തിരുവനന്തപുരം: കേരളത്തിന്റെ വികസന മേഖലയിൽ പുതിയ അധ്യായം തുറന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച രാവിലെ 11ന് രാജ്യത്തിന് സമർപ്പിക്കും. ലോകസമുദ്ര വ്യാപാര മേഖലയില്‍ പ്രഥമനിരയിലേക്കാണ് വിഴിഞ്ഞം നാളെ ഔദ്യോഗികമായി തുറക്കുക. ലോകത്തിലെ ഏറ്റവും വലിയ കപ്പലുകൾക്കടക്കം സുഗമമായി ചരക്കുനീക്കം നടത്താവുന്ന തുറമുഖം സജ്ജമായതോടെ, കണ്ടെയ്നർ നീക്കത്തിന് വിദേശ തുറമുഖങ്ങളെ ആശ്രയിക്കുന്നത് കുറക്കാനാകും. രാജ്യത്തിന്റെ വ്യാപാര-വാണിജ്യ മേഖലയിൽ വൻ നേട്ടമാണ് ഇതിലൂടെ സാധ്യമാകുക.
തുറമുഖ സമർപ്പണ ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ, സഹമന്ത്രിമാരായ ജോർജ് കുര്യൻ, സുരേഷ് ഗോപി, മന്ത്രിമാരായ വി.എൻ. വാസവൻ, വി. ശിവൻകുട്ടി, സജി ചെറിയാൻ, ജി.ആർ. അനിൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എം.പിമാരായ ശശി തരൂർ, അഡ്വ. അടൂർ പ്രകാശ്, എ.എ. റഹിം, അഡ്വ. എം. വിൻസന്റ് എം.എൽ.എ, അദാനി ഗ്രൂപ് ചെയർമാൻ ഗൗതം അദാനി, മേയർ ആര്യാ രാജേന്ദ്രൻ, മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, അദാനി പോർട്സ് മാനേജിങ് ഡയറക്ടർ കരൺ അദാനി എന്നിവർ പങ്കെടുക്കും. ഉദ്ഘാടനച്ചടങ്ങിനുള്ള ഒരുക്കം പൂർത്തിയായതായി മന്ത്രി വാസവൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞത്ത് 2024 ജൂലൈ 11 മുതലാണ് ട്രയല്‍ അടിസ്ഥാനത്തില്‍ കപ്പലുകള്‍ വന്നുതുടങ്ങിയത്. 2024 ഡിസംബര്‍ മൂന്നുമുതല്‍ വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങി. വിഴിഞ്ഞം തുറമുഖ നിർമാണത്തിന് അദാനി പോർട്സുമായി കരാർ ഒപ്പിട്ടതും തറക്കല്ലിട്ടതും 2015ൽ ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്താണ്. കരാറിനെതിരെ അന്ന് പ്രതിപക്ഷത്തായിരുന്ന എൽ.ഡി.എഫ് രംഗത്തുവന്നെങ്കിലും അവർ അധികാരത്തിലെത്തിയിട്ടും അദാനിയുമായുള്ള കരാർ തുടരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.