വാണിജ്യനികുതി ഖജനാവിലത്തെുന്നില്ല; പിരിവിന് ധനമന്ത്രി നേരിട്ടിറങ്ങുന്നു

കൊച്ചി: ജനങ്ങള്‍ നല്‍കുന്ന വാണിജ്യനികുതി ഖജനാവിലത്തെുന്നില്ല; ഈ സാഹചര്യത്തില്‍ നികുതി പിരിവിനായി ധനമന്ത്രി നേരിട്ടിറങ്ങുന്നു. സംസ്ഥാനത്തിന്‍െറ നികുതിവരുമാനത്തില്‍ 25-35 ശതമാനത്തിന്‍െറ ചോര്‍ച്ചയുണ്ടെന്ന് പഠനങ്ങളില്‍ കണ്ടത്തെിയതിന്‍െറ അടിസ്ഥാനത്തിലാണ് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് നികുതി പിരിവിന് രംഗത്തിറങ്ങുന്നത്. 

നികുതി ഭരണസംവിധാനത്തില്‍ സംഭവിച്ച കെടുകാര്യസ്ഥതമൂലമാണ് വന്‍തോതില്‍ ചോര്‍ച്ചയുണ്ടാകുന്നതെന്നും സമീപവര്‍ഷങ്ങളില്‍ ഈ ചോര്‍ച്ച ഗണ്യമായി ഉയര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിക്കുന്നു. സംസ്ഥാനത്തെ മൊത്തം വാണിജ്യനികുതിയുടെ പകുതിയും പിരിഞ്ഞുകിട്ടേണ്ട എറണാകുളത്തുനിന്നാണ് ധനമന്ത്രി തന്‍െറ ദൗത്യത്തിന് തുടക്കമിടുന്നത്. വാണിജ്യനികുതി പിടിച്ചെടുക്കുന്നതിനുള്ള നടപടികള്‍ ചൊവ്വാഴ്ച രാവിലെ 10ന് എറണാകുളം കച്ചേരിപ്പടിയിലെ ആശീര്‍ഭവനില്‍ നടക്കുന്ന ചടങ്ങില്‍ അദ്ദേഹം പ്രഖ്യാപിക്കും. ‘മിഷന്‍ എറണാകുളം 2016-17’ എന്ന് പേരിട്ട പദ്ധതിയുമായാണ് മന്ത്രി നികുതി പിരിവിനിറങ്ങുന്നത്. 

പുതിയ നികുതിയോ ജനങ്ങള്‍ക്കുമേല്‍ പുതിയ ഭാരമോ ഏല്‍പിക്കാതെ നികുതിവരുമാനത്തില്‍ 25 ശതമാനം വളര്‍ച്ചയാണ് ബജറ്റിലെ ലക്ഷ്യം. നോട്ട് നിരോധനം വ്യാപാരരംഗത്ത് മാന്ദ്യം ഉണ്ടാക്കിയെങ്കിലും ഈ സാമ്പത്തികവര്‍ഷം 20 ശതമാനം നികുതിവളര്‍ച്ച നേടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. ഈവര്‍ഷം സംസ്ഥാനത്തെ മൊത്തം വാണിജ്യനികുതി ലക്ഷ്യമായ 38,628 കോടി രൂപയില്‍ 18,681 കോടിയും എറണാകുളം ജില്ലയില്‍നിന്നാണ് ലഭിക്കേണ്ടത്. മൊത്തം വാണിജ്യനികുതിയുടെ 48.3 ശതമാനമാണിത്. ഒക്ടോബര്‍ വരെ എറണാകുളത്ത് 8434 കോടിയും മട്ടാഞ്ചേരിയില്‍ 848 കോടിയുമാണ് ലഭിച്ചത്. ലക്ഷ്യത്തിന്‍െറ 89 ശതമാനം മാത്രം. ഇനിയുള്ള മാസങ്ങളില്‍ സെല്‍ഫ് അസസ്മെന്‍റ് വഴി എറണാകുളത്ത് 6725 കോടിയും മട്ടാഞ്ചേരിയില്‍ 610 കോടിയുമാണ് പ്രതീക്ഷിക്കുന്നത്. ലക്ഷ്യം നേടാന്‍ എറണാകുളത്ത് 1850 കോടിയും മട്ടാഞ്ചേരിയില്‍ 213 കോടിയും സമാഹരിക്കേണ്ടതുണ്ട്. എന്നാല്‍, ഇതുവരെ സമാഹരിച്ചത് യഥാക്രമം 28ഉം 25ഉം കോടി വീതമാണ്.  

2001-02 മുതല്‍ 2010-11 വരെ പൊതുവില്‍ കുറഞ്ഞുവന്ന റവന്യൂ കമ്മി കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കുതിച്ചുയര്‍ന്നു എന്നാണ് ധനമന്ത്രാലയം പറയുന്നത്.  ശരാശരി 18 ശതമാനം വീതം വളര്‍ന്നുകൊണ്ടിരുന്ന വാണിജ്യനികുതി 2013-14 മുതല്‍ ശരാശരി 11 ശതമാനം എന്ന നിലയില്‍ മാത്രമാണ് വളര്‍ന്നത്. ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെ സംസ്ഥാന വാണിജ്യനികുതി മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഒമ്പത് ശതമാനമാണ് ഉയര്‍ന്നത്.
Tags:    
News Summary - thomas isaac

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.