1. കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം ടി.എന്‍ പ്രതാപൻ, 2. ഗുരുവായൂർ നഗരസഭ ബയോപാര്‍ക്കില്‍ സ്ഥാപിച്ച ഗാന്ധി പ്രതിമ, 3. ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല
ഗുരുവായൂർ: നഗരസഭ ബയോപാര്‍ക്കില്‍ സ്ഥാപിച്ച ഗാന്ധി പ്രതിമയെ ചൊല്ലി വിവാദം മുറുകുന്നു. ഗാന്ധിജിയെ അപമാനിക്കുന്ന തരത്തിലുള്ള പ്രതിമയാണ് സ്ഥാപിച്ചതെന്നാണ് കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ ചൂണ്ടിക്കാട്ടുന്നത്.
ഗാന്ധി ഘാതകര തൃപ്ത്തിപ്പെടുത്താനുള്ള സി.പി.എം - ബി.ജെ.പി അന്തര്‍ധാരയാണ് ഗുരുവായൂരിലെ ഗാന്ധി പ്രതിമ വികലമാക്കിയതിനു പിന്നിലെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം ടി.എന്‍ പ്രതാപന്‍ ആരോപിച്ചു. പ്രതിമ സന്ദര്‍ശിച്ച് സംസാരിക്കയായിരുന്നു അദ്ദേഹം. വികൃതമായി പ്രതിമ നിര്‍മിച്ച ശില്പിയെ നഗരസഭ ആദരിച്ചത് സംഘപരിവാറിനെ തൃപ്തിപ്പെടുത്താനാണെന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധിയെ അവഹേളിച്ചതിന് മണ്ഡലം പ്രസിഡന്റ് ഒ.കെ.ആര്‍. മണികണ്ഠന്‍ പൊലീസിലും വികലമായ ശില്‍പ്പത്തിന് പ്രതിഫലം നല്‍കുന്നതിനെതിരെ നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി. ഉദയന്‍ നഗരസഭ അധികൃതര്‍ക്കും പരാതി നല്‍കുമെന്നും അറിയിച്ചു.
ഗുരുവായൂർ നഗരസഭ ബയോപാര്‍ക്കില്‍ സ്ഥാപിച്ച ഗാന്ധി പ്രതിമ
ഗാന്ധിയെ അവഹേളിക്കുന്ന പ്രതിമ സ്ഥാപിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ കിഴക്കെ നട ഗാന്ധി സ്മൃതി മണ്ഡപത്തിന് മുന്നില്‍ ഉപവാസ സത്യഗ്രഹം നടത്തുമെന്ന് കോണ്‍ഗ്രസ് മുനിസിപ്പല്‍ കോഓര്‍ഡിനേറ്റര്‍ ആര്‍. രവികുമാര്‍ അറിയിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്യും. മുന്‍ എം.പി സി. ഹരിദാസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ഗാന്ധിയെ അവഹേളിക്കുന്ന പ്രതിമ സ്ഥാപിച്ച സംഭവത്തില്‍ നഗരസഭ ചെയര്‍മാന്‍ മാപ്പ് പറണമെന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഡി.സി.സി സെക്രട്ടറി അഡ്വ. ടി.എസ്. അജിത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഒ.കെ. ആര്‍. മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു.
ബയോപാര്‍ക്കില്‍ സ്ഥാപിച്ച പ്രതിമ ഗാന്ധിയെ അപമാനിക്കുന്നതാണെന്ന് ബി.ജെ.പി കൗണ്‍സിലര്‍ ശോഭ ഹരിനാരായണന്‍ പറഞ്ഞു. ബോധപൂര്‍വമാണ് ഗാന്ധിയെ അപമാനിച്ചതെന്നും കലാകാരന്റെ കരവിരുത് എന്ന് പറഞ്ഞ് ലഘൂകരിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു. പ്രതിമ നിര്‍മ്മിക്കുമ്പോള്‍ പരിശോധിക്കാതിരുന്നത് നഗരസഭ ഭരണാധികാരികള്‍ രാഷ്ട്രപിതാവിന് നല്‍കുന്ന പ്രാധാന്യം എത്രയെന്ന് തെളിയിക്കുന്നതാണെന്നും കുറ്റപ്പെടുത്തി.
ഗുരുവായൂർ നഗരസഭ ബയോപാര്‍ക്കില്‍ സ്ഥാപിച്ച ഗാന്ധി പ്രതിമ കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം ടി.എന്‍ പ്രതാപന്റെ നേതൃത്വത്തിൽ സന്ദർശിക്കുന്നു
ഗാന്ധിയുടെ പ്രതിമ സ്ഥാപിച്ചവരേക്കാൾ നല്ലത് ഗോഡ്സേയായിരുന്നുവെന്നും ഒന്നുമില്ലെങ്കിലും ഒറ്റ ഉണ്ടക്ക് തീർത്തല്ലോ എന്നും ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല പറഞ്ഞു. ‘ഇതിന് ചികിത്സ എവിടുണ്ട്? ഹോമിയോ ? സിദ്ധ ? യൂനാനി ? ആയുർവ്വേദ ? ദന്തപ്പാലയുടെ ഇല എണ്ണയിലിട്ട് ഒരാഴ്ച വെയിലത്ത് വെച്ച് ഉപയോഗിച്ചാൽ മതിയാകുമോ ? പാവം ഗാന്ധി, ഗുരുവായൂർ നഗരസഭയിലെത്തിയിട്ടുണ്ട്. ഇനി മേല്പത്തൂരിനെപ്പോലെ ഭജനം പാർക്കാൻ വന്നതാകുമോ? ഗുരുവായൂർ നഗരസഭ ബയോ പാർക്കിൽ വെച്ച ഗാന്ധിപ്രതിമയാണേ. ഇവരിലും നല്ലത് ഗോഡ്സേയായിരുന്നു ഒന്നുമില്ലെങ്കിലും ഒറ്റ ഉണ്ടക്ക് തീർത്തല്ലോ’ -ശശികല ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
ഗുരുവായൂര്‍: ഗാന്ധി സന്ദേശം മുന്നോട്ടുവെക്കുന്ന അമൂര്‍ത്ത ശില്‍പമാണ് 10 അടി ഉയരത്തില്‍ കോണ്‍ക്രീറ്റില്‍ താന്‍ ആവിഷ്‌കരിച്ച ശില്‍പത്തിലുള്ളതെന്ന് ശില്‍പി ടി.കെ. സ്വരാജ്. ലോകത്ത് പലയിടത്തും ഇത്തരം അമൂര്‍ത്ത സങ്കല്‍പത്തിലുള്ള ഗാന്ധി ശില്‍പങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമെങ്കില്‍ ശില്‍പത്തെ റിയലിസ്റ്റിക് രീതിയിലേക്ക് മാറ്റാനാവുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.