ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ തെളിവുകൾ; കട്ടിളപ്പാളി കവർന്ന കേസിലും അറസ്റ്റ് രേഖപ്പെടുത്തി

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് റാന്നി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഇൗ മാസം 10 വരെ അന്വേഷണ സംഘത്തിന്‍റെ കസ്റ്റഡിയിൽ വിട്ടു.

ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചതായി പ്രത്യേക അന്വേഷണസംഘം കോടതിയെ അറിയിച്ചു. കട്ടിളപ്പാളിയിൽനിന്ന് സ്വർണം കവർന്നതിന്‍റെ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചതായാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. 98-99 കാലത്ത് കട്ടിളപ്പാളിയിൽ സ്വർണം പതിച്ചതായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. ഇത് 2019 മേയിൽ ചെന്നൈയിലെ സ്മാർട്ട്സ് ക്രിയേഷൻസിലെത്തിച്ച് സ്വർണം വേർതിരിച്ചെടുത്തു. മറ്റു പ്രതികളുമായി ചേർന്നായിരുന്നു ഗൂഢാലോചനയും ആസൂത്രണവും. ദേവസ്വം ബോർഡിനോട് വിശ്വാസവഞ്ചന കാട്ടിയതായും റിപ്പോർട്ടിൽ പറയുന്നു.

കോടതിയിൽനിന്ന് മടങ്ങുന്നതിനിടെ, അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്ന് ഉണ്ണികൃഷ്ണൻ പോറ്റി മാധ്യമങ്ങളോട് പറഞ്ഞു. ദ്വാരപാലക ശിൽപപാളിയിലെ സ്വർണക്കവർച്ചയിലാണ് ഉണ്ണികൃഷ്ണൻ പോറ്റി നേരത്തേ അറസ്റ്റിലായത്.

ഈ കേസിൽ റിമാൻഡിലായിരുന്ന പ്രതിയെ തിങ്കളാഴ്ച രാവിലെ റാന്നി കോടതിയിൽ ഹാജരാക്കുകയായിരുന്നു. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അടച്ചിട്ട മുറിയിലായിരുന്നു കോടതി നടപടികൾ. ഇരുകേസുകളിലും ഒന്നാംപ്രതിയാണ് ഉണ്ണികൃഷ്ണൻ പോറ്റി. കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസിൽ 2019ലെ ദേവസ്വം ബോർഡ് എട്ടാംപ്രതിയാണ്.

ഇതിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയതോടെ അന്വേഷണം അന്നത്തെ ദേവസ്വം ബോർഡിലേക്കും നീളുമെന്നാണ് സൂചന. ചോദ്യംചെയ്യലിന് ഹാജരാകാനായി അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. പത്മകുമാറിനെ ഉടൻ നോട്ടീസ് നൽകി വിളിപ്പിക്കുമെന്നാണ് വിവരം.

മുൻ സെക്രട്ടറിയുടെ മുൻകൂർജാമ്യ ഹരജി പരിഗണിച്ചില്ല

കൊച്ചി: ശബരിമല സ്വർണപ്പാളി മോഷണക്കേസിൽ പ്രതിചേർക്കപ്പെട്ട തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയുടെ മുൻകൂർജാമ്യ ഹരജി ഹൈകോടതി പരിഗണിച്ചില്ല. സെഷൻസ് കോടതിയെ സമീപിക്കാതെ നേരിട്ട് ഹൈകോടതിയിലെത്തിയതിനാലാണ് ജസ്റ്റിസ് കെ. ബാബു ഹരജി പരിഗണിക്കാൻ വിസമ്മതിച്ചത്. സെഷൻസ് കോടതിയെ സമീപിക്കാനും ആവശ്യപ്പെട്ടു.

ബോർഡ് തീരുമാനം ഉത്തരവായി പുറപ്പെടുവിക്കുക മാത്രമാണ് ചെയ്തതെന്നും കുറ്റം ചെയ്യുകയോ കൂട്ടുനിൽക്കുകയോ ചെയ്തിട്ടില്ലെന്നും രോഗിയായ തനിക്ക് മുൻകൂർജാമ്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ടാണ് ഹരജി നൽകിയത്. തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. ദ്വാരപാലക ശിൽപങ്ങളിലെ ചെമ്പുപാളികൾ പോറ്റിക്ക് കൈമാറാൻ ഉത്തരവിട്ടെന്നും സ്വർണം പൂശിയ പാളികൾക്ക് പകരം വ്യാജരേഖകൾ തയാറാക്കി പോറ്റിക്ക് കൈമാറാൻ ഉത്തരവിട്ടതിലൂടെ വീഴ്ചവരുത്തിയെന്നുമാണ് ആരോപണം.

ബോർഡ് സെക്രട്ടറി എന്ന നിലയിലുള്ള ഔദ്യോഗിക കൃത്യനിർവഹണത്തിന്‍റെ ഭാഗമായാണ് ഉത്തരവിറക്കേണ്ടി വന്നതെന്നും ഹരജിയിൽ പറയുന്നു.

Tags:    
News Summary - Sabarimala gold missing row: Evidence against Unnikrishnan Potty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.