മതം പറഞ്ഞ് കണക്ക് നിരത്തി സീറോ മലബാർ സഭ

തൃശൂർ: രാജ്യത്തെ 1901 മുതൽ 2011 വരെ നടന്ന കാനേഷുമാരിയുടെ മതം തിരിച്ചുള്ള കണക്കുകളും വിശകലനവും രേഖയിലാക്കി പ്രചാരണത്തിന് സീറോ മലബാർ സഭ. സമൂഹ ജീവിതത്തിൽ ക്രൈസ്തവ വിശ്വാസികളുടെ കുറവ് നിരത്തിയുള്ള കണക്ക് തൃശൂർ അതിരൂപത കുടുംബ കൂട്ടായ്മയുടെ സുവർണ ജൂബിലി വാർഷികാഘോഷത്തിൽ കഴിഞ്ഞ ആഴ്ചയിലാണ് അവതരിപ്പിച്ചത്.

തുടർന്ന് രൂപതയുടെ കുടുംബ കൂട്ടായ്മകളിൽ 26 പേജുള്ള ഈ കണക്കുകൾ 'വിഷ്വൽ ബ്രോഷറാ'ക്കി നൽകിവരുന്നുണ്ട്. മുസ്ലിം ജനസംഖ്യയുമായി താരതമ്യപ്പെടുത്തിയാണ് ഭൂരിഭാഗം കണക്കുകളും അവതരിപ്പിക്കുന്നത്.

1911ലെ കണക്ക് പരിശോധിക്കുമ്പോൾ പത്തുവർഷത്തിനിടെ രാജ്യത്ത് ഹിന്ദുക്കൾ 8.77 ശതമാനവും ക്രൈസ്തവർ 23.5 ശതമാനവും മുസ്ലിംകൾ 12.87 ശതമാനവും വളർച്ചനേടിയെന്ന് പറയുന്നു. എന്നാൽ, 2011ൽ പത്തുവർഷത്തിനിടെ ഹിന്ദുക്കളിലുണ്ടായ വളർച്ച 2.02 ശതമാനവും ക്രൈസ്തവരുടേത് 1.38 ശതമാനവും മുസ്ലിംകളുടേത് 12.84 ശതമാനവുമാണെന്ന് റിപ്പോർട്ടിൽ സ്ഥാപിക്കുന്നു.

2001നെ അപേക്ഷിച്ച് 2011ൽ കേരളത്തിൽ ഹിന്ദുക്കൾ 1.43 ശതമാനവും ക്രൈസ്തവർ 0.64 ശതമാനവും കുറഞ്ഞപ്പോൾ മുസ്ലിംകൾ 1.86 ശതമാനം കൂടി.

രാജ്യത്ത് ഹിന്ദുക്കളുടെയും ക്രൈസ്തവരുടെയും ജനന നിരക്ക് 15ൽ താഴെയും മരണ നിരക്ക് എട്ടിന് മുകളിലും ആയിരിക്കുമ്പോൾ മുസ്ലിംകളുടെ ജനനനിരക്ക് 24ഉം മരണനിരക്ക് അഞ്ചും ആണ്.

തിരുവല്ല, മല്ലപ്പിള്ളി, കോഴഞ്ചേരി, ചെങ്ങന്നൂർ, അടൂർ എന്നിവിടങ്ങളിലാണ് കേരളത്തിൽ ഏറ്റവും കുറവ് ജനന നിരക്കെന്നും തിരൂരങ്ങാടി, ഏറനാട്, പെരിന്തൽമണ്ണ, തിരൂർ, നിലമ്പൂർ എന്നിവിടങ്ങളിലാണ് കൂടുതൽ ജനന നിരക്കിലെന്നും വിശദീകരിക്കുന്നു. പോപുലർ ഫ്രണ്ടിന്‍റെ ജാഥയിൽ കുട്ടി മുദ്രാവാക്യം വിളിച്ച ചിത്രത്തോടെയാണ് റിപ്പോർട്ട് അവസാനിക്കുന്നത്.

Tags:    
News Summary - Syro Malabar Church 'Visual Brochure' on Religion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.