സ​​ങ്ക​​ട​​ക്ക​​ട​​ലി​​ൽ മൂ​​ന്ന്​ മ​​ല​​യാ​​ളി കു​​ടും​​ബം: കപ്പൽ ജീവനക്കാരെ നൈജീരിയക്ക് കൈമാറാൻ ഗിനി

കൊച്ചി: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനിയിൽ നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലിലെ ജീവനക്കാരായ മൂന്ന് മലയാളികളുടെ കുടുംബം സങ്കടക്കടലിൽ. മൂന്നുമാസമായി ഇവരുടെ മോചനത്തിന് പ്രാർഥനകളുമായി കഴിയുകയാണ് കുടുംബങ്ങൾ. മോചനം ഉടൻ സാധ്യമാകുമെന്ന് കരുതിയിരിക്കെ കപ്പലും അതിലെ ജീവനക്കാരെയും നൈജീരിയക്ക് കൈമാറാൻ തിങ്കളാഴ്ച രാത്രി ഗിനി നടപടി ആരംഭിച്ചു. പട്ടാളത്തിന്‍റെ കസ്റ്റഡിയിലുണ്ടായിരുന്ന കപ്പലിലെ ചീഫ് ഓഫിസർ സുൽത്താൻ ബത്തേരി സ്വദേശി സനു ജോസിനെ തിങ്കളാഴ്ച കപ്പലിലേക്ക് മടക്കി അയച്ചു. അതേസമയം, മറ്റ് 15 പേരെ ജയിലിലേക്ക് മാറ്റി. ഇതാണ് കുടുംബങ്ങളെ ആശങ്കയിലാഴ്ത്തുന്നത്.

നൈജീരിയക്ക് കൈമാറിയാൽ ഇവരുടെ മോചനം എന്ന് സാധ്യമാകുമെന്നോർത്ത് ഉഴലുകയാണ് കുടുംബങ്ങൾ. കപ്പലിലെ ചീഫ് ഓഫിസർ സനു ജോസ്, തേഡ് ഓഫിസർ കൊല്ലം കുളത്തൂപ്പുഴ സ്വദേശി വിജിത് വി. നായര്‍, ഓയിലർ ആയ എറണാകുളം പൊന്നാരിമംഗലം സ്വദേശി മിൽട്ടൺ എന്നിവരാണ് കപ്പലിലുള്ള മലയാളികൾ. ഇവർ ജോലി ചെയ്യുന്ന 'എം.ടി ഹീറോയിക് ഇദുൻ' എന്ന എണ്ണക്കപ്പൽ ആഗസ്റ്റ് എട്ടിനാണ് ഗിനിയൻ സേന പിടികൂടിയത്. കസ്റ്റഡിയിലുള്ളവരെ മുമ്പ് താമസിപ്പിച്ച ഹോട്ടലിലേക്ക് തിരികെയെത്തിച്ചെന്നായിരുന്നു ആദ്യ വിവരം. പിന്നീടാണ് ജയിലിലെ മുറിയിൽ പൂട്ടിയിട്ടിരിക്കുകയാണെന്ന സന്ദേശം എത്തിയത്.

സനു ജോസിനെ ഗിനിയിലെ നാവികസേന അറസ്റ്റ് ചെയ്ത് നൈജീരിയയുടെ യുദ്ധക്കപ്പലിലേക്ക് കൊണ്ടുപോയെന്നും മറ്റുള്ളവരെയും ഉടൻ നൈജീരിയക്ക് കൈമാറുമെന്നും സൂചനയുണ്ടായിരുന്നു. ഈ നീക്കം ഇന്ത്യ തടഞ്ഞിരുന്നു. അതിൽ ആശ്വാസം കൊണ്ടിരിക്കെയാണ് തിങ്കളാഴ്ച വീണ്ടും ഇവരെ നൈജീരിയക്ക് കൈമാറുന്നതിന് നീക്കം തുടങ്ങിയതായി വിവരം ലഭിച്ചത്. കപ്പലിൽ മൂന്ന് മലയാളികളെക്കൂടാതെ 13 ഇന്ത്യക്കാരുണ്ട്. മറ്റ് രാജ്യക്കാരായ 10 പേരുമുണ്ട്. മോചനം ഉടൻ നടക്കുമെന്ന പ്രതീക്ഷയിലായിരുന്നുവെന്ന് സനു ജോസിന്‍റെ ഭാര്യ മെറ്റിൽഡ 'മാധ്യമ'ത്തോട് പറഞ്ഞു. കപ്പലിൽ പരിശോധന നടത്തിയ പട്ടാളം അസ്വാഭാവികമായി ഒന്നും കണ്ടെത്താത്തതിനാലാണ് ഉടൻ മോചനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. നൈജീരിയക്ക് കൈമാറുമോ അതോ മോചനം സാധ്യമാകുമോ എന്ന് പറയാനാകാതെ അനിശ്ചിതത്വം നിലനിൽക്കുകയാണെന്ന് മിൽട്ടന്‍റെ ഭാര്യ ശീതൾ പറഞ്ഞു.

മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക്കത്തയച്ചു

തിരുവനന്തപുരം: ഗിനിയിലെ ഇന്ത്യക്കാരുടെ മോചനത്തിന് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കേരളത്തിൽനിന്നുള്ള മൂന്നുപേരെക്കുറിച്ച് മുഖ്യമന്ത്രി കത്തിൽ പരാമർശിച്ചു. കപ്പലിനെയും ക്രൂ അംഗങ്ങളെയും ഉടൻ മോചിപ്പിക്കാൻ മുൻകൈയെടുക്കാൻ നയതന്ത്ര ഇടപെടൽ നടത്തണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.

Tags:    
News Summary - Three Malayali families in distress: Guinea to hand over crew to Nigeria

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.