മഞ്ചേശ്വരം ഉറപ്പിച്ച് യു.ഡി.എഫ്; ഭൂരിപക്ഷം 5000 വോട്ടിന് മുകളിൽ, ന്യൂനപക്ഷ മേഖലകളിലെ കനത്ത പോളിങ് വിധി നിർണയിക്കും

കാസർകോട്: മഞ്ചേശ്വരം ആശങ്കക്ക് ഇടയില്ലാത്ത വിധം യു.ഡി.എഫ് ഉറപ്പിച്ചതായി സൂചനകൾ. ന്യൂനപക്ഷ മേഖലകളിലെ കനത്ത പോളിങ്ങും യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലെ വിജയവും മഞ്ചേശ്വരത്തെ സംബന്ധിച്ച് യു.ഡി.എഫിൽ ആശങ്കകൾ ഒഴിയുകയാണ്. മഞ്ചേശ്വരത്ത് കഴിഞ്ഞ വർഷത്തേക്കാൾ ഉയർന്ന പോളിങ് ആണ് രേഖപ്പെടുത്തിയത്. കഴിഞ്ഞവർഷം 77.93 ശതമാനമായിരുന്നെങ്കിൽ ഇത്തവണ 3.11 ശതമാനം വർധിച്ച് 81.04 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി.

തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി 12,000 വോട്ടുകൾ ചേർത്തിരുന്നതായി യു.ഡി.എഫ് അവകാശപ്പെട്ടിരുന്നു. വർധിച്ച വോട്ടുകളിൽ 75 ശതമാനം യു.ഡി.എഫിന്റേതാണെങ്കിൽ എസ്.ഐ.ആർ പ്രകാരം തള്ളിയ വോട്ടുകളിൽ 25 ശതമാനം മാത്രമാണ് അവരുടേത്. തള്ളിയതിലും ചേർത്തതിലും യു.ഡി.എഫിന്റെ പങ്ക് മാറ്റിനിർത്തിയാൽ ബാക്കിവരുന്ന വോട്ടുകൾ എൻ.ഡി.എ-എൽ.ഡി.എഫ് മുന്നണികളിലായി വിഭജിക്കപ്പെടുന്നു. ഈ കണക്കുകൾ ശരിവെച്ചാൽ യു.ഡി.എഫ് 5000 വോട്ടിന് മുകളിൽ വിജയം കൈവരിക്കേണ്ടതാണ്.

ബി.ജെ.പിയുടെ ആത്മവിശ്വാസക്കുറവ് പ്രചാരണത്തിലും പോളിങ് ദിനത്തിലും പ്രകടമായിരുന്നു. മഞ്ചേശ്വരത്തെ വലിയ പ്രതീക്ഷയിൽ കൊട്ടിക്കയറാറുള്ള ബി.ജെ.പി ഇത്തവണ കൊട്ടിക്കലാശം തന്നെ തീരുമാനിച്ചിടത്തുനിന്ന് ഉപേക്ഷിക്കുകയായിരുന്നു. ആഭ്യന്തരപ്രശ്നങ്ങൾ രൂക്ഷമായതിനെ തുടർന്നാണ് ഇതെന്ന് പറയപ്പെടുന്നു. ബി.ജെ.പിയിലെ രണ്ട് വിഭാഗങ്ങൾ ഏറ്റുമുട്ടാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. ത്രികോണമത്സരം ശക്തമായ മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പുകളിൽ ബൂത്ത് സംഘർഷം പതിവായിരുന്നു. ഇത്തവണ നാമമാത്രമായ രണ്ട് കള്ളവോട്ട് പ്രശ്നങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. എൽ.ഡി.എഫിനും ബി.ജെ.പിക്കും ഇടപെടാൻ അവസരം ലഭിച്ചിരുന്നില്ല. ശാന്തമായ അന്തരീക്ഷമാണ് പൊതുവിൽ മഞ്ചേശ്വരത്തുണ്ടായത്.

ബി.ജെ.പി ലക്ഷ്യമിടുന്ന ഭൂരിപക്ഷ സമുദായത്തിന്റെ വോട്ടാണ് എസ്.ഐ.ആറിൽ ഏറ്റവും കൂടുതൽ തള്ളപ്പെട്ടത്. ഇടതുപക്ഷ വോട്ടുബാങ്കുകളിൽ ഇടപെട്ട് ഇത് പരിഹരിക്കാനുള്ള ശ്രമം ബി.ജെ.പി സ്ഥാനാർഥി നടത്തിയെങ്കിലും ലക്ഷ്യംകണ്ടില്ല. 2016ലും 2021ലും കടുത്ത പോരാട്ടമാണ് യു.ഡി.എഫും ബി.ജെ.പിയും മഞ്ചേശ്വരത്ത് കാഴ്ചവെച്ചത്. 2016ൽ 89 വോട്ടുകൾക്കും 2021ൽ 754 വോട്ടുകൾക്കുമാണ് ബി.ജെ.പി തോറ്റത്. കൂടുതൽ കരുത്തോടെ മണ്ഡലം പിടിക്കാനുള്ള പ്രതീക്ഷകൾക്കിടയിലാണ് എസ്.ഐ.ആർ ബി.ജെ.പിക്കുമേൽ അശനിപാതമായത്.

കാലങ്ങളായി മഞ്ചേശ്വരം മണ്ഡലത്തിൽനിന്ന് മരിച്ചും കുടിയൊഴിഞ്ഞും വിവാഹിതരായും കർണാടകത്തിലേക്ക് കുടിയേറിയും വോട്ടർപട്ടികയിൽനിന്ന് പുറത്താകുന്ന വോട്ടുകൾ നിലനിർത്തുകയായിരുന്നു മുന്നണികൾ. ഇത്തവണ അത് സാധിച്ചില്ല. ഫലത്തിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന എസ്.ഐ.ആർ ബി.ജെ.പിയുടെ ഒന്നാംക്ലാസ് മണ്ഡലത്തെതന്നെ ഇല്ലാതാക്കുമോയെന്ന് കണ്ടറിയണം.

Tags:    
News Summary - UDF secures Manjeswaram; majority over 5000 votes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.