വിചാരണക്ക് ആദിവാസികൾ ഹാജരായില്ലെങ്കിലും ഭൂമി വിട്ടുനൽകാൻ ഉത്തരവിട്ട് സബ് കലക്ടർ

കോഴിക്കോട്: വിചാരണക്ക് ആദിവാസികൾ ഹാജരായില്ലെങ്കിലും ഒറ്റപ്പാലം സബ് കലക്ടർ ധർമലശ്രീ അന്യാധീനപ്പെട്ട ഭൂമി വിട്ടുനൽകാൻ ഉത്തരവിട്ടു. അട്ടപ്പാടി അഗളി കാവുണ്ടിക്കൽ പരപ്പൻതറ തമണ്ടന്റെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിച്ച് അവകാശികൾക്ക് നൽകണമെന്നാണ് ജനുവരി 11ന് ഉത്തരവിട്ടത്. ഭവാനിപുഴയുടെ തീരത്ത് നാല് ഹെക്ടർ ഭൂമിയാണ് ആദിവാസി കുടുംബത്തിന് അന്യാധീനപ്പെട്ടത്. 1975ലെ നിയമപ്രകാരം മുഴുവൻഭൂമിയും തിരിച്ചു നൽകാൻ 1995 സെപ്തംബർ 11ന് ആർ.ഡി.ഒ ഉത്തരവിട്ടിരുന്നു.

എന്നാൽ, ഈ ഉത്തരവ് റവന്യൂ വകുപ്പ് നടപ്പാക്കിയില്ല. 1975ലെ കെ.എസ്.ടി നിയമം ഭേദഗതി ചെയ്ത് 1999ലെ പട്ടികവർഗ ഭൂമി കൈമാറ്റ നിയന്ത്രണവും പുനരവകാശ സ്ഥാപനവും നിയമം പാസാക്കി. അതോടെ 1960 ജനുവരി ഒന്നിനും 1986 ജനുവരി 24നും ഇടയിൽ അഞ്ച് ഏക്കർ ആദിവാസി ഭൂമി കൈമാറ്റത്തിന് സാധൂകരണം നൽകി. വില്ലേജ് ഓഫിസർ നൽകിയ റിപ്പോർട്ട് പ്രകാരം 2009ലും 2011ലും നടന്ന വിചാരണയിൽ ആർ.ഡി.ഒ ഇവരുടെ ഭൂമി കൈവശം വെച്ചിരിക്കുന്നവരുടെ വാദങ്ങൾ നേരിൽ കേട്ടു.


വിചാരണക്ക് ഭൂമി കൈവശം വെച്ചിരിക്കുന്ന ആറുമുഖൻ ഒഴികെയുള്ളവർ ഹാജരായി. വിശ്വനാഥൻ, അദ്ദേഹത്തിന്റെ ഭാര്യ ഷീല, എം. രാജൻ, രാജന്‍റെ ഭാര്യ എസ്. വിജയഗൗരി എന്നിവരുടെ കൈവശത്തിലാണ് നിലവിൽ ഭൂമി. അവർ ഹാജരാക്കിയ രേഖകളും അവരുടെ വാദങ്ങളും പരിശോധിച്ചശേഷമാണ് ആർ.ഡി.ഒ 2011  മാച്ച് 31ന ഉത്തരവിട്ടത്. നോട്ടീസ് കൈപ്പറ്റി 30 ദിവസത്തിനകം അഞ്ചേക്കറിലധികമുള്ള ഭൂമി ആദിവാസി കുടുംബത്തിന് കൈമാറണമെന്നായിരുന്നു ഉത്തരവ്. അതിനെതിരെ കലക്ടർക്ക് അപ്പീൽ നൽകിയെങ്കിലും  ആർ.ഡി.ഒയുടെ ഉത്തരവ് 2021 സെപ്തംബർ മൂന്നിന് കലക്ടർ  അംഗീകരിച്ചു. അതോടെ ഭൂമി കൈവശം വെച്ചിരിക്കുന്നവർ കലക്ടറുടെ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ റിട്ട് ഹരജി ഫയൽ ചെയ്തു.

ഒറ്റപ്പാലം സബ് കലക്ടർ പരാതിക്കാരെ നേരിൽ കേട്ട് കേസിൽ തീരുമാനമെടുക്കണമെന്നാണ് ഹൈകോടതി 2022 ജൂലൈ 22ന്ഉ ത്തരവിട്ടത്. അതുപ്രകാരം 2022 നവംബർ18നും ഡിസംബർ 29നും നടത്തിയ വിചാരണയിൽ ആദിവാസികളുടെ ഭാഗത്ത് നിന്ന് ആരും ഹാജരായില്ല. അതേസമയം ഭൂമി കൈവശം വെച്ചിരിക്കുന്നവരും അവരുടെ വക്കീലും ഹാജരായി.

മണ്ണാർക്കാട് സബ് രജിസട്രാർ ഓഫിസിലെ ഭൂമി കൈമാറിയ ആധാരങ്ങൾ അവർ ഹാജരാക്കി. ഭൂമി തീറു നൽകിയ ആദിവാസികളിൽ ആരും ടി.എൽ.എ കേസ് നൽകിയിട്ടില്ലെന്നാണ് അവരുടെ വക്കീൽ വാദിച്ചു.

വില്ലേജ് ഓഫിസർ നൽകിയ റിപ്പോർട്ട് പ്രകാരം ഒരേ ആദിവാസി കുടുംബത്തിന്റെ നാല് ഹെക്ടർ ഭൂമിയാണ് നാല് തീറ് ആധാരങ്ങൾ പ്രകാരം പട്ടികവർഗക്കാരല്ലാത്ത സുബ്രഹ്മണ്യ ഉടയാർ, ആറുമുഖ ഉടയാർ എന്നിവർക്ക് ലഭിച്ചത്. ഇവരും ഒരേ കുടുംബത്തിലെ അംഗങ്ങളും സഹോദരന്മാരുമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. ചെറിയ കാലയളവിനുള്ളിലാണ് കൈമാറ്റങ്ങൾ നടന്നതെന്നും സബ് കലകട്ർ അത്തരവിൽ ചൂണ്ടിക്കാട്ടി.

1999ലെ കെ.എസ്.ടി നിയമത്തിന്റെ വിശാല ലക്ഷ്യങ്ങൾ മുൻനിറുത്തി, മണ്ണാർക്കാട് സബ് രജിസ്ട്രാർ ഓഫിസിലെ നാല് തീറാധാരങ്ങൾ പ്രകാരമുള്ള ഈ കേസിലെ ആദിവാസി ഭൂമിയുടെ ആദ്യ കൈമാറ്റങ്ങൾ ഒന്നായി പരിഗണിക്കമെന്നാണ് സബ് കലക്ടറുടെ ഉത്തരവ്. ഹൈക്കോടതിയുടെ 2022 ജൂലൈ 26ലെ വിധിന്യായം പാലിച്ചാണ് ഉത്തരവിട്ടത്.

അന്യാധിനപ്പെട്ട കൃഷി ഭൂമി കൈവശം വെക്കാവുന്നത് നിയമപ്രകാരം അഞ്ച് ഏക്കർ വരെയാണ്. അതിനാൽ അട്ടപ്പാടി താലൂക്ക് തഹസിൽദാർ(ഭൂരേഖ) താലൂക്ക് സർവയറുടെയും വില്ലേജ് ഓഫിസറുടെയും സഹായത്തോട ഭൂമി വേർതിരിച്ച് അടയാളപ്പെടുത്തണം. അഞ്ചേക്കൽ ഒഴികെയുള്ള സ്ഥലം ആദിവാസികളുടെ അവകാശികൾക്ക് നിയമാനുസൃതം വീണ്ടെടുത്ത് നൽകണം. ഇതു സംബന്ധിച്ച് മഹസർ തയാറാക്കി ഓഫിസിൽ സമർപ്പിക്കണമെന്നാണ് ഉത്തരവ്. ഇത് നടപ്പാക്കിയില്ലെങ്കിൽ 1989ലെ പട്ടിക ജാതി- വർഗ (അതിക്രമം തടയൽ) നിയമപ്രകാരം നടപടി സ്വീകരിക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കി.

1975ൽ പാസാക്കിയ ആദ്യ നിയമത്തിൽ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു ലഭിക്കുമെന്ന പ്രതീക്ഷയിൽ ജീവിച്ച അട്ടപ്പാടിയിലെ ആദിവാസികൾ കോടതിയിലും സർക്കാർ ഓഫിസുകളിലും കയറിയിറങ്ങിയത് ഏതാണ്ട് നാലു പതിറ്റാണ്ടാണ്. അന്യാധീനപ്പെട്ട ഭൂമിക്ക് പിന്നാലെ പോയി രണ്ടു തലമുറകൾ മരിച്ച് മണ്ണിടിഞ്ഞുവെന്നാണ് അട്ടപ്പാടിയിലെ ആദിവാസികൾ പറയുന്നത്. ഇപ്പോഴും റവന്യൂ വകുപ്പിന്റെ ഉത്തരവുകൾ കടലാസിൽ മാത്രം. 

Tags:    
News Summary - The sub-collector ordered to release the land even though the tribals did not appear for the trial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.