം?
2016-ലെ ഭിന്നശേഷി അവകാശ നിയമപ്രകാരം അംഗീകരിച്ച 21 വിഭാഗങ്ങളിൽ ഉൾപ്പെടുന്ന ഭിന്നശേഷിയുള്ള ഇന്ത്യൻ പൗരന്മാർക്ക് അപേക്ഷിക്കാം.കാഴ്ചവൈകല്യം, കേൾവിവൈകല്യം, ചലനവൈകല്യം, ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിപരമായ പരിമിതികൾ, പഠനവൈകല്യം തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. കുട്ടികൾക്കുവേണ്ടി രക്ഷിതാക്കൾക്കും നിയമപരമായ രക്ഷിതാക്കൾക്കും അപേക്ഷ സമർപ്പിക്കാം.നേരത്തെ ഭിന്നശേഷി സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളവർക്കും കാർഡിനായി അപേക്ഷിക്കാം. പഴയ സർട്ടിഫിക്കറ്റ് ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റുന്നതിനും അവസരമുണ്ട്.
എങ്ങനെ അപേക്ഷിക്കാം? ഓൺലൈൻ നടപടികൾ അറിയാം
കാർഡിനായി വീട്ടിലിരുന്നുതന്നെ ഓൺലൈനായി അപേക്ഷിക്കാം. കേന്ദ്ര സർക്കാറിന്റെ ഔദ്യോഗിക വെബ്സൈറ്റാണ് ഇതിനായി ഉപയോഗിക്കേണ്ടത്.
ഔദ്യോഗിക പോർട്ടലായ swavlambancard.gov.in സന്ദർശിക്കുക.
രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം ലോഗിൻ ചെയ്ത് ഭിന്നശേഷി സർട്ടിഫിക്കറ്റിനും യു.ഡി.ഐ.ഡി. കാർഡിനുമുള്ള അപേക്ഷ തിരഞ്ഞെടുക്കുക.
അപേക്ഷകന്റെ വ്യക്തിഗത വിവരങ്ങളും വിലാസവും ആവശ്യമായ മറ്റ് വിവരങ്ങളും കൃത്യമായി നൽകുക.
ഫോട്ടോ, ഒപ്പ് അല്ലെങ്കിൽ വിരലടയാളം, തിരിച്ചറിയൽ രേഖ, വിലാസം തെളിയിക്കുന്ന രേഖ, നിലവിലുള്ള ഭിന്നശേഷി സർട്ടിഫിക്കറ്റ് എന്നിവ ആവശ്യാനുസരണം അപ്ലോഡ് ചെയ്യുക.
അപേക്ഷ സമർപ്പിച്ചശേഷം ബന്ധപ്പെട്ട ആശുപത്രിയിലോ മെഡിക്കൽ അതോറിറ്റിയിലോ അപേക്ഷയുടെ തുടർനടപടികൾ പരിശോധിക്കുക.
മെഡിക്കൽ പരിശോധന നിർബന്ധമാണോ?
പുതിയതായി ഭിന്നശേഷി സർട്ടിഫിക്കറ്റ് എടുക്കുന്നവർക്ക് ബന്ധപ്പെട്ട മെഡിക്കൽ അതോറിറ്റിയുടെ പരിശോധന ആവശ്യമാണ്. അപേക്ഷ പരിശോധിച്ചശേഷം വിദഗ്ധ ഡോക്ടർമാരുടെ വിലയിരുത്തലിനായി തീയതി അനുവദിക്കും. നിശ്ചയിച്ച ദിവസം ആശുപത്രിയിൽ ഹാജരാകണം.നിലവിൽ ഭിന്നശേഷി സർട്ടിഫിക്കറ്റ് ഉള്ളവരുടെ കാര്യത്തിൽ വീണ്ടും പരിശോധന ആവശ്യമാണോ എന്ന് ബന്ധപ്പെട്ട മെഡിക്കൽ അതോറിറ്റിയാണ് തീരുമാനിക്കുക. പരിശോധനയും മെഡിക്കൽ ബോർഡിന്റെ അംഗീകാരവും പൂർത്തിയായാൽ സർട്ടിഫിക്കറ്റും യു.ഡി.ഐ.ഡി. കാർഡും ലഭ്യമാകും.കാർഡിന്റെ ഡിജിറ്റൽ പകർപ്പ് പോർട്ടലിൽനിന്ന് ഡൗൺലോഡ് ചെയ്യാം. അച്ചടിച്ച കാർഡ് സ്പീഡ് പോസ്റ്റ് വഴിയാണ് രജിസ്റ്റർ ചെയ്ത വിലാസത്തിലേക്ക് അയക്കുന്നത്. അപേക്ഷയുടെ പുരോഗതിയും ഇതേ വെബ്സൈറ്റിൽ പരിശോധിക്കാം.
കേരളത്തിൽ ഇതുവരെ എത്ര പേർക്ക് കാർഡ് ലഭിച്ചു?
നവംബർ 11-ന് പുറത്തുവന്ന കണക്കുകൾ പ്രകാരം കേരളത്തിൽ യു.ഡി.ഐ.ഡി കാർഡിനായി ലഭിച്ച 5,21,250 അപേക്ഷകളിൽ 4,95,482 എണ്ണത്തിൽ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. ഇതിൽ 4,54,789 കാർഡുകളാണ് വിതരണം ചെയ്തത്. 25,768 അപേക്ഷകൾ ഇനിയും തീർപ്പാക്കാനുണ്ട്.ജില്ലകളിൽ ഏറ്റവും കൂടുതൽ കാർഡുകൾ വിതരണം ചെയ്തത് മലപ്പുറത്താണ്. അതേസമയം, തീർപ്പാക്കാനുള്ള അപേക്ഷകൾ ഏറ്റവും കുറവുള്ള ജില്ല വയനാടാണ്. കാർഡ് വിതരണം വേഗത്തിലാക്കുന്നതിനായി സംസ്ഥാനത്ത് 113 സർക്കാർ ആശുപത്രികളിൽ പരിശോധനാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും പ്രത്യേക മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
ഓൺലൈനായി അപേക്ഷിക്കാൻ കഴിയാത്തവർ എന്തുചെയ്യണം?
ഇന്റർനെറ്റ് സൗകര്യമില്ലാത്തവർക്കും ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ പ്രയാസമുള്ളവർക്കും ബന്ധപ്പെട്ട ആശുപത്രികളിലെ യു.ഡി.ഐ.ഡി വിഭാഗം, മെഡിക്കൽ അതോറിറ്റി, ജില്ല സാമൂഹ്യനീതി വകുപ്പ് ഓഫിസ് എന്നിവിടങ്ങളിൽ സഹായം തേടാം. അക്ഷയ കേന്ദ്രങ്ങൾ വഴിയും അപേക്ഷാനടപടികൾക്ക് സഹായം ലഭ്യമാണോയെന്ന് അന്വേഷിക്കാം.കാർഡിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും അപേക്ഷയുടെ നില പരിശോധിക്കാനും ഔദ്യോഗിക വെബ്സൈറ്റായ www.swavlambancard.gov.in സന്ദർശിക്കാം. അപേക്ഷ സമർപ്പിക്കുന്നതിനും കാർഡ് ലഭിക്കുന്നതിനും പ്രത്യേക ഫീസ് ഈടാക്കുന്നില്ലെന്നാണ് കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിന്റെ അറിയിപ്പ്.ഭിന്നശേഷിക്കാർക്കും അവരുടെ കുടുംബങ്ങൾക്കും സർക്കാർ സഹായങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ ലളിതമാക്കുകയാണ് യു.ഡി.ഐ.ഡി പദ്ധതിയുടെ പ്രധാന ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.