ശരിക്കും ‘ബിരിയാണി​’ കൊടുക്കുന്നു; സപ്ലൈകോ പെരുന്നാൾ കിറ്റുകൾ മേയ് 26വരെ

തിരുവനന്തപുരം: ബലിപെരുന്നാൾ വിപണിയിലെ വിലക്കയറ്റം തടയാനും പൊതുജനങ്ങൾക്ക് ആശ്വാസമേകാനും വിപുലമായ ഒരുക്കങ്ങളുമായി സപ്ലൈകോ. ഈദ് ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ പത്തിനം അവശ്യസാധനങ്ങൾ അടങ്ങിയ ‘ബക്രീദ് സ്പെഷ്യൽ കിറ്റ്’ സപ്ലൈകോ വിപണിയിലെത്തിച്ചു. മേയ് 26 വരെ സംസ്ഥാനത്തെ സപ്ലൈകോ വിൽപനശാലകൾ വഴി പൊതുജനങ്ങൾക്ക് ഈ പ്രത്യേക കിറ്റുകൾ ലഭ്യമാകും.

വിപണിയിൽ 1101 രൂപ വിലമതിക്കുന്ന ഗുണനിലവാരമുള്ള ഭക്ഷ്യസാധനങ്ങളാണ് പെരുന്നാൾ പ്രമാണിച്ച് വെറും 850 രൂപക്ക് ഉപഭോക്താക്കൾക്ക് നൽകുന്നത്.

മൂന്ന് കിലോഗ്രാം ബിരിയാണി അരി, ഒരു കിലോ പഞ്ചസാര, ഒരു ലിറ്റർ ശബരി വെളിച്ചെണ്ണ, ഒരു കിലോ ശബരി അപ്പം പൊടി, 250 ഗ്രാം ശബരി ഗോൾഡ് ചായപ്പൊടി, മീറ്റ് മസാല (100 ഗ്രാം), ചിക്കൻ മസാല (100 ഗ്രാം), ഗരം മസാല (50 ഗ്രാം), കുരുമുളകുപൊടി (100 ഗ്രാം), ഏലക്കായയും ഗ്രാമ്പുവും അടങ്ങുന്ന ഹോൾ മസാല പാക്കറ്റ് (50 ഗ്രാം) എന്നിവയാണ് കിറ്റിലുള്ളത്.

പെരുന്നാൾ വിഭവങ്ങൾ ഒരുക്കാൻ ആവശ്യമായ പ്രധാന സാധനങ്ങളെല്ലാം ഒരൊറ്റ കിറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് സാധാരണക്കാർക്ക് വലിയ ആശ്വാസമാകും. പൊതുവിപണിയിലെ കൊള്ളവിലയിൽനിന്ന് ഉപഭോക്താക്കൾക്ക് സംരക്ഷണം നൽകാൻ ലക്ഷ്യമിട്ടുള്ള സപ്ലൈകോയുടെ ഈ പെരുന്നാൾ സമ്മാനം മേയ് 26 വരെ മാത്രമേ ലഭ്യമാകൂ എന്ന് അധികൃതർ അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രി വി.ഡി സതീശന്റെ പേരും ഫോട്ടോയും ഉപയോഗിച്ച് ബലിപെരുന്നാളിനോടനുബന്ധിച്ച് റേഷൻ കാർഡ് ഉടമകൾക്ക് അഞ്ച് കിലോ ബസ്മതി അരിയും രണ്ട് കിലോ ശുദ്ധമായ നെയ്യും സൗജന്യമായി നൽകുമെന്ന തരത്തിൽ വ്യാജ പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. 

Tags:    
News Summary - Supplyco Bakrid Kit at Rs 850 Till May 26

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.