കെ. നൗഫലിന് സംസ്ഥാന സർക്കാരിന്റെ മാധ്യമ പുരസ്‌കാരം

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്‍റെ മാധ്യമ അവാർഡ് 'മാധ്യമം' തിരുവനന്തപുരം ബ്യൂറോയിലെ സീനിയർ കറസ്പോണ്ടന്‍റ് കെ. നൗഫലിന്. ജനറൽ റിപ്പോർട്ടിങ് വിഭാഗത്തിലാണ് അവാർഡ്. 2020 നവംബർ രണ്ട് മുതൽ ഒമ്പത് വരെ മാധ്യമത്തിൽ പ്രസിദ്ധീകരിച്ച 'സംവരണ അട്ടിമറിയുടെ കേരള മോഡൽ' എന്ന അന്വേഷണ പരമ്പരയാണ് നൗഫലിനെ അവാർഡിന് അർഹനാക്കിയത്.

മുന്നാക്ക സംവരണം കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുണ്ടാക്കിയ സംവരണ അട്ടിമറിയുടെ നേർചിത്രം വരച്ചിടുന്നതായിരുന്നു പൊതുസമൂഹത്തിൽ ഏറെ ചർച്ചയായ പരമ്പര. പരമ്പരയുടെ ഇംപാക്ട് ആയി മെഡിക്കൽ പ്രവേശനത്തിൽ മുന്നാക്ക സംവരണ വിഭാഗത്തിൽ അധികമായി അനുവദിച്ച എം.ബി.ബി.എസ് സീറ്റുകൾ സർക്കാർ പിൻവലിച്ചിരുന്നു. മെഡിക്കൽ പി.ജി സീറ്റുകളിൽ പിന്നാക്ക സംവരണം ഏഴിൽ നിന്ന് 27 ശതമാനമാക്കി ഉയർത്തുകയും ചെയ്തിരുന്നു.

2004 മുതൽ മാധ്യമത്തിൽ റിപ്പോർട്ടറാണ് നൗഫൽ. മികച്ച വിദ്യാഭ്യാസ പരമ്പരക്കുള്ള 2016ലെ യുനിസെഫ് കേരള മീഡിയ അവാർഡ് ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.  മലപ്പുറം പുത്തൂർ പള്ളിക്കൽ പരേതനായ കാട്ടാളി അഹമ്മദിന്‍റെയും ഖദീജയുടെയും മകനാണ്. തിരുവനന്തപുരം പൊലീസ് ആസ്ഥാനത്ത് സ്റ്റേറ്റ് ഫോറൻസിക് സയൻസ് ലബോറട്ടിയിൽ ബാലിസ്റ്റിക്സ് വിഭാഗം അസിസ്റ്റന്‍റ് ഡയറക്ടർ ഡോ. സഹ്റ മുഹമ്മദ് ഭാര്യയാണ്.      

'കോവിഡ് അതിജീവനം; കേരള മോഡൽ' എന്ന റിപ്പോർട്ടിന് ദീപിക ദിനപത്രത്തിലെ റെജി ജോസഫ് മികച്ച വികസനോന്മുഖ റിപ്പോർട്ടിങ്ങിനുള്ള പുരസ്‌കാരം നേടി. കേരള കൗമുദി ദിനപത്രത്തിലെ എൻ.ആർ. സുധർമ്മദാസിനാണ് മികച്ച ഫോട്ടോഗ്രഫിക്കുള്ള പുരസ്‌കാരം. 'അമ്മമനം' എന്ന അടിക്കുറിപ്പോടെയുള്ള ഫോട്ടോക്കാണ് അവാർഡ്. 'അഴിക്കല്ലേ പ്രതിരോധം' എന്ന ചിത്രത്തിന് ദേശാഭിമാനി ഫോട്ടോഗ്രാഫർ പി.വി. സുജിത്ത് ജൂറിയുടെ പ്രത്യേക പുരസ്‌കാരത്തിനും അർഹനായി. കേരള കൗമുദിയിലെ ടി.കെ. സുജിത്തിനാണ് മികച്ച കാർട്ടൂണിനുള്ള പുരസ്‌കാരം. 'കൊറോണം' എന്ന കാർട്ടൂണാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്.

ദൃശ്യ മാധ്യമ വിഭാഗത്തിൽ ഏഷ്യാനെറ്റ് ന്യൂസിലെ പി.എസ്. അനൂപിനാണ് മികച്ച ടി.വി റിപ്പോർട്ടിനുള്ള പുരസ്‌കാരം. 'തീരം വിൽപ്പനക്ക്' എന്ന റിപ്പോർട്ടിനാണ് പുരസ്‌കാരം. 'നീതി തേടി കുരുന്നുകൾ' എന്ന റിപ്പോർട്ടിന് മാതൃഭൂമി ന്യൂസിലെ റിയാ ബേബി ജൂറി പ്രത്യേക പരാമർശത്തിന് അർഹയായി. 'ആദിവാസി മേഖലയിലെ പൊലീസ് ക്ലാസ് റൂം' എന്ന റിപ്പോർട്ടിന് ഏഷ്യാനെറ്റ് ന്യൂസിലെ അജിത്കുമാർ എസിനാണ് മികച്ച സാമൂഹ്യ ശാക്തീകരണ റിപ്പോർട്ടിനുള്ള പുരസ്‌കാരം. 24 ന്യൂസിലെ ഗോപികൃഷ്ണൻ മികച്ച ടി.വി അഭിമുഖത്തിനുള്ള പുരസ്‌കാരം നേടി.

'കണ്ണിൽ കനലെരിയുന്ന മീരയും കണ്ണീർവറ്റിയ അമ്മയും' എന്ന റിപ്പോർട്ടിന് മനോരമ ന്യൂസിലെ ബെന്നി ജേക്കബ് മികച്ച ടി.വി ന്യൂസ് എഡിറ്റിങ്ങിനുള്ള പുരസ്‌കാരം നേടി. ഏഷ്യാനെറ്റ് ന്യൂസിലെ എം. ദീപുവാണു മികച്ച കാമറമാൻ. ദില്ലി കലാപത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ചതിനാണ് പുരസ്‌കാരം. മനോരമ ന്യൂസിലെ വി.വി. വിനോദ് കുമാർ ടി.വി കാമറമാൻ വിഭാഗത്തിൽ ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹനായി. കെ.എസ്.ആർ.ടി.സിയിലെ മിന്നൽ പണിമുടക്കിന്റെ ദൃശ്യങ്ങൾക്കാണ് അംഗീകാരം. മനോരമ ന്യൂസിലെ ഫിജി തോമസാണ് മികച്ച ന്യൂസ് റീഡർ.

പി.എസ്. രാജശേഖരൻ, ആർ. സുഭാഷ്, സി.ഡി. ഷാജി എന്നിവരടങ്ങിയ ജൂറിയാണ് അച്ചടി മാധ്യമ പുരസ്‌കാരങ്ങൾ നിർണയിച്ചത്. നവാസ് പൂനൂർ, പി.വി. കൃഷ്ണൻ, കെ. മനോജ് കുമാർ എന്നിവരായിരുന്നു കാർട്ടൂൺ വിഭാഗം ജൂറി. സി.എൽ. തോമസ്, എൻ.കെ. രവീന്ദ്രൻ, പ്രിയ രവീന്ദ്രൻ എന്നിവരായിരുന്നു ദൃശ്യമാധ്യമ വിഭാഗത്തിലെ ജൂറി അംഗങ്ങൾ.

Tags:    
News Summary - State Govt Media Award for Noufal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.