ചെന്നൈ: ഉത്സവ സീസണായതിനാൽ കേരളത്തിലേക്ക് ടിക്കറ്റിനായി ഓടുകയാണ് മലയാളികൾ. വിഷു കുടുംബത്തിനോപ്പം ആഘോഷിക്കാൻ വെമ്പി നിൽക്കുന്ന മലയാളികൾക്ക് വിഷുക്കെണിയൊരുക്കി കെ.എസ്.ആർ.ടി.സി സർവിസ്. ഓരോ ദിവസത്തെയും കണക്കുകൾ നോക്കിയാണ് പല സ്ഥലങ്ങളിലും ബസ് ചാർജ് നിശ്ചയിക്കുന്നത്. സർക്കാർ ബസുകൾ ലാഭം നോക്കാതെ സർവിസ് നടത്തുമെന്ന് പലകാലങ്ങളിലും മാറിമാറി വന്ന മന്ത്രിമാർ ജനങ്ങൾക്ക് നൽകിയ വാഗ്ദാനമാണ്. എന്നാൽ സ്വകാര്യ ബസ് ലോഭിയെ സഹായിക്കാനാണ് ഈ നീക്കമെന്നും സ്വകാര്യ ബസ് നിരക്കിന് തുല്യമായാണ് കെ.എസ്.ആർ.ടി.സിയുടെ നിരക്ക് വർധനയെന്നും യാത്രികർ പറയുന്നു.
നിശ്ചിത തുകയിൽ നാട്ടിലെത്തി വിഷു ആഘോഷിച്ച് തിരിക്കെയത്താനാണ് യാത്രികർ ആഗ്രഹിക്കുന്നത്. എന്നാൽ നിലവിൽ കെ.എസ്.ആർ.ടി.സിയുടെ നിരക്ക് വർധന കീശകീറുന്ന നിലയിലാണ്. കെ.എസ്.ആർ.ടി.സിയുടെ കണക്കുകൾ പ്രകാരം കൂടുതൽ യാത്രക്കാർ കേരളത്തിലേക്ക് സഞ്ചരിക്കുന്നത് 10ാം തീയതിയാണ്. പുതുതായി നിരത്തിലിറക്കിയ എസി സ്ലീപ്പർ ബസുകളിൽ ഡൈനമിക് പ്രൈസിങ് എന്ന പേരിലാണ് വർധിച്ച നിരക്ക് ഈടാക്കുന്നത്.
രാത്രി 8.30ന് കിലാമ്പാക്കത്തുനിന്ന് പുറപ്പെടുന്ന ബസിൽ 1,640 രൂപയാണ് സാധാരണ ദിവസങ്ങളിലെ നിരക്കെങ്കിൽ 2,456 രൂപാണ് വർധിപ്പിച്ച നിരക്ക്. 11നും 13നും 2,179 രൂപയാണ് നിരക്ക്. എന്നാൽ, യാത്രക്കാർ കുറവുള്ള 12, 14 ദിവസങ്ങളിൽ വീണ്ടും 1640 രൂപയാണ് ഈടാക്കുന്നത്. ട്രെയിനിൽ ടിക്കറ്റ് ലഭികാത്തതിനാലും വിമാന ടിക്കറ്റ് നിരക്ക് വർധിച്ചതിനാലും കൂടിയ ചാർജ് നൽകി യാത്ര ചെയ്യേണ്ട അവസ്ഥയാണ് മലയാളികൾ.
രാത്രി 8.30ന് കിലാമ്പാക്കത്ത് നിന്ന് പുറപ്പെടുന്ന ബസ് ഗുഡുവാഞ്ചേരി, സിംഗപെരുമാൾ കോവിൽ, തിണ്ടിവനം, വില്ലുപുരം, സേലം, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, ചാലക്കുടി, അങ്കമാലി, വൈറ്റില ഹബ് വഴിയാണ് സർവിസ് നടത്തുന്നത്. രാവിലെ 8.30ന് എറണാകുളം സൗത്തിലെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെത്തും. 10ന് വൈകിട്ട് 6.30ന് നോൺ എ.സി സൂപ്പർ ഡീലക്സ് എയർ ബസും സർവിസ് നടത്തുന്നുണ്ട്. 6.30ന് കിലാമ്പാക്കത്ത് നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.25ന് എറണാകുളത്തെത്തും. 1,261 രൂപയാണ് ചാർജ്.
വിഷുവിന് നാട്ടിലെത്താൻ വിമാന സർവിസുകൾ തിരക്കിയവരുടെ കണ്ണ് തള്ളിച്ചാണ് ടിക്കറ്റ് ചാർജ്. തിരുവനന്തപുരത്തേക്ക് 10, 11 തീയതികളിൽ 7,433 രൂപ, 12, 13 തീയതികളിൽ 6,724, 14ന് 7091 രൂപ എന്നിങ്ങനെയാണ് ചാർജ്. കൊച്ചിയിലേക്ക് 10ന് 6913, 11ന് 6782, 12ന് 6329. 13നും 14നും 5,130 രൂപയുമാണ്. കോഴിക്കോട്ടേക്കും കണ്ണൂരിലേക്കുമുള്ള ചാർജുകളിൽ വൻവർധനയാണ് കാണിക്കുന്നത്. കോഴിക്കോട്ടേക്ക് 10ന് 7,174, 11ന് 8,208, 12ന് 9,396, 13ന് 6,782 കണ്ണൂരിലേക്ക് 10ന് 12,000ന് മുകളിലും 12ന് 10,000 ന് മുകളിലുമാണ് ചാർജ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.