തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍ ചോദ്യം ചെയ്യലിന് വെള്ളിയാഴ്ച എത്തിയില്ല. ശനിയാഴ്ച പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുമെന്നാണ് സൂചന. കേസില്‍ എട്ടാം പ്രതിസ്ഥാനത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആയതിനായില്‍ ഇതിന്റെ അധ്യക്ഷനെന്ന നിലയില്‍ ബോര്‍ഡ് പ്രസിഡന്റായിരുന്ന എ. പത്മകുമാറിനെയാണ് ആദ്യം ചോദ്യം ചെയ്യേണ്ടത്.
ലഭിക്കുന്ന മൊഴികളുടെ അടിസ്ഥാനത്തിലാണ് സ്വര്‍ണക്കൊള്ള നടന്ന 2019ലെ ബോര്‍ഡ് അംഗങ്ങളെ ചോദ്യം ചെയ്യുക. അന്ന് ദേവസ്വം കമ്മീഷണറായിരുന്ന എന്‍. വാസുവിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. വാസുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പത്മകുമാറിനെ ചോദ്യം ചെയ്യുന്നത്. ഇദ്ദേഹത്തിന് മൂന്നുതവണ നോട്ടീസ് നല്കി. ബന്ധുവിന്റെ മരണം ചൂണ്ടിക്കാട്ടിയാണ് പത്മകുമാര്‍ സാവകാശം തേടിയത്.
എഫ്.ഐ.ആർ പകർപ്പ് ആവശ്യപ്പെട്ട് ഇ.ഡി
കൊച്ചി: ശബരിമല സ്വർണക്കള്ളക്കടത്ത് കേസിൽ അന്വേഷണം നടത്താൻ എഫ്.ഐ.ആറിന്റെ പകർപ്പ് കൈമാറണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഹൈകോടതിയിൽ. കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധനനിയമ പ്രകാരം അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്റെ മുദ്രവെച്ച പകർപ്പാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
റാന്നി മജിസ്ട്രേറ്റ് കോടതിയിൽ ഈ ആവശ്യമുന്നയിച്ച് നൽകിയ ഹരജി തള്ളിയതിനെത്തുടർന്നാണ് ഇ.ഡി കൊച്ചി സോണൽ ഓഫിസ് ഹൈകോടതിയിൽ ഹരജി നൽകിയത്. ഹരജി തിങ്കളാഴ്ച ജസ്റ്റിസ് സി.എസ്. ഡയസ് പരിഗണിക്കും.അന്വേഷണം ഹൈകോടതിയുടെ മേൽനോട്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് മജിസ്ട്രേറ്റ് കോടതി എഫ്.ഐ.ആർ നൽകണമെന്ന ആവശ്യം തള്ളിയത്. ഹൈകോടതി ഉത്തരവിനെത്തുടർന്ന് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിൽ പി.എം.എൽ.എ നിയമപ്രകാരവും അന്വേഷണം നടത്തേണ്ട ഏക ഏജൻസി എന്ന നിലയിലാണ് ഇ.ഡിയുടെ ഹരജി.
പൊതുരേഖയായ എഫ്.ഐ.ആർ അന്വേഷണ ഏജൻസിയായ ഇ.ഡിക്ക് നിഷേധിക്കാനാകില്ലെന്നും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരമുള്ള അന്വേഷണം നിലവിൽ നടക്കുന്ന അന്വേഷണത്തിൽനിന്ന് ഭിന്നമാണെന്നും ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.