ചെന്നൈ: കേരള-തമിഴ്നാട് അതിർത്തിയിലെ തേനി പൊട്ടിപുറത്ത് സ്ഥാപിക്കുന്ന ഭൂഗർഭ കണിക പരീക്ഷണശാലയുടെ പ്രവർത്തനംമൂലം പരിസ്ഥിതി ആഘാത പ്രശ്നങ്ങളുണ്ടാവില്ലെന്ന് ഇന്ത്യ ബേസ്ഡ് ന്യൂട്രിനോ ഒബ്സർവേറ്ററി പ്രോജക്ട് ഡയറക്ടർ വിവേക് എം. ദത്താർ. തേനിയിൽ പദ്ധതി നിർമാണ പ്രവൃത്തികൾ വിലയിരുത്തിയശേഷം വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗവേഷണകേന്ദ്രം ഭൂമിക്കടിയിൽ സ്ഥാപിക്കുന്നെന്ന പ്രചാരണം തെറ്റാണ്. മലനിരകളുടെ താഴ്ഭാഗത്താണ് പ്രവർത്തിക്കുക. കോസ്മിക് കിരണങ്ങളോടൊപ്പം വരുന്ന ന്യൂട്രിനോ കണികകളാണ് പരിശോധനക്ക് വിധേയമാക്കുക. ഇതിനായി 1.3 ടെസ്ല ശക്തിയുള്ള ഇലക്ട്രോ മാഗ്നറ്റിക് യന്ത്രം സ്ഥാപിക്കും. ടെലസ്കോപ്പിലൂടെ കണികകളെ നിരീക്ഷിക്കാമെങ്കിലും ഒരേ ദിശയിൽ മാത്രമെത്തുന്ന കണികകളെ മാത്രമേ പരിശോധിക്കാനാവൂ. അതേസമയം, ഇവിടെ ഏതു ദിശയിലുമെത്തുന്ന കണികകളെ ഗവേഷണത്തിന് വിധേയമാക്കാം.
ശബ്ദവേഗതയെക്കാൾ കുറവായാണ് ന്യൂട്രിനോ കണികകൾ സഞ്ചരിക്കുക. പരീക്ഷണശാലയിൽ വിദേശനിർമിത ഉപകരണങ്ങൾ ഉപയോഗപ്പെടുത്തുന്നില്ല. ഇന്ത്യൻ നിർമിത യന്ത്രങ്ങളാണ് സ്ഥാപിക്കുക. പരീക്ഷണകേന്ദ്രത്തിൽനിന്ന് വൈദ്യുതി കാന്തിക തരംഗങ്ങളോ വികിരണമോ പുറത്തേക്ക് പ്രസരിക്കില്ല. ഗവേഷണ കേന്ദ്രം സന്ദർശിക്കുന്നതിന് വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും അനുമതി നൽകുമെന്നും അദ്ദേഹം അറിയിച്ചു. തമിഴകത്തിലെ വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകളുടെ എതിർപ്പിനിടയിലും മൂന്നുമാസം മുമ്പ് പരീക്ഷണശാലക്ക് കേന്ദ്ര പാരിസ്ഥിതിക അനുമതി ലഭിച്ചിരുന്നു. 63 ഏക്കറിൽ 1,500 കോടി രൂപ ചെലവിൽ മലയിൽ തുരങ്കമുണ്ടാക്കി നിർമിക്കുന്ന കണിക പരീക്ഷണശാലക്ക് മൂന്നുവർഷം മുമ്പാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.