കാപികോ റിസോർട്ട്: എല്ലാ കെട്ടിടങ്ങളും പൊളിക്കണം; ഇല്ലെങ്കിൽ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി

ന്യൂഡൽഹി: ആലപ്പുഴ പാണാവള്ളിയിലെ അനധികൃത റിസോർട്ട് ‘കാപികോ’ പൂർണമായും പൊളിച്ചുനീക്കിയില്ലെങ്കില്‍ കേരള ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കുമെന്ന് സുപ്രീംകോടതി ആവർത്തിച്ച് മുന്നറിയിപ്പ് നല്‍കി. കാപികോ റിസോര്‍ട്ടിലെ 54 കോട്ടേജുകൾ പൂര്‍ണമായും പൊളിച്ചുവെന്നും പ്രധാന കെട്ടിടം മാത്രമാണ് ഇനി പൊളിക്കാന്‍ ബാക്കിയുള്ളതെന്നും ചീഫ് സെക്രട്ടറിക്കുവേണ്ടി സംസ്ഥാന സ്റ്റാൻഡിങ് കോണ്‍സല്‍ സി.കെ. ശശി അറിയിച്ചപ്പോഴാണ് സുപ്രീംകോടതി മുന്നറിയിപ്പ് ആവർത്തിച്ചത്.

റിസോര്‍ട്ടിന്റെ എല്ലാ കെട്ടിടങ്ങളും പൊളിച്ചുനീക്കിയേ മതിയാകൂവെന്ന് ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, സുധാന്‍ഷു ധുലിയ എന്നിവരടങ്ങിയ ബെഞ്ച് ചീഫ് സെക്രട്ടറിയോട് പറഞ്ഞു. കോടതി ഉത്തരവ് പൂര്‍ണമായി നടപ്പാക്കിയില്ലെങ്കിൽ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടികളിലേക്ക് കടക്കുമെന്നു പറഞ്ഞ്, കോടതിവിധി നടപ്പാക്കാത്ത ചീഫ്‌ സെക്രട്ടറിക്ക് എതിരെ നടപടി ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. പൊളിക്കല്‍ സംബന്ധിച്ച അടുത്ത സത്യവാങ്മൂലം ചീഫ് സെക്രട്ടറി വെള്ളിയാഴ്ച സമർപ്പിക്കും.

ശാസ്ത്രീയ, പാരിസ്ഥിതിക പഠനമില്ലാതെ റിസോര്‍ട്ട് പൊളിക്കുന്നത് വേമ്പനാട് കായലിലെ സസ്യജാലങ്ങളെയും മൃഗങ്ങളെയും ദോഷകരമായി ബാധിക്കുമെന്ന് മത്സ്യത്തൊഴിലാളികളുടെ അഭിഭാഷകർ ബോധിപ്പിച്ച​പ്പോൾ, റിസോര്‍ട്ട് പൊളിക്കുമ്പോള്‍ പരിസ്ഥിതി വിഷയങ്ങള്‍ കൂടി കണക്കിലെടുക്കണമെന്ന് സുപ്രീംകോടതി സർക്കാറിനോട് ആവശ്യപ്പെട്ടു.

Tags:    
News Summary - supreme court about kapico resort demolition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.